മഹാരാഷ്ട്രയില്‍ കെട്ടിടം തകര്‍ന്നു വീണു, 25 പേരെ രക്ഷപ്പെടുത്തി, 50 ലധികം പേർ കെട്ടിടത്തില്‍ കുടുങ്ങി

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ തിങ്കളാഴ്ച അഞ്ച് നില കെട്ടിടം തകർന്നുവീണു. അന്‍പതോളം പേര്‍ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിരിക്കാമെന്ന് അധികൃതര്‍. 25 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. മുംബൈയിൽ നിന്ന് 170 കിലോമീറ്റർ അകലെ റായ്ഗഡ് ജില്ലയിലെ മഹാദ് നഗരത്തിലാണ് സംഭവം. ജീവാപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

തിങ്കളാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് ‘താരിഖ് ഗാർഡൻ’ കെട്ടിടം തകർന്നതെന്ന് പ്രദേശവാസികൾ പറയുന്നു. റായ്ഗഡിലെ മഹാദ്, ശ്രീവാർധൻ, മംഗാവോൺ ഡിവിഷനുകളിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി എൻ‌ഡി‌ആർ‌എഫ് (ദേശീയ ദുരന്ത പ്രതികരണ സേന) ടീമുകൾക്കൊപ്പം രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.

പത്തു വര്‍ഷം പഴക്കമുള്ള അഞ്ച് നിലകളുള്ള കെട്ടിടത്തിൽ 40 ലധികം അപ്പാർട്ട്മെന്റുകൾ ഉണ്ട്. ആദ്യത്തെ മൂന്ന് നിലകൾ തകർന്നതിനെ തുടർന്ന് താമസക്കാരില്‍ കുറച്ചു പേര്‍ കെട്ടിടത്തിന് പുറത്ത് സുരക്ഷിതമായ സ്ഥലത്തേക്ക് ഓടി രക്ഷപ്പെട്ടതായി റായ്ഗഡ് ജില്ലാ കളക്ടർ നിധി ചൗധരി പറഞ്ഞു.

“ആളുകൾ പുറത്തിറങ്ങിയതോടൊപ്പം കെട്ടിടത്തിന്റെ ആദ്യ മൂന്ന് നിലകൾ തകർന്നു. 15 പേരെ പുറത്തുകൊണ്ടുവരാൻ ഞങ്ങൾക്ക് കഴിഞ്ഞു. പരിക്കേറ്റവരെ സർക്കാർ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്, ”ചൗധരി മാധ്യമങ്ങളോടു പറഞ്ഞു.

തകർന്ന കെട്ടിടത്തിനകത്ത് എത്രപേർ ഉണ്ടായിരുന്നുവെന്ന് കൃത്യമായ വിവരങ്ങൾ ലഭിക്കാൻ പ്രാദേശിക ഭരണകൂടം ശ്രമിക്കുകയാണെന്ന് റായ്ഗഡ് ജില്ലാ രക്ഷാകർതൃ മന്ത്രി അദിതി തത്കരെ പറഞ്ഞു. “ലഭ്യമായ വിവരം അനുസരിച്ച് 47 ഫ്ലാറ്റുകളുള്ള കെട്ടിടത്തിൽ 150 ഓളം പേർ താമസിച്ചിരുന്നു. കെട്ടിടം തകർന്നപ്പോൾ എത്രപേർ ഉണ്ടായിരുന്നുവെന്ന് ഇപ്പോഴും അറിയില്ല, ”തത്കരെ പറഞ്ഞു.

“രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ 25 പേരെ പുറത്തെത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു,” മഹാദ് മുൻ എം‌എൽ‌എ മണിക്റാവു ജജ്താപ് പറഞ്ഞു.

സംസ്ഥാനത്ത് കനത്ത മഴയെത്തുടർന്ന് മഹാരാഷ്ട്രയുടെ പല ഭാഗങ്ങളും വെള്ളപ്പൊക്കം രൂക്ഷമാണ്. പല പ്രദേശങ്ങളിലും വീട് തകർന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇന്ന് (തിങ്കളാഴ്ച), മഹാരാഷ്ട്രയിലെ നാഗ്പൂർ നഗരത്തിൽ 50 വർഷം പഴക്കമുള്ള ഒരു വീട് തകർന്നുവീണ് ഒരാൾ മരിച്ചു, നാല് പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെ 4.40 ഓടെയാണ് സർദാർ ആസാദ് ചൗക്കില്‍ സ്ഥിതി ചെയ്യുന്ന ഇരുനില വീട് തകർന്നതെന്ന് അധികൃതർ അറിയിച്ചു. അഞ്ച് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News