ജനപ്രിയ ധനകാര്യ സ്ഥാപന ഉടമകള്‍ രണ്ടായിരം കോടി രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങി

പത്തനം‌തിട്ട: പത്തനം‌തിട്ട ജില്ല ആസ്ഥാനമായി പ്രവർത്തിക്കുന്ന പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപന ഉടമകള്‍ രണ്ടായിരം കോടി രൂപയുടെ തട്ടിപ്പ് നടത്തി ഒളിവില്‍ പോയതിനെത്തുടര്‍ന്ന് നിക്ഷേപകര്‍ പരാതികളുമായി രംഗത്തെത്തി.

1965 മുതൽ സ്വർണ്ണപ്പണ്ടം പണയ വായ്പകളുടെയും ജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുകയും ചെയ്ത് ബിസിനസ് നടത്തി വന്നിരുന്ന കമ്പനിക്ക് 247 ശാഖകളുണ്ട്. ഇതിന്റെ മാനേജിംഗ് പാർട്ണർ തോമസ് ഡാനിയൽ റോയി, ഭാര്യ പ്രഭ റോയി എന്നിവരെയാണ് ഇപ്പോള്‍ കാണാതായതായി റിപ്പോർട്ട്. ഇവര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. രണ്ടായിരം കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായി തെളിവ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ഫിനാന്‍സ് ഉടമകളെ ഉടന്‍ തന്നെ കസ്റ്റഡിയിലെടുക്കുമെന്നാണ് പോലീസ് പറയുന്നത്. കോന്നി ആസ്ഥാനമായാണ് പോപ്പുലര്‍ ഫിനാന്‍സ് പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി സ്ഥാപനം അടഞ്ഞുകിടക്കുകയായിരുന്നു. ഇതോടെയാണ് പറ്റിക്കപ്പെടുകയായിരുന്നു എന്നു നിക്ഷേപകർ തിരിച്ചറിയുന്നത്. തുടർന്നാണ് കോന്നി പൊലീസ് സ്റ്റേഷനില്‍ നിക്ഷേപകർ പരാതി നല്‍കുന്നത്. നിരവധിപേര്‍ ഇതിനോടകം കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നതിനു പിറകെ റോയി ഡാനിയേല്‍ ഒളിവില്‍ പോയതായി റിപ്പോര്‍ട്ടുകൾ വന്നിട്ടുണ്ട്. ഇതിനിടെ റോയി ഡാനിയല്‍ തന്നെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് അപേക്ഷയുമായി കോടതിയെ സമിപിച്ചിട്ടുണ്ടെന്നും വിവരമുണ്ട്.

വാർത്ത പുറത്തുവന്നതുമുതൽ ഉത്കണ്ഠയോടെ നിരവധി നിക്ഷേപകര്‍ തന്നെ വിളിക്കുന്നുണ്ടെന്ന് പത്തനം‌തിട്ട ലോക്സഭാ അംഗം ആന്റോ ആന്റണി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment