Flash News

ഞണ്ടുകളുടെ നാട്ടിലൂടെ (അദ്ധ്യായം 3) – ചുവന്ന കണ്ണുകൾ

August 24, 2020 , ജയശങ്കര്‍ പിള്ള

പരമേശ്വരൻ നായരുടെ വാചക കസർത്തു മദ്യലഹരിയിൽ തുടർന്ന് കൊണ്ടേ ഇരുന്നു. ജയദേവനും വാക്കുകൾ കുഴഞ്ഞു തുടങ്ങി ഐ ഫോണിന്റെ സ്വിച്ചമർത്തി, സമയം രാത്രി ഒൻപതോടടുക്കുന്നു. വൈകിട്ട് തറവാട്ടറിൽ നിന്നും ഇറങ്ങിയത് ആണ്.

“മോൻ കാറിലോട്ടു കയറു ഞാൻ മുറ്റത്തു വരെ കൊണ്ട് വിടാം” പരമേശ്വരൻ നായർ നിർബന്ധിച്ചു.

പാലത്തിനോട് ചേർന്നുള്ള ഇരുമ്പു ഗേറ്റ് കടന്നു മുന്നൂറ് വാര നടന്നാൽ മുറ്റം ആയി. കുട്ടിക്കാലം മുതൽ നിരവധി തവണ ഈ വാര കണക്കു എണ്ണി എണ്ണി കുറഞ്ഞത് ജയദേവൻ ഓർത്തു.

“വേണ്ട പരമു ചേട്ടാ ഞാൻ നടന്നേ പോയ്കൊണ്ടു”

പാലത്തിന്റെ സൈഡിലെ കൽകെട്ടിൽ നിന്നും എഴുന്നേൽക്കുമ്പോൾ ദേവൻ ചെറുതായി ഒന്ന് വേച്ചു. വീഴാതിരിയ്ക്കാൻ അരികിൽ കിടന്ന കാറിൽ പിടിച്ചു.

“എങ്കിൽ ഞാനും വരാം അത്രേടം വരെ. കുറെ നാളായല്ലോ ഓപ്പോളെയും അളിയനെയും കണ്ടിട്ട്”

പരമേശ്വരൻ നായർ കാറിന്റെ വാതിൽ തുറന്നു ഒരു ടോർച്ച ലൈറ്റ് തപ്പി എടുത്തു.

പഴയ ഇരുമ്പു ഗേറ്റ് പണിപ്പെട്ടു തുറക്കുവാൻ ശ്രമിച്ചപ്പോൾ ആണ് മനസ്സിലായത് അത് പൂട്ടിയിട്ടില്ല. ഓടാമ്പൽ ഇളകി മാറി ഇരിയ്ക്കുന്നു.

ഇരുളുവീണ തറവാട്ട് വഴിയിലൂടെ നടക്കുമ്പോൾ ജയദേവൻ കൈ എത്തിച്ചു മൂവാണ്ടൻ മാവിന്റെ രണ്ടു ഇല പൊട്ടിച്ചു ചവയ്ക്കണം എന്ന് ഓർത്തു മാവ് നില്‍ക്കുന്നിടത്തേക്ക് നോക്കി. ആ തൊടിയിൽ ആകെ അന്ധകാരം നൽകി മൂവാണ്ടൻ മാവ് വളർന്നു പന്തലിച്ചു നിക്കുന്നു.

ഓപ്പോളും ഒത്തു പാറയിൽ അമ്മാവന്റെ വീട്ടിൽ നിന്നും കൊണ്ടുവന്ന മാവിൻ തൈ ആണ് ഇന്ന് വളർന്നു ഒരു വൻ മരമായി മാറിയത്.

“നല്ല കുഴി എടുത്തു നട്ടില്ലേൽ അത് കിളിക്കില്ല” ദേവകി പറഞ്ഞത് ഓർമ്മ വന്നു. അടുക്കളക്കാരി എങ്കിലും എന്തെല്ലാം കാര്യങ്ങൾ ആണ് ദേവകിയ്ക്കു അറിയാം എന്ന് ദേവൻ കുട്ടിക്കാലത്തു മനസ്സിലാക്കിയിരുന്നു . ഓപ്പോൾ കോളേജ് അവധിയ്ക്ക് നാട്ടിൽ വന്നാൽ പിന്നെ ദേവകി ദേവനും ആയി അധികം ഇടപഴകാൻ നിക്കാറില്ല.

ഓപ്പോളും അളിയനും ചേട്ടനും സിറ്റ് ഔട്ടിൽ തന്നെ ഉണ്ടായിരുന്നു.

“ദേവൻ അല്പം കുടിച്ചിട്ടുണ്ട്. അത് കൊണ്ടാണ് ഞാനുംകൂടി ഇത്രടം വരെ” പരമേശ്വരൻ നായർ ഒന്ന് പരുങ്ങി.

പഴയ കാര്യസ്ഥൻ കോമൻ നായരുടെ (ഗോപാലൻ) മകന്റെ ഇളിഭ്യത. പരമേശ്വരൻ നായർ ഇന്ന് പഞ്ചായത്തു മെമ്പർ, കോ ഓപ്പറേറ്റീവ് ബാങ്ക് ബോർഡില്‍ ഒക്കെ ഉണ്ട്. പഴയ കഷ്ടത ഒക്കെ മാറി നാട്ടിലെ പ്രമാണിയും പ്രധാന റിയൽ എസ്റ്റേറ്റ് കാരനും ആണ്.

“അതിനെന്താ പരമു അവൻ ഇന്ന് വലിയ ആളല്ലേ.. അതും കുറെ കാലം കൂടി നാട്ടിൽ വന്നത് അല്ലെ”

ഓപ്പോൾ ജയദേവനെ വിളിച്ചു അകത്തേയ്ക്കു കയറി പോയി.

വർഷങ്ങൾ ആയി ജേഷ്ഠൻ സോമൻ പിള്ള മാത്രം ആണ് തറവാട്ടിൽ താമസം. കാരണവന്മാരുടെ കാലം കഴിഞ്ഞത് മുതൽ ആരും ശ്രദ്ധിക്കാതെ നരിച്ചീറും പൂപ്പലും വണ്ടുകളും കൂടു വച്ച തറവാട്. ഈ തറവാടും പുരയിടവും പരമേശ്വരൻ നായർ നോട്ടം ഇട്ടിട്ടു വർഷങ്ങൾ ആകുന്നു.

“സോമേട്ടാ നമുക്കീ വീടൊക്കെ ഒന്ന് പുതുക്കണ്ടേ. ഇനി മകന്റെ കല്യാണം ഒക്കെ വരികയല്ലേ”

പരമേശ്വരൻ നായർക്ക് മറുപടി ഒന്നും നൽകാതെ സോമൻ മൗനം തന്നെ. സോമൻ പിള്ള പരമേശ്വരൻ നായർക്ക് എന്നല്ല ആരോടും മറുപടി പറയാറില്ല. ഭാര്യ പോയതിനു ശേഷം ജേഷ്ഠൻ അങ്ങിനെയാണ്. ദേവനോട് ഇടയ്ക്കൊക്കെ ഫോണിൽ രണ്ടു വാക്കു. പിന്നെ വീട്ടിൽ ഇപ്പോൾ വല്ലപ്പോഴും മാത്രം വരുന്ന തെങ്ങു കയറ്റക്കാരൻ, ഓലയും, ചൂട്ടും, വിറകും പെറുക്കാൻ വരുന്നവർ. ഇവരൊക്കെ ആണ് ചേട്ടന്റെ ലോകം. അവിവാഹിതൻ ആയ ഏക മകൻ നൈജീരിയയിൽ.

ഓപ്പോൾ ഉണ്ടാക്കിയ‌ ചെമ്മീനും മാങ്ങയും, മുരിങ്ങാക്കോൽ കറിയും, അച്ചിങ്ങ മെഴുക്കു പുരട്ടിയതും കഴിച്ചു ജയദേവൻ പൂമുഖത്തു വരുമ്പോൾ പരമേശ്വരൻ നായർ പോയിക്കഴിഞ്ഞിരുന്നു. ഇടതു സഹചാരി ആയ അളിയൻ ഭാസി മങ്ങിയ വെളിച്ചത്തിൽ പത്രത്തിന്റെ അവസാന വരിയും വായിക്കുന്ന തിരക്കിലാണ്.

ജയദേവൻ പൂമുഖത്തെ എണ്ണമെഴുക്കുള്ള കാരണവരുടെ ചാര് കസേരയിൽ നീണ്ടു നിവർന്നു.

“ദേവാ നീ അകത്തു വന്നു കിടക്കു. പഴയതു പോലല്ല കൊതുകു നിന്നെ പൊക്കി എടുത്തു കാനഡയ്ക്ക് വരെ കൊണ്ട് വിടും”.. ഓപ്പോൾ ചിരിച്ചു.

“ങ്ങും …”

മിലിറ്ററി റം ജയദേവന്റെ തലയ്ക്കു പിടിച്ചിരുന്നു. ഒന്നും വ്യക്തമാകുന്നില്ല.

ഓപ്പോൾ ഫൈബർ കെറ്റിലിൽ തണുത്ത വെള്ളം കൊണ്ട് വന്നു. വേനൽ മഴ പോലെ ആ തണുത്ത വെള്ളം ജയദേവൻ ആർത്തിയോടെ കുടിച്ചു. രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷം ആണ് തറവാട്ടു കിണറ്റിലെ വെള്ളം ദേവൻ കുടിക്കുന്നത്. ദേവൻ എഴുന്നേൽക്കാൻ ശ്രമിച്ചു എങ്കിലും തളർന്നു കസേരയിൽ തന്നെ ചാരി കിടന്നു.

കോളേജിൽ പഠിക്കുന്ന കാലത്തു ചെത്തുകാരൻ മണി നൽകുന്ന അന്തി കള്ളു കുടിച്ചു ഇതുപോലെ വന്നു ജയദേവൻ പലവുരു പൂമുഖത്തു കിടന്നിട്ടുണ്ട്. അന്നൊക്കെ അടുക്കളക്കാരി ദേവകി ആണ് ജയദേവനെ ആരും കാണാതെ അടുക്കള വഴി മുറിയിൽ എത്തിച്ചിരുന്നത്.

“വാതിൽ പൂട്ടിയിട്ടില്ല, ഉറക്കം വരുമ്പോൾ അകത്തു വന്നു കിടക്കാൻ നോക്ക്”പിന്നിൽ വാതിൽ അടയുന്ന ശബ്ദം. ജയദേവന് മറുപടി പറയുവാൻ കഴിഞ്ഞതേ ഇല്ല.

ചേമ്പും, ചേനയും, വാഴയും ഇടതൂർന്നു നിൽക്കുന്ന തെങ്ങിൻ ചിറ. രാവിലെ പത്തു മണിയോടടുക്കുന്നു. ഇന്ന് പ്രാക്ടിക്കൽ ആയതിനാൽ കോളേജിൽ വൈകി പോയാൽ മതി. സ്വന്തമായി ഉണ്ടാക്കിയ ടൈംടേബിൾ. പറമ്പും, പുരയിടവും എല്ലായിടവും നടന്നു ഓലയും, ചൂട്ടും, തേങ്ങയും എല്ലാം പെറുക്കി കൂട്ടി. പശുക്കളെ കുളത്തിൽ കുളിപ്പിച്ച് വാഴ കടിയ്ക്കാതെ പറമ്പിൽ കെട്ടി. കുറച്ചു പുല്ലും വൈക്കോലും കൊടുത്തു. അച്ഛൻ തീരെ കിടപ്പാണ് ‘അമ്മ,അച്ഛന്റെ ചികിത്സാർത്ഥം അധികം ലീവുകൾ എടുത്തു. ഇപ്പോൾ പ്രധാന അധ്യാപിക ആയതിനാൽ ജോലിയ്ക്കു പോകാനുള്ള തിരക്കിലും. ദേവകി ആണ് ഇപ്പോൾ അച്ഛന്റെ കാര്യങ്ങൾ നോക്കുന്നത്. അതൊരു സ്ഥിര ജോലി പോലെ അവൾ ഏറ്റെടുത്തു ചെയ്യുന്നു. പ്രമുഖ ആശുപത്രികൾ എല്ലാം കൈയൊഴിഞ്ഞു എങ്കിലും കോട്ടയത്തുള്ള വിഷകാരി പാപ്പച്ചൻ വൈദ്യർ ആണ് പിടിച്ചു നടക്കുവാനും, എഴുന്നേറ്റു നിൽകുവാനും പാകത്തിനു പിള്ളേച്ചനെ ആക്കി എടുത്തത്. മൂന്നു വർഷത്തിന് മേൽ നിരന്തര ചികിത്സ, പഥ്യം. അന്ന് മുതൽ ജയദേവൻ ആണ് കൃഷിയും, മറ്റു കാര്യങ്ങളും നോക്കി നടത്തുന്നത്. മറ്റു കുടുംബാംഗങ്ങളില്‍ അങ്ങിങ്ങു സ്നേഹത്തിൽ പൊതിഞ്ഞ അമർഷം ഉണ്ടെങ്കിലും അവർക്കുള്ള കൃഷി വിഭവങ്ങളും, അവരുടെ കുട്ടികൾക്കുള്ള മധുരപലഹാരവും, കളിപ്പാട്ടവും ദേവൻ കൃത്യമായി എത്തിയ്ക്കാറുണ്ട്. സോമൻ പിള്ള പേർഷ്യയിൽ ആയതിനാൽ ജയദേവൻ ചെറിയ പ്രായത്തിലെ കാര്യങ്ങൾ സ്വയം ഏറ്റെടുത്തു. രാവിലെ തുടങ്ങുന്ന പാൽ കച്ചവടം, കൃഷിപ്പണിയ്ക്കു ആളെ ഇറക്കൽ, പച്ചക്കറി, തേങ്ങാ, അടയ്ക്ക കൃത്യമായി മാർക്കറ്റിൽ എത്തിയ്ക്കൽ. നാട്ടിലെ കൃഷിക്കാർക്ക് കൂടി ഉപയോഗിയ്ക്കാൻ വാങ്ങിയ പൂട്ട് യന്ത്രത്തിന്റെ (ടില്ലർ )വാടക പിരിയ്ക്കൽ. അതിനിടയിൽ ആണ് ചെത്തുകാരനും ആയിട്ടുള്ള ഈ ചങ്ങാത്തവും. കാരണവർ ഇരിപ്പു ആയതോടെ തേങ്ങാ പിടിയ്ക്കാത്ത രണ്ടു തെങ്ങു കൂടി ചെത്തുവാൻ നൽകി. പാട്ടം ദിവസേന ഉള്ള പുലരി, അന്തി എന്നതിൽ ഒഴി വാക്കി കൊടുത്തു.

രാവിലെ പുഴയിറമ്പിലെ രണ്ടോ മൂന്നോ തെങ്ങു ചെത്തി ഇറങ്ങുമ്പോൾ ദേവൻ ജോലി ഒക്കെ ഒതുക്കി, കടവിൽ കുളിയും കഴിഞ്ഞു തയ്യാറായി നില്‍ക്കും. തെങ്ങിന് മുകളിൽ ഇരുന്നു നാട്ടു വിശേഷണകൾ പങ്കു വയ്ക്കുന്നതിന് ഒപ്പം മണി പൂക്കുലയിൽ താളാത്മകമായി തട്ടി കൊണ്ടേ ഇരിയ്ക്കും. പടിഞ്ഞാറു കടത്തിറങ്ങി വരുന്ന തലച്ചുമടായി മൽസ്യം വിൽകുന്ന അരയ സ്ത്രീകളെ മണി തെങ്ങിൻ മുകളിൽ ഇരുന്നേ വീക്ഷിച്ചിരുന്നു. ഷർട്ടിടാതെ കുടവയറും,ഒത്ത ശരീരവും ,ആറടി ഉയരവും ഉള്ള മണി അയാൾക്ക് ഒട്ടും യോജിയ്ക്കാത്ത ഹെർക്കുലീസ് സൈക്കിളിൽ ആണ് സഞ്ചരിച്ചിരുന്നത്. കട കട ശബ്ദം ഉണ്ടാക്കി ഗ്രാമത്തിലെ ചെറു വഴികളിലൂടെ ഈ സൈക്കിൾ കറങ്ങി നടന്നു. ആരോടും പരാതിയും,പിണക്കവും ഇല്ലാതെ ഇയാൾ അത്യുച്ചത്തിൽ ചിരിച്ചും,പലരിലും ലഹരി നിറച്ചും കടന്നു വന്നു.

ചുമന്ന ചോര കണ്ണുകളും,ഉയരത്തിൽ ഉള്ള ഒത്ത ശരീരവും,കൈയ്യിൽ ഒരു കൂജയും, മടുക്കയും ചെത്ത് കത്തിയും ആയി ഒരാൾ നിന്ന് പൊട്ടി ചിരിയ്ക്കുന്നു. ദേവന് തൊണ്ടപൊട്ടുന്ന ദാഹം. അയാൾ കൈയ്യിൽ ഇരുന്ന കൂജയിൽ നിന്നും മധുരമുള്ള കള്ള് പകർന്നു നൽകി. തൊണ്ട പൊട്ടുന്ന ദാഹം. ജയദേവൻ ഞെട്ടി ഉണർന്നു. അടുത്ത് ഓപ്പോളും അളിയനും, നിശ്ശബ്ദനായി ജേഷ്ഠൻ. ജയദേവൻ സ്വപ്നത്തിൽ നിന്നും ഞെട്ടി ഉണർന്നു. മൂന്നു മുഖങ്ങൾ തന്നെ തുറിച്ചു നോക്കുന്നു.

“അകത്തു വന്നു കിടക്കുവാൻ പറഞ്ഞാൽ കിടക്കില്ല” ഓപ്പോൾ സ്വയം പഴിച്ചു.

ജയദേവൻ വിയർത്തു കുളിച്ചിരുന്നു. കെറ്റിലിലെ വെള്ളം ആർത്തിയോടെ കുടിച്ചു തീർത്തു ഒന്നും മിണ്ടാതെ അകത്തെ മുറിയിൽ കയറി കതകടച്ചു. പഴയ പുസ്തകങ്ങളും, പൊടി മണവും നിറഞ്ഞ മുറിയിൽ പതിറ്റാണ്ടുകൾക്ക് ശേഷം ഉള്ള ഒരു നിദ്ര.

(തുടരും..)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top