Flash News

പട്ടിയമ്മയും പട്ടിക്കുട്ടികളും (ഓര്‍മ്മ) ഭാഗം 1

August 18, 2020 , എച്മുക്കുട്ടി

ഞാൻ കുറിക്കുന്നത് നായകളുടേയോ പട്ടികളുടേയോ കഥയല്ല..

ഇത് ഞങ്ങളുടെ അമ്മയും ഞങ്ങൾ മൂന്നുമക്കളും അനുഭവിച്ച ജീവിതമെന്ന പരമസത്യമാണ്.

ഇതിൽ സവർണ, അവർണ ഭേദമില്ല.. ചായ്‌വുകളില്ല.. വർഗീകരണമില്ല, ആഹാരത്തിൻറെ പൈശാചികവല്‍ക്കരണമില്ല..

ആകെ ഉള്ളത് നഗ്നവും നിന്ദ്യവുമായ മനുഷ്യത്വമില്ലായ്മ മാത്രം…

അമ്മയുടെ തമിഴ് ബ്രാഹ്മണ ജാതിയെ പട്ടര് എന്ന് പറയുന്ന ഒരു രീതി ഉണ്ടല്ലോ. ആ രീതിയുമായി ബന്ധപ്പെട്ടാണ് ഇത്തരം പട്ടിവിളികൾ ഞങ്ങൾ കേട്ടിട്ടുള്ളത്.

അച്ഛന്റെ ബന്ധുവീടുകളിലെ ചടങ്ങുകളിലായിരുന്നു തുടക്കം. അവിടെ ആരെങ്കിലും കാണും.. ആരുടെയെങ്കിലും പരിചയക്കാർ.. അല്ലെങ്കിൽ പരിചയക്കാരുടെ പരിചയക്കാർ.. അവർ എന്തിനാണ് അങ്ങനെ ഒരു രംഗം ഉണ്ടാക്കാൻ പരിശ്രമിക്കുന്നതെന്ന് അക്കാലത്തൊന്നും ഞങ്ങൾ കുട്ടികൾക്ക് തീരേ മനസ്സിലാവാറില്ല.

പൊടുന്നനെ അമ്മയുടെ തമിഴ് ബ്രാഹ്മണ്യം ആ ചടങ്ങിനിടയിൽ അങ്ങ് അറിയപ്പെടും. മൂളക്കത്തോടെ പറന്നു വരുന്ന ഒരു വണ്ടിനെപ്പോലെ..

ഊണു കഴിക്കുന്ന ഞങ്ങൾ കുട്ടികളുടെ അടുത്തു വന്ന് ഈ പരിചയക്കാർ മൂക്കത്ത് വിരൽ വെച്ച് ഒരു കാച്ചലാണ്..

‘അയ്യോ! പട്ടത്തി അമ്മേടെ പട്ടത്തി കുട്ടികൾക്ക് ഈ ആഹാരത്തോടൊന്നും ഇഷ്ടം കാണൂല്ലാരിക്കും..’

അന്നേരം മുതിർന്ന കാരണവന്മാരും കാരണവത്തികളുമായി വല്ലാതെ ഭാവിക്കുന്ന ആണുങ്ങളും പെണ്ണുങ്ങളും ഇരച്ചെത്തുകയായി.. എന്നിട്ട് അത്യുച്ചത്തിൽ പ്രഖ്യാപിക്കും..

‘ഇവിടെങ്ങും ഇല്ല, പട്ടിയമ്മയും പട്ടിക്കുട്ടികളും..’

ഞങ്ങൾക്ക് ആഹാരം തൊണ്ടയിൽ മുട്ടും.

അപ്പോൾ എൻജിനീയർമാരും വക്കീലുമാരും വലിയ കമ്പനികളുടെ ഡയറക്ടർമാരും കോളേജ് പ്രൊഫസർമാരുമൊക്കെ ആളാം വീതം ആഹാരം കഴിപ്പിച്ചു തുടങ്ങും..

‘ചോറുരുട്ട്.. ആ കറിയേ തൊട്ട് വായിലോട്ടിട്..

അനുസരണ പഠിക്കണം.. ആദ്യം.. അനുസരണ.. അച്ഛനേം അച്ഛന്റെ വീട്ടുകാരേം ബഹുമാനിച്ച് പഠിക്കണം..’

ഞങ്ങൾ, പേടിച്ചരണ്ട മക്കൾ, കണ്ണു നിറഞ്ഞുകൊണ്ട് ആഹാരം കഴിച്ചെണീക്കും.

അമ്മീമ്മ തയിച്ചു തരുന്ന കുപ്പായങ്ങൾ, നീണ്ട തലമുടി, എണ്ണയൊലിക്കുന്ന വെളുപ്പും കറുപ്പുമല്ലാത്ത ഗ്രാമീണമായ മുഖം, ഏറുകൊണ്ട കില്ലപ്പട്ടിയുടെ ഭാവം ഇതെല്ലാമുള്ള ഞങ്ങൾ അച്ഛന്റെ ബന്ധുക്കൾക്കിടയിൽ വലിയ തമാശകളായിരുന്നു. അവരൊക്കെ ഇട്ടിരുന്ന ഫാഷനബിൾ കുപ്പായങ്ങൾ തൊടരുതെന്ന് ഞങ്ങളെ ഭയപ്പെടുത്തിക്കൊണ്ട് ഷാംപൂ പുരട്ടി മിനുക്കിയ മുടിയിഴകളെ അലസമായി അവരിങ്ങനെ ഒതുക്കി വെക്കും.അന്നേരം പുച്ഛവും പരിഹാസവും അവരുടെ മിഴിയിമകളിൽ പോലും തുളുമ്പി നില്ക്കും.

ഇതിനിടയിൽ അമ്മ അച്ഛനേക്കാൾ വയസ്സിനു വലുതാണെന്ന പരിഹാസവും ഞങ്ങൾക്ക് കേട്ടു നില്ക്കാനുണ്ടാകും. ഏറ്റവും വലിയ അക്രമം ഇതൊന്നുമല്ല, ഞങ്ങളെ അനുസരണയും ബഹുമാനവും പഠിപ്പിക്കാത്ത അമ്മയെ കുനിച്ചു നിറുത്തി ഇടിക്കണമെന്ന് പറയുന്നതു കേട്ട് പുഞ്ചിരിച്ചു നില്ക്കുന്ന അച്ഛന്റെ ആ വിനയമാണ്..

ഒരിക്കലൊന്നുമല്ല ഈ അനുഭവം… പലവട്ടം.. പലരാൽ.. പലയിടത്ത്.. ജോസഫ് എൻറെ രക്ഷകൻ എന്ന് ഞാൻ വിശ്വസിച്ചതിൽ ഈ പട്ടിയമ്മ, പട്ടിക്കുട്ടി വിളികൾക്ക് വലിയ പങ്കുണ്ട്.

ആഹാരം ഏറെ ആനന്ദകരമായ ഒരു അനുഭവമായി ഞങ്ങൾക്ക് വളരെ കുറച്ചു തവണ മാത്രമേ തോന്നിയിട്ടുള്ളൂ.

അമ്മയുടെ ബന്ധുക്കൾ അങ്ങനെ ചടങ്ങുകൾക്ക് വിളിക്കാറില്ല. തൃക്കൂര് ആകെ ഒരു ഗ്രേഖ്യമെന്ന മരണാടിയന്തിരം, ഒരു സീമന്തമെന്ന ഗർഭകാലച്ചടങ്ങ്, ഒരു കല്യാണം, ഒരു പൂണൂൽധാരണം, ഒരു കെട്ടുനിറ ഇത്രയുമേ കാണൂ പത്തിരുപതു വർഷങ്ങൾ അവിടെ പാർത്തിട്ട് ഞങ്ങൾ വിളിക്കപ്പെട്ട തമിഴ് ബ്രാഹ്മണവീടുകളിലെ ചടങ്ങുകൾ.

തൃശൂർ നഗരത്തിൽ അങ്ങനെ ആയിരുന്നില്ല സ്ഥിതി. അച്ഛന്റെ കീഴിൽ ജോലി ചെയ്തിരുന്ന അമ്മയുടെ ബന്ധുക്കളായ ഡോക്ടർമാരുടെയും മററു സുഹൃത്തുക്കളുടേയും കല്യാണങ്ങൾക്കും വിശേഷങ്ങൾക്കും അച്ഛനും അച്ഛന്റെ ഭാര്യയെന്ന നിലയിൽ അമ്മയും വിളിക്കപ്പെടുമായിരുന്നു. മിക്കവാറും സദ്യക്കോ റിസപ്ഷനോ ആയിരിക്കും വിളിക്കുക. അങ്ങനെ ഒരിക്കൽ പോയപ്പോഴാണ് ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കച്ചേരിയും യേശുദാസിൻറെ ഗാനമേളയും ഞാൻ ആദ്യമായി കേട്ടത്.

അവിടെ അമ്മയെയും ഞങ്ങൾ കുഞ്ഞുങ്ങളേയും ആരും കണ്ട ഭാവമേ കാണിക്കില്ല.. അമ്മ സ്ഥാനം കൊണ്ട് അവിടെ അക്കാവും ചിത്തമ്മയും അത്തയും ഒക്കെ ആയിരിക്കും. എന്നാൽ അമ്മയെ ഒഴിവാക്കി എല്ലാവരും അച്ഛനോട് മാത്രം സംസാരിക്കും. കാരണം അച്ഛൻ തൃശൂർ നഗരത്തിൽ പദവിയുള്ള ആളാണ്… വിശ്വകർമ്മജന് ബ്രാഹ്മണപ്പെണ്ണിനെ കല്യാണം കഴിച്ചാൽ ഭ്രഷ്ട് ഇല്ല. എന്നാൽ ആ ബ്രാഹ്മണപ്പെണ്ണിനും അവൾ പെറ്റിട്ട പെൺകുഞ്ഞുങ്ങൾക്കും പൂർണ ഭ്രഷ്ടാണ്.

ഇതിനെല്ലാം പുറമേ ‘അത് ആര്? രാജമല്ലവോ?’ എന്ന് പട്ടുസാരി ചുറ്റിയ പെണ്ണുങ്ങൾ അടക്കം പറയുന്നത് കേൾക്കാം.. ചൂണ്ടിക്കാട്ടുന്നത് കാണാം.. കൂട്ടത്തിൽ നിറഞ്ഞ പുച്ഛത്തിലുള്ള ഉത്തരവും കൂർത്ത ചില്ലായി തുളച്ചു കയറും..

‘ആമാം.. രാജം താൻ.. അന്ത ആശാരി ഡോക്ടറെ കല്യാണം പണ്ണീണ്ടാളേ..’

ഞങ്ങൾ അധികപ്പറ്റുകളും ഭ്രഷ്ടരുമായി അങ്ങനെ ചൂളി നില്ക്കും. കുട്ടികളാണ്.. പത്തു വയസ്സിൽ താഴേയുള്ള കുട്ടികൾ.. ഇങ്ങനെ മൽസരിച്ച് നിന്ദിക്കുന്ന ജാതിക്കളികളിൽ അവർ ആരുടെ ഒപ്പം നില്ക്കും.. മനുഷ്യത്വമില്ലാത്ത സവർണതയിലോ അവർണതയിലോ ഏതിൽ അഭിരമിക്കും?

ഇത് ഒരനുഭവമല്ല.. അനവധി അനവധി അനുഭവങ്ങളിൽ നിന്ന് ഒരെണ്ണം എഴുതിയെന്നേ ഉള്ളൂ.

ഞാൻ അഭയം തേടിച്ചെന്നയിടത്ത് ക്രിസ്തുമതമായിരുന്നല്ലോ പ്രബലം. ക്രിസ്തുമതത്തിന് പിന്നെ ക്രിസ്തുമതമൊഴിച്ച് ബാക്കിയെല്ലാം താഴ്ന്ന മതങ്ങളാണ്..കത്തോലിക്കരെ സംബന്ധിച്ച് ബാക്കി ക്രിസ്തു മതവിഭാഗങ്ങളെല്ലാം അവരേക്കാൾ താഴേയാണ്.. കത്തോലിക്കാ ക്രിസ്ത്യാനികളാണ് ഏറ്റവും ഉയർന്നത്…അവിടെ പട്ടിയമ്മയും പട്ടിക്കുട്ടികളും ആശാരിച്ചിയും ഏറ്റവും യോജിക്കുന്ന സംബോധനകൾ തന്നെ.

അനിയത്തിമാർ വഴിയാണ് ഈഴവരുടെയും ബംഗാളി വൈശ്യരുടേയും ജാതിപ്പൊങ്ങച്ചം അറിയാൻ യോഗമുണ്ടായത്. ഈഴവർക്ക് പട്ടത്തിഅമ്മയുടെ പട്ടത്തിക്കുട്ടികൾ ആശാരിമാരെപ്പോലെ പട്ടിയമ്മയും പട്ടിക്കുട്ടികളും തന്നെയായിരുന്നു. അവർ ഒരു പടി കൂടി കടന്നു പട്ടിയമ്മൂമ്മയുടെ പട്ടിക്കുട്ടി എന്ന സംബോധന നല്കാനും ധൈര്യപ്പെട്ടു.

ഒരു കുടുംബമല്ലേ അങ്ങനെ പറഞ്ഞുള്ളൂ എന്ന് നിസ്സാരമായി തള്ളിയേക്കാം പലരും. അഞ്ചെട്ടു വയസ്സുള്ള പെൺകുഞ്ഞിനോട്, അവൾക്ക് അമ്മൂമ്മയെ ഏറെ ഇഷ്ടമാണെന്നറിയേ അങ്ങനെ പറയുന്നത് മനുഷ്യത്വമില്ലായ്മയല്ലെങ്കിൽ പിന്നെന്താണ്? കുടുംബവും അങ്ങനെ വട്ടത്തിലും നീളത്തിലുമുള്ള ബന്ധുക്കളും ചേരുമ്പോൾ അതൊരു പ്രത്യേക എണ്ണം ആളുകളുടെ കൂട്ടുകെട്ടാവുന്നു.

അമ്മയുടെ തമിഴ് ബ്രാഹ്മണ്യം, ആരുമില്ലായ്മ, അമ്മയുടെ പെണ്മ ഇതെല്ലാം ഉപയോഗിച്ച് ഞങ്ങളേയും അമ്മയേയും സവർണരും ധനികരായ അവർണരും എന്നും വേട്ടയാടിയിട്ടുണ്ട്. ഇന്നും അത് തുടരുകയും ചെയ്യുന്നു.

ബംഗാളി വൈശ്യർക്ക് മലയാളി വിശ്വകർമ്മൻ എന്ന പിന്നോക്കജാതിയെ ദളിതനായി മാത്രമേ മനസ്സിലാക്കാൻ പറ്റിയുള്ളൂ. ദളിതൻ എന്നാൽ ഈ ഭാരതഭൂമിയിൽ ജീവിക്കാൻ തന്നെ പാടില്ലാത്തവനാണല്ലോ. അയാളുടെ ഭാര്യയും മക്കളുമൊക്കെ അതുപോലെ ജീവിക്കാൻ പാടില്ലാത്തവർ തന്നെ. കേരളത്തിൽ ജനിച്ച ദളിത് പെണ്ണിനെ കല്യാണം കഴിക്കേണ്ടി വന്ന ദുർഗതിയിൽ വൈശ്യൻ രോഷാകുലനായി. കുഞ്ഞിനെക്കൊണ്ട് അമ്മയെ ദളിത് സ്ത്രീയേ എന്ന് തുടരേ വിളിപ്പിച്ചു…

ഞങ്ങൾക്ക് ഒരു വികാരവും തോന്നുകയില്ല.. ഒരു ജാതിപ്പേരും ഒരു മതപ്പേരും ആരോപിച്ച് ഞങ്ങളെ ഈ പ്രപഞ്ചത്തിലാർക്കും അപമാനിക്കാൻ കഴിയില്ല. കാരണം അതിൽ ഞങ്ങൾക്ക് വിശ്വാസമേയില്ല.. മനുഷ്യ ത്വമില്ലാതാവുമ്പോൾ സമസ്തവും നികൃഷ്ടമാകുമെന്ന് ജീവിതം കൊണ്ട് പഠിച്ചവരാണ് ഞങ്ങൾ…

(തുടരും….)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top