Flash News

കേരള സെക്രട്ടേറിയറ്റ് പാർട്ടി ഗ്രാമം പോലെ : കുമ്മനം രാജശേഖരൻ

August 26, 2020 , പ്രസ് റിലീസ്

തിരുവനന്തപുരം : ദുരൂഹതകളുടെയും ഉപജാവകവൃത്തിയുടെയും ദുർഗന്ധം വമിക്കുന്ന മാലിന്യ നിക്ഷേപ കേന്ദ്രമായി കേരള സെക്രട്ടേറിയറ്റ് മാറിയിരിക്കുന്നുവെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു.

നാണംകെട്ട സാമ്പത്തിക ഇടപാടുകളുടെയും അഴിമതികളുടെയും വിഴുപ്പുഭാണ്ഡങ്ങളുമായാണ് ഭരണകർത്താക്കൾ ഈ ഭരണ സിരാകേന്ദ്രത്തിൽ വിളയാടുന്നത്.

ഓരോ വകുപ്പുകളിലുമുള്ള ഫയലുകളിൽ സിപിഎമ്മിനുള്ള ദുഃസ്വാധീനം എത്രത്തോളമുണ്ടെന്നുള്ളതിന്റെ തെളിവുകൾ ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നു. പൊതുഭരണവകുപ്പിലെ പൊളിറ്റിക്കൽ സെക്‌ഷനിലുള്ള പ്രോട്ടോക്കോൾ വിഭാഗം കഴിഞ്ഞ നാലു വർഷമായി സിപിഎമ്മിന്റെ പിടിയിലാണ്. സിപിഎം യൂണിയന്റെ കടുത്ത സജീവ പ്രവർത്തകരെ മാത്രമേ ഈ വിഭാഗത്തിൽ നിയമിച്ചിട്ടുള്ളു. കഴിഞ്ഞ സർക്കാരിന്റെ കാലത്തു പ്രവർത്തിച്ചിരുന്ന എല്ലാ സ്റ്റാഫിനെയും മലബാർ പ്രദേശത്തേക്ക് നാട് കടത്തി. സിപിഎമ്മുകാരല്ലെന്ന കാരണത്താൽ ആറിലേറെ പ്രാവശ്യം വിവിധ സ്ഥലങ്ങളിലേക്ക് നിരവധി പേരെ സ്ഥലം മാറ്റിയിട്ടുണ്ട്.

കണ്ണൂരിലെ പാർട്ടി ഗ്രാമം പോലെ സെക്രട്ടേറിയറ്റിനെ കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് സിപിഎമ്മിന്റെ വരുതിയിലാക്കി. ചീഫ് പ്രോട്ടോക്കോൾ ഓഫീസറായ ഷൈൻ അബ്ദുൽ ഹക്കിനെതിരെ വളരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നതിനെത്തുടർന്ന് സ്ഥലം മാറ്റിയെങ്കിലും വീണ്ടും തൽസ്ഥാനത്തു നിയമിച്ചു. ഭാര്യ രഹ്‌ന വഖഫ് ബോർഡിന്റെ അഡ്വൈസറായി ചുമതലയേറ്റു. അതുവഴി മന്ത്രി കെ.ടി ജലീലിന്റെ വകുപ്പ് പ്രോട്ടോക്കോൾ വിഭാഗവുമായി നല്ല ബന്ധത്തിലായി. വിവിധ ഉദ്യോഗസ്ഥന്മാരും മന്ത്രിമാരും മറ്റും നടത്തുന്ന എല്ലാ വിദേശ യാത്രകളുടെയും പ്രധാനപ്പെട്ട രേഖകൾ ഉള്ള ഫയലുകളിലാണ് തീ പിടുത്തം ഉണ്ടായിരിക്കുന്നത്.

സിപിഎം യൂണിയന്റെ ഉന്നത നേതാവായ ഹണി ഹൗസ് കീപ്പിംഗിന്റെ ചുമതലക്കാരൻ എന്ന നിലയിൽ നടത്തിയിട്ടുള്ള പർച്ചേസ് പണമിടപാടുകളെല്ലാം സംശയത്തിന്റെ നിഴലിലാണ്. സെക്രട്ടേറിയറ്റിലെ സഹകരണ സംഘം നിയന്ത്രിക്കുന്ന സിപിഎം നാളിതുവരെ നേതാക്കൾ നടത്തിയ ബാങ്കിടപാടുകളെക്കുറിച്ചും നിക്ഷേപത്തെക്കുറിച്ചും അറിയില്ലെന്ന് പറയാൻ കഴിയുമോ ?

സെക്രട്ടേറിയറ്റ് സിപിഎമ്മിന്റെ ചെങ്കോട്ടയാക്കി മാറ്റിയതുമൂലം ഇരുമ്പു മറയ്ക്കുള്ളിൽ നടക്കുന്നതൊന്നും പുറത്തറിയരുതെന്ന് നേതാക്കൾ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഫയലുകൾ കത്തിയ വിവരമറിഞ്ഞ് സെക്രട്ടറിയറ്റിൽ എത്തിയ ബിജെപി നേതാക്കളെയും മാധ്യമ പ്രവർത്തകരെയും ബലമായി പോലീസും ചീഫ് സെക്രട്ടറിയും ചേർന്ന് പുറത്താക്കിയത്.

എന്ത് സംഭവിച്ചുവെന്ന് സ്വാഭാവികമായും മാധ്യമങ്ങളോട് വിശദീകരിച്ചു കൊടുക്കേണ്ട ചീഫ് സെക്രട്ടറി സിപിഎം യൂണിയൻ നേതാവിന്റെ റോളിലേക്ക് മാറി അസഹിഷ്ണുതാപരമായി പെരുമാറി. എന്തോ സെക്രട്ടറിയേറ്റിൽ ചീഞ്ഞു നാറുന്നു എന്ന് വ്യക്തം.

സമഗ്രമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ പുറത്തു കൊണ്ടുവരാൻ ഉത്തരവാദിത്തപ്പെട്ട ജനകീയ പ്രസ്ഥാനങ്ങൾ രംഗത്തു വരണമെന്ന് അഭ്യർത്ഥിക്കുന്നതായി അദ്ദേഹം പ്രസ്താവിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top