Flash News

ഫോമാ വിശ്വസ്തതയുടെ പര്യായം; അടിസ്ഥാനരഹിതമായ വാർത്തകളും വില്ലേജ് പദ്ധതിയുടെ യാഥാർത്ഥ്യവും

August 29, 2020 , ജോസ് എബ്രഹാം

2018 ജൂൺ 24നു ഫോമയുടെ ഏഴാമത്തെ കമ്മിറ്റി അധികാരം ഏറ്റെടുക്കുമ്പോൾ മുൻകാലങ്ങളിൽ ഫോമാ എന്ന പ്രസ്ഥാനത്തെ നെഞ്ചിലേറ്റിയ അമേരിക്കൻ മലയാളികൾക്കും അങ്ങകലെ ജന്മനാടായ കേരളത്തിലെ മലയാളികളും വലിയൊരു ആവേശത്തിലായിരുന്നു. അമേരിക്കൻ മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായി പ്രവർത്തിക്കുമ്പോഴും കേരളത്തിൽ നടത്തിവരാറുള്ള ചാരിറ്റി പ്രവർത്തനങ്ങൾക്കു ഒരു കുറവും വരുത്തുകയില്ല എന്നു പ്രസിഡന്റ് ഫിലിപ് ചാമത്തിൽ ഫോമായുടെ ഭരണം ഏറ്റെടുത്തുകൊണ്ടു പ്രഖ്യാപിച്ചു. തൊട്ടത് എല്ലാം പൊന്നാക്കിയ ഫോമായുടെ പദ്ധതികൾ ചരിത്രത്തിന്റെ ഭാഗമാണ് എന്നു മലയാളികൾക്ക് നന്നായി അറിയാം അതുകൊണ്ടു തന്നെ ഫോമായുടെ നേതൃത്വതത്തിലേക്കു കടന്നുവരുന്നവരുടെ വാക്കുകൾക്ക് എന്നും സമൂഹത്തിൽ ആവേശം സ്രഷ്ടിക്കും. ഫോമാ ഏറ്റെടുത്ത പദ്ധതികൾ എല്ലാം വൻ വിജയത്തിലെത്തിച്ച ചരിത്രമാണ് നമ്മൾക്കു മുന്പിലുള്ളത്.2010 ലെ ഫോമാ പാർപ്പിട പദ്ധതി. 2015 ലെ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ പദ്ധതി, വീൽ ചെയർ പദ്ധതി, 2017 ൽ വിമൻസ് ഫോറത്തിന്റെ നേത്രത്വത്തിൽ ആരംഭിച്ച നഴ്സിംഗ് വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതികൾ മുതലായവയ്ക്ക് അമേരിക്കൻ മലയാളികളുടെ നിസീമമായ പിന്തുണ ലഭച്ചിരുന്നു. ചെറുതും വലുതുമായ അനേകം പദ്ധതികൾക്ക് ഫോമാ ഇതിനോടകം തുടക്കം കുറിച്ചിട്ടുണ്ട്. രണ്ടു വർഷങ്ങൾ കൂടുമ്പോൾ ഫോമായുടെ നേതൃത്വം ഏറ്റെടുക്കന്നത് ആരായായാലും ചാരിറ്റി പ്രവർത്തങ്ങൾക്ക് ഭംഗം വരാറില്ല.

ഈ അവസരത്തിലാണ് നിരവധി പ്രകൃതി, ആരോഗ്യ ദുരന്തങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് കടന്നുപോയ കേരളത്തിലെ ജനങ്ങൾക്ക് ഒരു അശനിപാതം പോലെ കേരളം ആന്നുവരെ കണ്ടിട്ടില്ലാത്ത പ്രളയ ദുരന്തം ഏറ്റുവാങ്ങേണ്ടി വന്നത്. പ്രളയ ദുരിതത്തിൽ അകപ്പെട്ടിരിക്കുന്ന മലയാളികൾക്ക് ഏറ്റവും ആദ്യം സഹായമെത്തിക്കാൻ കഴിഞ്ഞ പ്രവാസിസംഘടന എന്ന ഖ്യാതി ഫോമായ്ക്കു മാത്രം അകാശപ്പെട്ടതാണ്. കോട്ടയത്തും എറണാകുളത്തും പത്തനംതിട്ടയിലും ഉള്ള നിരവധി ക്യാമ്പുകളിൽ ഭക്ഷണ സാധനങ്ങളും മറ്റ് അവശ്യ സാധനങ്ങളും എത്തിക്കാൻ കഴിഞ്ഞത് ഒരു വലിയ സഹായത്തിന്റെ തുടക്കം മാത്രമായിരുന്നു. ഇത്തരം ചെറിയ സഹായങ്ങൾ ഇവർക്ക് എത്തിക്കാൻ കഴിഞ്ഞെങ്കിലും അടിസ്ഥാനപരമായി എന്നെന്നും നിലനിൽക്കുന്ന ഒരു നന്മ ചെയ്യാൻ പറ്റുമോ എന്ന ഒരു അന്വേഷണത്തിൽ നിന്നുമാണ് ഫോമാ വില്ലേജ് എന്ന പദ്ധതി തുടക്കം കുറിക്കുന്നത്. 2018 – 2020 കമ്മിറ്റിയുടെ രണ്ടാമത്തെ യോഗത്തിൽ കേരളത്തിലെ അവസ്ഥകൾ വിവരിക്കുകയും വീട് നഷ്ടപ്പെട്ട കുറച്ചു പേർക്കെങ്കിലും വീടുകൾ പണിത് നന്മയുടെ ഒരു ഫോമാ ഗ്രാമം നിർമ്മിക്കാം എന്ന പ്രസിഡന്റിന്റെ ആശയം കമ്മിറ്റി അംഗങ്ങൾ ഹർഷാരവത്തോടെ സ്വീകരിച്ചു. പിന്നീട് നടന്നതെല്ലാം പകൽവെളിച്ചംപോലെ ലോക മലയാളികൾക്ക് വ്യക്തമാണ്. സ്ഥലം ഉണ്ടെങ്കിൽ ഒരു വീട് പണിതു കൊടുക്കാമെന്നുള്ള പൗലോസ് കുയിലാടന്റെ വാഗ്ദാനവും ഒരേക്കർ സ്ഥലം ദാനമായി തരാമെന്ന നോയൽ മാത്യുവിന്റെ പ്രഖ്യാപനവുമാണ് പദ്ധതിയുടെ തുടക്കം. പത്തനംതിട്ട, എറണാകുളം മലപ്പുറം എന്നിങ്ങനെ മൂന്നു ജില്ലകളിലായി ഈ ഭവന നിർമ്മാണ പദ്ധതിക്ക് സ്ഥലം കിട്ടുകയും നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.

പദ്ധതിയുടെ തുടക്കം മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ ആയിരുന്നു. അവിടെ മൂന്നു വീടുകളുടെ അടിസ്ഥാന നിർമ്മാണപ്രവർത്തനങ്ങൾ തീർത്തിരിക്കുന്നു സാഹചര്യത്തിൽ വീണ്ടും പ്രളയം കേരളത്തെ പിടിച്ചുകുലുക്കിയപ്പോൾ കടപ്രയിലെ വീടുകളുടെ നിർമാണത്തിനു പ്രത്യേക പരിഗണന നൽകുകയായിരുന്നു. അവിടെ മാറ്റി താമസിപ്പിച്ചിരുന്ന ആൾക്കാർക്ക് അടുത്ത ഒരു വെള്ളപ്പൊക്ക ദുരിതത്തിൽ നിന്നും രക്ഷ നേടുവാനായി വീടുകൾ എത്രയും പെട്ടെന്ന് വേണം എന്നുള്ള ആവശ്യപ്രകാരം നിർമ്മാണപ്രവർത്തനങ്ങൾ നിലമ്പൂരിൽനിന്ന് കടപ്രയിലേക്ക് മാറ്റുകയും ചെയ്തു. ഈ പദ്ധതിയുടെ ഏറ്റവും വലിയ വലിയ മുതൽകൂട്ട് തണൽ എന്ന സന്നദ്ധ സംഘടനയുമായിട്ട്ടുള്ള സഹകരണം ആയിരുന്നു. ഫോമയും തണലും ചേർന്നുകൊണ്ട് 21 വീടുകൾ പൂർണമായും നിർമ്മിക്കുകയും ഫോമയും തണലും സംസ്ഥാന സർക്കാരിൻറെ സഹായവുമായി 11 വീടുകൾ പൂർത്തീകരിക്കുകയും ചെയ്തു. ഈ 32 വീടുകളുടെ താക്കോൽദാനം ഫോമയുടെ കേരള കൺവെൻഷനോടനുബന്ധിച്ച് നിർവഹിക്കുകയും ചെയ്തതാണ്. കടപ്രയിലെ ഭവനപദ്ധതി പ്രതീക്ഷിച്ചതിലും നേരത്തെ തീർന്നതിനാൽ അവിടെയുള്ള 4 നിവാസികളുടെ പ്രത്യേക അപേക്ഷപ്രകാരം പണി തീരാത്ത വീടുകളുടെ നിർമാണം തീർത്തു കൊടുക്കാൻ ഫോമാ തയ്യാറാവുകയും ചെയ്തു. കടപ്രയിൽ നിന്നും ആലുവയിലേക്ക് എത്തുമ്പോൾ അവിടെ ഒരു വീട് ഫോമാ പണി പൂർത്തിയാക്കുകയും താക്കോൽ കൈമാറുകയും ചെയ്തു. ആലുവയിലെ ഭവനനിർമ്മാണത്തിന് ശേഷമാണ് നിലമ്പൂരിലെ കാര്യങ്ങൾ ഏകോപിപ്പിക്കാൻ സാധിച്ചത് നിലമ്പൂരിലെ പണി വീണ്ടും തുടങ്ങിയ സമയത്താണ് ലോകത്തെ പിടിച്ചു കുലുക്കിയ കൊറോണ എന്ന മഹാമാരി പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ ഈ ലോകം തന്നെ പൂർവ്വസ്ഥിതിയിലേക്ക് തിരിച്ചു വരാൻ ശ്രമിക്കുന്ന ഈ സാഹചര്യത്തിൽ പണികൾ പുനരാരംഭിക്കുകയും ഈ ഒക്ടോബറിൽ അധികാരകൈമാറ്റത്തിന് മുൻപ് തന്നെ താക്കോൽ ദാനം നിർവഹിക്കാൻ കഴിയും
എന്നാണ് ഫോമയുടെ വിശ്വാസം.

അമേരിക്കൻ മലയാളികൾക്ക് മാത്രമല്ല ലോക മലയാളികൾക്ക് തന്നെ ഫോമായിലുള്ള ഈ വിശ്വാസമാണ് ഫോമായുടെ അടിത്തറ. ഈ വിശ്വാസത്തിൻറെ അടിസ്ഥാനത്തിലാണ് ഫോമയുടെ അംഗ സംഘടനകളും അഭ്യുദയകാംക്ഷികളും ഫോമാ ഭവന നിർമ്മാണ പദ്ധതി തുടങ്ങിയപ്പോൾ സംഭാവനകൾ നൽകുകയും 3 ജില്ലകളിലായി 40 വീടുകളുടെ പ്രവർത്തനങ്ങൾക്ക് താങ്ങും തണലുമായി നിൽക്കുകയും ചെയ്തത്. ഈ അവസരത്തിൽ സാമ്പത്തിക സഹായം നൽകിയ സംഘടനകളെയും അവരുടെ നിർലോഭമായ സഹകരണവും മുക്തകണ്ഠം പ്രശംസിക്കുന്നു. ഫോമാ എന്ന സംഘടനയിൽ നിങ്ങൾ അർപ്പിച്ച വിശ്വാസം പാഴായി പോകാതിരിക്കാനാണ് ഫോമയുടെ ഇപ്പോഴത്തെ കമ്മിറ്റി അഹോരാത്രം അധ്വാനിക്കുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്നത്. നിങ്ങൾ ഫോമായിൽ അർപ്പിച്ച വിശ്വാസത്തിന് ഇളക്കം തട്ടാതിരിക്കാൻ ഏതറ്റം വരെ പോകാനും പ്രതിജ്ഞാബദ്ധമാണെന്ന് ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റിയും ഫോമാ വില്ലേജ് കമ്മിറ്റിയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top