Flash News

തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കോവിഡ് വാക്സിന്‍ പരീക്ഷണം മന്ദഗതിയിലാക്കാന്‍ എഫ് ഡി എ ശ്രമിക്കുന്നു: ട്രം‌പ്

August 22, 2020

വാഷിംഗ്ടൺ: നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പു വരെ കോവിഡ് -19 വാക്‌സിനുകളുടെ പരീക്ഷണം മന്ദഗതിയിലാക്കാൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിലെ (എഫ് ഡി എ) ഉന്നതര്‍ ശ്രമിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചു.

കൊറോണ വൈറസ് വാക്സിനുകളും ചികിത്സകളും പരീക്ഷിക്കുന്നതിനായി എഫ്ഡി‌എയിലെ ‘ഉന്നതര്‍’ അല്ലെങ്കിൽ ‘സ്വാധീനമുള്ളവര്‍’ ആളുകളെ ക്ലിനിക്കൽ പരീക്ഷണങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് ട്വിറ്റര്‍ പോസ്റ്റിൽ ട്രംപ് ആരോപിക്കുന്നത്.

പ്രതിരോധ കുത്തിവയ്പ്പ് സുരക്ഷിതവും ഫലപ്രദവുമാണെന്ന് കാണിക്കുന്നതിന് മുമ്പ് ട്രംപ് ഭരണകൂടം വാക്സിനെക്കുറിച്ച് പരസ്യ പ്രസ്താവന നടത്തിയാല്‍ താന്‍ രാജിവെക്കുമെന്ന് എഫ്ഡിഎയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചതായി ഒരു വിദേശ മാധ്യമം വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ട്രം‌പിന്റെ പ്രതികരണം വന്നത്.

“നവംബർ 3 ന് ശേഷം വാക്സിനെക്കുറിച്ചുള്ള ഉത്തരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. വാക്സിന്‍ ഉല്പാദനത്തിലും ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണം! ” എഫ്ഡി‌എ കമ്മീഷണർ സ്റ്റീഫൻ ഹാനെ ട്വീറ്റിൽ ടാഗു ചെയ്ത് ട്രംപ് എഴുതി.

ഫെഡറൽ ഏജൻസികളെ വിമർശിക്കാൻ ട്രംപ് പലപ്പോഴും ട്വിറ്റർ ഉപയോഗിക്കുന്നു. ട്രംപിന്റെ കണ്ണിൽ, തന്റെ അജണ്ടയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നവര്‍, അവര്‍ ദീര്‍ഘകാലമായി ട്രം‌പിന്റെ അനുഭാവികളായാലും, അവരെക്കുറിച്ച് മോശമായ പരാമര്‍ശം ഉന്നയിക്കുന്നത് പതിവാണ്. “ഉന്നതരും ആഴത്തില്‍ സ്വാധീനമുള്ളവരും” അവരെ നിയന്ത്രിക്കുന്നുവെന്നാണ് ട്രം‌പിന്റെ ആരോപണം.

തെളിയിക്കപ്പെടാത്ത വാക്സിനെ സംബന്ധിച്ച് ഏജന്‍സിയെ ‘വെറും റബ്ബര്‍ സ്റ്റാമ്പ്’ ആക്കാന്‍ ശ്രമിച്ചാല്‍ താൻ രാജിവയ്ക്കുമെന്ന് സർക്കാർ ഉദ്യോഗസ്ഥർ, ഫാർമസ്യൂട്ടിക്കൽ എക്സിക്യൂട്ടീവ്, അക്കാദമിക് എന്നിവരുമായി നടത്തിയ കോൺഫറൻസ് കോളിൽ സെന്റർ ഫോർ ബയോളജിക്സ് ഇവാലുവേഷൻ ആൻഡ് റിസർച്ച് ഡയറക്ടർ പീറ്റർ മാർക്ക് കഴിഞ്ഞ ആഴ്ച പറഞ്ഞതിനെത്തുടർന്നാണ് ട്രം‌പിന്റെ ട്വീറ്റ് എഫ്ഡി‌എയെ സമ്മര്‍ദ്ദത്തിലാക്കുന്നത്.

ക്ലിനിക്കൽ പരീക്ഷണങ്ങളിൽ നിന്നുള്ള ഡാറ്റ അതിന്റെ വ്യാപകമായ ഉപയോഗത്തെ പിന്തുണയ്ക്കുന്നില്ലെങ്കിലും, വോട്ടെടുപ്പിന് മുമ്പായി ഒരു വാക്സിൻ അംഗീകരിക്കാൻ ട്രംപ് ഭരണകൂടം എഫ്ഡിഎയെ പ്രേരിപ്പിക്കുമെന്ന് ശാസ്ത്രജ്ഞരും പൊതുജനാരോഗ്യ ഉദ്യോഗസ്ഥരും നിയമനിർമ്മാതാക്കളും ആശങ്കപ്പെടുന്നുണ്ട്.

കട്ടിംഗ് എഡ്ജ് ബയോടെക് ചികിത്സകൾ, വാക്സിനുകൾ, ജീൻ ചികിത്സകൾ എന്നിവ നിയന്ത്രിക്കുന്ന പീറ്റർ മാർക്കിന്റെ അഭിപ്രായത്തില്‍, താൻ ഒരു രാഷ്ട്രീയ സമ്മർദ്ദവും നേരിട്ടിട്ടില്ലെന്നും, ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും കളിപ്പാവയല്ലെന്നും എഫ്ഡിഎയെ നയിക്കുന്നത് ശാസ്ത്രം മാത്രമാണെന്നും, അതിനെന്തെങ്കിലും മാറ്റം വന്നാല്‍ ആ നിമിഷം താന്‍ രാജിവെക്കാന്‍ ബാധ്യസ്ഥനാണെന്നുമാണ്. അങ്ങനെ ചെയ്യേണ്ടി വന്നാല്‍, അതിന്റെ കാരണങ്ങളും ഞാൻ അമേരിക്കൻ പൊതുജനങ്ങളോട് തുറന്നു പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top