Flash News

ഞണ്ടുകളുടെ നാട്ടിലൂടെ (അദ്ധ്യായം – 2)

August 21, 2020 , ജയശങ്കർ പിള്ള

അന്തി വെളിച്ചം
കോണത്തു പുഴയുടെ മനോഹാരിതയ്‌ക്കു വേറൊരു മുഖം കൈവന്നിരിക്കുന്നു. പുഴയുടെ ഇരുകരകളിലും ഇന്ന് കൈതച്ചെടികളും കണ്ടൽക്കാടും ഇല്ല. കരിങ്കൽ ഭിത്തികളിൽ സുരക്ഷിതമായ പടിഞ്ഞാറേ ഓരത്തു നിറയെ വില്ലകൾ, മനോഹരമായ ലാൻഡ്സ്കേപ്പിംഗ്. അതിനൂതനമായ രീതിയിൽ കുളിക്കടവുകൾ. കോണത്ത് പുഴ രണ്ടു പഞ്ചായത്തുകളുടെ അതിർത്തി വരകൂടിയാണ്. അകലെ ഉള്ള കാവിൽ നിന്നും ദീപാരാധനയുടെ മേളം ഒഴുകി വരുന്നു. പുതിയ പാലത്തിന്റെ കൈവരിയിൽ പിടിച്ചു ജയദേവൻ ദൂരെ ഉള്ള കാവിലേക്ക് നോക്കി. കുട്ടിക്കാലത്തു ഇവിടെ ഒരു ഇരുമ്പു പാലം ആയിരുന്നു. പൊട്ടി പൊളിഞ്ഞ പടവുകളും, സ്ലാബുകളും ഉള്ള പതിറ്റാണ്ടുകൾ പഴക്കം ഉള്ള പാലം പണിതത് ബ്രിട്ടീഷ്കാരുടെ കാലത്തു ആണെന്ന് അച്ഛൻ പപ്പു പിള്ള പറഞ്ഞത് ജയദേവന് ഓർമവന്നു. ഇന്ന് പാലം രണ്ടു വാഹനങ്ങൾ കടന്നു പോകത്തക്ക രീതിയിൽ പണി തീർത്തിരിക്കുന്നു.

കർഷക കോൺഗ്രസ്സ് ജലസേചന വകുപ്പ് കൈകാര്യം ചെയ്ത 90 കളുടെ തുടക്കത്തിൽ ആണ് ഷട്ടറുകൾ വച്ച് കൃഷി ആവശ്യത്തിനായി പാലം പണിതത്. അതിനു ശേഷം ആണ് തറവാട്ടിൽ മൂന്നു പൂ നെൽകൃഷി തുടങ്ങിയത്. കൗമാര കാലത്തു ആയതിനാൽ ഈ പാലവും കടവുകളും ജയദേവന് ഒരു തുടിപ്പ് ആയിരുന്നു.

കുംഭമാസത്തിലെ ഉത്സവങ്ങൾ കഴിഞ്ഞു കാവും ക്ഷേത്രങ്ങളും പൊതുവെ തിരക്ക് കുറഞ്ഞ സമയം ആണ്. അകലെ പാടത്തു കാവിൽ നിന്നും ദീപാരാധന കഴിഞ്ഞു ശംഖു നാദം ജയദേവൻ പഴയ ഓർമ്മകളിൽ നിന്നും ഉണർത്തി. പാലത്തിനു മുകളിൽ നിന്ന് പോലും കാവ് കാണുവാൻ കഴിയാത്ത രീതിയിൽ ഇന്ന് വയലുകളിൽ വില്ലകൾ സ്ഥാനം പിടിച്ചു.

ഈ പുഴയിൽ ആണ് ദേവനും കൂട്ടുകാരും നീന്തി തുടിച്ചതും, മണ്ണിരയെ കോർത്ത് വെയിൽ ചൂടിലേക്ക് എത്തി നോക്കുന്ന കരിമീനും, പള്ളത്തിയും ഒക്കെ കോര്‍ബലിൽ ആക്കിയതും. സ്‌കൂൾ അവധിക്കാലവും, ആഴ്ച അവധിയും ആഘോഷമാക്കിയിരുന്നതും ഈ പുഴയിൽ തന്നെ. പാലം മുതൽ പുഴയുടെ കിഴക്കു പുറം മുഴുവൻ പരന്നു കിടക്കുന്ന വയലും തെങ്ങിൻപുരയിടവും. തറവാട്ടിൽ ഉള്ളവർക്ക് കുളിക്കുവാനും അലക്കുവാനും ഒക്കെ ആയി ഒരു കടവ്. എതിർവശത്തുള്ള കരയിലും, പാലത്തിനു ഇരുപുറവും ആളുകൾ കയറി ഇറങ്ങി നിരവധി കടവുകൾ. തറവാട്ടു കടവ് കുടുംബാംഗങ്ങളോ, സ്ഥിര ജോലിക്കാരോ അല്ലാതെ ആരും ഉപയോഗിക്കാറില്ല. പപ്പുപിള്ള പഴയ കോണ്‍ഗ്രസ്കാരനും പുരോഗമനവാദിയും ഒക്കെ ആണ്. എങ്കിലും പഴയ ആഢ്യതരവും, മുൻകോപവും, മദിരാശിയിൽ നിന്നെടുത്ത ബിരുദത്തിന്റെ ഗർവും ഒട്ടും കുറവില്ല. അതുകൊണ്ടായിരിക്കാം ആറേക്കറോളം വരുന്ന പുരയിടത്തിലെ പാടത്തും, എന്തിനു കടവിൽ കുളിയ്ക്കുവാൻ പോലും ആരും അതിക്രമിച്ചു കയറാതിരിക്കുന്നത്.

ജയദേവന്റെ കുട്ടിക്കാലം മുതൽ സ്ഥിരപരിചിതമായ ചിലർ മാത്രം തൊടിയിലും വീടിനകത്തും ഒക്കെ ആയി ജോലിയ്ക്കു വന്നിരുന്നു. പുഴയ്ക്കക്കരെ നിത്യം വിളക്ക് വയ്‌പും പൂജയും ഒക്കെ ഉള്ള രണ്ട് മന ഉണ്ട്. ഭൂപരിഷ്കരണ നിയമത്തിന്റെയും, കമ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയും ഈ മനകൾ ഓർമ്മപ്പെടുത്തുന്നു.

“പരമുവേട്ടാ നമ്മുടെ വാസുദേവൻ തിരുമേനി?”

“തിരുമേനിയും, ആത്തോലും ഒക്കെ പോയില്ലേ. ഇപ്പൊ അവിടെ പുറത്തുന്നുള്ളവർ ആണ്.”

പരമേശ്വരന്‍ നായർ ഒരു നെടുവീര്‍പ്പോടെ വണ്ടിയുടെ ഡോർ തുറന്നു ഗ്ലാസും കുപ്പിയും എടുത്തു.

“ഇനി ഇപ്പൊ ഈ വഴിയ്ക്കു ആരും അധികം വരവില്ല. നമുക്ക് അല്പം ആയാലോ..”

ഗ്ലാസിൽ പകർന്ന മിലിട്ടറി റം അല്പം അകത്താക്കി കഴിഞ്ഞപ്പോൾ തെല്ലാശ്വാസം.

“ദേവനറിയോ, ഇത് നമ്മുടെ പഴയ ചെത്തുകാരൻ മണിയുടെ മകന്റെ അടുത്ത് നിന്ന് സംഘടിപ്പിച്ചാണ്. അവൻ പട്ടാളത്തിൽ സുബേദാർപദവിയിൽ ആണ്.”

പരമേശ്വരൻ നായർ പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. ദേവൻ എല്ലാം മൂളി കേട്ടു. മനസ്സ് പുഴക്കടവിൽ എവിടെയോ തങ്ങി നിൽക്കുകയായിരുന്നു.

ചെത്തുകാരൻ മണി. വര്‍ഷങ്ങളോളം അന്തിയും, മൂത്തതും ആരും അറിയാതെ ചിറയിലെ മോട്ടോർ പുരയിൽ നുകർന്ന് നൽികിയതു മണി ആയിരുന്നു.

ദേവകിയുടെ കൂടെ പുഴക്കരയിൽ കൂട്ട് വന്നതും, തുണികൾ അലക്കുമ്പോൾ ഉയർന്നു താണിരുന്ന ദേവകിയുടെ മാറിടവും, ഉടുമുണ്ടിന്റെ കോന്തൽ ഉയർത്തി കുത്തിയത് കൊണ്ട് ദൃശ്യമായ മാംസളമായ കാലുകളും.

ഒരിക്കല്‍ ഓപ്പോൾ അവധിക്ക് നാട്ടിൽ വന്നപ്പോൾ ഇതുപോലെ കൂട്ട് പോയതും അലക്കു കഴിഞ്ഞു പുഴയിൽ കുളിച്ച ദേവകിയും, ഓപ്പോളും ചേർന്നു എന്തോ പറഞ്ഞു ചിരിച്ചതും ഒരു കൊള്ളിയാൻ പോലെ മനസ്സിൽ മിന്നി.

നാട്ടിലെ പല വരുത്തൂ പോക്കുകളും, ഗാന്ധിയൻമാർ ആയ പലരുടെയും, കമ്യൂണിസ്റ്റ് ബാന്ധവവും, കർഷക സമരത്തിലും, അടിയന്തിരാവസ്ഥ കാലത്തും ഒക്കെ പലരും ഒളിവിൽ താമസിച്ചതും ഒക്കെ മണിയുടെ ചരിത്ര പഠനങ്ങളിൽ നിന്നാണ് ഹൈസ്‌കൂൾ കാലത്തു ദേവന് അറിവായതു.

വൈദ്യുത വകുപ്പിൽ കോൺട്രാക്ടര്‍ ആയ അച്ഛനും അദ്ധ്യാപികയായ അമ്മയും കഴിഞ്ഞാൽ ജയദേവന് വീട്ടിൽ നാല് മുതിർന്ന സഹോദരങ്ങൾ ആണ്. വയസിൽ മൂത്ത എല്ലാവരും പത്താം തരം കഴിഞ്ഞു വിവിധ കോളേജുകളിൽ ഉപരി പഠനാർത്ഥം ഹോസ്റ്റലിൽ ആണ്. പഠനവും കൃഷിയും ഒക്കെ ആയി ദേവൻ കുടുംബത്തിൽ തന്നെ. സ്‌കൂളിൽ അയക്കുന്നതും തിരികെ വന്നാൽ ഉള്ള ഏക സഹായിയും കൂട്ടും എല്ലാം ദേവകി ആണ്. പിന്നെ തൊടിയിൽ പണിയുന്ന മൂപ്പൻ ചീരനും, കാളിയും.

ഇന്ന് അവരിൽ പലരും ഇല്ല.

പരമേശ്വരൻ നായർ വീണ്ടും ഗ്ളാസ്സുകൾ നിറച്ചു. ഒറ്റവലിക്ക് ജയദേവൻ അത് അകത്താക്കുമ്പോൾ ഇരുൾ മൂടി മഞ്ഞവെളിച്ചം മുനിഞ്ഞു കത്തുന്ന തറവാട്ടിൽ അറിയാതെ കണ്ണുകൾ ഉടക്കി. നീണ്ട ഇരുപത്തി മൂന്നു വർഷം. ആ പ്രദേശത്തു ആദ്യകാലങ്ങളിൽ മണ്ണെണ്ണ വിളക്കിൽ നിന്നും മോചനം നേടി വൈദ്യുത വിളക്കുകളിൽ മുങ്ങി നിന്ന തറവാട് ഇന്ന് എണ്ണ വറ്റിയ വിളക്ക് പോലെ ഇരുൾ മൂടി നില്‍ക്കുന്നു….

(തുടരും)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top