Flash News

സൂഫിസം (Sufism) – 13

August 18, 2020 , ബിന്ദു ചാന്ദിനി

പതിനേഴാം നൂറ്റാണ്ട് മുഴുവൻ മുഗൾ ഭരണത്തിൽ സമാധനവും ഭദ്രതയും അനുഭവിച്ചുപോന്ന ഇന്ത്യയിൽ പതിനെട്ടാം നൂറ്റാണ്ടിൽ അനൈക്യവും ഛിദ്രവാസനകളും തലപൊക്കിത്തുടങ്ങി. പഴയ മുഗൾ സാമ്രാജ്യത്തിൻ്റെ സ്ഥാനത്ത് അനേകം സ്വതന്ത്ര രാജ്യങ്ങൾ നിലവിൽ വന്നു. ഇങ്ങനെയുണ്ടായ രാജ്യങ്ങളിൽ ചിലതാണ് ബംഗാൾ, ഔധ് (അയോദ്ധ്യ), ഹൈദരാബാദ് മുതലായവ. കൂടാതെ ദക്ഷിണേന്ത്യയിൽ വിജയനഗര സാമ്രാജ്യത്തിൻ്റെ പതനത്തെത്തുടർന്ന് ഒരു സ്വതന്ത്ര്യ രാജ്യമായിത്തീർന്ന മൈസൂറിലെ വൊഡയർ രാജവംശം. ദുർബലനായ വൊഡയർ രാജാവിൻ്റെ കാലത്ത് സൈനീക കലാപത്തിൽ നിന്നും മറാത്തികളുടെ ആക്രമണത്തിൽ നിന്നും മൈസൂറിനെ രക്ഷിച്ച ഹൈദരാലിയെ രാജാവ് സർവ്വ സൈന്യാധിപനായി നിയമിച്ചു .1766 ൽ രാജാവ് മരിച്ചപ്പോൾ ഹൈദരാലി മൈസൂർ രാജാവായി സ്വയം പ്രഖ്യാപിച്ചു. വളരെ കാലമായി മുഗൾ സാമ്രാജ്യത്തിനെതിരെ കാലപം നടത്തിയതിൻ്റെ ഫലമായി സ്വാതന്ത്ര്യം നേടിയവരാണ് മറ്റു ചിലത്. അങ്ങനെ വന്നവരാണ് ശിഖർ, മറാത്തി സാമ്രാജ്യം, രജപുത്ര രാജ്യങ്ങൾ (അംബർ മുതലായവ), ജാട്ടുകൾ (ഭാരത്പൂർ). ചുരുക്കിപ്പറഞ്ഞാൽ മുഗൾ സാമ്രാജ്യത്തിൻ്റെ തകർച്ചയോടെ ഇന്ത്യ ഒരിക്കൽകൂടി അന്യോന്യം കലഹിക്കുന്ന അനേകം രാജ്യങ്ങളുടെ ഒരു കൂട്ടമായിത്തീർന്നു.

1498 ൽ പോർച്ചുഗീസ് നാവികനായ വാസ്കോ ഡ ഗാമയാണ് കേരളത്തിലേക്കു വന്ന ആദ്യത്തെ യൂറോപ്യൻ. കോഴിക്കോട് സാമൂതിരിയുടെ നാവികത്തലവന്മാരായ കുഞ്ഞാലി മരക്കാർമാർ പോർച്ചുഗീസുകാർക്കെതിരെ ഗറില്ലാ യുദ്ധമുറകൾ ഉപയോഗിച്ച് ശക്തമായി പോരാടി. ഈ പോരാട്ടത്തിലെ യഥാർത്ഥനായകൻ കുഞ്ഞാലി നാലാമനായിരുന്നു. പോർച്ചുഗീസുകാർ കുഞ്ഞാലിയെ തടവുകാരനായി പിടിക്കുകയും ഗോവയിലേക്കു കൊണ്ടുപോയി അവിടെ വെച്ചു വധിക്കുകയും ചെയ്തു (1600). മാർത്താണ്ഡവർമ്മ ഡച്ചുകാർക്കെതിരെ ഒരു ആക്രമണ പരമ്പരതന്നെ നടത്തുകയുണ്ടായി . കുളച്ചൽ യുദ്ധം (1741) ഡച്ചു ശക്തിക്ക് മാരകമായ പ്രഹരമേൽപ്പിച്ചു. അവരുടെ കുതിപ്പിനു അതു തടയിട്ടു. ഒരു വിദേശ ശക്തിക്ക് ഇന്ത്യൻ മണ്ണിൽ ഒരു പ്രാദേശിക ഭരണാധികാരിയോട് (മാർത്താണ്ഡവർമ്മ) തോറ്റു പിൻവാങ്ങേണ്ടി വന്ന ഏക യുദ്ധമായിരുന്നു കുളച്ചൽ യുദ്ധം. പതിനെട്ടാം നൂറ്റാണ്ടിൻ്റെ മദ്ധ്യത്തിലാണ് ഇംഗ്ലീഷ് കമ്പനിയും ഫ്രഞ്ച് കമ്പനിയും തമ്മിൽ ഇന്ത്യയിൽ കവ്വവടത്തിനും സാമ്രാജ്യത്തിനു വേണ്ടിയുള്ള മത്സരമാരംഭിച്ചത്. നീണ്ട ഇരുപതു കൊല്ലക്കാലത്ത് കർണ്ണാട്ടിക്ക് മേഖലയിൽ ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും തമ്മിലും വടംവലി രൂക്ഷമായി നടന്നു. മൂന്നാം കർണ്ണാട്ടിക് യുദ്ധങ്ങളോടുകൂടി ഇന്ത്യയിൽ ഒരു സാമ്രാജ്യം സ്ഥാപിക്കാനുള്ള ഫ്രഞ്ചു കമ്പനിയുടെ മോഹം എന്നെന്നേക്കുമായി അവസാനിച്ചു. എങ്കിലും ഇന്ത്യയിലെ ബ്രിട്ടിഷ് സാമ്രാജ്യത്തിൻ്റെ അടിത്തറ പാകിയത് ദക്ഷിണേന്ത്യയിലായിരുന്നില്ല ബംഗാളിലായിരുന്നു. കർണാട്ടിക് യുദ്ധങ്ങൾ സുപ്രധാനവും വിലയേറിയതുമായ ചില പാഠങ്ങൾ ബ്രിട്ടിഷുകാരെ പഠിപ്പിച്ചു. രാജ്യത്ത് ദേശീയ വികാരമില്ലാത്തൊരു സാഹചര്യത്തിൽ ഇന്ത്യയിലെ ഭരണാധികരികളുടെ തമ്മിൽത്തല്ലിൽ നിന്ന് മുതലെടുത്തു കൊണ്ട് തങ്ങൾക്ക് രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാൻ കഴിയുമെന്ന് ഇംഗ്ലീഷുകാർ മനസ്സിലാക്കി. ഇന്ത്യയിലെ രാഷ്ട്രീയാന്തരീക്ഷം അവർക്ക് തികച്ചും അനുകൂലവുമായിരുന്നു.

ഇന്ത്യയിലെ ഏറ്റവും ഫലപുഷ്ടമായ ഏറ്റവും സമ്പന്നമായ സംസ്ഥാനം ബംഗാളായിരുന്നു.1757 ൽ ബംഗാളിലെ പ്ലാസിയിൽ വെച്ച് ഇംഗ്ലീഷ് കമ്പനിയും ബംഗാൾ നവാബായ സിറാജ് ദൗളയുമായുണ്ടായ യുദ്ധത്തിൽ ചതിയിലൂടെ കമ്പനി നേടിയ വിജയം ഇന്ത്യയിലെ ബ്രിട്ടീഷാധിപത്യത്തിൻ്റെ ഉദയം കുറിച്ചു. വഞ്ചനകൊണ്ട് നേടിയ പ്ലാസി യുദ്ധത്തിൽനിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ബുക്സാർ (1764 ) യുദ്ധത്തിൽ കമ്പനി നേടിയ വിജയം. ഇന്ത്യയിലെ രണ്ട് പ്രമുഖ ശക്തികളായ ബംഗാളിലെയും ഔധിലെയും നവാബുമാരുടെയും മുഗൾ ചക്രവർത്തിയുടേയും സംയുക്ത സൈന്യത്തിനെതിരെ നേടിയ വിജയം സൈനീക ശക്തിയിൽ കമ്പനിയുടെ ഔന്നിത്യം നിസ്സംശയം തെളിയിച്ചു. ബംഗാളിൽ ദ്വിഭരണം ഇതോടെ ആരംഭിച്ചു .

1772 ൽ ബംഗാൾ ഗവർണറായി വന്ന വാറൻ ഹേസ്റ്റിങ്സാണ് ഈ ദ്വിഭരണസമ്പ്രദായത്തിനറുതിവരുത്തിയത്. പരസ്പരം കലഹിച്ചിരുന്ന മറാത്ത – സിഖ് ഭരണാധികാരികളെ ബ്രിട്ടിഷ്കാർ പരാജയപ്പെടുത്തി. വെല്ലസ്സിയുടെ സൈനിക സഹായ വ്യവസ്ഥയിലൂടെയും ഡൽഹൗസിയുടെ ദത്താവകാശ നിരോധനനയത്തിലൂടെയും ഇന്ത്യയിലെ നാട്ടുരാജ്യങ്ങളെയെല്ലാം ബ്രിട്ടിഷ്കാർക്ക് വരുതിയിൽ കൊണ്ടുവരാൻ സാധിച്ചു.

1757 മുതൽ 1857 വരെയുള്ള കാലം ഇന്ത്യയിൽ കൊളോണിയൽ മേധാവിത്വം പിടിയുറപ്പിക്കുന്ന കാലഘട്ടമായിരുന്നു. അതേസമയം ഇത് ചെറുത്തു നിൽപ്പിൻ്റേയും കലാപങ്ങളുടേയുമായ ഒരു കാലഘട്ടം കൂടിയാണ്. നാട്ടുരാജാക്കന്മാർ, കർഷകർ, ഗോത്രവർഗ്ഗക്കാർ എന്നിവർ നടത്തിയ കലാപങ്ങളുടെ ഒരു നൂറ്റാണ്ടു കാലമായിരുന്നു അത്.

ടിപ്പു സുൽത്താൻ
ചരിത്രത്തിൽ ‘മൈസൂർ സിംഹം’ എന്ന് അറിയപ്പെടുന്ന ടിപ്പു സുൽത്താനെ ഒരു മതഭ്രാന്തനായിട്ടാണ് പലരും കണക്കാക്കുന്നത്. മതസഹിഷ്ണതക്ക് പേരുകേട്ട അദ്ദേഹത്തിനോട് ചരിത്രം നീതി പുലർത്തിയിട്ടില്ല. യുദ്ധക്കളത്തിൽ ബ്രിട്ടിഷുകാരോട് നേർക്ക്നേർ നിന്ന് പടപൊരുതി മരിച്ച ഒരേയൊരു രാജാവും, ആദ്യത്തെ സ്വാതന്ത്ര്യസമര സേനാനിയും ആയിരുന്നു ടിപ്പു.

ടിപ്പുവിന്റെ ആഗമനത്തോട് കൂടി കേരളത്തിലെ ഭൂവുടമകൾ അവരുടെ സമ്പത്തും ആരാധനമൂർത്തികളെയും കൊണ്ട് തെക്കൻ കേരളത്തിലേക്ക് പലായനം ചെയ്തു. ഇതിനെ തുടർന്ന് കുടിയാൻമാർക്ക് (ഹിന്ദുക്കളും, മുസ്ലീംങ്ങളും) ഭൂമിയുടെ ഉടമസ്ഥവകാശം നൽകി കൊണ്ട് നികുതി പിരിക്കുന്ന സമ്പ്രദായം കൊണ്ടുവന്നു. ഇതോടെ ജന്മിമാർക്ക് അവരുടെ മേധാവിത്വം നഷ്ടപ്പെടുകയും കുടിയാൻമാർക്ക് മാന്യത ലഭിക്കുകയും ചെയ്തു. വരണ്ട ഭൂമികളും, ക്ഷേത്രഭൂമികളും നികുതിയിൽ നിന്ന് ഒഴിവാക്കി.

മലബാറിലെ കീഴ്ജാതിക്കാരായ സ്ത്രീകൾക്ക് മാറുമറക്കാനുളള അവകാശം ടിപ്പു നൽകിയപ്പോൾ, കൊച്ചിയിലേയും തിരുവിതാംകൂറിലേയും സ്ത്രീകൾ മാറുമറക്കാനുളള അവകാശത്തിന് വേണ്ടി നീണ്ട സമരങ്ങൾ ചെയ്യേണ്ടി വന്നു. മറാത്തക്കാർ ആക്രമിച്ച് നശിപ്പിച്ച ശൃംഗേരിമഠം പുനർനിർമ്മിച്ചു നൽകിയത് ടിപ്പുവാണ്. ഹൈദരാലിയും ടിപ്പുവും ചേർന്നാണ് പാലക്കാട് കോട്ട നിർമ്മിച്ചത്. ഗുസ്തിയാണ് ടിപ്പുവിന്റെ ഇഷ്ട വിനോദം. ഹനുമാൻ ഗുസ്തിയുടെ ദേവനാണ്. അത് കൊണ്ടാണ് കോട്ടയിൽ ഹനുമാന്റെ വിഗ്രഹം അദ്ദേഹം പ്രതിഷ്ഠിച്ചത് .

ടിപ്പുവിന്റെ മറ്റൊരു ആരാധന മൂർത്തിയാണ് മൂകാംബിക ദേവി. എന്നും യുദ്ധം കഴിഞ്ഞാൻ മൂകാംബികയിൽ ദർശനം നടത്തിയാണ് തിരിച്ച് പോകുന്നത്. ഇന്നും കൊല്ലൂർ മൂകാംബികയിൽ മംഗളാരതി പൂജ നടത്തുന്നത് ടിപ്പുവിന്റെ പേരിലാണ് .

ബഹ്ദുർഷാ സഫർ
ബഹ്ദുർഷാ സഫർ മുഗൾ സാമ്രാജ്യത്തിലെ ഒടുവിലത്തെ ചക്രവർത്തിയായിരുന്നു.1764 ബുക്സാർ യുദ്ധത്തിൽ പരാജയപ്പെട്ട ഷാ ആലം രണ്ടാമൻ്റെ കാലത്തു തന്നെ മുഗന്മാരുടെ പ്രതാപം നഷ്ടപ്പെട്ടിരുന്നു. ബ്രിട്ടിഷ്കാരിൽ നിന്ന് പെൻഷൻ വാങ്ങുന്നവരായി മുഗൾ രാജാവ് ചുരുങ്ങിയിരുന്നു. ഒരു സൂഫിവര്യനായ ബഹ്ദൂർഷാ കവി, ഗസൽ രചയിതാവ് , കാലിഗ്രാഫർ, പൂന്തോട്ട നിർമാതാവ് എന്നീ നിലകളിൽ അദ്ദേഹം പ്രശസ്തി ആർജ്ജിച്ചിരുന്നു. സഫർ എന്ന തൂലികാ നാമത്തിൽ അദ്ദേഹത്തിൻ്റെ ഗസലുകൾ പ്രസിദ്ധമാണ്. ചെങ്കോട്ടയിലെ ‘മുഷാര’ എന്ന ഗസൽ സംഗീത സദസ്സിലെ മറ്റു കവികളാണ് മിർസാ ഗാലിബ്, സൗഖ് എന്നിവർ. ബഹ്ദുർഷാ സഫറിൻ്റെ കാലത്താണ് ബ്രിട്ടിഷ്കാർ മുദ്രകുത്തിയ 1857ലെ ശിപായി ലഹള നടന്നത്.

മീററ്റിൽ നിന്നും കൂട്ടം കൂട്ടമായി ഡൽഹിയിലേക്കു നീങ്ങിയ കലാപകാരികൾ 1857 മെയ് 11ന് ഡൽഹിയിലെ ചെങ്കോട്ടയ്ക്കു മുമ്പിലെത്തി. അതു റംസാൻ മാസമായിരുന്നു. പ്രാർത്ഥനയ്ക്കു ശേഷം പുലരുന്നതിനു മുമ്പുള്ള ഭക്ഷണവും കഴിച്ച് ഉപവാസത്തിന് തയ്യാറായി നില്‍ക്കുകയായിരുന്നു മുഗൾ രാജാവായ ബഹ്ദുർഷാ സഫർ (ബഹ്ദുർഷാ രണ്ടാമൻ ). പുറത്തു നടക്കുന്ന ബഹളം എന്താണെന്നറിയാൻ വന്ന അദ്ദേഹത്തോടു കലാപകാരികൾ വിളിച്ചു പറഞ്ഞു മീററ്റിലുള്ള ഇംഗ്ലീഷുകാരെയെല്ലാം ഞങ്ങൾ കൊന്നൊടുക്കി. പശുവിൻ്റെയും പന്നിയുടെയും കൊഴുപ്പുകൊണ്ടു പൊതിഞ്ഞ തിരകൾ കടിക്കാൻ അവർ ഞങ്ങളോട് ആജ്ഞാപിച്ചു. ഇതു ഞങ്ങളുടെ മതവിശ്വാസത്തെ തകർക്കലാണ്. അവർ കലാപത്തിൻ്റെ നേതൃത്വം ഏറ്റെടുക്കാൻ ബഹദൂർഷായോട് അഭ്യർത്ഥിക്കുകയും ചെയ്തു. 87 വയസ്സുള്ള അദ്ദേഹം ആദ്യം വിസമ്മതിച്ചെങ്കിലും കലാപകാരികളാൽ ചുറ്റപ്പെട്ട ചക്രവർത്തി അവരുടെ ആവശ്യത്തിനു മുമ്പിൽ കീഴടങ്ങി. ബഹദൂർഷാ “ഹിന്ദുസ്ഥാനിലെ ഷാഹൻഷാ” ആയി പ്രഖ്യാപിക്കപ്പെട്ടു. ഇതോടെ കലാപത്തിന് ഒരു നിയമസാധുത കൈവന്നു. ഇതിനു ശേഷം കലാപം നടക്കുന്നതു മുഗൾ രാജാവിൻ്റെ പേരിലാണ്. ഒടുവിൽ കലാപം അടിച്ചമർത്തി ബ്രിട്ടിഷുകാർ വിജയിച്ചു .

അന്ന് ബ്രിട്ടിഷ്കാർ ബഹ്ദുർഷാ സഫറിൽ രാജദ്രോഹക്കുറ്റം ചുമത്തുകയും അദ്ദേഹത്തെ റംഗൂണി (ബർമ – മ്യാൻമർ ) ലേക്ക് നാടുകടത്തുകയും ചെയ്തു. അവിടെ ചെറിയ നാലുമുറികളുള്ള വീട്ട് തടങ്കലിലാണ് കഴിഞ്ഞത്. അദ്ദേഹത്തിന് എഴുതാൻ കടലാസോ, പേനയോ, മഷിയോ നൽകിയില്ല. വിളക്കിൻ്റെ കത്തിയ തിരിയുടെ കരികൊണ്ട് അദ്ദേഹം ചുമരുകളിൽ ഗസലുകൾ എഴുതി. ബന്ധുക്കൾ കൺമുമ്പിൽവെച്ച് വധിക്കപ്പെട്ട് സകലതും നഷ്ടപ്പെട്ട്, നിസ്സഹായനായ വെറുമൊരു തടവുകാരൻ്റെ നിലയിലേക്ക് താഴ്ത്തപ്പെട്ട്, ബഹ്ദുർഷാ എന്ന ചക്രവർത്തി 1862 ൽ റംഗൂണിലെ തടവറയിൽ കിടന്ന് കഥാവശേഷനായി. സഫറിൻ്റെ കവിതകളിൽ കാണുന്ന ദുഃഖം സാധാരണക്കാരൻ്റെതു പോലെയല്ല. സഫറിലെ ശോക കവി, തൻ്റേതായ സകല രാജയോഗഭോഗങ്ങളും നഷ്ടപ്പെട്ടവനും, തൻ്റെ കുടുംബത്തെയാകെ കൺമുമ്പിൽ വെച്ച് നിഷ്ക്കരുണം വധിക്കപ്പെടുന്നതിന് സാക്ഷിയായവനും അതിലെല്ലാമുപരി, തന്നെ ശവസംസ്കാരത്തിന് ജന്മനാട്ടിൽ ആറടിമണ്ണുപോലും ലഭിക്കാത്തവനുമായ ദുഃഖപാരമ്യത്തിൻ്റെ പ്രതീകമാണ്.

വാജീദ് അലി ഷാ
നവാബ് വാജീദ് അലി ഷാ ഔധിലെ രാജാവായി സ്ഥാനാരോഹണം ചെയ്യപ്പെട്ടപ്പോഴെക്കും അവിടത്തെ കീർത്തിയെല്ലാം കെട്ടടങ്ങിയിരുന്നു .1801 ലെ ഉടമ്പടി അനുസരിച്ച് സാമ്പത്തികമായി സമ്പന്നമായിരുന്ന ഈ നാട്ടുരാജ്യത്തിലെ അധികഭാഗവും ബ്രിട്ടിഷ് സാമ്രാജ്യത്തിലേക്ക് ചേർത്തു കഴിഞ്ഞിരുന്നു. വാജിദ് അലി ഷാ തൻ്റെ പ്രജകളെ നല്ലപോലെ സ്നേഹിച്ചിരുന്ന, കാര്യശേഷിയും കലാനൈപുണ്യവും ഒത്തുചേർന്ന ഒരു ഭരണകർത്താവായിരുന്നു. ശ്രീകൃഷ്ണകഥകൾ ആടുന്ന ക്ഷേത്ര കലയായ കഥക് മുഗൾ ചക്രവർത്തിമാരുടെ അരമനയിലെയും രാജസദസ്സിലേയും നാട്യമായിട്ടാണ് വളർന്നത്. വാജിദ് അലി ഷായുടെ കീഴിൽ കഥക് ഒരു പ്രധാന കലാരൂപമായി അറിയപ്പെട്ടത്. നവാബിൻ്റെ പരിരക്ഷയിൽ ലക്നൗവിൽ കഴിഞ്ഞിരുന്ന നിരവധി രചയിതാക്കളുടെയും ഗായരുടെയും ശ്രമഫലത്താൽ ഥുമ്രി എന്ന ശാസ്ത്രീയ സംഗീതരൂപം അവിടെ തഴച്ചുവളർന്നു . ശ്യംഗാരഭാവം ഉൾക്കൊള്ളുന്ന ഭക്തിനിർഭരമായ ഥുമ്രിയുടെ ഉത്ഭവം ലക്നൗവിലാണ്. വാജിദ് അലി ഷാ തന്നെ നല്ലൊരു ഥുമ്രി രചതിതാവായിരുന്നു .

ഡൽഹൗസി പ്രഭുവിൻ്റെ പിടിച്ചടക്കൽ നയം പിടിച്ചെടുക്കപ്പെട്ട എല്ലാ നാട്ടുരാജ്യങ്ങളിലും അമർഷവും ശക്തമായ പ്രതിഷേധവും ഉയർത്തി. പക്ഷെ ഔധിലുണ്ടായതുപോലെ അത്ര തീവമായ അമർഷം മറ്റെങ്ങുമുണ്ടായിട്ടില്ല. ദുർഭരണത്തിൻ്റെ പേരിൽ നവാബ് വാജിദ് ആലിയെ സ്ഥാനഭ്രഷ്ഠനാക്കി കല്‍ക്കത്തയിലേക്ക് നാടുകടത്തി. വാജിദ് അലി ജനപിന്തുണയുള്ള ഒരു നവാബായിരുന്നു. അദ്ദേഹത്തിന് പ്രിയപ്പെട്ട ലക്നൗ വിട്ടപ്പോൾ, വിലാപഗാനങ്ങൾ പാടി തീവ്ര ദു:ഖത്തോടെ, പതിനായിങ്ങൾ അദ്ദേഹത്തെ കാൺപൂർ വരെ അനുഗമിച്ചു. ജനങ്ങൾക്ക് അദ്ദേഹത്തോടുള്ള സ്നേഹത്തിൻ്റെ സാക്ഷ്യപത്രമായിരുന്നു ഇത്. തങ്ങൾക്കുണ്ടായ ഭൗതികമായ നഷ്ടവും ഈ ദുഃഖപ്രകടനത്തിന് ആക്കം കൂട്ടി. നവാബോടുകൂടി അദ്ദേഹത്തിൻ്റെ കൊട്ടാരവും സംസ്ക്കാരവും ഇല്ലാതായി. ഗായകർ നൃത്തന്യത്ത്യങ്ങളിൽ ഏർപ്പെട്ടവർ, കവികൾ, കലാകാരന്മാർ, ശില്പികൾ, പാചകക്കാർ എന്നിങ്ങനെ ആയിരങ്ങൾ തൊഴിൽ രഹിതരായി. അവർക്ക് അവരുടെ ഉപജീനമാർഗം ഇല്ലാതായി. വിദേശരാജിൻ്റെ വരവോടു കൂടി തങ്ങൾ പ്രിയപ്പെട്ടതായി കരുതിയതെല്ലാം എന്നെന്നേക്കുമായി ഇല്ലാതായി എന്നവർക്കു തോന്നി.

ബീഗം ഹസ്റത്ത് മഹൽ
ഡൽഹൗസി പ്രഭു 1851ൽ ഔധിനെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. “ഒരു ദിവസം നമ്മുടെ (ബ്രിട്ടിഷ്കാരുടെ) വായിൽ വീഴാൻ പോവുന്ന ഒരു ചെറി” ആയിട്ടായിരുന്നു .1856 അതു സംഭവിച്ചു. നവാബ് വാജിദ് അലി ഷായെ കല്‍ക്കത്തയിലേക്ക് നാടുകടത്തി. വിലാപഗാനങ്ങൾ പാടി ജനങ്ങൾ കാൺപൂർ വരെ അനുഗമിച്ചു. അതിൽ ഒരാൾ എഴുതി “ജീവൻ ദേഹം വിട്ടു പോയിരിക്കുന്നു; ഈ നഗരത്തിൻ്റെ ശരീരം ഇപ്പോൾ ജീവനില്ലാത്തതാണ്.” വിങ്ങിപ്പൊട്ടിക്കരയാത്ത ഒറ്റത്തെരുവും, ഒറ്റ വീടും, ഒറ്റക്കമ്പോളവും ലക്നൗവിലുണ്ടായിരുന്നില്ല.

ബ്രിട്ടീഷ് ഭരണ തകർച്ചയിൽ ലക്നൗവിലെ ജനങ്ങൾ ആഹ്ലാദം പ്രകടിപ്പിക്കുകയും നവാബിൻ്റെ ഇളയ മകനായ ബിർജിസ് കാദറിനെ അവരുടെ നേതാവാക്കുകയും ചെയ്തു. ഇന്ത്യയുടെ ഒന്നാമത്തെ സ്വാതന്ത്ര്യ സമരമെന്ന പേരിൽ അറിയപ്പെടുന്ന 1857ലെ കലാപത്തിന്, ലക്നൗവിൽ, ഔധിലെ നവാബ് വാജിദ് അലി ഷായുടെ ഭാര്യയായ ബീഗം ഹസ്റത്ത് മഹലും, മൗലവി അഹമ്മദുളളയുമാണ് കലാപത്തിന് നേതൃത്വം നൽകിയത്. “ബംഗാൾ ആർമിയുടെ നഴ്സറി” എന്നാണ് ഔധ് അറിയപ്പെട്ടിരുന്നത്. അതിനാൽ 1857 ലെ കലാപത്തിൽ ഔധിലെ ചെറുത്തു നില്പും, സംഘട്ടനവും അതിശക്തവും ദീർഘനാൾ നീണ്ടുനിന്നതുമായിരുന്നു. ബീഗം ഹസ്റത്ത് മഹലിനോടെപ്പം ചേർന്ന് ഔധിലെ താലൂക്ക്ദാർമാർ ലക്നൗവിൽ ബ്രിട്ടീഷുകാർക്കെതിരെ പൊരുതി. തോൽവിയിലും അവർ ബീഗത്തോടൊപ്പം ഉറച്ചു നിന്നു.

1858 ൽ ലക്നൗവിനെ പിടിച്ചടക്കിയതോടെ കലാപത്തിന് സമാപനം കുറിച്ചു. ബീഗം നേപ്പാളിലെ കാഠ്മണ്ഡുവിൽ അഭയം പ്രാപിച്ചു.1879 ൽ അവിടെ വെച്ച് മരണമടയുകയും ചെയ്തു.

ബ്രിട്ടിഷ്ക്കാർ കലാപകാരികളായ നേതാക്കളിൽ, തങ്ങളോടൊപ്പം നിൽക്കുന്നവർക്ക് വൻപ്രതിഫലം നൽകുകയും ചെയ്തു. എങ്കിലും നിരവധി ഭൂവുടമകൾ ബ്രിട്ടിഷുകരോടു പൊരുതി മരിച്ചു. ചിലർ നേപ്പാളിൽ അഭയം പ്രാപിച്ചെങ്കിലും ഭൂരിഭാഗവും രോഗം മൂലമോ, പട്ടിണി മൂലമോ മരണത്തിനിരയായി.

ത്സാൻസി റാണി
ഇരുപതാം നൂറ്റാണ്ടിൽ ഒരു പുതിയ ദേശീയാബോധം വളർത്തുന്നതിൻ്റെ ഭാഗമായി 1857ലെ കലാപത്തിൻ്റെ സ്മരണ നിലനിർത്തുന്നതിൽ കലയും സാഹിത്യവുമെന്ന പോലെ ചരിത്രരചനയും വളരെ സഹായിച്ചു. സാമ്രാജ്യത്വത്തിനെതിരെ പ്രക്ഷോഭം നയിച്ച ധീര പുരുഷന്മാരും ധീര വനിതകളും ധീരോദാത്തനായകന്മാരും നായികമാരുമായി ചിത്രീകരിക്കപ്പെട്ടു. ഒരു കയ്യിൽ കുതിരയുടെ കടിഞ്ഞാണും മറുകയ്യിൽ വാളുമായി സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതുന്ന രാജ്ഞിയെക്കുറിച്ച് ആവേശോജ്ജ്വലമായ നിരവധി കവിതകൾ രചിക്കപ്പെട്ടു. രണാങ്കണത്തിൽ വീരമ്യത്യുവരിച്ച ഝാൻസി റാണി ധീരതയുടേയും, സ്വാതന്ത്ര്യവാഞ്ഛയുടേയും പ്രതീകമായി മാറി. “ഒരു പുരുഷനെപ്പോലെ അവർ പൊരുതി, അവർ ഝാൻസിയിലെ റാണിയായിരുന്നു” എന്നർത്ഥം വരുന്ന സുഭദ്രാകുമാരി ചൗഹാൻ്റെ വരികൾ വായിച്ചുകൊണ്ടാണ് ഇന്ത്യയുടെ നാനാഭാഗത്തുമുള്ള കുട്ടികൾ വളർന്നു വന്നത്. “പടച്ചട്ടയണിഞ്ഞ് കയ്യിലൊരു വാളുമായി കുതിരയെ ഓടിക്കുന്ന” രൂപത്തിലാണ് ത്സാൻസി റാണിയുടെ ചിത്രം ദേശീയ പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. വിദേശഭരണത്തേയും അനീതിയേയും ചെറുക്കാനുള്ള ഇച്ഛാശക്തിയുടെ പ്രതീകമായിരുന്നു ഝാൻസി റാണി.

(തുടരും)
1. NCERT Text
2.ഹിന്ദുസ്താനി സംഗീതം – എ.ഡി. മാധവൻ
3. ഇന്ത്യാ ചരിത്രം രണ്ടാം ഭാഗം – പ്രൊഫ. പി. കെ. ടി. രാജ


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Scroll to top