Flash News

ഡമോക്രാറ്റിക്‌ പാർട്ടിയുടെ സംഭാവന

August 16, 2020 , അജു വാരിക്കാട്

ഡമോക്രാറ്റുകളെ രാജ്യദ്രോഹികളായി ചിത്രികരിക്കുന്ന നിരവധി പുതുതലമുറക്കാരായ മലയാളികൾ ഈ അടുത്ത കാലത്തു വലിയ മാറ്റമുണ്ടാക്കും എന്ന മുദ്രാവാക്യവുമായി റിപ്പബ്ലിക്കൻ പാർട്ടിയിൽ ചേർന്ന് ഇറങ്ങിയിട്ടുണ്ട്. അവരെ കുറച്ചുകാണുകയല്ല ഞാൻ ഇവിടെ. ഏതു മനുഷ്യനും അവരുടേതായ രാഷ്ട്രീയമുണ്ട്. എന്നാൽ തന്റെ രാഷ്ട്രീയമാണ് ശരി എന്ന് ചിന്തിക്കുന്ന അത്തരക്കാരോട് ഒന്നേ പറയാനുള്ളു. നിങ്ങൾ വർഗ്ഗിയ വാദികളേക്കാൾ ഭീകരരാണ്. അത് ഡമോക്രാറ്റുകൾ ആണെങ്കിലും ശരി.

ഞാൻ ഇതൊക്കെ പറയുമ്പോഴും ഡമോക്രാറ്റുകൾ അന്ന് എങ്ങനെ ആയിരുന്നു എന്നതിലല്ല ഇന്ന് എങ്ങനെ ആയിരിക്കുന്നു എന്നതിലാണ് കാര്യം. പഴയതിന്റെ ഒരു കണികപോലും ഇന്നുള്ള നേതൃത്വനിരയിൽ ഉള്ളവരുടെ അടുത്തു കാണുവാൻ സാധിക്കില്ല. പാരമ്പര്യ വാദം അതുകൊണ്ടുതന്നെ ഇന്ന് വിലപ്പോവില്ല.

അമേരിക്കയിൽ രണ്ടു പ്രമുഖ പാർട്ടികളും അവരുടേതായ സംഭാവനകൾ അമേരിക്കയുടെ വികസനത്തിനും വളർച്ചക്കും നൽകിയിട്ടുണ്ട്. ഡെമോക്രറ്റുകൾ നൽകിയ ചില സംഭാവനകൾ നമുക്കൊന്ന് പരിശോധിക്കാം.

അത് പറയുമ്പോൾ തന്നെ ഇന്ന് നാം കാണുന്ന ലിബറൽ-കൺസർവേറ്റീവ് സ്പെക്ട്രത്തിലെ രണ്ട് പാർട്ടികളുടെയും സ്വഭാവം പണ്ടത്തേതിൽ നിന്നും എത്രയോ മാറിയിരിക്കുന്നു എന്നും ഓർക്കണം.

തെക്കൻ ഭാഗത്തെ ആഭ്യന്തരയുദ്ധാനന്തര സമയത്തെ ഡെമോക്രറ്റുകൾ ഇന്നുള്ള ഡെമോക്രറ്റുകളുമായി ഒരല്പം പോലും സാമ്യമില്ല. അത് പോലെ തന്നെ യഥാർത്ഥ റിപ്പബ്ലിക്കൻസ് എന്ന് വിശേഷിപ്പിച്ചിരുന്ന “പാർട്ടി ഓഫ് ലിങ്കൺ” അഥവാ “ലിങ്കന്റെ പാർട്ടി” ഇന്നത്തെ റിപ്പബ്ലിക്കൻമാർക്ക് തികച്ചും അന്യമായിരിക്കുന്നു.

അമേരിക്കൻ രാഷ്ട്രീയ ചരിത്രം എപ്പോഴും മാറ്റവും, പരിണാമവും കൊണ്ട് നിറഞ്ഞിരിക്കുന്നു. അതിൽ അതിശയിക്കപ്പെടാനൊന്നുമില്ല, കാരണം നമ്മുടെ രാഷ്ട്രം വലുപ്പത്തിലും ജനസംഖ്യയിലും വളർന്നു. അതുകൊണ്ടുതന്നെ അതിനെ നിയന്ത്രിക്കുന്ന ഘടനകളും മാറേണ്ടതുണ്ട്. ഡെമോക്രറ്റിക് പാർട്ടി കൂടുതൽ പുരോഗമന മൂല്യങ്ങളുമായി യോജിക്കാൻ തുടങ്ങിയ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ആണ് അവരുടെ സംഭാവനകൾ കൂടുതൽ രാജ്യത്തിനു ലഭിച്ചു തുടങ്ങിയത്.

അമേരിക്കയുടെ മികച്ച പ്രസിഡന്റുമാരിൽ ഒരാൾ എന്ന് ചരിത്രകാരന്മാർ വിശേഷിപ്പിച്ച ഡെമോക്രറ്റുകാരനായ വുഡ്രോ വിൽസൺ 1912 മുതൽ 1920 വരെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു.

ജനാധിപത്യത്തിനും ലോകസമാധാനത്തിനും വേണ്ടി വുഡ്രോ വിൽസൺ അക്കാലത്തു ശക്തിയുക്തം വാദിച്ചിരുന്നു. സ്ത്രികൾക്ക് വോട്ടവകാശം ഇല്ലാതിരുന്ന അക്കാലത്തു അവർക്കു വോട്ടവകാശം നൽകികൊണ്ട് 19-ാം ഭേദഗതി നിയമത്തിൽ അദ്ദേഹം ഒപ്പുവച്ചു. തൊഴിൽ അസമത്വം നിലനിന്നിരുന്ന ആ കാലഘട്ടത്തിൽ കാബിനറ്റിൽ ആദ്യമായി ഒരു തൊഴിൽ വകുപ്പ് സൃഷ്ടിക്കുകയും തൊഴിലാളികൾക്ക് നീതി ലഭിക്കേണ്ടതിനു തൊഴിലാളികളുടെ നഷ്ടപരിഹാര പദ്ധതിയും കൊണ്ടുവന്നു. അതെ കാലഘട്ടത്തിൽ തന്നെ വുഡ്രോ വിൽസന്റെ നേതൃത്വത്തിൽ ഫെഡറൽ റിസർവ് ബാങ്ക് സ്ഥാപിച്ചതിന്റെ ബഹുമതിയും ഡെമോക്രറ്റുകൾക്കു അവകാശപ്പെട്ടതാണ്.

യുഎസിനെ ആറ് വർഷത്തെ ഡിപ്രെഷൻ കാലഘട്ടത്തിൽ നിന്നും നിരവധി തൊഴിലവസങ്ങൾ സൃഷ്ടിച്ചു കരകയറ്റിയ ഡെമോക്രാറ്റിക് പ്രസിഡന്റുമാരിൽ ഏറ്റവും പ്രശസ്തനായ ഒരാളായിരുന്നു ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റ്. അമേരിക്കയുടെ തൊഴിൽ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളായ മിനിമം വേതനം ഉറപ്പാക്കിയതും തൊഴിലില്ലായ്മ നഷ്ടപരിഹാര നിയമം (അൺ എംപ്ലോയ്‌മെന്റ്) കൊണ്ടുവന്നതും ഈ സമയത്താണ്. പ്രായമായ അമേരിക്കക്കാർക്ക് വരുമാന സുരക്ഷ അനുവദിച്ചുകൊണ്ട് അദ്ദേഹം സാമൂഹ്യ സുരക്ഷാ നിയമത്തിൽ (സോഷ്യൽ സെക്യൂരിറ്റി) ഒപ്പുവെച്ചു. അമേരിക്കയുടെ എല്ലാ വീടുകളിലും വൈദ്യുതി എന്ന വിപ്ലവം സാക്ഷാത്കരിക്കുന്നതിനായി റൂറൽ ഇലക്ട്രിഫിക്കേഷൻ അഡ്മിനിസ്ട്രേഷനും റൂസ്‌വെൽറ്റ് സ്ഥാപിച്ചു. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഐക്യരാഷ്ട്രസഭ സ്ഥാപിക്കുന്നതിലെ പ്രധാന കക്ഷികളിൽ ഒരാളായിരുന്നു അദ്ദേഹം. കുറഞ്ഞ പലിശയിലുള്ള ഭവനവായ്പ പദ്ധതികളും വെറ്ററൻ‌മാർ‌ക്ക് കോളേജ് ആനുകൂല്യങ്ങളും ലഭിക്കുന്നതിനു ജി‌ഐ ബില്ലിൽ ഒപ്പു വച്ചതും ഈ സമയത്താണ്.

1945 മുതൽ 1953 വരെ അമേരിക്കയുടെ 33-ാമത്തെ പ്രസിഡന്റായിരുന്നു ഡെമോക്രറ്റുകാരനായ ഹാരി എസ്. ട്രൂമാന്റെ സമയത്താണ്, ഗ്രാമീണ ടെലിഫോൺ നിയമത്തിൽ ഒപ്പുവച്ചു, ഇത് രാജ്യമെമ്പാടുമുള്ള അമേരിക്കക്കാർക്ക് ടെലിഫോൺ ലഭ്യമാകുന്നെന്നു ഉറപ്പുവരുത്തി.

1961 ജനുവരി മുതൽ 1963 നവംബറിൽ കൊലചെയ്യപ്പെടുന്നതുവരെ അമേരിക്കയുടെ 35-ാമത്തെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച ജോൺ എഫ്. കെന്നഡിയുടെ ഡെമോക്രാറ്റിക് ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നിരവധി വിപ്ലവകരമായ നേട്ടങ്ങൾക്കാണ് അടിത്തറയിട്ടത്. അമേരിക്കയിൽ നിന്ന് യുവാക്കളെ വികസ്വര രാജ്യങ്ങളിലേക്ക് കൊണ്ടുപോയി അവിടുത്തെ കമ്യൂണിസത്തെ ചെറുക്കുക എന്ന ലക്ഷ്യത്തോടെ സമാധാന സേന അദ്ദേഹം സ്ഥാപിച്ചു. അമേരിക്ക മാത്രമല്ല ആഗോള ഗ്രാമീണ വികസനത്തിന്റെ ഭാഗമായി ഇംഗ്ലീഷ് പഠിപ്പിക്കുന്നത് മുതൽ വീടുകളും കിണറുകളും മറ്റും പണിയുന്നതും, താഴെക്കിടയിലുള്ള നഗര-ഗ്രാമീണ സമൂഹങ്ങൾക്ക് വിഭവ ലഭ്യതയ്ക്കും വേണ്ടിയും, വിദ്യാഭ്യാസ സമത്വത്തിനും അദ്ദേഹം ഉന്നൽ നൽകി.

പിന്നീട് വന്ന ലിൻഡൺ ബി. ജോൺസൺ സിവിൽ റൈറ്റ്സ് ആക്റ്റ് ഉൾപ്പെടെ നിരവധി സുപ്രധാന നിയമനിർമ്മാണങ്ങളിൽ ഒപ്പുവെച്ചു. ഇതിലൂടെ ഇന്ന് നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്ര്യമായ വംശം, നിറം, മതം, ലൈംഗികത, അല്ലെങ്കിൽ ദേശീയ ഉത്ഭവം എന്നിവയിൽ ആളുകളോട് വിവേചനം കാണിക്കുന്നത് നിയമവിരുദ്ധമാക്കി. കൂടാതെ വോട്ടിംഗ് അവകാശ നിയമവും, വോട്ടിംഗ് പ്രക്രിയയിൽ നിറമുള്ള ആളുകളോട് വിവേചനം കാണിക്കുന്നത് നിയമവിരുദ്ധമാക്കി. പ്രായമായവർക്കും ദരിദ്രർക്കും മതിയായ വൈദ്യസഹായം ലഭിക്കുമെന്ന് ഉറപ്പുവരുത്തുന്നതിനായി മെഡി കെയർ, മെഡിഡെയ്ഡ് പ്രോഗ്രാമുകളും അദ്ദേഹം സ്ഥാപിച്ചു. നമ്മൾ ഇന്ത്യക്കാരായവർക്ക്‌ ഇവിടെ എത്തുവാനും ഒക്കെ സാധിച്ചത് ഡെമോക്രറ്റുകളുടെ ഭരണത്തിൻ കീഴിലാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top