Flash News

പെണ്മക്കള്‍ക്ക് പഠിക്കാനായി നാട്ടുകാര്‍ പിരിവെടുത്ത് വാങ്ങി നല്‍കിയ മൊബൈല്‍ ഫോണ്‍ മദ്യപാനിയായ പിതാവ് മറിച്ചു വിറ്റു, പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു

August 19, 2020 , ശ്രീജ

അങ്കമാലി: പഠിക്കാന്‍ മിടുക്കികളായ മൂന്നു പെണ്‍കുട്ടികള്‍ക്ക് ഓണ്‍ലൈനില്‍ പഠിക്കാനായി നാട്ടുകാര്‍ പിരിവെടുത്ത് വാങ്ങിക്കൊടുത്ത മൊബൈല്‍ ഫോണ്‍ കൈക്കലാക്കി മദ്യപിച്ച പിതാവ് മൂക്കന്നൂര്‍ സ്വദേശി കാച്ചപ്പിള്ളി വീട്ടില്‍ സാബു (41) വിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മൊബൈല്‍ ഫോണ്‍ വിറ്റ പണം കൊണ്ട് അങ്കമാലിയിലെ ഒരു കള്ള് ഷാപ്പില്‍ നിന്ന് മദ്യപിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.

മൂന്ന് പെണ്‍മക്കളാണ് സാബുവിനുള്ളത്. പഠനത്തില്‍ മികച്ച നിലവാരം പുലര്‍ത്തുന്നവരാണ് ഇവര്‍. ഇത്തവണ പത്താം ക്ലാസ് പാസായ രണ്ടാമത്തെ മകള്‍ക്കും പ്ലസ്ടു പാസായ മൂത്ത മകള്‍ക്കും എല്ലാ വിഷയങ്ങളിലും എ പ്ലസ് കിട്ടിയിരുന്നു. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഇളയമകളും പഠിക്കാന്‍ മിടുക്കിയാണ്. ഇതോടെ ഇവരുടെ ഓണ്‍ലൈന്‍ പഠനത്തിനായി നാട്ടുകാര്‍ ചേര്‍ന്ന് 15,000 രൂപയുടെ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കുകയായിരുന്നു.

ഈ മൊബൈലിനായി കഴിഞ്ഞ രാത്രിയില്‍ ഇയാള്‍ മൂന്ന് പെണ്‍കുട്ടികളെയും ഭാര്യയെയും മര്‍ദ്ദിച്ചു. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട് അയല്‍വീട്ടിലേക്ക് ഓടിപ്പോയ ഇളയമകള്‍ പറഞ്ഞിട്ടാണ് അയല്‍ക്കാര്‍ വിവരമറിയുന്നത്. ഇവര്‍ എത്തി സാബുവിന്റെ ഭാര്യയെയും മക്കളെയും ആശുപത്രിയിലാക്കി.

ഇവരില്‍ നിന്ന് മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച സാബു ചൊവ്വാഴ്ച രാവിലെ തന്നെ വില്‍പ്പന നടത്തി. ഈ പണം ഉപയോഗിച്ച് മദ്യപിക്കുന്നതിനിടെയാണ് കള്ള് ഷാപ്പില്‍ നിന്നും പിടിയിലായത്. ഇയാള്‍ നേരത്തെ ചാരായം വാറ്റ്, മോഷണം അടക്കമുള്ള സംഭവങ്ങളില്‍ ഉള്‍പ്പെട്ടയാളാണെന്നും പൊലീസ് പറഞ്ഞു. ബാലനീതി വകുപ്പ് പ്രകാരമടക്കം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top