Flash News

സെക്രട്ടേറിയറ്റിലെ തീപിടുത്തം: ഫയലുകള്‍ രഹസ്യമായി കടത്തിക്കൊണ്ടുപോയെന്ന് പ്രതിപക്ഷം, നഷ്ടപ്പെട്ടതാണെന്ന് മുഖ്യമന്ത്രി

August 27, 2020 , ആന്‍സി

സെക്രട്ടേറിയറ്റിൽ ചൊവ്വാഴ്ചയുണ്ടായ തീപിടുത്തത്തില്‍ ‘പ്രധാനപ്പെട്ട’ ഫയലുകളും ഫർണിച്ചറുകളും കത്തിക്കരിഞ്ഞെങ്കിലും പ്രതിപക്ഷത്തിന് സംസ്ഥാനം മുഴുവൻ ആളിക്കത്തിക്കാൻ അതുതന്നെ ധാരാളം മതിയായിരുന്നു. പ്രതിഷേധങ്ങൾക്കും കണ്ണീർ വാതക പ്രയോഗത്തിനും ബാറ്റൺ ചാർജിംഗിനും കുത്തിയിരിപ്പ് സമരങ്ങൾക്കും സെക്രട്ടറിയേറ്റ് പരിസരം സാക്ഷ്യം വഹിച്ചു. കോവിഡ് -19 പ്രോട്ടോക്കോൾ കണക്കിലെടുക്കാതെ നിരവധി ജില്ലാ ആസ്ഥാനങ്ങൾ ബുധനാഴ്ച യുദ്ധക്കളമായി. പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടിയതിനെ തുടർന്ന് നിരവധി പേർക്ക് പരിക്കേറ്റു.

സ്വർണ്ണക്കടത്ത് കേസിലെ പ്രധാന തെളിവുകൾ നശിപ്പിക്കാൻ മനഃപ്പൂര്‍‌വ്വം തീ വെച്ചതാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുമ്പോൾ, ഭരണകക്ഷിയാകട്ടേ അത് കേവലം അപകടമാണെന്നും ചില പാർട്ടികൾ അതിൽ രാഷ്ട്രീയം കൂട്ടിച്ചേർക്കുകയാണെന്നുമാണ് ആരോപിച്ചത്. പോലീസിന്റെ പ്രാഥമിക റിപ്പോർട്ടിൽ നിരവധി ഫയലുകൾ നശിപ്പിക്കപ്പെട്ടുവെന്നു പറയുമ്പോള്‍ സർക്കാരും മുതിർന്ന ഉദ്യോഗസ്ഥരും പറയുന്നത് അവ പ്രധാനപ്പെട്ടവയല്ലെന്നും കള്ളക്കടത്ത് കേസുമായി യാതൊരു ബന്ധവുമില്ലെന്നുമാണ്.

പല ഫയലുകളും നശിപ്പിക്കപ്പെട്ടുവെന്ന് ഇരുവരും സമ്മതിക്കുന്നു. പക്ഷേ അവ പ്രധാനപ്പെട്ടതാണോ അല്ലയോ എന്നതാണ് നിലനിൽക്കുന്ന ചോദ്യം. എന്നിരുന്നാലും, നിരവധി ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചിട്ടില്ല – ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരെ വിളിച്ച് ചോദ്യം ചെയ്ത് ഒരാഴ്ച കഴിഞ്ഞ് പ്രോട്ടോക്കോൾ ഓഫീസിൽ എന്തുകൊണ്ടാണ് ഇത് സംഭവിച്ചത്? എന്തിനാണ് അവർ എൻ‌സി‌എയ്ക്ക് സിസിടിവി വിഷ്വലുകൾ നല്‍കാന്‍ വൈകിപ്പിച്ചത്? എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങളാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ നേരിടുന്നത്.

സെക്രട്ടേറിയറ്റ് തീപിടിത്തത്തിന് പിന്നില്‍ അട്ടിമറിയെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്. തീപിടിത്തത്തിന്റെ മറവില്‍ പല ഫയലുകളും കടത്തിയെന്നും ചെന്നിത്തല പറഞ്ഞു. ഇതിനിടെ സെക്രട്ടറിയേറ്റില്‍ തീപിടിത്തമുണ്ടായ ഓഫീസിലെ ഫയലുകള്‍ നീക്കരുതെന്ന് വിദഗ്ധ സമിതി അറിയിച്ചു. ഇവിടെ മുഴുവന്‍ സമയ പൊലീസ് സുരക്ഷ വേണം, തെളിവെടുപ്പ് പൂർണ്ണമായും വീഡിയോയിൽ ചിത്രീകരിക്കണമെന്നും ഡോക്ടര്‍ കൗശികൻ്റെ നേതൃത്വത്തിലുള്ള സംഘം സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ തീപിടിച്ച സംഭവത്തില്‍ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല നൽകിയ കത്ത് ഗവര്‍ണര്‍ തുടർ നടപടിയ്ക്കായി മുഖ്യമന്ത്രിക്കാണ് കൈമാറിയിട്ടുള്ളത്.

സെക്രട്ടേറിയറ്റ്‌ തീപ്പിടുത്തത്തില്‍ ചില ഫയലുകൾ കത്തിപ്പോയിട്ടുണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതിണ് പിറകെ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ രംഗത്ത് വന്നു. ചില ഫയലുകൾ കത്തിപ്പോയിട്ടുണ്ട് എന്ന് മുഖ്യമന്ത്രി സമ്മതിച്ചതാണ് ഇന്നത്തെ വാർത്താസമ്മേളനത്തിന്റെ ഹൈലൈറ്റ്. മന്ത്രിമാർ പറഞ്ഞതിനു വ്യത്യസ്തമായി മുഖ്യമന്ത്രി അക്കാര്യം സമ്മതിച്ചതുവഴി ഒരു മുഴം മുമ്പേ മുഖ്യമന്ത്രി എറിഞ്ഞിരിക്കുന്നു എന്നുവേണം കണക്കാക്കാൻ. ആ ഫയലുകൾ തന്നെയാണ് കത്തിക്കാൻ ഉദ്ദേശിച്ചിരുന്നതെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിക്കുകയുണ്ടായി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top