Flash News

മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ചിരി ഒരു ഔഷധം

August 16, 2020 , മണ്ണിക്കരോട്ട്

ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റനിലെ ഭാഷാ സ്നേഹികളുടെ സംഘടനയായ മലയാളം സൊസൈറ്റിയുടെ 2020-ലെ ഓഗസ്റ്റ് മാസ സമ്മേളനം 9 -ാം തീയതി ഞായറാഴ്ച വൈകീട്ട് 4 മണിക്ക് കോണ്‍ഫറന്‍സ് കോളിലൂടെ നടത്തി. പങ്കെടുത്ത എല്ലാവര്‍ക്കും ജോര്‍ജ് മണ്ണിക്കരോട്ട് സ്വാഗതം ആശംസിച്ചു. ആദ്യമായി മലയാളം സൊസൈറ്റിയിലെ അംഗങ്ങള്‍ ഏറ്റവും പുതുതായി എഴുതിയ പുസ്തകങ്ങളെക്കുറിച്ച് സ്വയം പരിചയപ്പെടുത്തി. നൈനാന്‍ മാത്തുള്ള അദ്ദേഹത്തിന്‍റെ വെളിപ്പാടുപുസ്തക വ്യാഖ്യാനവും ജോണ്‍ കുന്തറ അദ്ദേഹത്തിന്‍റെ “Stories Appa Told” എന്ന ഇംഗ്ലീഷ് പുസ്തകവും.

‘മിഷനറിമാര്‍ മലയാളത്തിന്‍റെ വളര്‍ത്തച്ഛന്മാര്‍’ എന്ന വിഷയം മണ്ണിക്കരോട്ടും ‘ചിരി ഒരു ഔഷധം’ എന്ന വിഷയം സുകുമാരന്‍ നായരും അവതരിപ്പിച്ചു. എ.സി. ജോര്‍ജായിരുന്നു മോഡറേറ്റര്‍. സംസ്ക്കാരത്തിന്‍റെ സര്‍വ്വതോന്മുഖമായ വികാസത്തിന് ഭാഷയുടെ അനസ്യൂതമായ വളര്‍ച്ച അനിവാര്യമാണ് എന്ന ആമുഖത്തോടെയാണ് മണ്ണിക്കരോട്ട് വിഷയം അവതരിപ്പിച്ചത്. ജാതിയും മതവും തീണ്ടലും തൊടീലുമൊക്കെ കൂടാതെ വികലമായ ഭാഷയും ചേര്‍ന്ന് സൃഷ്ടിച്ച കലുഷിതമായ ഒരു അന്തരീക്ഷത്തിലാണ് ദൈവസ്നേഹത്തിന്‍റെ സന്ദേശവുമായി മിഷ്നറിമാര്‍ കേളത്തില്‍ എത്തിച്ചേരുന്നത്. ഭാഷ വളരെണമെങ്കില്‍ ശാസ്ത്രീയമായി നിര്‍മ്മിച്ച ശബ്ദകോശങ്ങളും വ്യാകരണഗ്രന്ഥങ്ങളും ഉണ്ടാകണമെന്ന യാഥാര്‍ത്ഥ്യം മിഷനറിമാര്‍ മനസ്സിലാക്കി. അതോടൊപ്പം ഭാഷ എല്ലാജനങ്ങളിലും ഒരുപോലെ എത്തിക്കണം. എങ്കില്‍ മാത്രമേ മനുഷ്യമനസ്സില്‍ സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പ്രകാശം കടത്തിവിടാന്‍ കഴിയുകയുള്ളു,.

കേരളത്തിലെത്തിയ മിഷനറിമാരില്‍ പ്രധാനപ്പെട്ടവരെക്കുറിച്ച് വിശദീകരിച്ചു. ജര്‍മ്മന്‍കാരനായ യൊവാന്‍ എണസ്റ്റ് ഹാങ്സിഡെന്‍ എന്ന അര്‍ണോസ് പാതിരി, ഐറിഷുകാരനായ റോബര്‍ട്ട് കാല്‍ഡ്വല്‍, ആഗ്ളിക്കന്‍ മിഷനറിയായ ബെഞ്ചമിന്‍ ബെയ്ലി, ജര്‍മ്മന്‍കാരനായ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് തുടങ്ങിയവര്‍. അവരുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ സ്ത്രീവിദ്യാഭ്യാസത്തിനും കേരളസംസ്ക്കാരത്തിനുതന്നെ സ്ഥായിയായ മാറ്റം വരുത്തുവാനും കഴിഞ്ഞു. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ മിഷനറിമാരുടെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുകയും അതോടൊപ്പം അവരെ വിസ്മരിക്കുന്നതില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

അടുത്തതായി സുകുമാരന്‍ നായര്‍ അവതരിപ്പിച്ച ചിരി ഒരു ഔഷധം എന്ന വിഷയമായിരുന്നു. ജീവിതത്തിന്‍റെ പിരിമുറുക്കത്തിലും മുരടിപ്പിലും പ്രായത്തിന്‍റെ കടന്നുകയറ്റത്തിലും ചിരിക്കാന്‍ മറക്കുന്നവരും മറന്നവരുമാണ് മിക്കവരും എന്ന ആമുഖത്തോടെ സുകുമാരന്‍ നായര്‍ പ്രഭാഷണം ആരംഭിച്ചത്. ഏറ്റവും നീളം കൂടിയ വാക്ക് Smiles ആണെന്നും അതുപോലെ യാതൊരു വിലയും നല്‍കാതെ ആര്‍ക്കും അനായാസേന ലഭ്യമാക്കാന്‍ കഴിയുന്ന ഒന്നാണ് തമിഴില്‍ പുന്നകൈ എന്നറിയപ്പെടുന്ന പുഞ്ചിരി എന്ന് അദ്ദേഹം അറിയിച്ചു. ചിരിയിലെ കള്ളച്ചിരിയെക്കുറിച്ചും പരിഹാസ ചിരിയെക്കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു. രാജാറാണി എന്ന സിനിമയില്‍ ചിരിക്കില്ല എന്നു വാശിപിടിച്ച ടി.എ. മധുരത്തെ ചിരിപ്പിക്കാന്‍ എന്‍.എസ്. കൃഷ്ണന്‍ അവതരിപ്പിച്ച ചിരിപ്പ് എന്ന ഗാനവും അദ്ദേഹം സദസ്യര്‍ക്കായി പങ്കുവച്ചു. ചര്‍ച്ചയില്‍ ചിരിയുടെ ഔഷധ ഗുണങ്ങളെക്കുറിച്ച് ഏവരും സംസാരിച്ചു. ആശയവിനിമയം സുഗമമാക്കാനും സ്ട്രസ്, ടിപ്രഷന്‍ തുടങ്ങിയ മാനസ്സീയ രോഗങ്ങളുടെ പരിഹാരത്തിനുമൊക്കെ ചിരി ഉപകരിക്കും. ചിരി രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനത്തിന് കൂടുതല്‍ സഹായം നല്‍കുമെന്നും ചര്‍ച്ചയില്‍ അഭിപ്രായമുണ്ടായി. മീറ്റിംഗില്‍ എല്ലാവരും ഓരോ നര്‍മ്മം പൊട്ടിച്ച്, ചിരി ഒരു ഔഷധത്തിന്‍റെ പ്രയോക്താക്കളായി.

പൊതു ചര്‍ച്ചയില്‍ പൊന്നു പിള്ള, എ.സി. ജോര്‍ജ്, ജോണ്‍ കുന്തറ, മാത്യു പന്നപ്പാറ, നൈനാന്‍ മാത്തുള്ള, ടി.എന്‍. സാമുവല്‍, തോമസ് കളത്തൂര്‍, സുകുമാരന്‍ നായര്‍, അല്ലി എസ്. നായര്‍, കുരിയന്‍ മ്യാലില്‍, ജോസഫ് തച്ചാറ, ടി.ജെ. ഫിലിപ്പ്, ജെയിംസ് ചിറത്തടത്തില്‍, ജി. പുത്തന്‍കുരിശ്, ജോര്‍ജ് മണ്ണിക്കരോട്ട്, മുതലായവര്‍ പങ്കെടുത്തു.

പൊന്നു പിള്ളയുടെ കൃതഞ്ജത പ്രസംഗത്തോടെ സമ്മേളനം പര്യവസാനിച്ചു.

മലയാളം സൊസൈറ്റിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് 281 857 9221, ജോളി വില്ലി 281 998 4917, പൊന്നു പിള്ള 281 261 4950, ജി. പുത്തന്‍കുരിശ് 281 773 1217


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top