സ്വര്‍ണ്ണക്കടത്തു കേസില്‍ എന്‍ ഐ എ ചോദ്യം ചെയ്യുന്ന മുന്‍ ചീഫ് സെക്രട്ടറിയും സ്വര്‍ണ്ണക്കടത്തു കേസിലെ ഒന്നാം പ്രതിയെന്നു സംശയിക്കുന്ന സ്വപ്ന സുരേഷും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട എന്‍ ഐ എയോട് നിസ്സഹകരണ മനോഭാവത്തോടെ ഉദ്യോഗസ്ഥര്‍.
സെക്രട്ടേറിയറ്റില്‍ സ്വപ്ന സുരേഷും സരിത്ത് നായര്‍, സന്ദീപ് നായര്‍ എന്നിവര്‍ നിത്യ സന്ദര്‍ശകരായിരുന്നു എന്നതിന് തെളിവുകള്‍ ശേഖരിക്കാനാണ് ക്യാമറാ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അതിനുള്ള സാധ്യതയാണ് കുറയുന്നത്. സി സി ടി വി ദൃശ്യങ്ങളിൽ സ്വപ്നയുടെ സാന്നിധ്യം പലയിടത്തും വ്യക്തമായതോടെ ദൃശ്യങ്ങൾ കോപ്പി ചെയ്യുന്ന നടപടികളും നിർത്തി വെച്ചിരിക്കുകയാണിപ്പോള്‍. മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിലെ സിസിടിവി ക്യാമറകളിൽ സ്വപ്നയുടെ ദൃശ്യം ലഭിച്ചതിനെത്തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിർദേശം കിട്ടിയാൽ മാത്രം തുടർനടപടികൾ ചെയ്താൽ മതിയെന്നാണ് ഹൗസ് കീപ്പിങ് വിഭാഗം തീരുമാനിച്ചിട്ടുള്ളത്.
2019 ജൂലൈ മുതൽ 2020 ജൂലൈ 5 വരെയുള്ള ദൃശ്യങ്ങളാണ് എൻഐഎ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നത്. ജൂലൈ മാസത്തിലെ പത്തു ദിവസത്തെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ തന്നെ സ്വപ്ന ഒന്നിലധികം തവണ നോർത്ത് ബ്ലോക്കിലെത്തിയതായി കണ്ടെത്തുകയായിരുന്നു.
പല ദൃശ്യങ്ങളിലും സ്വപ്നക്കൊപ്പം സരിത്തും ഉണ്ടെന്നാണ് വിവരം. സ്വപ്നയുടെ സാന്നിധ്യം കണ്ടതോടെയാണ് ദൃശ്യങ്ങൾ പരിശോധിക്കുന്നത് തന്നെ നിർത്തി വെക്കുകയായിരുന്നു. ചില ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശത്തെത്തുടർന്നാണ് സെർവറിലെ ദൃശ്യങ്ങൾ പരിശോധിക്കുന്നത് നിർത്തിയത്.
സ്വർണക്കടത്തിലെ പ്രതികളായ സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവർ സെക്രട്ടേറിയറ്റിൽ വരാറുണ്ടായിരുന്നുവോ, എന്ന് അറിയാനായിരുന്നു എൻഐഎ ചീഫ് സെക്രട്ടറിക്ക് കത്തു നൽകുന്നത്. കത്ത് നൽകി ഒരുമാസത്തിലേറെയായെങ്കിലും ദൃശ്യങ്ങൾ നൽകേണ്ട ദിവസം കത്തിൽ പറയാത്ത കാരണം പറഞ്ഞു അത് നീട്ടികൊണ്ടു പോവുകയായിരുന്നു. ദൃശ്യങ്ങൾ വീണ്ടും ചോദിച്ചാൽ അപ്പോൾ നോക്കാം എന്ന നിലപാടിലാണ് സർക്കാർ. എൻഐഎ വീണ്ടും ആവശ്യപ്പെട്ടാൽ മാത്രം ദൃശ്യങ്ങൾ നൽകൂകയുള്ളൂ എന്നാണ് ഇത് വ്യക്തമാക്കുന്നത്. ഒരു വർഷത്തെ ദൃശ്യങ്ങൾ ഹാർഡ് ഡിസ്കിലേക്കു പകർത്താൻ വലിയ ചെലവു വരുമെന്ന മുടന്തൻ ന്യായമാണ് ഇക്കാര്യത്തിൽ ഹൗസ് കീപ്പിംഗ് വിഭാഗം പറയുന്നത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply