Flash News

ഓർമ്മയിലെ ചിങ്ങമാസം (ഭാഗം – 15)

August 21, 2020 , ഹണി സുധീർ

ചിങ്ങമാസം പൂക്കളോടൊപ്പവും തുമ്പികളോടോപ്പവും ഇങ്ങനെ പാറി നടക്കുമ്പോൾ കുട്ടികളുടെയും മുതിർന്നവരുടെയും എല്ലാം മനസ്സിൽ ഒരു തിളക്കം കൂടി ഉണ്ടാകും. ഓണക്കോടി.

വിഷുവിനു കൈനീട്ടം ആണെങ്കിൽ ഓണത്തിന് കോടി ആണ്‌ പ്രാധാന്യം. ഓരോ കോടി വസ്ത്രങ്ങളുടെയും പിന്നിൽ പതിയുന്ന കൈപ്പാടുകൾ കാണാകാഴ്ചകൾ ആണ്‌.

നമ്മുടെ കൈയ്യിൽ വരുന്ന കോടിതുണിത്തരങ്ങളിൽ പലതിലും ദുരിതത്തിന്റെയും കണ്ണീരിന്റെയും മണമായിരിക്കും ഉണ്ടാവുക.

പാലക്കാടൻ നെയ്ത്തു ഗ്രാമങ്ങളിൽ ചില ഓണക്കാലങ്ങളിൽ പോയി കണ്ടിരുന്നു. നഗരത്തിന്റെ പരിസര പ്രദേശങ്ങളായ എലപ്പുള്ളി, കൊടുമ്പ്, ചിറ്റൂർ, തത്തമംഗലം, പെരുവെമ്പ്, തുടങ്ങിയ സ്ഥലങ്ങളിൽ കൈത്തറി ഉപജീവനം ആക്കിയ ആളുകൾ ഉണ്ട്. കാർഷിക മേഖലയോടൊപ്പം തന്നെ കൈത്തറി മേഖലയും ശക്തമായ ഒരു കാലം ഉണ്ടായിരുന്നു എന്നതിന്റെ തെളിവുകൾ മാത്രമായി അവശേഷിക്കുന്നുണ്ട് ഈ ഗ്രാമങ്ങൾ ഇന്ന്‌.

കരിമ്പുഴ, തിരുവില്യമല കുത്താമ്പുള്ളി, തുടങ്ങിയ നെയ്ത്തു ഗ്രാമങ്ങൾ വേറെയും പാലക്കാടും തൃശൂർ ജില്ലകളിലും ആയിട്ടുണ്ട്. കുത്താമ്പുള്ളിയിലെ സാരികൾ, മുണ്ടുകൾ, സെറ്റുമുണ്ടുകൾ തുടങ്ങിയവയാണ് പാലക്കാട്‌ ജില്ലയിൽ കൂടുതൽ പ്രചാരത്തിൽ ഉള്ള കൈത്തറിതുണിത്തരങ്ങൾ.

ഇപ്പോൾ ഹാൻഡ്‌ലൂം പോലെ തന്നെ പവർ ലൂം തുണിത്തരങ്ങളും വ്യാപകമായി വിപണിയെ കീഴടക്കി കഴിഞ്ഞു.

നെയ്ത്തുഗ്രാമങ്ങളിലെ ജീവിതങ്ങളിലൂടെ കണ്ണോടിച്ചു പോയാൽ നമുക്കു അറിയാൻ കഴിയും പട്ടിന്റെയും, സ്വർണക്കസവുകളുടെയും തിളക്കങ്ങൾ അവരുടെ ജീവിതത്തിൽ കാണാൻ കഴിയില്ല. പലരും തറികൾ വാടകക്കു എടുത്തു തുച്ഛമായ വേതനത്തിന് വേണ്ടി നെയ്യുന്നവർ ആണ്‌. ചില രണ്ട് മുറി വീടുകളിൽ ഒന്ന് അടുക്കളയും മറ്റൊന്നു നെയ്ത്തു മുറിയും ആയിരിക്കും. എത്ര കലാപരമായാണവർ ഊടും പാവും നെയ്യുന്നത്. നൂലുണ്ടാക്കുന്ന ഒരു വിഭാഗം ആളുകളും ഉണ്ട്.

കോടി മുണ്ടുകൾ തുറന്നു നോക്കുമ്പോൾ കിട്ടുന്ന ഒരു പുതുമയുടെ പശമണം ഉണ്ട്. എല്ലാ സമ്മാനങ്ങളെക്കാളും പലപ്പോഴും പ്രിയം പുതു വസ്ത്രങ്ങൾ സമ്മാനമായി കിട്ടുമ്പോൾ ആയിരിക്കും. പല നെയ്ത്തു വീടുകളിലും പോയി കണ്ടാൽ അവിടങ്ങളിൽ നിന്നാണോ ഇത്ര മനോഹരമായ ഒരു സാരി നെയ്തുവരുന്നതെന്ന് സംശയം തോന്നും.

അന്യം നിന്നു പോയ്കൊണ്ടിരിക്കുന്നു ഇന്ന്‌ നൂറ്റാണ്ടുകളുടെ പാരമ്പര്യം ഉള്ള ഈ കൈത്തൊഴിൽ. മനസും കൈയ്യും കാലും ഒരേ ഈണത്തിൽ കൊണ്ടുപോകുന്ന വിചിത്ര കല.

പല വസ്ത്രവ്യാപാരികൾക്ക് വേണ്ടിയും കരാർ അടിസ്ഥാനത്തിൽ നെയ്യുന്നവരും ഉണ്ട്. പുതിയ തലമുറയിൽപെട്ട പലരും ഈ മേഖലയിലേക്കു കടന്നുവരാത്തതു കൊണ്ടും നെയ്ത്തുഗ്രാമങ്ങളിലെ തറികൾ പലതും നിശ്ചലമായികൊണ്ടിരിക്കുന്നു.

തറികളുടെ നേർത്ത സംഗീതത്തിലുടെ വെളിച്ചം കാണാനെത്തുന്ന കോടി കസവിനായുള്ള കാത്തിരിപ്പാണ് ഓണക്കാലങ്ങളിൽ ഉള്ളത്. നമ്മൾ മലയാളികൾ കാണം വിറ്റും ഓണം ഉണ്ണണം എന്ന് പറയും. പക്ഷെ കൈത്തറിയിൽ പണിയുന്നവർക് ഇക്കാലത്തു ഒരു പുടവ പോലും വിറ്റു ഓണം ഉണ്ണാൻ കഴിയാത്ത അവസ്ഥയായി മാറി.

കഴിഞ്ഞ രണ്ട് വർഷത്തെ പ്രളയവും കൊറോണയും കൈത്തറി വ്യാപാരത്തെ ചില്ലറയല്ല ബാധിച്ചത്. ചേക്കുട്ടി പാവകളുടെ കഥകൾ നമുക്കു അറിയാലൊ.

കോടിവസ്ത്രങ്ങളുടെ പൊൻ കസവുകൾ നമ്മെ ആശ്ചര്യപ്പെടുത്തുമ്പോൾ അങ്ങ് ദൂരെ എവിടയോ ഒരു നെയ്ത്തുകാരന്റെ മനസ്സിൽ സന്തോഷം അലയടിക്കുന്നുണ്ടാകും.

സംതൃപ്തിയാണോ ഓരോ നെയ്ത്തുകാരന്റെയും സമ്പാദ്യം എന്നും തോന്നിയിട്ടുണ്ട്. അത്രമേൽ അർപ്പണമനോഭാവത്തോടെ അല്ലാതെ ഇത്രമേൽ ഭംഗിയുള്ള സൃഷ്ടികൾ ഉണ്ടാകില്ല. തനിക്കു കിട്ടുന്ന തുച്ഛവരുമാനത്തേക്കാൾ ഉപരിയായി അത് അണിയുന്നവരുടെ തൃപ്തിക്കു വേണ്ടിയാണു ഓരോ നെയ്ത്തുകാരന്റെയും കൈയ്യും മനസും സഞ്ചരിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top