Flash News

സൂഫിസം (Sufism) – 14

August 23, 2020 , ബിന്ദു ചാന്ദിനി

നാനാമുഖമായ ശക്തി ക്ഷയത്തിൻ്റെ ഈ കാലഘട്ടത്തിനും ആശ്വാസകരമായ ഒരു സവിശേഷത കാണാം. ചിരയുഗദൃഢീകൃതമായ രാഷ്ട്രീയമത്സരങ്ങളുടെ രൗദ്രാന്തരീക്ഷത്തിലും ഹിന്ദു – മുസ്ലീം അനുരജ്ഞനത്തിൻ്റെയും സൗഹൃദസമ്പർക്കങ്ങളുടെയും പ്രക്രിയ നിരന്തരമായി നടന്നുകൊണ്ടിരുന്നു എന്നതാണ്. ഹിന്ദു – മുസ്ലീം സാമരസ്യത്തിൻ്റെ ഉണ്മയെ സംബന്ധിച്ചിടത്തോളം അക്ബറിൻ്റെ ഭരണകാലം വിശേഷിച്ചും പ്രധാനവും പ്രബോധകവുമത്രേ. ഒരു പ്രതിഭാശാലിയുടെ ദീർഘവീക്ഷണമുണ്ടായിരുന്ന അക്ബർ, തൻ്റെ സമസ്ത പ്രജകളുടെയും സഹകരണത്തിൻ്റെയും സന്മനോഭവത്തിൻ്റെയും അധിഷ്ഠാനത്തിൽ മുഗൾ സാമ്രാജ്യത്തിൻ്റെ രാഷ്ട്രീയസൗധവും അതിൻ്റെ ഭരണസമ്പ്രദായവും കെട്ടിപ്പടുത്തു. ജനങ്ങളിലെ ബഹുഭൂരിപക്ഷമായ ഹിന്ദുക്കളോട് ഹീനമായി പെരുമാറുകയോ, അഥവാ അസമത്വവും അപമാനവും കലർന്ന ഒരു സ്ഥിതിയിലേക്ക് അവരെ ശാശ്വതമായി തള്ളിക്കളയുകയോ ചെയ്തില്ല. അദ്ദേഹം ഹിന്ദുക്കളോട് പക്ഷഭേദമില്ലാതെ പെരുമാറി. മാത്രമല്ല, ഷേർഷയും അദ്ദേഹത്തിൻ്റെ അനന്തരഗാമികളും ചെയ്തതു പോലെ അവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിക്കുക കൂടി ചെയ്തു. മുസ്ലീങ്ങളും അമുസ്ലീങ്ങളും തമ്മിലുണ്ടായിരുന്ന വിദ്വേഷകജനകമായ എല്ലാ വ്യത്യാസങ്ങളെയും ദുരികരിക്കാൻ അദ്ദേഹം ശ്രമിച്ചു. സൂഫിസവും ഭക്തിപ്രസ്ഥാനവും ഒരുപോലെ വളർന്ന ഹിന്ദുസ്ഥാനിലെ സാമൂഹ്യ സാഹചര്യങ്ങളെ കുറിച്ച് നാം മനസ്സിലാക്കേണ്ടിരിക്കുന്നു. ‘അക്ബർ നാമ’ യുടെ കർത്താവും സുഹറവർദി സൂഫി പണ്ഡിതനുമായ അബുൾ ഫാസൽ, സൂഫി ഭക്തനായ അക്ബർ ചക്രവർത്തിയുടെ ഉപദേഷ്ടാവും വക്താവുമായിരുന്നു. മതപരമായ യാഥാസ്ഥിതിക വാദത്തിൽനിന്നും രാഷ്ട്രത്തെ സ്വതന്ത്രമാക്കുക എന്നത്‌ അക്ബറുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. ഒരു ചരിത്രകാരനെന്ന നിലയ്ക്ക്, അക്ബറുടെ കാലഘട്ടത്തിലെ ആശയങ്ങൾക്ക് അബുൾ ഫാസൽ മൂർത്തരൂപം നൽകി. അബുൾ ഫാസലിൻ്റെ ‘അക്ബർ നാമ’ യിലൂടെയും, ‘അയിനി അക്ബാരി’ യിലൂടെയും നമുക്ക് മുഗൾ ഇന്ത്യയിലെ ജനതയുടെ ചരിത്രം – അതായത് അവരുടെ സാമൂഹ്യ ജീവിതത്തിൻ്റെയും സാമ്പത്തിക സ്ഥിതിയുടെയും ചരിത്രത്തിലേക്ക് ഒന്നു കണ്ണോടിക്കാം.

വിവാഹബന്ധങ്ങൾ

ഡൽഹി സുൽത്താന്മാരുടെ കാലത്ത് തന്നെ ഇരുസമുദാങ്ങളിലും പെട്ട രാജകുടുംബാംഗങ്ങൾ തമ്മിൽ നടന്ന അനേകം വിവാഹങ്ങൾ ഇരുമതങ്ങളും ഉറ്റ സുഹൃദ് ബന്ധം സ്ഥാപിക്കാൻ സഹായകമായി. രജപുത്രവംശർക്കും മുഗളർക്കും വിവാഹം എന്നത് രാഷ്ട്രീയ ബന്ധങ്ങൾ ദൃഢപ്പെടുത്താനും സഖ്യങ്ങൾ രൂപീകരിക്കാനുള്ള മാർഗമായിരുന്നു. സമ്മാനമായി മകളെ വിവാഹം കഴിച്ചു നൽകുന്നതോടൊപ്പം പലപ്പോഴും ഒരു ഭൂപ്രദേശവും കൂടി സമ്മാനമായി നൽകിയിരുന്നു. ഇത് ഭരണ വിഭാഗങ്ങൾ തമ്മിൽ തുടർച്ചയായൊരു ശ്രേണി ബന്ധം ഉറപ്പു വരുത്തി. വിവാഹങ്ങളും അതുവഴിയുണ്ടായ ബന്ധങ്ങളും മുഗളർക്ക് വിശാലമായൊരു ബന്ധുത്വ ശൃംഖല സ്യഷ്ടിക്കുവാൻ സഹായിക്കുകയും അവരെ പ്രധാന ഭാഗങ്ങളുമായി കണ്ണി ചേർക്കുകയും അത്തരത്തിൽ വിശാലമായൊരു സാമ്രാജ്യത്തെ ഒരുമിച്ച് നിർത്തുവാൻ സഹായിക്കുകയും ചെയ്തു. ജഹാംഗീർ, ഷാജഹാൻ തുടങ്ങിയ മുഗൾ ചക്രവർത്തിമാർ രജപുത്ര ഭാര്യമാരിൽ ജനിച്ചവരാണ്. രാജകുടുംബത്തിലെ സ്ത്രീകളുടെ വിവാഹബന്ധങ്ങൾ കൂടുതലും പേർഷ്യയിലെ സഫാവിഡ് രാജവംശമായോ അല്ലെങ്കിൽ മുഗൾ രാജ കുടുംബാംഗങ്ങൾ തമ്മിലോ ആയിരുന്നു.

സ്ത്രീകളുടെ പദവി

സ്ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാരെയോ ബന്ധുക്കളായ മറ്റു പുരുഷന്മാരെയോ ആശ്രയിച്ചു കഴിയുക എന്നത് ഹിന്ദുക്കളുടേയും മുസ്ലീങ്ങളുടെയുമിടയിൽ സാമൂഹ്യ ജീവിതത്തിലെ ഒരു പ്രധാന ലക്ഷണമായിരുന്നു. ഹിന്ദുക്കളുടെയും മുസ്ലീംങ്ങളുടെയും ഇടയിൽ പർദ്ദ സമ്പ്രദായം ഒന്നുകൂടി വ്യാപകമായിത്തീർന്നു. സ്ത്രീകൾക്ക് പൊതുവെ മാന്യമായ സ്ഥാനം ലഭിച്ചിരുന്നു.

സ്ത്രീകളുടെ സംസ്കാരം അവരുൾപ്പെട്ട വർഗങ്ങൾക്കനുസൃതമായി വ്യത്യസ്തമായിരുന്നു. പല സമൂഹങ്ങളിലും ഉല്പാദന പ്രക്രിയയിൽ സ്ത്രീയും പുരുഷനും ഒന്നിച്ചാണിടപെടുന്നത്.

കാർഷീക സമൂഹത്തിന് വിലമതിക്കാനാവാത്ത ഒരു ‘വസ്തു’ വായിരുന്നു സ്ത്രീ. തൊഴിലിനെ ആശ്രയിച്ചു നിൽക്കുന്ന ഒരു സമൂഹത്തിൽ തൊഴിൽ ചെയ്യാനുള്ള പുതിയ തലമുറയെ പ്രസവിച്ചു വളർത്തുന്നതും സ്ത്രീകളാണല്ലോ. അതേസമയം സ്ത്രീകളിൽ മരണനിരക്ക് വളരെ കുടുതലായിരുന്നു. പോഷകാഹാരക്കുറവ്, തുടർച്ചയായ ഗർഭധാരണം, പ്രസവം മൂലമുള്ള മരണം ഇവയെല്ലാം ഇതിനു കാരണമായിരുന്നു. പുരുഷന്മാർക്ക് ഭാര്യമാരെ കിട്ടാൻ വിഷമമായി. ഇത് പ്രമാണിവർഗക്കാരിൽ നിന്ന് വ്യത്യസ്തമായ ചില സാമൂഹ്യാചാരങ്ങൾ കർഷകരുടേയും കൈവേലക്കാരുടേയും സമുദായത്തിൽ ഉണ്ടാവാനിടയായി. വിധവകളുടേയും വിവാഹമോചനം നേടിയവരുടേയും പുനർവിവാഹങ്ങൾക്ക് നിയമസാധുതയുണ്ടായിരുന്നു.

ആൺകുട്ടികളും പെൺകുട്ടികളും ഇളംപ്രായത്തിൽ തന്നെ വിവാഹം കഴിച്ചിരുന്നു. ബഹുഭാര്യത്വം, സ്ത്രീധന സമ്പ്രദായം എന്നിവ നിലനിന്നിരുന്നു.

മീരാബായി

രാജസ്ഥാൻ, ബംഗാൾ മറ്റു ഉത്തരേന്ത്യൻ ഭൂപ്രദേശങ്ങളിൽ രജപുത്രന്മാരുടെയും ബ്രാഹ്മണരുടെയും ഇടയിൽ വ്യാപകമായി നിലനിന്നിരുന്ന ഒരു ആചാരമാണ് സതി. ഒരു സ്ത്രീ ഭർത്താവ് മരിച്ചാൽ അദ്ദേഹത്തിൻ്റെ ചിതയിൽ ചാടി ആഹുതി നടത്തുന്നതിനെയാണ് സതി എന്ന് പറയുന്നത്. അഭിജാതവർഗങ്ങളിൽപ്പെട്ട ചില സ്ത്രീകൾ കലയും ശാസ്ത്രങ്ങളും അഭ്യസിച്ചിരുന്നു. മദ്ധ്യകാലഘട്ടത്തിൽ ഹിന്ദുസ്ഥാനിൽ ജീവിച്ച് ചരിത്ര താളുകളിൽ ചിരപ്രതിഷ്ഠ നേടിയ ഏതാനും പ്രമുഖരായ വനിതകളെ കുറിച്ചു മനസ്സിലാക്കാം.

മീരാബായി

ഭക്തിപ്രസ്ഥാനത്തിലെ അതിപ്രശസ്തയായ കവയിത്രി പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മീരാബായിയാണ്. മീരയെ സംബന്ധിച്ച് ദൈവം അവർ ആരാധിക്കുന്ന കൃഷ്ണനായിരുന്നു. രജപുത്ര രാജകുമാരിയായ മീര വിവാഹ ജീവിതം ത്യജിച്ച് കൊണ്ട് സന്യാസിയെ പോലെ വെള്ളയോ, കാവിയോ നിറത്തിലുള്ള വസ്ത്രം ധരിച്ച് ഭജനകൾ ആലപിച്ച് അലഞ്ഞു തിരിയുന്ന ജീവിതമാണ് നയിച്ചത്. മാത്രമല്ല അന്ന് നിലനിന്നിരുന്ന സാമൂഹ്യാചരങ്ങളെ വെല്ലുവിളിച്ചു കൊണ്ട് തുകൽ പണിക്കാരനായ റായിദാസിനെ ഗുരുവായി സ്വീകരിച്ചു. മീരയുടെ ജീവിതത്തെക്കുറിച്ച് അവരുടെ ഭജനകളിലൂടെയാണ് അറിയാൻ കഴിയുന്നത്.

സുൽത്താന റസിയ

ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ആദ്യത്തെ വനിത ഭരണാധികാരിയാണ് സുൽത്താനറസിയ. രാജ്യഭരണം പുരുഷന്മാടെ കുത്തകയായി കരുതുന്ന ഒരു കാലഘട്ടത്തിൽ ഡൽഹി സുൽത്താനേറ്റിലെ ഭരണാധികാരിയായ ഇൽത്തുത് മിഷ് പുത്രി റസിയയെയാണ് തൻ്റെ പിൻതുടർച്ചക്ക് തെരഞ്ഞെടുത്തത്. ഒരു സ്ത്രീയുടെ മുൻപിൽ തലകുനിക്കാൻ വയ്യാത്തവണ്ണം അത്യഭിമാനികളായിരുന്നു അദ്ദേഹത്തിൻ്റെ സദസ്സിലെ പ്രഭുക്കന്മാർ. ഏതായാലും സമാധാന പൂർണമായ ഒരു ഭരണം രാജ്ഞിക്ക് വിധിച്ചിട്ടില്ലായിരുന്നു.

സുൽത്താന റസിയ

ഗുൽബദൻ ബീഗം

മുഗൾ അന്തഃപുരത്തെക്കുറിച്ച് രസകരമായ പല വിവരങ്ങളും നമുക്ക് നൽകുന്ന വിഖ്യാതഗ്രന്ഥമാണ് ഗുൽബദൻ ബീഗത്തിൻ്റെ “ഹുമയൂൺ നാമ.” ഗുൽബദൻ ബീഗം, ബാബറുടെ മകളും ഹുമയൂണിൻ്റെ സഹോദരിയുമാണ്. തുർക്കിയിലും പേർഷ്യനിലും ഒരുപോലെ ലളിതമായി എഴുതാൻ കഴിവുള്ളവരായിരുന്നു അവർ. തൻ്റെ ഭരണകാലത്തെ കുറിച്ചെഴുതാൻ അക്ബർ അബുൾ ഫാസലിനെ നിയോഗിച്ചപ്പോൾ അദ്ദേഹത്തിനുവേണ്ടി ബാബറുടേയും ഹുമയൂണിൻ്റേയും ഭരണ കാലത്തെക്കുറിച്ചുള്ള സ്മരണകൾ എഴുതാൻ അക്ബർ തൻ്റെ പിത്യസഹോദരി കൂടിയായ ഗുൽബദൽ ബീഗത്തോട് അഭ്യർത്ഥിച്ചിരുന്നു.

മുഗൾ രാജാക്കന്മാരുടെ സ്തുതിഗീതങ്ങൾ എഴുതുകയല്ല ഗുൽബദൽ ചെയ്തത്. മുഗൾ രാജാക്കന്മാർക്കിടയിലും യുവരാജാക്കന്മാർക്കിടയിലും ഉണ്ടായിരുന്ന സംഘർഷങ്ങളെക്കുറിച്ചും ഭിന്നതകളെക്കുറിച്ചും അവർ തുറന്നെഴുതി. മാത്രമല്ല മുഗൾ രാജവംശത്തിലെ മുതിർന്ന സ്ത്രീകൾ അത്തരം ഘട്ടത്തിൽ നടത്തിയ മധ്യസ്ഥശ്രമങ്ങളെക്കുറിച്ചും, അതിലവർ കൈവരിച്ച നേട്ടങ്ങളെ കുറിച്ചും ഗുൽബദൽ വിസ്തരിച്ചെഴുതിയിട്ടുണ്ട്.

നൂർജഹാന്‍

നൂർജഹാൻ

സ്വന്തം പേരിൽ നാണയങ്ങളും ഉത്തരവുകളും പുറപ്പെടുവിച്ച ജഹാംഗീർ ചക്രവർത്തിയുടെ ഭാര്യയായ നൂർജഹാൻ പതിനഞ്ചു വർഷക്കാലം സിംഹാസനത്തിന് പിന്നിലെ യഥാർത്ഥ ഭരണാധികാരിയായിരുന്നു. നായാട്ടിൽ നിപുണയായിരുന്ന നൂർജഹാന് കലാപരമായി പല കഴിവുകളും ഉണ്ടായിരുന്നു. അവർ കെട്ടിടങ്ങളും പൂന്തോട്ടങ്ങളും നിർമ്മിക്കുകയും ചെയ്തു . അത്യാകർഷകമായ സൗന്ദര്യവും കാര്യവിവേകവും കൊണ്ട് അനുഗൃഹീതയായ നൂർജഹാൻ ധരിക്കുന്ന വസ്ത്രങ്ങൾ അക്കാലത്തെ ഫാഷൻ ലോകത്ത് സംസാരവിഷയമായിരുന്നു. ലോകോത്തര കോട്ടൻ വസ്ത്രങ്ങളുടെ കേന്ദ്രമായ മുഗൾ ഇന്ത്യയിൽ അവരുടെ കഴിവുകൾ കുടുതലായി ഉപയോഗിച്ചത് ബിസിനസ്സിലാണെന്ന് തോന്നുന്നു. വിവിധ തരം പുതിയ തുണിത്തരങ്ങൾ അവതരിപ്പിച്ചു കൊണ്ട് നൂർജഹാൻ ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്. അവയിൽ വെള്ളി ത്രെഡ് ബ്രോക്കേഡ് (ബഡ്ല) സിൽവർ ത്രെഡ് ലേസ് (കൈനാരി) എന്നിവ ഉൾപ്പെടുന്നു.

നൂർജഹാനു ശേഷം മുഗൾ രാജ്ഞിമാരും രാജകുമാരിമാരും രാഷട്രീയ വിഭവങ്ങളുടെ നിയന്ത്രണത്തിൽ ഇടപെടാൻ തുടങ്ങി. ഷാജഹാൻ്റെ പുത്രിമാരായ ജഹനാരയും റോഷനാരയും രാജ്യത്തെ ഏറ്റവും ഉയർന്ന മൻസബദാർ കൈപ്പറ്റുന്നത്രയും തുക വർഷാവർഷം കൈപ്പറ്റിയവരായിരുന്നു. മാത്രമല്ല, വിദേശ വ്യാപാര കേന്ദ്രമായ സൂററ്റിൽ നിന്നുള്ള റവന്യൂ വരുമാനവും അവർക്കു ലഭിച്ചിരുന്നു. വിഭവങ്ങളുടെ പങ്ക് ലഭിക്കാൻ തുടങ്ങിയതോടെ മുഗൾ അന്തഃപുരത്തിലെ പ്രധാനപ്പെട്ട വനിതകൾ സ്വന്തമായി കെട്ടിടങ്ങളും പൂന്തോട്ടങ്ങളും നിർമിക്കാൻ തുടങ്ങി.

ജഹനാര ബിഗം സാഹിബ

ജഹനാര ബിഗം സാഹിബ

ജഹനാര ബീഗം സാഹിബ (1614-1681). ചെറുപ്പത്തിലെ പേർഷ്യൻ, അറബി, സംസ്കൃതം, ഇംഗ്ലീഷ് ഭാഷകളിൽ പ്രാവിണ്യം നേടിയിരുന്നു. ചിത്രകല, കവിത, എഴുത്ത്, എൻജിനിയറിങ്, വാസ്തുവിദ്യ എന്നീ മേഖലകളിൽ പ്രഗത്ഭയിരുന്നു ജഹനാര. സൂഫി ഭക്തയായ അവർ ഷെയ്ക്ക് മുയിനുദീൻ ചിഷ്തിയുടെ ജീവചരിത്രം രചിച്ചിട്ടുണ്ട്.

ഷാജഹാന്റെ പുതിയ തലസ്ഥാനമായ ഷാജഹാനാബാദിലെ പല കെട്ടിട നിർമാണ പദ്ധതികളിലും ജഹനാര നേരിട്ടു ഭാഗഭാക്കായിരുന്നു. ഷാജഹാനാബാദിൻ്റെ സിരാകേന്ദ്രമായ “ചാന്ദ്നി ചൗക്ക്” രൂപകല്പന ചെയ്തതും ജഹനാരയായിരുന്നു. ഇന്നും ഇന്ത്യയിലെ ഏററവും തിരക്കേറിയ ബസാറാണ് “ചാന്ദ്നി ചൗക്ക്.”

ഷാജഹാന്റെ കാലഘട്ടം മുഗൾ വാസ്തുവിദ്യയുടെ സുവർണ്ണകാലമായിരുന്നു. ജഹാംഗീറിന്റെ സമാധി മന്ദിരം, ആഗ്രയിലെ താജ്മഹൽ, ജുമാ മസ്ജിദ്, ഡൽഹിയിലെ ചെങ്കോട്ട, ജുമാ മസ്ജിദ്, ഷാലിമാർ ഗാർഡൻസ് എന്നിവയുടെ നിർമിതിയിൽ പിതാവിനോടപ്പം ജഹനാരയും ഭാഗമായിരുന്നു.

ഷാജഹാന്റെ പ്രിയ പുത്രിയായ ജഹനാര അവസാന കാലത്തും അദ്ദേഹത്തിൻ്റെ കൂടെ തന്നെയായിരുന്നു.1666 ൽ ഷാജഹാന്റെ മരണശേഷം ജഹനാര വീണ്ടും മുഗൾ കോർട്ടിലെ First Lady (Padshah Begum) ആയി ഔറംഗസീബ് നിയമിച്ചു . മുഗൾ അന്ത:പുരത്തിലെ സ്ത്രീകൾ കലയെയും സാഹിത്യത്തേയും പ്രോത്സാഹിപ്പിച്ചിരുന്നു. അവർ മദ്രസകൾ (വിദ്യാലയങ്ങൾ), കാരവൻ സരായികൾ (വ്യാപര കേന്ദ്രങ്ങൾ), തോട്ടങ്ങളും പൂന്തോട്ടങ്ങളും, ശവകുടീരങ്ങൾ എന്നിവ നിർമ്മിച്ചിരുന്നു. ആർഭാടവും ധൂർത്തും കുറക്കുന്നതിന് വേണ്ടി ഔറംഗസീബ് രാജസദസ്സിൽ നിന്ന് സംഗീതം നിഷ്കാസനം ചെയ്തു. പക്ഷെ അന്ത:പുരത്തിൽ സ്ത്രീകൾ പാടുന്നതിന് സമ്മതം നൽകിയിരുന്നു. അതുപോലെ തുലാഭാരം, പഞ്ചാംഗം നിർമ്മിക്കൽ തുടങ്ങിയവ നിരോധിച്ചിരുന്നു. പക്ഷെ രാജകുടുംബത്തിൽ പെട്ടവർ ഈ നിയമം ലംഘിച്ചുകൊണ്ടേയിരുന്നു.

ഗ്രാമീണ സമൂഹം

മദ്ധ്യകാല ഇന്ത്യയിൽ ഗ്രാമീണ സമൂഹത്തിൽ പഞ്ചായത്തുകളുടെ ശക്തി വളരെ വലുതായിരുന്നു. ഓരോ ഗ്രാമങ്ങളിലും ഗ്രാമമുഖ്യൻ്റെ കീഴിൽ ഗ്രാമപഞ്ചായത്തും ജാതിപഞ്ചായത്തുകളും ഉണ്ടായിരുന്നു. നികുതി പിരിക്കുക, പൊതുവായ ആവശ്യത്തിന് വേണ്ടി ഫണ്ട് ചെലവഴിക്കുക, ഗ്രാമത്തിൽ താമസിക്കുന്ന വ്യത്യസ്ത സമുദായങ്ങൾക്കിടയിലുള്ള അതിർ വരമ്പ് ലംഘിക്കപ്പെടാതെ സംരക്ഷിക്കുക എന്നത് പഞ്ചായത്തിൻ്റെ പ്രധാന ജോലികളായിരുന്നു. ജാതി പഞ്ചായത്തുകൾ സ്വന്തം ജാതിയിൽപെട്ടവരുടെ തർക്കങ്ങളും, വ്യത്യസ്ത ജാതിയിൽപെട്ടവർ തമ്മിലുള്ള തർക്കങ്ങൾക്കും മധ്യസ്ഥം വഹിച്ചിരുന്നു. ക്രിമിനൽ കുറ്റങ്ങൾ ഒഴിച്ചുള്ള കാര്യത്തിൽ ജാതി പഞ്ചായത്തുകളുടെ തീരുമാനങ്ങൾ രാഷ്ട്രം പൊതുവെ അംഗീകരിച്ചിരുന്നു. ജനങ്ങളുടെ ക്ഷേമത്തെ കുറിച്ചുള്ള ആശങ്കയിൽ നിന്നുടലെടുക്കുന്നതായിരുന്നു മുഗളരുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രമനുസരിച്ച് നായാട്ട്. നിരന്തരമായി നടത്തുന്ന നായാട്ട് രാജ്യത്തിൻ്റെ നാനാഭാഗങ്ങളിലൂടെ സഞ്ചരിക്കാനുള്ള അവസരം രാജാക്കൻമാർക്കൊരുക്കി കൊടുത്തിരുന്നു. മാത്രമല്ല, ജനങ്ങളുടെ ദുരിതം നേരിട്ടു കാണാനും പരാതി നേരിട്ടു കേൾക്കാനും ഇത് രാജാവിനവസരം നൽകുന്നു. കൊട്ടാര ചിത്രകാരന്മാർക്ക് ചിത്രം വരയ്ക്കാനുള്ള ഒരു മുഖ്യവിഷയവും നായാട്ടിൻ്റെ ദൃശ്യങ്ങളായിരുന്നു. ഇത് മുഗൾ രാജാക്കന്മാരുടെ നന്മയേയും നീതിബോധത്തേയും മാത്രമല്ല ശക്തനും ദുർബലനും രാജ്യത്ത് ഒരുപോലെ സമാധാനപരമായി വർത്തിക്കുന്നു എന്ന ആശയത്തെയാണ് പ്രകടമാക്കുന്നത്. ഇന്ത്യൻ ജാതി സാമൂഹ്യ വ്യവസ്ഥയെ മുസ്ലീം ഭരണാധികാരികൾ തൊട്ടില്ല. അതുകൊണ്ട് തന്നെ ഭൂരിപക്ഷ സമൂഹത്തിൻ്റെ എതിർപ്പുകളെ അവർക്ക് നേരിടേണ്ടി വന്നില്ല. ജാതി, ദാരിദ്ര്യം, സാമൂഹ്യ പദവി ഇവ തമ്മിൽ പരസ്പരം ബന്ധപെട്ടിരിക്കുന്നു.

സമൂഹത്തിലെ വിഭജനം മതത്തെ മാത്രം അടിസ്ഥാനമാക്കിയായിരുന്നില്ല. ഉന്നതരുടെ ജീവിത രീതി, ഹിന്ദുവായാലും മുസ്ലീമായാലും ഏതാണ്ടൊരരേ തരത്തിലായിരുന്നു. താഴെക്കിടയിലുള്ള ഹിന്ദുക്കളുടെയും മുസ്ലീംകളുടെയും ജീവിതരീതിയിലും ഇത്തരത്തിൽ തന്നെ സാമ്യതകളുണ്ടായിരുന്നു. ഹിന്ദു – മുസ്ലീം എന്നതിലേറെ ഉയർന്നവർ, താഴ്ന്നവർ എന്ന വിഭജനത്തിനായിരുന്നു കുടുതൽ പ്രസക്തി.

മുഗൾ ഇന്ത്യയിൽ സ്വകാര്യ ഭൂസ്വത്തില്ല. ഭൂമിയുടെ മുകളിൽ രാഷ്ട്രത്തിനാണ് അവകാശം. ഭൂമി രാജാവിൻ്റെ ഉടമസ്ഥതയിലാകയാൽ ഭൂമി വീതച്ചു കിട്ടിയവർക്ക് (മൻസബ്ദാർ/ജമീന്ദാർ )അവരുടെ അനന്തരാവകാശികൾക്ക് അത് കൈമാറാൻ കഴിയുമായിരുന്നില്ല. ഏറ്റവും വലിയ വരുമാനം ഭൂനികുതിയായിരുന്നു. എന്നാൽ മുഗൾ ഭരണകാലത്തെ ഭൂനികുതി ഭൂമിയുടെ മേലുള്ള നികുതിയല്ല അതു വിളവിനു മുകളിലുള്ള നികുതിയായിരുന്നു. ഭൂമി അളന്നു തരം തിരിച്ചാണ് നികുതി നിശ്ചിച്ചത് നികുതി നിശ്ചിയിക്കുമ്പോൾ രാഷ്ട്രം ആഗ്രഹിച്ചത് പരമാവധി കൂടുതൽ കിട്ടാനാണ് പക്ഷെ പലപ്പോഴും പല പ്രാദേശിക കാരണങ്ങൾ മൂലം നിശ്ചയിച്ച നികുതി പിരിച്ചെടുക്കാൻ കഴിഞ്ഞില്ല എന്നതൊരു വസ്തുതയാണ്. മദ്ധ്യകാല ഇന്ത്യയിൽ ഭക്ഷ്യവിളകളും നാണ്യവിളകളും കൃഷി ചെയ്തിരുന്നു. പുതിയ ലോകത്തിൻ്റെ ( New World) വിളകൾ യൂറോപ്യന്മാരും മറ്റു വിദേശികളും മുഗൾ ഇന്ത്യയിലെത്തിച്ചു. നിരന്തരമായി നടത്തിയ നായാട്ടിലൂടെ മുഗളന്മാർ പുതിയ വിളകൾ രാജ്യത്തിൻ്റെ നാനാഭാഗങ്ങളിലും പ്രചരിപ്പിച്ചു. അങ്ങനെ പുതിയ ലോകത്തിൻ്റെ ഭക്ഷ്യവിളകളായ ചോളം, കരിമ്പ്, തക്കാളി, ഉരുളക്കിഴങ്ങ്, മുളക്, കൈതച്ചക്ക, പപ്പായ തുടങ്ങിയ പതിനെട്ടോളം ഉൽപന്നങ്ങൾ മുഗൾ ഇന്ത്യയിൽ കൃഷി ചെയ്യാൻ തുടങ്ങി. പതിനേഴാം നൂറ്റാണ്ടോടെ ചോളം പശ്ചിമേന്ത്യയിലെ പ്രധാന വിളകളിൽ ഒന്നായി മാറി. കാർഷിക മേഖലയിലെ ഉല്പാദനവർദ്ധന ജനസംഖ്യാ വളർച്ചക്ക് വഴിയൊരുക്കി.1600 നും 1800 നും ഇടയ്ക്ക് അഞ്ചുകോടി ജനങ്ങൾ വർദ്ധിച്ചു എന്നതാണു സാമ്പത്തിക ചരിത്രകാരന്മാരുടെ കണക്ക്.

സാമ്പത്തികം

1690 ൽ മുഗൾ ഇന്ത്യയിലൂടെ കടന്നുപോയ ഇറ്റാലിയൻ സഞ്ചാരി ഗിയോവന്നി കരേരി മുഗൾ സാമ്രാജ്യത്തിലെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് വിവരണം നൽക്കുന്നുണ്ട്: “ലോകമെമ്പാടും ചുറ്റി സഞ്ചരിച്ച സ്വർണവും വെള്ളിയും അവസാനം മുഗൾ സാമ്രാജ്യത്തിൽ എത്തിചേരുന്നു …വിദേശ വ്യാപാരത്തിൻ്റെ ഫലമായി അളവില്ലാത്ത സ്വർണവും വെള്ളിയും ഹിന്ദുസ്ഥാനിലെത്തുന്നു.” ധാരാളം വെള്ളി നാണയങ്ങൾ പുറത്തിറക്കാനുള്ള അവസരം ഇത് സൃഷ്ടിച്ചു. സ്വാഭാവികമായും ‘പണ’ത്തിൻ്റെ പ്രചാരം വർദ്ധിക്കുകയും, നികുതി പണമായി പിരിച്ചെടുക്കാനുള്ള മുഗൾ ഗവൺമെൻറിൻ്റെ ആഗ്രഹം സഫലീക്യതമാവുകയും ചെയ്തു.

ജീവിതത്തിൻ്റെ വിവിധ മേഖലകളിൽ – കലകളിലും കരകൗശലങ്ങളിലും സംഗീതത്തിലും ചിത്രമെഴുത്തിലും ഭവനനിർമാണ ശൈലികളും വസ്ത്രധാരണത്തിലും വേഷവിധാനത്തിലും കളികളിലും കായിക വിനോദങ്ങളിലും രണ്ടു സമുദായങ്ങൾ തമ്മിലുള്ള ഈ ഹൃദയൈക്യം ഒരു പുതിയ ഹിന്ദുസ്ഥാനി രീതി സൃഷ്ടിച്ചു. സർ ജോൺ മാർഷൽ ഇതിനെപ്പറ്റി സമുചിതമായി അഭിപ്രായപ്പെട്ടിട്ടുണ്ട്: “ഇത്ര വിശാലവും ഇത്ര സുശക്തമായി വികസിച്ചതും, എന്നാൽ മുഹമ്മദീയമെന്നും ഹൈന്ദവമെന്നും കൂടിക്കലരുന്നതുമായ ഒരു കാഴ്ച മാനവചരിത്രം അപൂർവമായേ കണ്ടിട്ടുള്ളൂ.”

(തുടരും)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Scroll to top