Flash News

ഞണ്ടുകളുടെ നാട്ടിലൂടെ (അദ്ധ്യായം – 4) കണക്കു പുസ്തകം

August 28, 2020 , ജയശങ്കര്‍ പിള്ള

ജയദേവന് ഉറക്കം വന്നില്ല. മുറി ശീതികരിച്ചിട്ടുണ്ട് എങ്കിലും വല്ലാത്ത ഒരു വീർപ്പുമുട്ടൽ. അച്ഛൻ അവസാന സമയങ്ങളിൽ ഉപയോഗിച്ചിരുന്ന മുറിയാണ്. എണ്ണയുടെയും, കുഴമ്പിന്റെയും, ഗന്ധം മുറിയിൽ തങ്ങി നില്‍ക്കുന്നു. കിടക്ക വിരികൾക്കു‌ പോലും പഴമയുടെ ഗന്ധം. പഴയ മരക്കസേരയും, മേശയും, ചില്ലിട്ട മര അലമാരയും തുടച്ചു വൃത്തിയാക്കി സൂക്ഷിച്ചിരിക്കുന്നു. ഭിത്തിയിൽ നിരവധി ഫോട്ടോകൾ ഫ്രെയിം ചെയ്തു വച്ചിരിക്കുന്നു. അതിൽ കെ കരുണാകരൻ, എം എൽ ജേക്കബ്, ടി ഓ ബാവ, വീരേന്ദ്രകുമാർ അങ്ങിനെ കർഷക കോണ്‍ഗ്രസ് നേതാവ് ടി എം ജേക്കബ് വരെ എത്തി നിൽക്കുന്ന കളർ ഫോട്ടോ വരെ ഉണ്ട്. ആരോ വരച്ചു നൽകിയ അച്ഛന്റെയും,അമ്മയുടെയും വലിയൊരു ഫോട്ടോയ്ക്ക് മുന്നിൽ, വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഒരു തിരിനാളം മിന്നി കത്തുന്നു. അതിനടുത്തായി ഇരട്ട വാലൻ ഞറുക്കിയ ഒരു പഴയ കുടുംബ ഫോട്ടോ. അതിൽ അമ്മൂമ്മയും, അപ്പൂപ്പനും, ദേവനടക്കം അഞ്ചു മക്കളും, അമ്മയും അച്ഛനും. ദേവൻ ആ ഫോട്ടോയിൽ മെല്ലെ സ്പർശിച്ചു. എത്ര നല്ല കുടുംബം. എല്ലാവരും ഒറ്റ ഫെയ്മില്‍.

ദേവനന്നു 10 വയസ്സു കാണും. മൂത്ത ജേഷ്ഠൻ സോമൻ പിള്ള കോഴിക്കോട് നിന്നു എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞു മദ്രാസ് റയിൽവേയിൽ ജോലി ചെയ്യുന്ന സമയം ആണ്. സോമൻ പിള്ള അവധിക്ക് നാട്ടിൽ വന്നപ്പോൾ കരുണ സ്റ്റുഡിയോവിലെ കരുണൻ ചേട്ടൻ എടുത്ത ചിത്രം തലസ്ഥാനത്തു മെഡിക്കൽ വിദ്യാഭ്യാസം ചെയ്യുന്ന മൂത്ത ഓപ്പോളും, ഓപ്പോളിന്റെ ടീച്ചർ ആകാൻ പഠിക്കുന്ന ഇളയ സഹോദരിയും അന്ന് അവധിക്ക് വന്നിരുന്നു. വീട്ടിൽ സദ്യ വട്ടവും തിരക്കും. അമ്മാവന്മാരും, അമ്മായിമാരും, ചിറ്റപ്പന്മാരും ഒക്കെ വന്നു പൊയ്ക്കൊണ്ടിരുന്നു. ആദ്യമൊന്നും ദേവന് ഈ തിരക്ക് കൂട്ടലുകൾ എന്താണെന്ന് മനസ്സിലായില്ല. അടുക്കളപ്പണിയൊക്കെ ഒതുക്കി ദേവകി തുണികൾ അലക്കുവാൻ കടവിലേക്ക്‌ പോയി. ഓപ്പോളിനൊപ്പം പുഴയിലെ ആമ്പൽ പൂക്കളെ പൊട്ടിച്ചെടുക്കുമ്പോഴാണ് ദേവകി അത് പറഞ്ഞത്.

“ഇനിയിപ്പോ വല്യേട്ടനൊപ്പം കൊച്ചുമോനും പേർഷ്യയ്ക്കു പോകുമായിരിക്കും അല്ലെ !”

“പേർഷ്യയോ..അതെവിടാ?” ദേവന് അത് ആദ്യ അറിവായിരുന്നു.

“പേർഷ്യയിൽ നിന്നാണ് സെന്റും, വാസന സോപ്പും, സ്വർണ്ണവും ഉണ്ടാക്കുന്നെ”

ഓ .. ഈ ദേവകിയ്ക്കു എന്തെല്ലാം അറിയാം ദേവന് അതിശയം തോന്നി.

ദേവകി ഇളയ സഹോദരി ശ്രീകുട്ടിയോട് എന്തെല്ലാമോ പറഞ്ഞു ചിരിച്ചു. ദേവകിയുടെ മാംസളമായ ശരീര ഭാഗം തുണി ഉലയ്ക്കുന്നതിനു ഒപ്പം ഉലഞ്ഞു കൊണ്ടേ ഇരുന്നു.

ദേവൻ ചില്ലലമാര തുറന്നു അടുക്കി വച്ചിരിക്കുന്ന കട്ടിയുള്ള കണക്കു പുസ്തകങ്ങളിലേക്ക് കണ്ണോടിച്ചു. 1950 നു ശേഷം ഉള്ള നിരവധി ഡയറികളും, കണക്കു രജിസ്റ്ററുകളും. ദേവന് അതിശയം തോന്നി. അച്ഛൻ കിടപ്പായ സമയത്തു അന്നന്നുള്ള വരവ് ചെലവ് കണക്കുകൾ കടലാസിൽ എഴുതി കൊടുത്തിരുന്നു. അത് ഇത്രയും വെടിപ്പായി അച്ഛൻ സൂക്ഷിച്ചിരുന്നോ?

മൂലമറ്റത്ത് പവ്വർ സ്റ്റേഷന്റെ രണ്ടാം ഘട്ട നിർമ്മാണത്തിലും, വൈറ്റിലയിൽ വൈദ്യുതി കാലുകൾ കോൺക്രീറ്റിൽ നിർമ്മിക്കുന്ന കാലത്തും ഒക്കെ അച്ഛന്റെ ഒപ്പം സൈറ്റിൽ പോയ ഓർമയുണ്ട്. 70 കളിലെ കണക്കു പുസ്തകങ്ങൾ പിന്നീട് കാലം മുന്നോട്ട് പോകുമ്പോൾ പുസ്തകങ്ങൾ ചെറുതായി വന്നിരിക്കുന്നു. ശരിയാണ് 80 കളുടെ പകുതിയിൽ കോണ്ട്രാക്റ്റ് പണികൾ എല്ലാം ഉപേക്ഷിച്ചു അധ്യാപക പെൻഷനും, ഗൾഫിൽ നിന്നും സോമൻ പിള്ള അയക്കുന്ന ഡ്രാഫ്റ്റും ആശ്രയിച്ചു കഴിയുന്ന ഒരു വ്യക്തി ആയി മാറി കഴിഞ്ഞിരുന്നു അച്ഛൻ. കാർഷിക വിഭവങ്ങളിൽ നിന്നും അധിക വരുമാനം ഇല്ല. അമ്മയുടെ ശമ്പളം മക്കളുടെ പഠിപ്പും വിവാഹ ആവശ്യത്തിനും മാറ്റി വയ്ക്കുന്നു.

തെറ്റാണ് എന്നറിഞ്ഞിട്ടും അച്ഛന്റെ ഡയറി എഴുത്തുകൾ വായിക്കുന്നത് രസകരമായി തോന്നി. നല്ല വടിവൊത്ത അക്ഷരങ്ങൾ. ചുരുക്കു എഴുത്തുകൾ. തറവാട്ടിൽ വന്നു പോയവരുടെ, വിവരങ്ങൾ. കോൺട്രാക്ട് പണികളിൽ നേരിടുന്ന പ്രശ്നങ്ങൾ. ചില ഡയറിയുടെ പുറം ചട്ടകൾ ഇളകി തുടങ്ങിയിരിക്കുന്നു. അവയുടെ താളുകൾ മടങ്ങി ചുരുണ്ടിരിക്കുന്നു. ജയദേവന്‍ അലമാരിയിൽ നിന്നും ഡയറികൾ എടുത്തു മേശപ്പുറത്തു വച്ച് വെറുതെ മറിച്ചു നോക്കി. പ്രജാമണ്ഡല രാഷ്ട്രീയവും, കോണ്‍ഗ്രസ് രാഷ്ട്രീയവും ഒക്കെ വിശദമായി എഴുതിയിരിക്കുന്നു.

വർക്ക് സൈറ്റിൽ നിന്നും വരുന്ന അച്ഛനെ കാണുവാൻ ബന്ധുക്കളും ,ചില അടുത്ത സുഹൃത്തുക്കളും ഒക്കെ എത്താറുണ്ടായിരുന്നു. ചെസ്സ് കളിയിൽ പ്രഗത്ഭൻ ആയതുകൊണ്ട് പടിഞ്ഞാറേ തൊടിയിൽ ഒരു ചെറിയ വട്ട മേശയും, കസേരയും ഇട്ടു ഇവരുമായി രാവിലെ പതിനൊന്നു മണിയുടെ ഇരിക്കും. ചെസ്സ് കളി നീണ്ടു പോകുമ്പോൾ ‘അമ്മ മുറുമുറുപ്പോടെ കോലായിലും മുറികളിലും എന്തെല്ലാമോ ചെയ്തുകൊണ്ടിരുന്നു. ദേവകി കുപ്പി ഗ്ലാസുകളും, വെള്ളവും ഒക്കെ ആയി ഇടയ്ക്കു തൊടിയിലേക്ക് പോകുന്നത് കാണാം.

വൈകിട്ട് നാല് മാണി വരെ ഈ ചതുരംഗ കളി തുടർന്ന് കൊണ്ടേ ഇരിയ്ക്കും. പിന്നീട് അകത്തെ മുറിയിൽ അമ്മയുടെ ദേഷ്യവും, അച്ഛന്റെ ശകാരവും ഒക്കെ മുഴങ്ങുന്നത് പല തവണ ദേവൻ കേട്ടിരിക്കുന്നു. അഞ്ചു മണി കഴിയുമ്പോൾ ദേവകി ദേവനെയും ശ്രീകുട്ടിയെയും മേൽ കഴുകി ഉടുപ്പ്ഇടുവിച്ചു കാണും. നല്ല പുളിയിലക്കര സെറ്റു ഉടുത്തു അമ്മയും, ഖദർ വേഷ ധാരിയായി അച്ഛനും തയ്യാറായി വരും. കുടുംബ ക്ഷേത്രത്തിൽ പോകാനുള്ള തയ്യാറെടുപ്പാണ് എന്ന് ദേവനറിയാം.

ഒരു കിലോമീറ്റർ വയലിലൂടെ നടന്നാൽ കുടുംബ ക്ഷേത്രം ആണ്. മഴക്കാലത്തു ചെളി നിറഞ്ഞ അല്പം വീതിയുള്ള വരമ്പ്. വേനൽക്കാലത്തു ശരം വിട്ടതുപോലെ ദേവനും ദേവിയും മുൻപേ ഓടിയിട്ടുണ്ടാകും.

ക്ഷേത്രത്തിലെ അടിച്ചു തളിക്കാരി “കാളിത്തള്ള ” പല്ലു പോയ മോണ കാട്ടി നടുവിന് കൈ ഊന്നി കൊച്ചുമോനെയും, മോളെയും ക്ഷേത്ര മുറ്റത്തേക്ക് ചിരിച്ചു ആനയിക്കും.

കുടുംബ ക്ഷേത്രത്തിനു കിഴക്കേ പുറത്താണ് അമ്മയുടെ തറവാട്. തറവാട്ടിൽ അമ്മൂമ്മയും, അപ്പൂപ്പനും, ചിറ്റമ്മയും, കൊച്ചച്ഛനും, ദേവന്റെ സമപ്രായക്കാർ ആയ നാല് കുട്ടികളും. അവിടെ ദേവന്റെ സ്വർഗ്ഗരാജ്യം ആണ്. ക്ഷേത്രത്തിൽ തൊഴുതു കഴിഞ്ഞാൽ പിന്നെ അമ്മയുടെ തറവാട്ടിലേക്ക് ഓട്ടം ആണ്. അമ്മയുമച്ഛനും തറവാടിന് പരിസരത്തുള്ള അമ്മാവന്മാർ ഇളയച്ഛന്മാരുടെ ഒക്കെ വീട്ടിൽ പോകും. അവർ തിരികെ വരുന്നത് വരെ ശ്രീകുട്ടിയും, ദേവനും തറവാട് ഇളക്കി മറിയ്ക്കും. അപ്പൂപ്പൻ നാരായണ പിള്ള നന്നേ ചടച്ചിട്ടാണ്. വാർധക്യസഹജമായ ആസ്മയും, വാതവും ഒക്കെ ഉണ്ടെങ്കിലും കുട്ടികളെ കാണുമ്പോൾ ചായ്‌പിൽ വന്ന് ഇരിക്കും. അമ്മാമ്മ (അമ്മൂമ്മ ) കാവിലമ്മയുടെ അടുത്ത കാലത്തുണ്ടായ ദര്‍ശനത്തിന്റെയും വരുത്തൂ പോക്കുകളുടെയും കഥകൾ പറഞ്ഞു കൊണ്ടേ ഇരിക്കും. ഉള്ളിൽ ഭീതി പരത്തിയ ഈ കഥകൾ കേട്ട് അത്താഴ പൂജ കഴിഞ്ഞു നിശ്ശബ്ദമായ കാവും പരിസരവും ദേവനിൽ ഭീതി ഉണർത്തിയിരുന്നു.

ഡയറികളിലൂടെ ഊളിയിട്ടിറങ്ങിയ ജയദേവന് ആദ്യമായി അച്ഛന്റെ രാഷ്ട്രീയത്തിൽ സംശയവും, കൗതുകവും തോന്നി. “1977 മാർച്ച് 27 ശ്രീമതി ഇന്ദിരാ ഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. പിന്നീട് മുന്നോട്ടുള്ള പേജുകളിൽ കോണ്ട്രാക്റ്റ് സൈറ്റിലെ തൊഴിലാളി പ്രശ്നങ്ങളും, ചിലർ പിള്ളയെ കാണുവാൻ വന്നതും ചർച്ചകളും ആണ്. കൊട്ടാരത്തിൽ മാത്യു, പുറത്തേത്തു രാജൻ, ചെറുതോട്ടിൽ ജോസ് (പേരും വീട്ടുപേരും സാങ്കല്പികം) എന്നിവർ വന്നു. പണി നിറുത്തുവാൻ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് പ്രഖ്യാപിച്ച അടിയന്തിരാവസ്ഥയിൽ അനുകൂല നിലപാട് എടുക്കണം. ചർച്ചകൾ ഫലം കണ്ടില്ല. നിരവധി പേടിപ്പെടുത്തുന്ന എഴുത്തുകൾ കണ്ടു ജയദേവന് ആദ്യം അതിശയം തോന്നി. ഇത്രയേറെ ഭീഷണികൾ അച്ഛൻ നേരിട്ടിരുന്നുവോ?!

ഏപ്രിൽ 10 – കുട്ടന്റെ കടയിൽ നിന്നും ചെസ്സ് കളി കഴിഞ്ഞു വരുന്ന വഴിയിൽ ശങ്കുണ്ണിയുടെ ചായക്കടയുടെ സമീപം വച്ച് അവർ വഴിയിൽ തടഞ്ഞു. ഇരുട്ടിൽ മൂന്ന് മുഖങ്ങൾ വ്യക്തമായി. ആയുധം എടുത്തപ്പോൾ അവർ ഓടി മറഞ്ഞു.

ജയദേവൻ ഓർത്തു ആരായിരിക്കും ഇവർ, എന്തായിരിക്കും ഉണ്ടായത്‌. ?

ഏപ്രിൽ 14 -വിഷുകൈനീട്ടം നൽകി. ചെലവ് : ….. ക
രാത്രി ചർച്ചകൾക്കായി അവർ വന്നു. വിഷു ആഘോഷിക്കുവാൻ അവർ ഡോക്ടേഴ്സ് ബ്രാണ്ടി കൊണ്ടുവന്നിരുന്നു. പടിഞ്ഞാറേ തിണ്ണയിൽ അരമതിലിലും, കസേരയിലും ആയി അവർ ഇരുന്നു ചെസ്സ് കളി തുടങ്ങി. ഉന്തും തല്ലും ബഹളവും കേട്ട് സാവിത്രി ഇറങ്ങി വന്നു. ദേവകിയോടു അടുപ്പത്ത് ചായക്ക് വെള്ളം വെയ്ക്കാന്‍ പറഞ്ഞു. ആദ്യത്തെ രണ്ടു കളികളിൽ അവർക്കു ചെക്ക് നൽകി. പൊടുന്നനെ മാത്യുവും, രാജനും കടന്നു പിടിച്ചു. ഉന്തും തളളും ആയി. ഇരുന്ന സ്റ്റൂൾ എടുത്തു രാജന്റെ തലയ്ക്കടിച്ചു. സാവിത്രി ചായയ്ക്ക് തിളപ്പിയ്ക്കാൻ വച്ച വെള്ളം രാജന്റെയും, മാത്യു വിന്റേയും നേരെ ഒഴിച്ചു. പൊള്ളലേറ്റ അവർ ഓടി മറഞ്ഞു. കലി പൂണ്ട സാവിത്രി ചെസ്സ് കട്ടകളും, ബോർഡും, മദ്യവും ഗ്ലാസും മുറ്റത്തേക്ക് വലിച്ചെറിഞ്ഞു.

അതിശയവും, ഉദ്വേഗവും ജനിപ്പിച്ച ഈ എഴുത്തുകൾ ദേവനെ വല്ലാതെ വ്യാകുലൻ ആക്കി. എന്തായിരിക്കും സംഭവിച്ചത്. ഇവരിൽ രണ്ടു പേർ ഇന്നും മരണം കാത്തു കിടപ്പാണ്.

അടിയന്തിരാവസ്ഥ കാലത്തു സ്വന്തം പാർട്ടിയിൽ ഉള്ളവർ തന്നെ വേട്ടയാടിയ സംഭവങ്ങൾ പഞ്ചായത്തു തെരഞ്ഞെടുപ്പ് കാലത്തു അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ അച്ഛൻ സ്വതന്ത്ര സ്ഥാനാർത്ഥി ആയിരുന്നു. സി പൗലോസ് പിറവം മണ്ഡലത്തിൽ സതന്ത്രൻ ആയി മത്സരിക്കുമ്പോൾ അദ്ദേഹത്തിന്റെ വലംകൈ ആയിരുന്നു. പിന്നീട് കർഷക കോണ്‍ഗ്രസ് പിറവം കൈയ്യടക്കുമ്പോഴും, അച്ഛന്റെ രാഷ്ട്രീയത്തിൽ മാറ്റം വ്യക്തമായിരുന്നു.

ജയദേവൻ ആ ഡയറി നെഞ്ചോടു ചേർത്ത് വച്ച് അച്ഛൻ ഉപയോഗിച്ചിരുന്ന മെത്തയിൽ കിടന്നു. കണ്ണുകൾ അടഞ്ഞു വരുമ്പോൾ അധ്യാപിക ആയ അമ്മയുടെ ധൈര്യവും, കൂട്ടം ചേർന്ന് ആക്രമിക്കപ്പെട്ടപ്പോൾ ഉള്ള അച്ഛന്റെ നിസ്സഹായതയും മനസ്സിൽ മിന്നിമറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top