Flash News

ഞണ്ടുകളുടെ നാട്ടിലൂടെ (അദ്ധ്യായം – 5) നെരിപ്പോട്

August 31, 2020 , ജയശങ്കര്‍ പിള്ള

വാതിലിൽ തട്ടുന്ന ശബ്ദം കേട്ടാണ് ജയദേവൻ ഉണർന്നതു. ചില്ലു ജാലകത്തിലൂടെ സൂര്യ പ്രകാശം കടന്നു വരുന്നു. തലയ്ക്കു വല്ലാത്ത ഭാരം. മുറ്റത്തു ആരോ ചൂലുകൊണ്ടു വരയ്ക്കുന്ന ശബ്ദം. ഭിത്തിയിൽ ആട്ടം നിലച്ച പഴയ പെൻഡുലം ക്ളോക്ക്. ഇന്നലെ രാത്രിയിൽ വായിച്ചു വച്ച ഡയറി മെത്തയിൽ നിന്ന് താഴെ വീണിരിക്കുന്നു. വീണ്ടും ഓപ്പോൾ വന്നു കതകിൽ തട്ടുന്നു.

“ദേവാ നീ എഴുന്നേറ്റില്ലേ ?!”

എഴുന്നേറ്റിട്ടു എന്ത് ചെയ്യാൻ എന്ന് ചോദിക്കണമെന്നു തോന്നി.

എഴുന്നേറ്റു ചെന്ന് ജനൽ പാളികൾ തുറന്നു. ജന്നലിന്റെ കൊളുത്തുകളിൽ തുരുമ്പു പിടിച്ചിരിക്കുന്നു. പുറത്തു മാറാല കൂടു കൂട്ടിയിരിയ്ക്കുന്നു. സോമൻ പിള്ള നീളമുള്ള കമ്പി ചൂൽ കൊണ്ട് മുറ്റത്തുള്ള ചപ്പു ചവറുകൾ വലിച്ചു കൂട്ടുന്നു. മുറ്റത്തു അങ്ങിങ്ങായി മുത്തങ്ങ പുല്ലു തഴച്ചു വളരുന്നു. വര്‍ഷങ്ങള്‍ക്കു മുൻപ് ഈ മുറ്റം കാണുവാൻ എത്ര ഭംഗി ആയിരുന്നു. സ്വർണ്ണ നിറമുള്ള മുഴുത്ത ചരൽ വിരിച്ച മുറ്റം. ചുറ്റും കല്ല് കെട്ടി, ഇളം മഞ്ഞ നിറം പൂശിയ മുറ്റത്തിന്റെ കല്‍ക്കെട്ടുകൾ പൊട്ടി പൊളിഞ്ഞു പൂപ്പൽ പിടിച്ചിരിയ്ക്കുന്നു. അതിരാവിലെ പശുക്കളെ കറക്കുന്നതിനു പുരുഷൻ സൈക്കിളിൽ എത്തുമ്പോൾ ദേവകി മുറ്റം തൂത്തു കഴിയാറായിരിക്കും. റ ആകൃതിയിൽ മുറ്റത്തു ചിത്രപ്പണി നടത്തി ദേവകി മുന്നോട്ടും പിന്നോട്ടും കുനിഞ്ഞു നടക്കുമ്പോൾ കാണാൻ എന്ത് ചന്തമായിരുന്നു. ജയദേവന്റെ കൗമാര പ്രായത്തിൽ എത്രയോ തവണ ദേവകിയുടെ അംഗ ലാവണ്യവും ഈ താളാത്മകമായ ചലനം നോക്കി നിന്നിരിക്കുന്നു. മുറ്റത്തു വീണ ചപ്പ് ചവറുകൾ പിറകിൽ ഉള്ള കോട്ട മാവിന്റെ ചുവട്ടിൽ തൂത്തു കൂട്ടും സന്ധ്യക്ക്‌ ‘അമ്മ വിളക്ക് കൊളുത്തുന്നതിനു മുൻപേ, ദേവകി ഈ ചവറു കൂനയ്ക്കു തീ കൊളുത്തി കുപ്പയുടെ പുകയും ചൂടും തൊഴുത്തിൽ നിൽക്കുന്ന പശുക്കൾക്ക് എത്തിയ്ക്കും. തൊഴുത്തിൽ ലക്ഷ്മിയും, കല്യാണിയും, സുന്ദരിയും മൂന്നു പശുക്കൾ. തൊഴുത്തിനോട് ചേർന്നുള്ള ചായ്‌പിൽ ആണ് പത്തായങ്ങൾ ഇരിയ്ക്കുന്നു അടുത്തുള്ള ചെറിയ മുറിയിൽ, എലാ ബോർഡ് (കൃഷിഭവൻ) നിന്നും വാങ്ങിയ സ്‌പ്രെയർ, കീടനാശിനികൾ, രാസവളം, എല്ലുപൊടി, പത്തായപ്പുരയിൽ തന്നെ ആണ് പശുക്കൾക്കു ഉള്ള കാലിത്തീറ്റയും, പോഷക മരുന്നുകളും. പത്തായ പുരയിൽ മൂന്ന് പത്തായങ്ങൾ ആണ് അടുത്ത വർഷത്തേക്കുള്ള നെൽ വിത്തുകൾ പുഴുങ്ങി ഉണങ്ങിയ നെല്ല്, മില്ലിൽ കുത്തി എടുത്ത നല്ല ചെമ്പാവ് അരി, മകര കൊയ്ത്തു കഴിഞ്ഞു വേനൽക്കാല വിളവായ വൻപയർ, ചെറുപയർ, എള്ള്, പിന്നെ വലിയ ഒരു ഉപ്പു മാങ്ങാ ഭരണി.

അച്ഛന്റെ മുറിയിൽ നിന്നും തറവാട്ടിലേക്കുള്ള വഴിയും, കടവും, എരിത്തിലും, പത്തായപുരയും എല്ലാം കാണാം. വീടിനു പുറത്തേയ്ക്കു അല്പം തള്ളി പണിത്തിരിയ്ക്കുന്ന ഈ മുറിയിൽ ഇരുന്നാൽ പൂമുഖത്തു വരുന്നവരെ വരെ കാണുവാൻ കഴിയും. നാല് തൂണുകളെ ബന്ധിപ്പിച്ചു ജനാലകളും വാതിലുകളും ചേർത്ത് പണിതത് പോലുണ്ട്.

ജയദേവൻ വാഷ്‌റൂമിൽ നിന്നും തോർത്തും എടുത്തു പുറത്തേയ്ക്കു ഇറങ്ങി. കഴിഞ്ഞ നാല് ദിവസമായി ഷവറിൽ ആണ് കുളി ഇന്ന് പുഴയിൽ ഒന്ന് മുങ്ങി കുളിയ്ക്കണം. കൈലി അഴിച്ചു കടവിൽ വച്ച് ചുട്ടി തോർത്തും ചുറ്റി പുഴയിലെ വെള്ളത്തിൽ ഒന്ന് കൈ തൊട്ടു നോക്കി. വല്ലാത്ത തണുപ്പ്. സമയം ഒൻപതു കഴിഞ്ഞു എന്ന് തോന്നുന്നു. കടവിൽ നിന്നാൽ പടിഞ്ഞാറേ പുറത്തുള്ള പാടിവട്ടത്തു മന കാണാം. മനയുടെ ചുറ്റും നിരവധി വില്ലകൾ. നല്ല ചുവപ്പു ഓടുകൾ പാകിയ മണി മന്ദിരങ്ങൾ. ഭൂപരിഷ്കരണ നിയമം വന്ന കാലത്തു കുടികിടപ്പു അവകാശം പോലും നൽകാതിരുന്ന തിരുമേനിയുടെ വലിയ ഭൂപ്രദേശം ഇന്ന് നിരവധി വില്ലകൾ കൊണ്ട് സമൃദ്ധം ആയിരിക്കുന്നു. തിരുമേനി പാടത്തു കാവിലെ ശാന്തി ആയിരുന്നു, സുന്ദരനും ദൃഢ ഗാത്രനും. ആത്തോല നന്നേ ശോഷിച്ചു ജനാധിപത്യ ഭരണത്തിൽ ബ്രാഹ്മണ കുടുംബങ്ങളിൽ സംഭവിച്ച തകർച്ചയുടെ ബാക്കി പത്രം. ദേവന് അഞ്ചോ, ആറോ വയസ്സുള്ളപ്പോൾ മനയുടെ മുറ്റത്തു സ്ഥലത്തെ പ്രമാണിമാർ ആയ നമ്പൂതിരിമാരും, നായന്മാരും, പണിക്കർ, കുറുപ്പ് ,നമ്പ്യാർ എന്നിവർ ഒത്തു കൂടിയത് ഓർക്കുന്നു. അന്ന് വലിയ ഒച്ചപ്പാടും ബഹളവും ഒക്കെ ആയിരുന്നു. അമ്മയും ദേവകിയും അടുക്കളയിൽ അടക്കം പറഞ്ഞത് ദേവന് ഓർമ്മവന്നു. തിരുമേനിയെ ക്ഷേത്രത്തിൽ നിന്നും പുറത്താക്കി. ഇപ്പോൾ ക്ഷേത്ര ഭരണം പൊതു ജനങൾക്ക് ആണ്. മനയുടെ വക ക്ഷേത്രവും, ക്ഷേത്രഭൂമിയും, കമ്മിറ്റിക്കാർക്കു ആണ്. ജാനാധിപത്യം നേരിൽ കണ്ടത് അങ്ങിനെ എഴുപതുകളുടെ ആദ്യ പകുതിയിൽ ആണ്.

പിന്നീട് വലിയൊരു സ്റ്റീൽ തൂക്കു പാത്രത്തിൽ പാലുമായി മിൽമയുടെ വരിയിൽ നിൽക്കുന്ന തിരുമേനിയും ദേവനും കൂട്ടുകാർ ആയി. പത്താം തരം ഓണ പരീക്ഷയുടെ റിസൽട്ട് വരുന്നത് വരെ ദേവനും തിരുമേനിയും ഒരുമിച്ചു മിൽമയിൽ പോയി വന്നു. പിന്നീട് ചെറിയ വേതനം കൈപറ്റി തിരുമേനി പശു കറവയും, പാൽ വില്പനയും ഏറ്റെടുത്തു. രാവിലെ പാൽ കച്ചവടം കഴിഞ്ഞാൽ തിരുമേനി പശുക്കളും ആയി പുഴവക്കത്തു കാണും. പുഴയിലെ ആമ്പൽ, കണ്ടൽ എന്നിവ പറിച്ചു പശ്ക്കൾക്കു ഭക്ഷണം ആയി നൽകും. പുഴയിൽ കുളിയും, അലക്കും ആയി വരുന്ന കോളനിയിലെ സ്ത്രീജനങ്ങളും ആയി സല്ലപിച്ചു തിരുമേനി സുവർണ്ണ കാല ഓർമ്മകളിൽ നീരാടി.

തിരുമേനിയുടെ അനിയൻ തിരുമേനി ആണ് തറവാട്ടു മനയിൽ താമസം. ശ്രീ പൂർണ്ണത്രയേശനിൽ സർവവും അർപ്പിച്ചു കഴിയുന്ന തിരുമേനിയുടെ ആത്തോൽ, അമ്മയുടെ ഒപ്പം സ്‌കൂളിൽ ടീച്ചർ ആണ്. ചന്ദനക്കുറിയും, ചുവന്ന വട്ട പൊട്ടും, തുളസിക്കതീരും ചൂടിയ ആതോലെ കാണുമ്പോൾ പലപ്പോഴും വഴി ഒഴിഞ്ഞു കൊടുത്ത് മാറി നിന്നതു ജയദേവൻ ഓർത്തു.

പുഴയിൽ കുളി കഴിഞ്ഞു കയറിയ ജയദേവൻ വരവേറ്റതു പരമേശ്വരൻ നായർ ആണ്.

“അല്ല ഇത് വരെ റെഡി ആയില്ലേ. അതോ കാര്യങ്ങൾ എല്ലാം മറന്നോ?”

“ദേവൻ ചോദ്യരൂപത്തിൽ നായരെ നോക്കി.”

“ങാ, കൊള്ളാം. ഇന്നലെ പറഞ്ഞെതെല്ലാം മറന്നോ? ഞാൻ ഇതാ കാറും ആയാ വന്നത്. പഞ്ചായത്തിലും, വില്ലേജിലും ഒക്കെ പോകണ്ടേ ? പിന്നെ ചോറ്റാനിക്കര ഉള്ള ഏതോ ഡോക്ടറെ കാണാൻ എന്ന് പറഞ്ഞത് മറന്നോ?”

നായർ അർത്ഥഗര്‍ഭമായി ഒന്ന് കളിയാക്കി ചിരിച്ചു.

ദേവന്റെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി. ഇന്നലെ മദ്യത്തിന്റെ ലഹരിയിൽ താൻ എന്തെല്ലാം ആണ് പറഞ്ഞത്? പരമേശ്വരൻ നായർ എല്ലാം അറിഞ്ഞ മട്ടുണ്ട്. നായരുടെ മുഖത്തുള്ള കള്ളച്ചിരി ദേവൻ വായിച്ചറിഞ്ഞു.

“ഓ അതിന്നലെ കഴിയ്ക്കാതെ ഇരുന്നു കഴിച്ചപ്പോൾ എന്തോ പറഞ്ഞത് അല്ലെ?”

സംസാരിച്ചു, സംസാരിച്ചു അവർ പൂമുഖത്തു എത്തിയിരുന്നു. ഓപ്പോളും അളിയനും ചേട്ടനും പ്രാതൽ ഒരുക്കി കാത്തിരിക്കുന്നു.

പേരക്കിടാങ്ങൾ ആയിട്ടും ഓപ്പോളിന്റെ കൈപ്പുണ്യം കൂടിയിട്ടേ ഉള്ളൂ. നല്ല തേങ്ങാ ചട്ണിയും, ഇഡ്ഡലിയും, സാമ്പാറും, അതിലേറെ രുചിയുള്ള ഏലയ്ക്ക ചായയും.

“ദേവാ.. ശ്രീയും കുമാറും ദുബായിൽ നിന്നും വന്നിട്ടുണ്ട്. മായയും രഘുവിനേയും കൂട്ടി അവർ ശനിയാഴ്ച രാവിലെ ഇങ്ങട് വരുന്നുണ്ട്. നീ ഇവിടെ കാണില്ലേ ?!”

“ങും …” ജയദേവന്‍ വെറുതെ മൂളി.

ആ മൂളൽ എന്താണ് എന്ന് എല്ലാവര്‍ക്കും മനസ്സിലായതുകൊണ്ട് പെട്ടെന്ന് നിശ്ബ്ദത പരന്നു.

ഓപ്പോൾ വിടുന്ന മട്ടില്ല.

“നീ അങ്ങിനെ മറുപടി ഒന്നും പറയാതെ ഇരുന്നാലോ.? മാലിനിയോടും മോനോടും നാളെ തന്നെ ഇങ്ങോട്ടു വരാൻ പറയാം. ഏതായാലും നാട്ടിൽ വന്നിട്ട് ഇത്രടം വരെ ഒന്ന് വരാതെ ഇരുന്നാലോ? നാട്ടുകാർ എന്ത് പറയും. എല്ലാവര്‍ക്കും നിന്റെ മോനെയും അവളെയും കാണാൻ ആഗ്രഹം കാണില്ലേ? ഇതെത്ര വര്‍ഷം ആയിന്നാ നിനക്ക് ഓർമയുണ്ടോ?!”

ജയദേവൻ തലയുയർത്തി നോക്കി.

“അറിയില്ല, കാണുമായിരിക്കും… പക്ഷെ വർഷങ്ങൾ ഞാൻ എണ്ണിയിട്ടില്ല”

അത് . .. പറഞ്ഞു വന്നത് നിറുത്തി ദേവൻ പരമേശ്വരൻ നായരെ നോക്കി.

പരമേശ്വരൻ നായർ എല്ലാവരെയും മാറി മാറി നോക്കി പ്രാതൽ നിറുത്തി കൈകഴുകി പൂമുഖത്തേക്ക് പോയി.

അപ്പോൾ പറഞ്ഞു വന്നത് ഇതാണ്. കാണേണ്ടവർ ഇതുവരെയും കണ്ടിട്ടില്ല ഇനി കാണുകയും ഇല്ല. ഇനി ആർക്കാണ് എല്ലാവരെയും കാണേണ്ടത്? എന്തിനാണ് കണ്ടിട്ട്?

ജയദേവൻ എഴുന്നേറ്റു കൈകഴുകി മുറിയിൽ നിന്നും ചെറിയ സൂട്ട് കേസും എടുത്തു പരമേശ്വരൻ നായരുടെ കൂടെ ധൃതിയിൽ കാറിൽ കയറി.

“നീ എങ്ങോട്ടാണ് എന്ന് എങ്കിലും ഒന്ന് പറഞ്ഞിട്ട് പോ മോനെ”

.മോനെ .. ആ വിളി ജയദേവനെ തളർത്തിക്കളഞ്ഞു

ഓപ്പോളിന്റെ കണ്ണുകളിലെ നനവ് ദേവനെ വല്ലാതെ നൊമ്പരപ്പെടുത്തി. വേണ്ടായിരുന്നു. എല്ലാം കഴിഞ്ഞതല്ലേ.

ദേവൻ പെട്ടെന്ന് കാറിന്റെ വാതിൽ തുറന്നു പുറത്തിറങ്ങി. സിറ്റൗട്ടിൽ നിൽക്കുന്ന ഓപ്പോളിന്റെ അടുത്തേക്ക് ചെന്നു.

“ഓപ്പോളെ…. ശനിയാഴ്ച അല്ലെ എല്ലാവരും ഉണ്ടാകും. ഞാൻ വെറുതെ…”

“മോനെ ദേവാ .. നീ…. എനിയ്ക്കറിയാം മോനെ …” ഓപ്പോൾ പൊട്ടി പൊട്ടി കരഞ്ഞു.

ദേവൻ ഒന്നും മിണ്ടാതെ കണ്ണുകൾ തുടച്ചു കൊണ്ട് കാറില്‍ കയറി പോയി. സോമൻ പിള്ള നിസ്സംഗനായി പൂമുഖത്തു ചാരുകസേരയിൽ ഇരുന്നു.

(തുടരും…)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top