Flash News

സാമ്പത്തികസംവരണം-യുഡിഎഫ് നേതൃത്വം അടവുനയം തിരുത്തി നിലപാട് പ്രഖ്യാപിക്കണം: ലെയ്റ്റി കൗണ്‍സില്‍

August 29, 2020 , സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കൊച്ചി: നൂറ്റിമൂന്നാം ഭരണഘടനാഭേദഗതിയിലൂടെ 2019 ജനുവരി 12ന് നിലവില്‍ വന്ന ഇന്ത്യയിലെ സംവരണേതര വിഭാഗങ്ങളിലെ പിന്നോക്കാവസ്ഥയിലുള്ളവര്‍ക്കുള്ള സാമ്പത്തിക സംവരണത്തിന്മേല്‍ കേരളത്തിലെ യുഡിഎഫ് നേതൃത്വം അടവുനയം തിരുത്തി നിലപാട് പരസ്യമായി പ്രഖ്യാപിക്കണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

സംവരണേതരവിഭാഗത്തിനുള്ള സാമ്പത്തിക സംവരണമേര്‍പ്പെടുത്തിക്കൊണ്ട് നരേന്ദ്രമോദി സര്‍ക്കാരും ഈ സംവരണം സംസ്ഥാനത്ത് നടപ്പിലാക്കി ഭരണഘടനാപരമായ ഉത്തരവാദിത്വം വൈകിയാണെങ്കിലും നിറവേറ്റുവാന്‍ ശ്രമിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരും നിലപാടുകള്‍ വ്യക്തമാക്കിയിരിക്കുമ്പോള്‍ സാമ്പത്തിക സംവരണത്തിനെതിരെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ പരസ്യമായും രഹസ്യമായും രംഗത്തുവന്നിരിക്കുന്നത് ദുരൂഹതയുണര്‍ത്തുന്നു. വി.ടി.ബല്‍റാം ഉള്‍പ്പെടെയുള്ളവരുടെ നിലപാടും പരസ്യപ്രസ്താവനയും കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നിലപാടാണോയെന്ന് നേതൃത്വം വ്യക്തമാക്കണം. ഡല്‍ഹിയിലും കേരളത്തിലും വിഭിന്ന നിലപാടുകള്‍ സ്വീകരിക്കുന്നത് സംഘടനാ തകര്‍ച്ച നേരിടുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന് വീണ്ടും ഇരുട്ടടിയേകുമെന്ന് തിരിച്ചറിയുന്നത് നല്ലതാണ്.

ജനസംഖ്യയില്‍ ഇടിവുണ്ടായും സാമ്പത്തിക ബുദ്ധിമുട്ടേറിയും ദുര്‍ബലരായ ജനവിഭാഗങ്ങളെ സംരക്ഷിക്കുവാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയെ ആക്ഷേപിച്ച് സര്‍ക്കാര്‍ സംവരണത്തിലൂടെയും ക്ഷേമപദ്ധതികളിലൂടെയും കാലങ്ങളായി വന്‍ നേട്ടങ്ങളുണ്ടാക്കുന്നവരുടെ ഇടനിലക്കാരനായി ഒരു കോണ്‍ഗ്രസ് എംഎല്‍എ വെല്ലുവിളിക്കുന്നത് പതിറ്റാണ്ടുകളായി രാജ്യത്തുടനീളം മതേതരത്വം പ്രസംഗിക്കുന്ന കോണ്‍ഗ്രസിന് ഭൂഷണമല്ല.

യുഡിഎഫിലെ ഘടകകക്ഷിയായ മുസ്ലീംലീഗിലെ രണ്ട് പാര്‍ലമെന്റംഗങ്ങള്‍ ഹൈദ്രാബാദിലെ അസറുദീന്‍ ഒവൈസിയോടൊപ്പം സാമ്പത്തികസംവരണബില്ലിനെതിരെ വോട്ടുചെയ്തത് പൊതുസമൂഹം കണ്ടതാണ്. ഇവരുടെ നിലപാടാണോ സാമ്പത്തിക സംവരണവിഷയത്തില്‍ തങ്ങളുടേതെന്ന് യുഡിഎഫ് നേതൃത്വവും ഇതര ഘടകകക്ഷികളും തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ് വരാന്‍ പോകുന്ന പശ്ചാത്തലത്തില്‍ ഉടന്‍ വ്യക്തമാക്കണം. നിലവില്‍ സംവരണമുള്ള വിഭാഗങ്ങളുടെ സംവരണം നഷ്ടപ്പെടുത്തിയല്ല സാമ്പത്തിക സംവരണമെന്നുള്ളതും ഇക്കൂട്ടര്‍ ഓര്‍മ്മിക്കുന്നത് നല്ലതാണ്.

കേരളത്തില്‍ പിഎസ്‌സി നിയമനങ്ങളുടെ 10 ശതമാനം സാമ്പത്തിക പിന്നോക്കക്കാര്‍ക്ക് സംവരണമേകി നടപ്പിലാക്കുവാനുള്ള നടപടികള്‍ പുരോഗമിക്കുമ്പോള്‍ അതിന് തുരങ്കം വെയ്ക്കുന്ന രീതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന സാമ്പത്തിക സംവരണവിരുദ്ധ പ്രതികരണങ്ങളും പ്രസ്താവനകളും തള്ളിപ്പറയുവാന്‍ കെ.പി.സി.സി.പ്രസിഡന്റും പ്രതിപക്ഷനേതാവും യുഡിഎഫ് കണ്‍വീനറും വൈകരുത്.
സംസ്ഥാന സര്‍ക്കാര്‍ ഉത്തരവുകളില്‍ മുന്നോക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ എന്ന പദപ്രയോഗം ഭരണഘടനാപരമായി തെറ്റാണ്. 103-ാം ഭരണഘടനാഭേദഗതിയില്‍ സംവരണേതരവിഭാഗങ്ങള്‍ എന്നാണ് വ്യക്തമായി പറഞ്ഞിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഇതിനോടകം ഇറക്കിയ ഉത്തരവുകള്‍ തിരുത്തലുകള്‍ക്ക് വിധേയമാക്കണം.

2019 ജനുവരി 12ന് 103-ാം ഭരണഘടനാഭേദഗതി നിലവില്‍ വന്നതിനുശേഷമുള്ള എല്ലാ പിഎസ്‌സി വിജ്ഞാപനങ്ങളിലും സാമ്പത്തികസംവരണം ബാധകമാക്കണം. 2.5 ഏക്കറായി സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച ഭൂപരിധി കേന്ദ്രനിര്‍ദ്ദേശത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ 5 ഏക്കറായി നിജപ്പെടുത്തണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

അഡ്വ.വി.സി.സെബാസ്റ്റ്യന്‍
സെക്രട്ടറി, ലെയ്റ്റി കൗണ്‍സില്‍


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top