മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കുടിയേറ്റ തൊഴിലാളിയുടെ മകള്‍ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കുടിയേറ്റ തൊഴിലാളിയുടെ മകള്‍ പായൽ കുമാരി മാതാപിതാക്കള്‍ക്ക് അഭിമാനമായി. ബീഹാറിലെ ഷെയ്ഖ്പുര ജില്ലയിലെ ഗോസൈമാദി ഗ്രാമത്തിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളിയായ പായലിന്റെ പിതാവ് പ്രമോദ് കുമാർ സിംഗ് കുടുംബത്തോടൊപ്പം കേരളത്തിലേക്ക് താമസം മാറ്റുകയായിരുന്നു. എറണാകുളത്തെ ഒരു ഹാർഡ്‌വെയർ കടയിൽ ജോലി ചെയ്യുകയാണ് പ്രമോദ്.

പെരുമ്പാവൂർ മാർത്തോമ വനിതാ കോളേജിൽനിന്ന് ബി.എ. ആർക്കിയോളജി ആൻഡ് ഹിസ്റ്ററി പരീക്ഷയിൽ 85 ശതമാനം മാർക്കാണ് പായൽ നേടിയത്. പായൽ കുമാരിക്ക് അഭിനന്ദനമറിയിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ് ബുക്കില്‍ പോസ്റ്റിട്ടു. ബിഹാറിൽനിന്ന് തൊഴിൽ തേടി കേരളത്തിലേക്കെത്തിയതാണ് പായൽ കുമാരിയുടെ അച്ഛൻ പ്രമോദ് കുമാർ. പല സ്ഥലങ്ങളിലായി ജോലി ചെയ്യുമ്പോഴും അദ്ദേഹം ശ്രദ്ധിച്ചത് ഒരു കാര്യം മാത്രം. മക്കളുടെ പഠനം മുടങ്ങാതിരിക്കുക. ആ കഠിനാധ്വാനം വെറുതെയായില്ലെന്ന് പായലിന്റെ നേട്ടം അടയാളപ്പെടുത്തുന്നു എന്ന് മുഖ്യന്റെ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു.

95 ശതമാനം മാർക്കോടെയാണ് പായൽ പ്ലസ് ടു പൂർത്തിയാക്കിയത്. എസ്.എസ്.എൽ.സി.ക്ക് 83 ശതമാനം മാർക്കുമുണ്ടായിരുന്നു. കിട്ടുന്ന സമയമെല്ലാം പഠിക്കാനായി ഉപയോഗിക്കുകയെന്നതാണ് പായലിന്റെ ശീലം.

നിരവധി പ്രയാസങ്ങൾക്കിടയിലും, എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് അക്കാദമിക് രംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ പയലിന് കഴിഞ്ഞു. ഒരു സമയത്ത്, സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം പായലിന് പഠനം നിർത്തേണ്ടിവന്നു. പക്ഷേ കോളേജ് പായലിന് സഹായങ്ങള്‍ നല്‍കിയതിനാല്‍ പഠനം തുടരാന്‍ കഴിഞ്ഞു എന്ന് പിതാവ് പ്രമോദ് പറഞ്ഞു.

ദേശീയ സേവന പദ്ധതിയുടെ സന്നദ്ധപ്രവർത്തക കൂടിയായ പായല്‍, 2018 ലെ കോളേജിന്റെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. പി. ജി.യാണ് അടുത്ത ലക്ഷ്യം. ജെ.എൻ.യു. ഉൾപ്പടെയുള്ള യൂണിവേഴ്സിറ്റിയാണ് ലക്ഷ്യം. സിവിൽ സർവീസ് എന്ന വലിയ സ്വപ്നമാണ് പായലിനെ നയിക്കുന്നത്.

Print Friendly, PDF & Email

Leave a Comment