Flash News

ശില്പി ശങ്കറിനോടുള്ള നിന്ദ കേരളം പൊറുക്കില്ല

August 18, 2020 , പ്രസ് റിലീസ്

പത്തനംതിട്ട: ആർക്കിടെക്റ്റ് ശങ്കറിനോടുള്ള നിന്ദ കേരളം പൊറുക്കില്ലെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു. സര്ക്കാരിന് വേണ്ടി ചെയ്ത പ്രോജെക്റ്റുകളുടെ കൂലിക്കായി വര്ഷങ്ങളായി സെക്രെട്ടറിയേറ്റിൽ കയറി ഇറങ്ങുന്ന ആർക്കിടെക്റ്റ് ശങ്കറിന്റെ ദുരവസ്ഥയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“ശതകോടികളുടെ വൻ തട്ടിപ്പുകളും അഴിമതിക്കഥകളും കൊട്ടിയാടുന്ന സെക്രട്ടറിയറ്റിന് മുന്നിൽ ചെയ്ത പണിയുടെ കൂലിക്ക് വേണ്ടി ഒരാൾ കേഴുന്നു. മറ്റാരുമല്ല, – ഉന്നതപദവികളിൽ ഒന്നായ പത്മശ്രീ നൽകി രാഷ്ട്രം ആദരിച്ച കേരളത്തിന്റെ അഭിമാനം പ്രശസ്ത വാസ്തു ശില്പി ആർക്കിടെക്ട് ജി. ശങ്കർ.

മുൻ രാഷ്‌ട്രപതി ശ്രി കെ.ആർ നാരായണന്റെ പേരിലുള്ള ദേശീയ സ്മാരകം പണിതിട്ട് ഇന്നുവരെ അതിന് ചിലവായ 3 കോടി രൂപ ശില്പിയായ ശങ്കർക്ക് സർക്കാർ കൊടുത്തിട്ടില്ല. എല്ലാ പ്രൊജെക്ടുകളിൽ നിന്നായി 12 കോടിയോളം രൂപ അദ്ദേഹത്തിന് സർക്കാരിൽ നിന്നും കിട്ടാനുണ്ട്. ഇതോടെ തിരസ്‌ക്കാരത്തിന്റെയും നിന്ദയുടേയും സ്മാരകമാവുകയാണ് നമ്മുടെ സെക്രട്ടറിയേറ്റ്. ഇങ്ങനെയൊക്കെ ആയിട്ടും കയ്യിൽ നിന്നും പണമെടുത്ത് പൊൻ‌മുടിയിൽ സർക്കാറിന് വേണ്ടി പോലീസ് സ്റ്റേഷൻ പണിയുന്ന തിരക്കിലാണ് അദ്ദേഹം ഇപ്പോൾ.

നാടിന്റെ അഭിമാനമായി കെ.ആർ നാരായണന്റെ സ്മാരകം തലഉയർത്തി നിൽക്കുന്നു. ഉജ്ജ്വല സ്മാരകം പണിതുയർത്തിയതിന് പിന്നിൽ പ്രവർത്തിച്ചവരുടെ വിയർപ്പു തുള്ളികൾ അധികൃതർ കാണുന്നില്ല. അഭിമാനം വാനോളം ഉയർന്നു, പക്ഷേ ശില്പിക്ക് കിട്ടിയത് അപമാനവും അവമതിപ്പും.

വാസ്തുകലയിലും നിർമ്മാണ പ്രവർത്തനത്തിലും കേരളത്തിലെ ഏറ്റവും പ്രഗത്ഭനും പ്രമുഖനുമായ പ്രതിഭയാണ് ശങ്കർ. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ അദ്ദേഹത്തിന്റെ സൃഷ്ടികൾ കേരളത്തനിമ വിളിച്ചോതുന്നു. ടൂറിസ്റ്റുകളെ കേരളത്തിലേക്ക് ആകര്ഷിച്ചതിലും ഇദ്ദേഹത്തിന്റെ പങ്ക് വലുതാണ്. കേരളത്തിന് യശസും സർക്കാരിന് വരുമാനവും ശങ്കറിന്റെ സൃഷ്ടികൾ കൊണ്ട് ഉണ്ടായിട്ടുണ്ട്.

ശങ്കറിന്റെ വൈദഗ്ദ്യം വിളിച്ചോതുന്ന ഒട്ടനവധി കെട്ടിട സമുച്ഛയങ്ങൾ കേരളത്തിൽ അങ്ങോളമിങ്ങോളം നമുക്ക് കാണാൻ സാധിക്കും. തിരുവനന്തപുരം ഡിപിഐ ജംങ്ഷനിലുള്ള ഡിജിപി & എഡിജിപി മാരുടെ വസതികൾ , കേരള ദുരന്ത നിവാരണ അതോറിട്ടി സംസ്ഥാന കണ്ട്രോൾ റൂം , എ ആർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥർക്കുള്ള താമസ മന്ദിരം ,വെള്ളയമ്പലം കേരള വാട്ടർ അതോറിട്ടി കെട്ടിടം , തിരുവനന്തപുരം വിമൻസ് കോളേജിലെ ലൈബ്രറി ബ്ലോക്ക് , തമ്പാനൂർ – പൊന്മുടി പോലീസ് സ്റ്റേഷനുകൾ , ടെക്നോപാർക്കിലെ ഒട്ടനവധി കെട്ടിടങ്ങൾ തുടങ്ങിയവയുടെ ശില്പി ശങ്കർ തന്നെയാണ്.

ദുരന്ത നിവാരണ അതോറിറ്റിയുടെ ആസ്ഥാനം മോടി പിടിപ്പിച്ചു. സർവ്വകലാശാലയ്ക്കും നല്ലൊരു കെട്ടിടം പണിതുകൊടുത്തു.പക്ഷേ ഒന്നിനും പ്രതിഫലമായി കിട്ടാനുള്ള കോടികൾക്കായി സെക്രട്ടറിയേറ്റിന്റെ പടിവാതിലുകൾ കയറി ഇറങ്ങുമ്പോഴും വാഗ്ദാനവും ഉറപ്പും മാത്രമാണ് മറുപടി.

നിസഹായനായി വാതിലുകൾ മുട്ടുന്ന ആ ശില്പിയുടെ മുന്നിൽ ഉത്തരവാദിത്തപെട്ടവർ ഒഴിഞ്ഞുമാറുകയാണ്. കേരളം നമ്പർ വൺ ആണത്രേ !

കോടികളുടെ കണക്കേ ധന മന്ത്രിക്ക് പറയാനുള്ളു. കിഫ്‌ബി, ലൈഫ് മിഷൻ, സുഭിക്ഷ കേരളം , കെ. ഫോൺ … അങ്ങനെ സഹസ്ര കോടികളുടെ പ്രോജെക്റ്റുകളെപ്പറ്റിയും പണമിടപാടിനെപ്പറ്റിയുമാണ് ദിവസവും വാതോരാതെ പ്രസ്താവനകൾ. കൺസൾട്ടൻസികൾക്കും ഇടനിലനിൽക്കുന്ന “സ്വപ്നാദികൾക്കും “ഇഷ്ടംപോലെ പണം. പക്ഷേ പണി പൂർത്തിയാക്കി എല്ലാ രേഖകളും സമർപ്പിച്ചു വർഷങ്ങൾ ഏറെയായി ഭരണസിരാകേന്ദ്രത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുകയാണ്, ചെയ്ത ജോലിയുടെ പണം തേടി ഒരാൾ.

വളരെ അടിയന്തരമായി സർക്കാർ ഇടപെട്ട് ശങ്കറിന്റെ പരിദേവനത്തിന് പരിഹാരമുണ്ടാക്കണം. സത്യത്തെയും ധർമ്മത്തെയും എത്രനാൾ കുഴിച്ചു മൂടാൻ കഴിയും? നാടിനോട് ഇത്രയധികം പ്രതിബദ്ധത ഉണ്ടായിട്ടും അദ്ദേഹത്തോട് ഈ ക്രൂരത സർക്കാർ നടത്തണമോ?”

വളരെ അടിയന്തരമായി സർക്കാർ ഇടപെട്ട് ശങ്കറിന്റെ പരിദേവനത്തിന് പരിഹാരമുണ്ടാക്കണമെന്ന് കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top