Flash News

ഓർമ്മയിലെ കർക്കിടക കാഴ്ചകൾ (ഭാഗം 12)

August 18, 2020 , ഹണി സുധീർ

മഴ മൂടലുകളാൽ പ്രഭാതങ്ങൾ മിഴി കൂമ്പി നിൽക്കും. തൊടിയിലെ ബോഗൻവില്ലാ കൂട്ടങ്ങൾ ഇങ്ങനെ കാട് പിടിച്ചു കിടക്കുന്നുണ്ട്. അവിടെ മഞ്ഞ പൂക്കളുടെ മരവും ഓടപൂക്കളുടെ വള്ളി കുടിലും എല്ലാം ഉണ്ട്. ചുരുക്കി പറഞ്ഞാൽ വെട്ടി കളയാൻ തോന്നാത്ത ചില പടർപ്പുകൾ.

അടുത്ത വീട്ടിലെ പറമ്പിൽ മയിലുകൾ ഉണ്ട് ഇടക്ക് പീലി വിടർത്തിയ മയിലുകൾ ടെറസിൽ കാണാം. പ്രകൃതിയുടെ മനോഹാരിത…. എത്രയും കണ്ടാലും മതിവരാത്ത കാഴ്ചകൾ.

ഇന്ന് മഴ ഇത്തിരി കുറഞ്ഞപ്പോൾ മുറ്റത്തെ ചെടിചട്ടികൾ എല്ലാം ഒന്ന് മാറ്റി വച്ചു അടിച്ചു വാരാൻ തുടങ്ങിയപ്പോൾ ആണ്‌ മയിൽപീലികൾ കൊഴിഞ്ഞു കിടക്കുന്നത് കണ്ടത്.

മഴയിൽ കുതിർന്നു കിടക്കുന്ന പീലികൾ നാലഞ്ചേണ്ണം. കൗതുകത്തോടെ പീലികൾ എടുത്തു നോക്കിയപ്പോൾ ആണ്‌ ഒരു കാറി കരച്ചിൽ. തൊട്ടു മുകളിൽ ബോഗൻ വില്ലയിൽ എന്റെ തലയിൽ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ നീണ്ടു കിടക്കുന്ന മയിൽ. ഇത്രേം അടുത്ത് മയിലിനെ ഇത് വരെ കാണാത്തതിന്റെ സന്തോഷമാണോ എന്തോ ഒന്നും മിണ്ടാൻ ആകാതെ നിന്നു. അത്രേം ഇഷ്ടംള്ള ഒന്ന് അടുത്ത് കാണുമ്പോ പെട്ടെന്നൊരു മൗനം നമുക്കുണ്ടാകില്ലേ അങ്ങനെ ഒന്ന്. പീലികൾ കൊണ്ടെന്നെയാകെ തഴുകി ആണ്മയിൽ പറന്നു പോയി…

കർക്കടകകാലം കഴിയാറായി…പുതിയ പ്രതീക്ഷകൾ ആണ്‌ ഓരോ നിമിഷങ്ങളും മുന്നിൽ വച്ചു നീട്ടുന്നത്.

അടുക്കിലും ചിട്ടയിലും ശീലങ്ങളിലും ഓരോ മാസങ്ങളും ഓരോരോ അനുഭവങ്ങൾ ആണ്‌ തരുന്നത്. കർക്കിടകം തന്നിരുന്നത് ഒതുക്കമാണ്. ആർഭാടങ്ങളും ആഡംബരങ്ങളും കുറച്ച് ദിനചര്യകളിൽ ഭക്ഷണശീലങ്ങളിൽ എല്ലാം കൃത്യമായ മാറ്റങ്ങൾ വരുത്തി ചുരുക്കി പറഞ്ഞാൽ മറ്റ് പതിനൊന്നു മാസങ്ങളിലേക്കും ഉള്ള ഒരു ഉർജ്ജം നേടിയെടുക്കലാണ് ചെയ്യുന്നത്.

മഴയുടെ കനം ഒന്ന് കുറഞ്ഞു വെയിൽ പരക്കാൻ തുടങ്ങി. മഴയും വെയിലും ഇങ്ങനെ മാറി മാറി വരുമ്പോൾ പണ്ട് അമ്മമ്മ പറയുമായിരുന്നു. കാട്ടിൽ കുറുക്കന്റെ കല്യാണം ആണെന്ന്. വെയിലിൽ മഴ പെയ്യുന്ന ചില അപൂർവ കാഴ്ചകളും ഉണ്ടാകാറുണ്ട്.

പൂക്കളെല്ലാം തലപൊക്കി കഴിഞ്ഞു. പണ്ട് നാട്ടിൻ പുറങ്ങളിൽ പൂക്കളം ഇട്ടു കഴിഞ്ഞാൽ തൃക്കാർക്കൂരപ്പന് ഒരു കുട ചൂടി കൊടുക്കും. പൂക്കളത്തിന്റെ ഒത്തനടുവിൽ ഈർക്കിലി കുത്തി അതിൽ ഒരു ചെമ്പരത്തി പൂ വച്ചിട്ട്. ഓരോ ദിവസവും കുടയുടെ നിറം മാറ്റാൻ പല നിറത്തിൽ ഉള്ള ചെമ്പരത്തികൾ പൂക്കുന്നതും നോക്കി നിൽക്കും.

ചെലയെടങ്ങളിൽ പത്താം ദിവസം ആകുമ്പോഴേക്കും പത്തു കുടകൾ ആയി കാണും. കൃഷ്ണകിരീടം അഥവാ കൃഷ്ണമുടി എന്ന് വിളിക്കുന്ന ഒരു ചെടിയുണ്ട്. മഴക്ക് മുളച്ചു പൊന്തി ഓണക്കാലം ആകുമ്പോഴേക്കും കിരീടം പോലെ പൂത്തു കഴിഞ്ഞിട്ടുണ്ടാകും.

തൊടിയിൽ ആകെ മുക്കൂറ്റി പൂക്കൾ നിറഞ്ഞിട്ടുണ്ട്. കാലഹരണം വന്നിട്ടില്ലെന്നറിയിക്കാൻ തുമ്പയും തുമ്പികളും ഒക്കെ വിരുന്നു വന്നു കഴിഞ്ഞു.

മനസ്സിൽ ഒരാഘോഷത്തിന്റെ ശംഖൊലി.

കെട്ടകാലത്തിന്റെ മഹാമാരിയുടെ ഈ സമയങ്ങളിൽ എവിടെയോ പക്ഷെ വേദനകൾ ആണ്‌ തരുന്നത്.

എല്ലാം നല്ലതിന്, സംഭവച്ചതും സംഭവിക്കാൻ പോകുന്നതും എല്ലാം നല്ലതിന് വേണ്ടി എന്ന് മാത്രം പ്രതീക്ഷിച്ചു കൊണ്ട് നാളെകൾക്കായി കാത്തിരിക്കാം.

(തുടരും…)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top