Flash News

പട്ടിയമ്മയും പട്ടിക്കുട്ടികളും (ഓര്‍മ്മ) ഭാഗം 2

August 21, 2020 , എച്മുക്കുട്ടി

കണ്ണൻറെ ജീവിതത്തിലേക്ക് എത്തിയപ്പോഴാണ് നായന്മാരുടെ ജാതി മഹത്വം എൻറെ പരിചയത്തിൽ വന്നത്..

അതൊരു ഒന്നൊന്നര മഹത്വമായിരുന്നു.

ധനികരായ നായന്മാർ ശരിക്കും ബ്രാഹ്മണവൽക്കരിക്കപ്പെടാൻ പൂജകളും പ്രാർഥനകളും വ്രതങ്ങളും ആചാരങ്ങളുമായി കഠിന പ്രയത്നം നടത്തുന്നവരാണ്. ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ അത് പെട്ടെന്ന് തന്നെ സഫലമാകുമായിരിക്കും. നായന്മാരിൽ പലരും പണ്ട് അറിയപ്പെട്ടിരുന്ന ശൂദ്രരെന്ന നിലയിൽ നിന്ന് ക്ഷത്രിയർ എന്ന നിലയിലേക്ക് രൂപാന്തരം പ്രാപിച്ചിട്ടുമുണ്ട്. പടനായർ, കിരീയം വെള്ളായ്മ, മന്നാഡിയാർ അങ്ങനെ പല പല തലേക്കെട്ടുകളിൽ ക്ഷത്രിയത്തം ഇങ്ങനെ വെളിപ്പെടുന്നത് കാണാം. പണ്ട് രാജ്യം ഭരിച്ചിരുന്ന വർമ്മമാരുടെയും അച്ചൻമാരുടേയും ഒക്കെ എതിർപ്പാണ്, സമ്മതക്കുറവാണ് ഈ പൂർണ ക്ഷത്രിയരാകുന്നതിൽ നിന്ന് നായന്മാരെ ഇപ്പോഴും പ്രയാസപ്പെടുത്തുന്നത്, അകറ്റി നിറുത്തുന്നത്.

ജാതി, മതം എന്നിവയിലെ ഒരു ചർച്ചക്കും വഴങ്ങാത്ത ആളാണ് കണ്ണൻ. അതുകൊണ്ട് ജാതിമതപൊങ്ങച്ചങ്ങൾ കണ്ണൻറെ അറിവോടെ അരങ്ങേറില്ല..

എന്നാലും.. അത് പറ്റുന്നിടത്തെല്ലാം നടക്കും.. അത് ഒളിച്ചു കടത്തപ്പെടും. സ്തുതിയെന്ന പേരിൽ നിന്ദയുതിർക്കപ്പെടും. നമ്മുടെ ഇടം കാണിച്ചു തരപ്പെടും.

‘അമ്യാരുമാര് ഭർത്താക്കന്മാരെ നോക്കില്ല..ആവശ്യങ്ങള് കണ്ടറിഞ്ഞ് ചെയ്യില്ല.. അതാണ് അവരുടെ ആണുങ്ങള് മറ്റു സ്ത്രീകളുടെ അടുത്ത് പോണത്.. ‘

‘ബ്രാഹ്മണർക്ക് ഒട്ടും വൃത്തിയില്ല.. ആശാരിമാർക്ക് പിന്നേ തീരേം ഇല്ല.. ‘

‘നായന്മാരോളം വൃത്തി ആർക്കും ഇല്ല.’

എൻറെ മോളെ കണ്ണൻറെ മോള് എന്ന് പറയാൻ മടിയുള്ളവരായിരുന്നു മിക്കവാറും എല്ലാവരും. കണ്ണൻറെ മോൾക്കായി പ്രാർഥിക്കാൻ പറ്റില്ലല്ലോ.. അങ്ങനെ ചെയ്താൽ ദൈവത്തിന് തെറ്റും … ദൈവം കൺഫ്യൂഷനിലാകും.. കാരണം കണ്ണന് ശരിക്കും മോളില്ലല്ലോ..

ഏറ്റവും ക്രൂരമായ അധിക്ഷേപം എൻറെ മോൾക്ക് ക്രിസ്ത്യാനികളുടെ ഭൂതദയ, ക്രിസ്ത്യാനികളുടെ രോഗീ ശുശ്രൂഷാ പാടവം, ക്രിസ്ത്യാനികളുടെ സാമർഥ്യം.. ഇതൊക്കെ ഉണ്ടെന്നും എന്നാൽ പട്ടമ്മാരുടേയോ ആശാരിമാരുടേയോ ശീലങ്ങൾ ഒന്നുമില്ലെന്നും നായന്മാരുടെ നന്മകൾ കിട്ടാൻ ഒരു നിലക്കും പറ്റില്ലല്ലോന്നും ഉള്ളതായിരുന്നു…

ആശാരിമാരും ക്രിസ്ത്യാനികളും ഈഴവരും നായന്മാരും വലിയ ഉദ്യോഗസ്ഥരായ കുറച്ച് അവർണരും ടോയ്‌ലറ്റ് അടക്കം ബ്രാഹ്മണ്യം പറഞ്ഞ് (ഒരു പണീം എടുക്കാതേ പരിപ്പും തിന്ന് നാറ്റ വളി വിടുന്ന പട്ടമ്മാർ) നിഷേധിക്കുകയും ആർത്തവകാലം അതീവ ദുരിതപൂർണ്ണമാക്കുകയും ചെയ്തിട്ടുണ്ട്…

ഭക്ഷണം ഒരു ദുരന്തമായിരുന്നു പലപ്പോഴും. ജാതിമതപൊങ്ങച്ചമാണല്ലോ ധനികഭക്ഷണത്തിൻറെ ഏറ്റവും പ്രധാന ചേരുവ.

ചട്ടി കൊതിക്കും എന്ന് കേട്ടിട്ടുണ്ടോ? കൊട്ടി ചതിക്കും എന്നാണ് അതിൻറെ അർഥം…ഈഴവരെപ്പറ്റി പറയുന്നതാണിത്.

അമ്യാര് ദോശ ചുടുമ്പോൾ അതില് തുപ്പൽ പുരട്ടീട്ടേ ആർക്കായാലും കൊടുക്കൂവത്രേ. അതാണ് അവരുടെ രീതിയെന്ന് എല്ലാവരും പറഞ്ഞു കേൾപ്പിക്കാറുണ്ട്.

ഇറച്ചിയും മീനും കഴിച്ചു വളർന്നില്ല എന്ന കുറ്റത്തിന് ഞങ്ങളുടെ തലവെട്ടിക്കളയണമെന്ന് അരിശപ്പെടുന്നവർ തന്നെ ഞങ്ങൾ അതു കഴിക്കുന്നത് കാണുമ്പോൾ നല്ലോരു അമ്യാരുടെ വയറ്റിൽ പിറന്നിട്ട് ഇതൊക്കെ മൂക്കറ്റം തിന്നുന്നുണ്ടല്ലോ എന്ന് മഹാപാപം പോലെ കവിളത്ത് കൈ വെക്കും. ആ ബ്രാഹ്മണ്യത്തോട് സഹതപിക്കും..

‘മോരും ചോറും പുളിവെള്ളവുമാണ് പട്ടമ്മാര് പൊതുവെ സ്വന്തം മഠങ്ങളിൽ തിന്നു ശീലിക്കുന്നത്. അതുകൊണ്ട് അവർ നല്ല ശാപ്പാട്ട് രാമൻമാരായിരിക്കും. പുറമേ നിന്ന് തിന്നാൻ കിട്ടിയാൽ കൊതിയോടെ മൂക്കറ്റം കേറ്റും..’

എന്തിനാണ് ഇത് കേൾപ്പിച്ചു തരുന്നതെന്ന് മനസ്സിലാവാതെ ഭക്ഷണത്തിനു മുന്നിൽ അന്തംവിട്ടിരിക്കുമ്പോൾ വരുന്നു അടുത്ത കൊട്ട്…

‘ആശാരിമാര് വീട്ടീല് വന്നാല് അടുപ്പിലെ ചാരം കൂടീ വാരീട്ടേ പോവൂ.. എന്നാലും ഉണ്ണാൻ വിളിച്ചാൽ കൊട്ടുവടിയെടുത്ത് എങ്ങുമില്ലാത്ത പണിത്തിരക്ക് അഭിനയിക്കും..’

എന്തുകൊണ്ടാണ് ഇതൊക്കെ പലരിൽ നിന്നും ഇങ്ങനെ കേൾക്കേണ്ടി വരുന്നത്?

ജാതിയും മതവുമാണ് അസ്ഥിമജ്ജയോളം ആഴ്ന്നിറങ്ങിയ വിശ്വാസങ്ങൾ.. ബാക്കിയെല്ലാം മനുഷ്യ ത്വം പോലും അതിനു പുറമേ പുരട്ടിയ വെറും ചായം മാത്രമാണ്.

ധനികരും ദരിദ്രരുമായ സവർണരും അവർണരും ക്രിസ്ത്യാനികളും മിശ്ര വിവാഹത്തിലൂടെ ജനിച്ച ഞങ്ങളോട് പ്രകടിപ്പിച്ചിട്ടുള്ള ജാതി മത നിന്ദയെപ്പറ്റിയും അപമാനത്തെപ്പറ്റിയും ഇനിയും എത്ര പുറങ്ങൾ വേണമെങ്കിലും എഴുതാം. അതുകൊണ്ടുണ്ടായ ഏറ്റവും വലിയ മെച്ചം ഇക്കാര്യങ്ങളിൽ അല്പം പോലും വിശ്വാസമില്ലാത്തവരായി ഞങ്ങൾ മാറി എന്നതാണ്.

ആത്മകഥ എഴുതിയതോടെ അമ്മയുടെ ബ്രാഹ്മണ്യം വേറൊരു രീതിയിൽ എന്നെ ആക്രമിക്കാനുള്ള കുന്തമുനയായിത്തീർന്നു. അങ്ങനെ കുറേ ചോദ്യങ്ങൾ വന്നു.. എന്നെപ്പറ്റി അവരവരുടെ വിചാര വിജ്ഞാന അനുഭവ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിശദീകരണങ്ങൾ എഴുതി പലരും. ആഹാരത്തിനെ പൈശാചികമായി പ്രഖ്യാപിക്കുന്നുണ്ട് പോലും ഞാൻ. എന്നിൽ ഭീകരമായ സവർണതയുടെ കൊമ്പ് കൂർപ്പിക്കലുണ്ടത്രേ. മനുഷ്യ സ്നേഹികളും ദളിത് അനുഭാവികളും പത്രപ്രവർത്തകരെന്നും എഴുത്തുകാരെന്നും അഭിമാനിക്കുന്നവരും മറ്റും മറ്റും ഇത്തരം പ്രസ്താവനകൾ എൻറെ മുഖത്തേക്ക് എറിഞ്ഞു.

കണ്ണനെ അവർ അംഗീകരിക്കണമെങ്കിൽ കണ്ണൻ ബീഫ് തിന്നുന്നവനായിരിക്കണ മത്രേ…

അവർ കണ്ണനെ അംഗീകരിച്ചില്ലെങ്കിൽ എന്താണ് കുഴപ്പം? ആകാശം ഇടിഞ്ഞു വീഴുമോ?

അവർണരോടുള്ള സവർണ ധാർഷ്ട്യമുണ്ടല്ലോ…നിങ്ങൾ ഇങ്ങനെയൊക്കെയായാലേ ഞങ്ങൾ നിങ്ങളെ അംഗീകരിക്കുന്നതിനെപ്പറ്റി ആലോചിക്കുക പോലും ചെയ്യൂ എന്നു ധാർഷ്ട്യപ്പെടുന്നതിൻറെ മറ്റൊരു പതിപ്പു തന്നെയാവുകയല്ലേ അത്?

അല്ലാതെ കണ്ണൻ എന്തു കഴിക്കുന്നുവെന്നത് എങ്ങനെയാണ് ഒരു പ്രശ്നം തന്നെ ആകുന്നത്?

ഇന്ന ആഹാരം ഇന്നവരേ ഉണ്ടാക്കൂ എന്നോ ഇന്നവരേ കഴിക്കൂ എന്നോ ഇന്നവരേ കഴിക്കാവൂ എന്നോ ഞാൻ എവിടെയും പറഞ്ഞിട്ടില്ല, എഴുതീട്ടില്ല. ആർക്കും ഏതാഹാരവും അവർക്ക് പിടിച്ച പോലെ ഉണ്ടാക്കിക്കഴിക്കാം എന്നതാണ് എൻറെ നിലപാട്.

എന്നാൽ എനിക്കിഷ്ടമുള്ള ആഹാരം അത് തീരേ പരിചയമില്ലാത്ത, അതുകൊണ്ട് തന്നെ അതിനോട് ഇഷ്ടക്കുറവുള്ള ഒരാളെക്കൊണ്ട് ഉണ്ടാക്കിച്ചു കഴിക്കുന്നതും നിർബന്ധമായി അയാളെ കഴിപ്പിക്കുന്നതും തെറ്റാണ്. അങ്ങനെ ചെയ്യുന്നതിന് ന്യായമായി ഞാൻ ഭർത്താവ്, ഞാൻ നിൻറെ അധികാരി, നീ ഇങ്ങനെ ചെയ്താലേ നിന്നെ അംഗീകരിക്കാൻ എനിക്ക് കഴിയൂ എന്ന് പറയുന്നത് കുറ്റമാണ്. അത് തൈരും ചോറായാലും ബീഫായാലും പോർക്കായാലും ഗോതമ്പ് ദോശയായാലും..

അങ്ങനെ ചെയ്യുന്നതാണ് ആഹാരത്തിൻറെ പിശാചുവല്ക്കരണം. മറ്റൊരാളെ എത്ര വേണമെങ്കിലും വേദനിപ്പിക്കാനുള്ള ഒരു ആയുധമായി ആഹാരത്തെ മാറ്റിത്തീർക്കൽ.. ആഹാരമുണ്ടാക്കിയവരെ നിസ്സാരമാക്കൽ, ആഹാരത്തിൽ കലഹിക്കൽ.. ദേഹോപദ്രവം ചെയ്യൽ.. എൻറെ അച്ഛനും ജോസഫും ചെയ്തിരുന്നതങ്ങനെയാണ്.

ആഹാരത്തിലെ പ്രത്യേകതകൾ ബീഫ് തിന്നുന്നുവെന്ന സ്കെയിൽ വെച്ച് മാത്രം അളക്കരുതെന്നാണ് എൻറെ അഭിപ്രായം. എഴുന്നൂറു കോടിയിലധികം മനുഷ്യരുള്ള ഈ ലോകത്ത് എല്ലാവരും വ്യത്യസ്തമായ വിഭവങ്ങൾ കഴിക്കുന്നവരാണ്. അതിൽ ഏതു വിഭവത്തിനാണ് ശ്രേഷ്ഠത കൂടുതൽ.. ഏതു വിഭവമാണ് ശ്രേഷ്ഠത കുറഞ്ഞത്… അത്തരം ശ്രേഷ്ഠത കല്പിക്കൽ, അത്തരം സ്കെയിലുകൾ നിർമ്മിക്കൽ, അതിനായി അപമാനിക്കൽ, കലഹിക്കൽ, ദേഹോപദ്രവം ചെയ്യൽ, ആളെക്കൊല്ലൽ…ഇതെല്ലാം മനുഷ്യ രാശിയോട് തന്നെ ചെയ്യുന്ന ക്രിമിനൽ കുറ്റമാണ്. വിശപ്പെന്ന വലിയ സത്യത്തിൻറെ മുന്നിൽ ചെയ്യുന്ന മാപ്പില്ലാത്ത ക്രിമിനൽ കുറ്റം.

എനിക്ക് വിശ്വാസവും സ്നേഹവുമുള്ളവർ, എന്നെ അപമാനിക്കുകയും നിന്ദിക്കുകയും ചെയ്യാത്തവർ എന്തുണ്ടാക്കിത്തന്നാലും ഞാൻ കഴിക്കും.. ഉദാഹരണത്തിന് എൻറെ മകളുടെ ഭർത്താവ്.. അവൻ എന്തു ഉണ്ടാക്കി തന്നാലും ഞാൻ ഒരു മടിയും കൂടാതെ കഴിക്കും.. അതിപ്പോൾ വെട്ടുകിളി കട്ലറ്റോ, കരടിച്ചോര കുറുക്കിയതോ, പാമ്പ് കറിയോ, ഉറുമ്പ് വറുത്തതോ, കഴുതപ്പാൽ കാച്ചിയതോ എന്തായാലും.. കഴിഞ്ഞ ആറു വർഷമായി ഞാൻ അറിഞ്ഞ ആ സ്നേഹവും വിശ്വാസവും തന്ന ബലമാണത്.

ഇതിൽക്കൂടുതൽ ആഹാരത്തിൻറെ പിശാചുവല്ക്കരണത്തെപ്പറ്റി എനിക്കൊന്നും പറയാനില്ല.

(തുടരും…)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top