Flash News

മൃതം (കവിത)

August 25, 2020 , അബൂതി

നീ…
എന്റെ സ്വപ്നഗന്ധിയുടെ ചുവട്ടിൽ
ജീവരക്തം തൂവി കടന്നു പോയവൾ!
ഒരു യാത്രാമൊഴി കൊണ്ടു പോലും
എന്നെ ഒന്നാശ്വസിപ്പിക്കാതെ!
നീയകന്നു പോയ ഈ വഴിത്താരയിൽ
നിൻറെ കാലൊച്ച കാതോർത്ത്
കാത്തിരിയ്ക്കുന്നു ഞാനിപ്പൊഴും!
വൃഥാവൃത്തിയുടെ ഈ മൂഢസ്വർഗ്ഗത്തിൽ
ഇന്നലെയുമിന്നും നാളെയും ഞാനുണ്ടാകും!
ഇതാ..,
ഓർമ്മയുടെ പുസ്തകത്താളിൽ
നിന്റെ കനൽക്കവിതകളുടെ
ഒരിക്കലുമണയാത്ത തീനാമ്പുകൾ!
അവയിലെന്റെ ഹൃദയം
വിണ്ടുകീറി മുറിപ്പെട്ടിരിക്കുന്നു!
ഞരമ്പുകൾ വറ്റിവരണ്ടിരിക്കുന്നു!
എന്നിട്ടും നിന്നെ നഷ്ടപ്പെട്ടിടത്തു തന്നെ
നിന്നെയും തേടി ഞാൻ നിത്യമെത്തുന്നു!
മരണം കൊണ്ടുമാത്രമുണങ്ങുന്ന
മുറിവിനിപ്പോൾ ഞാൻ മരുന്നു പുരട്ടാറില്ല!
ആ വേദനയുടെ ലഹരിയിൽ ഞാൻ
മതിഭ്രമത്തിന്റെ വെണ്മേഘത്തിലേറുന്നു!
അതത്രെ എനിക്കിപ്പോൾ സുഖകരം!
ഇതാ…
ചെപ്പിലൊളിപ്പിച്ച നിന്റെ മഞ്ചാടികൾ
എണ്ണിയെടുത്തുവച്ച കുന്നിമണികൾ
താളമുടഞ്ഞുപോയ നൂപുരങ്ങള്‍
സ്വരങ്ങൾ ശ്വാസമൊടുങ്ങിയ വിപഞ്ചികയും!
മറവിയുടെ ശവപ്പെട്ടിയിലടങ്ങാത്ത
ഓർമ്മകൾക്ക് കൂട്ടിരിക്കുന്ന സ്മാരകങ്ങൾ!
ഓരോന്നുമോരോ ലോഹക്ഷണങ്ങളാണ്
ചുട്ടുപഴുത്തെന്റെ ഹൃദയത്തിൽ വീണത്!
ഇപ്പോഴും…
ചുട്ടുപൊള്ളുന്നുണ്ടെന്റെ ചുണ്ടിൽ;
നിനക്ക് നൽകാതെ പോയ ചുംബനങ്ങൾ!
തേങ്ങുന്നു മനസ്സിന്റെ പട്ടുറുമാലിൽ,
ഞാൻ തുന്നിയ സ്നേഹാക്ഷരങ്ങൾ;
നിന്നോട് പറയാതെ പോയത്!
വാടാതെ നിൽക്കുന്നു,
നാഗം കാത്ത മണിക്ക്യം പോലെന്റെ,
നെഞ്ചിലൊളിപ്പിച്ച പ്രണയപുഷ്പങ്ങൾ!
തകർന്നു വീഴാതിരിക്കുന്നു,
മഞ്ഞിനും മഴയ്ക്കും വിട്ടുനൽകാതെ
ഞാൻ നിനക്കായൊരുക്കിയ കളിവീടും!
ഇതാ….
ഏകനായൊരെന്റെ
വിലാപകാവ്യം പോലൊരു കവിത!
വൃത്തമോ താളമോ ലയമോ ചേരാത്തത്!
കുളക്കടവിലെ വളപ്പൊട്ടുകൾ പോലെ
ചിതറിയ ഓർമ്മകളുടെ
നിറം മങ്ങാത്ത ചിത്രരചനകൾ!
മാറിൽ വീണ നഖമുറിവുകളിൽ
ഇക്കിളിയൊളിപ്പിച്ച കൗമാരത്തിന്റെ
കൽവിളക്കിലെ ഉലയുന്ന നാളങ്ങൾ!
നിശ്വാസങ്ങളൊന്നാകാൻ കൊതിച്ച
നിമിഷങ്ങളിലെപ്പോഴോ പരസ്പരം
വഴുതിപ്പോയതിന്റെ ഇച്ഛാഭംഗങ്ങൾ!
നെഞ്ചിലെ മോഹവും അടങ്ങാത്ത ദാഹവും
കടൽത്തിര പോലെ പതഞ്ഞിരുന്നല്ലോ!?
ഇന്ന്…
ഈ വാതിലിനപ്പുറം നീയൊളിച്ചതിൽ
പിന്നെ ഞാനെത്രയോ സുല്ലിട്ടു.
ഞാൻ പിന്നെയും പിന്നെയും
എണ്ണുകയും സുല്ലിടുകയും ചെയ്യുന്നു.
ഇനിയത്ര നാൾ ഞാൻ തപസ്സിരിക്കണം
എനിക്കും നിനക്കുമിടയിലെ
അടഞ്ഞ ഈ വാതിലൊന്ന് തുറക്കാൻ?
എന്റെ മരണം കൊണ്ട് മാത്രം
തുറക്കുന്ന വാതിൽ!


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top