അമേരിക്കയിലെ പ്രവാസജീവിതത്തിൽ ഓ.സി എബ്രഹാം ഇന്ന് 60 വർഷം പിന്നിടുന്നു

ന്യൂയോർക്ക്: വർണ്ണ വിവേചനം അമേരിക്കയിൽ ശരിക്കും നടമാടിക്കൊണ്ടിരുന്ന കാലഘട്ടത്തിൽ കേരളത്തിലെ കൊച്ചി തുറമുഖത്തു നിന്നും 40 ഡോളർ കറൻസിയും ഒരു ചെറിയ പെട്ടിയുമായി ചരക്ക് കപ്പലിൽ കയറി 35 ദിവസങ്ങൾക്ക് ശേഷം ന്യൂയോർക്ക് തുറമുഖത്ത് 1960 ആഗസ്റ്റ് 26 ന് കാലുകുത്തിയ നിമിഷം തിരുവല്ലാ പുറമറ്റം പഞ്ചായത്തിലെ കവുംങ്ങുംപ്രയാർ സ്വദേശിയായ ഊര്യേപടിക്കൽ കുടുംബാംഗം ഓ.സി എബ്രഹാം ഇന്ന് നീണ്ട 60 വർഷക്കാലം പിന്നിടുന്ന തന്റെ കഴിഞ്ഞക്കാല ഓർമ്മകൾ അയവിറക്കുകയാണ്.

അലഹബാദിലെ പ്രസിദ്ധമായ ക്രിസ്ത്യൻ ലിറ്ററേച്ചർ സൊസൈറ്റിയിൽ മാനേജരായി ജോലി ചെയ്യുമ്പോൾ ആണ് അമേരിക്കയിലെ ഐയോവ സ്റ്റേറ്റിലെ യൂണിവേഴ്‌സിറ്റി ഓഫ് ഡിബ്യുക്കിൽ മാസ്റ്റേഴ്സ് ഇൻ ഡിവിനിറ്റി എന്ന കോഴ്സിന് പഠിക്കുവാനായി സ്കോളർഷിപ്പോടുകൂടി പ്രവേശനം ലഭിക്കുന്നത്. അക്കാലത്ത് ഒരു അമേരിക്കൻ ഡോളറിന് നാല് ഇന്ത്യൻ രൂപ ആയിരുന്നു വിനിമയ നിരക്ക്. കൊച്ചിയിൽ നിന്നും ന്യൂയോർക്കിലേക്ക് യാത്രാ കപ്പൽ നേരിട്ട് ഇല്ലാതിരുന്ന സമയത്ത് ചരക്ക് കപ്പലിൽ യാത്ര ചെയ്യുവാനായി 625 ഡോളർ ആണ് ചിലവായത്. 40 ഡോളർ മാത്രമേ വിദേശ കറൻസിയായി കൈവശം സൂക്ഷിക്കുവാൻ സാധ്യമായിരുന്നുള്ളു.

ഡിബ്യുക്ക് യൂണിവേഴ്സിറ്റിയിലെ ഇന്റേൺഷിപ്പ് പഠനത്തിന്റെ ഭാഗമായി കാൻസസ്‌ സ്റ്റേറ്റിലെ പ്രസിദ്ധമായ ലെവൻവർത്ത് ഫെഡറൽ പ്രിസണിൽ ചാപ്ലെയിൻ ആയി പ്രവർത്തിക്കുവാൻ സാധിച്ചു. തുടർന്ന് ചിക്കാഗോയിലെ പ്രസിദ്ധമായ മക് കോർമിക്ക് തീയോളജിക്കൽ സെമിനാരിയിൽ നിന്ന് ചർച്ച് ഇൻ കമ്മ്യൂണിറ്റിയിൽ മാസ്റ്റേഴ്സ് ബിരുദം നേടി. ഈ കാലയളവിൽ ജെയിൻ ആഡംസ് സ്കൂൾ ഓഫ് സോഷ്യൽ വർക്കിന്റെ ഭാഗമായി ഇന്നർ സിറ്റിയിലുള്ള കറുത്തവർഗ്ഗക്കാരുടെ ഇടയിൽ പ്രവർത്തിക്കുവാൻ സാധിച്ചത് ഇന്നും ഓർമ്മകളിൽ തങ്ങിനിൽക്കുന്നു എന്ന് അഭിപ്രായപ്പെട്ടു.

1962 ൽ അലബാമയിൽ വെച്ച് മാർട്ടിൻ ലൂഥർ കിംഗിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട വർണ്ണ വർഗ്ഗ വിവേചന നയത്തിന് എതിരെയുള്ള മാർച്ചിൽ പങ്കെടുക്കാൻ സാധിച്ചതും, അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ജോൺ എഫ്.കെന്നഡിയുടെ വെർജീനിയായിലെ ആർലിംഗ്ടൺ നാഷണൽ സെമിത്തേരിയിൽ വെച്ച് നടന്ന സംസ്കാര ചടങ്ങിൽ സംബന്ധിക്കാൻ ഇടയായതും, പഠനകാലത്ത് നേറ്റിവ് അമേരിക്കൻസ് ആയ ഒക്ലഹോമയിൽ വസിക്കുന്ന ചോക്റ്റോ വിഭാഗക്കാരുടെ ഇടയിലും, അർക്കൻസാസിലെ സെമിനോൾ വിഭാഗക്കാരുടെ ഇടയിലും പ്രവർത്തിക്കുവാൻ സാധിച്ചതും ഓ.സി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഓ.സി എബ്രഹാമിന്റെ ജീവിതത്തിലെ മറക്കാനാകാത്ത അനുഭവങ്ങൾ ആണ്.

1964 ൽ പ്രസിഡന്റ് ലിൻഡൻ ബി.ജോൺസൺ എല്ലാവർക്കും തുല്യ അവകാശം നൽകുന്ന സിവിൽ റൈറ്റ് ലോ ബില്ലിൽ ഒപ്പിട്ടതിനു ശേഷം ആണ് ഇന്ത്യ പോലുള്ള രാജ്യക്കാർക്ക് ഒരു പരിധിവരെ എമിഗ്രേഷന് വഴിതുറന്നത്.1967 ൽ ഓ.സി നാട്ടിൽ പോയി വിവാഹം ചെയ്ത് സഹധർമ്മിണിയോടൊപ്പം വീണ്ടും തിരികെ എത്തി. ഫിലാഡൽഫിയായിലെ ടെംബിൾ യൂണിവേഴ്സിറ്റിയിൽ കംപാരിറ്റി റിലീജിയൻ എന്ന വിഷയത്തിൽ പിഎച്ച്ഡി പ്രോഗ്രാമിന് ചേർന്നു.ഭാര്യ ഡെലവെയർ യൂണിവേഴ്സിറ്റിയിൽ ന്യൂട്രീഷൻ പ്രോഗ്രാമിൽ മാസ്റ്റേഴ്സീനും ചേർന്നു. ഈ സമയങ്ങളിൽ ഡെലവെയർ സ്റ്റേറ്റിലെ ബ്രാൻഡിവൈൻ കോളേജിൽ ചാപ്ലയിൻ ആയി ജോലി ചെയ്തു.

1968 മുതൽ ഇന്നുവരെ കുടുംബസമേതം അമേരിക്കയിലെ ഫസ്റ്റ് സ്റ്റേറ്റ് എന്ന പേരിൽ അറിയപ്പെടുന്ന ഡെലവെയർ സംസ്ഥാനത്തെ വിൽമിഗ്ടൺ എന്ന സിറ്റിയിലാണ് സ്ഥിരതാമസം. ഈ നാളുകളിൽ അന്റാർട്ടിക്ക ഒഴിച്ചുള്ള ലോകത്തിലെ എല്ലാ ഭൂഖണ്ടങ്ങളും സന്ദർശിക്കുവാൻ അവസരവും ലഭിച്ചു. ഇന്ന് 86 വയസ്സിന്റെ നിറവിൽ നിൽക്കുന്ന ഓ.സി എബ്രഹാം ഡെലവെയർ സ്റ്റേറ്റ് ചൈൽഡ് മെന്റൽ ഹെൽത്ത് ട്രീറ്റ്‌മെന്റ് കോഡിനേറ്റർ ആയിട്ടാണ് ജോലിയിൽ നിന്ന് വിരമിക്കുന്നത്.

ഡെലവെയർ സ്റ്റേറ്റ് ഹെൽത്ത് ആൻഡ് സോഷ്യൽ സർവീസ് ഡിവിഷൻ അഡ്മിനിസ്ട്രേറ്റർ ആയിട്ടാണ് ഭാര്യ തിരുവല്ലാ ഇരവിപേരൂർ ശങ്കരമംഗലത്ത് കുടുംബാംഗമായ നിർമ്മല എബ്രഹാം വിരമിക്കുന്നത്. ഔദ്ദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചെങ്കിലും ഇന്നും സജീവമായി രണ്ടുപേരും മാർത്തോമ്മ സഭയുടെ നേറ്റിവ് അമേരിക്കൻ മിഷൻ പ്രൊജക്ടുമായി ബന്ധപ്പെട്ട് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. രണ്ട് പെൺമക്കളും, അഞ്ച് കൊച്ചുമക്കളും ഇവർക്കുണ്ട്. മക്കളായ ഡോ.അനീഷ എബ്രഹാം വാഷിംഗ്‌ടൺ ഡിസിയിലുള്ള ജോർജ്ടൗൺ യൂണിവേഴ്സിറ്റിയിൽ ടീൻ ഹെൽത്ത് സ്പെഷ്യലിസ്റ്റും, ഫാക്കൽറ്റിയും ആണ്, അജിത എബ്രഹാം മൾട്ടിനാഷണൽ കോർപറേഷൻ ആയ ക്യാപ്‌ജെമിനൈയിൽ ഡെപ്യൂട്ടി ജനറൽ കൗൺസെൽ ആണ്.

Print Friendly, PDF & Email

Leave a Comment