Flash News

എന്റെ ഓർമ്മയിലെ തിരുവോണം

August 30, 2020 , ജയശങ്കർ പിള്ള

നമുക്കെല്ലാവർക്കും കുട്ടിക്കാലത്തു വൈവിധ്യങ്ങൾ നിറഞ്ഞ ഓണം അനുഭവങ്ങൾ ആണ്. നമ്മുടെ ആഘോഷ രീതികൾക്ക് ദേശങ്ങൾക്കും, അതിജീവിച്ചിരുന്ന കാലങ്ങൾക്കും അനുസരിച്ചു വ്യത്യാസം ഉണ്ടായിരുന്നു. എന്റെ കുട്ടിക്കാലത്തെ ഓണം ഇങ്ങനെ, ഇതുപോലെ ആയിരുന്നു.

ഉത്രാടത്തിനു ഒരുക്കിയ പൂക്കളത്തിൽ ഓണത്തപ്പനെ വച്ചും, എതിരേറ്റും, പൂമാറ്റം നടത്തിയും ആണ് തിരുവോണ ദിനം ആരംഭിക്കുന്നത്. അതും വെളുപ്പിന് അഞ്ചു മണി, അഞ്ചര ആകുമ്പോൾ. തലേ ദിവസം രാത്രിയിൽ കുരുത്തോലയും, തുമ്പക്കുടവും, ചെറുതായി (ഏകദേശം രണ്ടിഞ്ചു നീളത്തിൽ) അരിഞ്ഞു ഈറ്റകൊണ്ടു നെയ്ത പുതിയ കുട്ടയിൽ ചെത്തിപ്പൂവും കലർത്തി അമ്മയും അമ്മൂമ്മയും കൂടി തയ്യാറാക്കി വയ്ക്കും. അച്ഛൻ ആ സമയത്തു കായ വറുക്കൽ, ശർക്കര പുരട്ടി എന്നിവ ഉണ്ടാക്കുന്ന തിരക്കിലായിരിക്കും. ശർക്കര പുരട്ടിയിൽ ചേർക്കുന്ന ചുക്കും, ജീരകവും ഏലക്കായും ചേർത്ത ഒരു മിക്സ് ഉണ്ട്. അസാമാന്യ സൗരഭ്യം ആണതിനു. കായ വറുക്കുന്നതിനു വേണ്ടി തയ്യാറാക്കുന്ന സമയത്തു അമ്മയുടെ അമ്മാവൻ, ചിറ്റ, ചിറ്റപ്പൻ എന്നിവർ ഉണ്ടാകാറുണ്ട്. കൂടെ തൊടിയിൽ കളിക്കുവാൻ ചിറ്റയുടെ മക്കൾ, എന്റെ സമപ്രായക്കാരനും, ഇളയ മൂന്നു പേരും.

മൂലം നാൾ മുതൽ വീട്ടു മുറ്റത്തെ വലിയ അത്തപൂക്കളത്തിനു പുറമെ ചെറിയ ഒരു പൂക്കളം കൂടി പടിപ്പുരയുടെ (ഗേറ്റ്) അടുത്ത് ഇടുന്ന ആപതിവുണ്ട്. തിരുവോണനാളിൽ വെളുപ്പിന് എഴുന്നേറ്റു കോണത്ത് പുഴയിലെ കടവിൽ കുളിച്ചു ഈറനായി മരത്തിൽ തീർത്ത ആവണി പലകയിൽ തൂശനിലയിൽ ഓണത്തപ്പനെ വയ്ക്കും. എല്ലായ്‌പോഴും ഒറ്റ അക്കം ആണ് വയ്ക്കുക. വലിയ പൂക്കളത്തിൽ അഞ്ചു ആണെങ്കിൽ ചെറുപൂക്കളത്തിൽ മൂന്ന്. വലുതിൽ മൂന്ന് ആയാൽ ചെറുതിലെ ഒന്ന്. നിലവിളക്കും ചന്ദനത്തിരിയും കത്തിനിൽക്കുന്ന പ്രഭയിൽ, തൂശനിലയിൽ ഒരു മൂന്നു കണ്ണുകൾ തെളിഞ്ഞ ഒറ്റ തേങ്ങ, ഇടങ്ങഴിയിൽ പുന്നെല്ല്, അവിൽ, മലർ, ശർക്കര, കൽക്കണ്ടം, കദളിപ്പഴം എന്നിവ വിളക്കത്തു വച്ച്, പച്ച അരിമാവ് വെള്ളത്തിൽ കലക്കി ഓണത്തപ്പനെ അണിയിക്കും. ചന്ദനവും, കളഭവും, മഞ്ഞളും ചാർത്തും. പിന്നീട് അമ്മയോ അമ്മൂമ്മയോ അതി വെളുപ്പിനെ ഉണർന്നു തയ്യാറാക്കിയ‌ അട (പച്ചരിമാവ്‌ കുഴച്ചു തേങ്ങയും ശർക്കരയും അകത്തു വച്ച് വാഴയിലയിൽ തയ്യാറാക്കിയത്) ഓണത്തപ്പന് നേദിക്കും. ആദ്യം എല്ലാ ഓണത്തപ്പനെയും വലിയ പൂക്കളത്തിൽ വച്ച് ആവാഹിച്ചതിനു ശേഷം, നേരത്തെ തയ്യാറാക്കി വച്ച കുരുത്തോലയും, തുമ്പക്കുടവും, ചെത്തിപൂവും ചാർത്തി, കർപ്പൂരം ഉഴിയും. പിന്നീട് ഒന്നോ, മൂന്നോ എന്ന് ഇഷ്ടാനുസരണം, മറ്റൊരു കൊരണ്ടിയിൽ എടുത്തു ചെറിയ പൂക്കളത്തിൽ വയ്ക്കും. ഓണത്തപ്പനെ ചെറിയ പൂക്കളത്തിലേക്ക് മറ്റും. ഇങ്ങനെ മാറ്റുമ്പോൾ കിണ്ടിയിൽ വെള്ളം തളിച്ച്, ചെറിയ നിലവിളക്കുമായി വഴി തെളിയിക്കുവാൻ ഒരാൾ മുൻപിൽ, മറ്റൊരാൾ കുരുത്തോല മിക്സ് ഒരാൾക്ക് നടക്കുവാൻ പാകത്തിനുള്ള വഴിപോലെ നേരത്തെ ഈർക്കിൽ ചൂലിന് അടിച്ചു വാരി ചാണകം തളിച്ച മുറ്റത്തു വിതറി വഴി ഒരുക്കും. രണ്ടാമത്തെ കൊരണ്ടിയിലെ ഓണത്തപ്പനെയും ചെറിയ പൂക്കളത്തിൽ വച്ച് നിലവിളക്കും വച്ച് വരുമ്പോൾ വീട്ടിൽ അപ്പോൾ ഉള്ള മുതിർന്ന കാരണവർ ഓണക്കോടിയും, നാണയവും നൽകും. ഇതെല്ലാം കഴിയുമ്പോൾ സമയം ആറു മണിയായിക്കാണും. പിന്നീട് കുടുംബ ക്ഷേത്രമായ കൂട്ടക്കാവിലേക്ക്. വിളകത്തു വച്ച തേങ്ങ, മൂന്നിലകൾ ഉള്ള കൂവളത്തിന്റെ ഇലകൾ പരമ ശിവന്റെ കോവിലിനു മുന്നിൽ അർപ്പിക്കും. തൊടിയിൽ നിന്നും പറിച്ച ബാക്കി പുഷ്പങ്ങൾ ഒരു ചെറിയ തൂശനിൽ, ഒരു ഓട്ടു ഗ്ലാസിൽ കൊണ്ടുവന്ന എണ്ണ ഭഗവതിയ്ക്കു, കുറച്ചു അവിൽ മലർ, ശർക്കര, പഴം, കൽക്കണ്ടം, ശ്രീകൃഷ്ണന്. ക്ഷേത്രത്തിനു തൊട്ടു അതിർത്തിയിൽ ഉള്ള അമ്മയുടെ തറവാട്ടിൽ പോയി ചായയും, ഇഡ്ഡലി, ദോശ എന്തെങ്കിലും കഴിയ്ക്കും. അമ്മ, അവിടെ എല്ലാവർക്കും ഓണക്കോടി നൽകും. തിരികെ വീട്ടിലേക്ക്.

എട്ടു മണി ആകുമ്പോഴേ ചീരന്തൻ, കുറുമ്പ, അവരുടെ മക്കൾ എല്ലാവരും ചേർന്ന് വാഴക്കുല, നെല്‍ക്കതിർക്കുല, ചില പച്ചക്കറികള്‍ ഒക്കെയായി വരും. എല്ലാവരും ചേർന്ന് ഓണ സദ്യ. അച്ഛൻ അവർക്കെല്ലാവർക്കും ഓണക്കോടിയും ചെറിയ തുകളും നൽകും. പിന്നെ വീട്ടിൽ അതിഥികളായി എത്തിയ പ്രായമുള്ള കാരണവന്മാർക്കു ഓണക്കോടി. അവർ ചേർന്നു മൂവാണ്ടൻ മാവിന് ചുവട്ടിൽ ചീട്ടുകളി. മൊന്തയിൽ വെള്ളവും ഗ്ലാസുമായി ചീരന്തൻ തല ചൊറിഞ്ഞു പിന്നിൽ നിൽക്കുന്നുണ്ടാകും.

ഓണസദ്യ കഴിഞ്ഞു ചീരന്തനും കാലുകൾ ഇടറുന്നത് കണ്ടിട്ടുണ്ട്. വീട്ടിലെ പ്രധാന പണിക്കാർ ആണ് ചീരന്തനും, കുറുമ്പയും (കുടികിടപ്പുകാർ). മക്കൾ ആറോ ഏഴോ. തറവാട്ടിലെ രണ്ടു കാളകളെയും പൂട്ടുന്നതും മേയ്ക്കുന്നതും പശുക്കളെ കറക്കുന്നതും കുഞ്ഞുകുഞ്ഞ്. അയാളുടെ അനിയൻ കുട്ടി. ഇവരെല്ലാം എത്രയോ കാതം ഉത്സവപറമ്പുകളിൽ എന്നെ തോളിൽ ഏറ്റി നടന്നിരിക്കുന്നു. നാല് നാലര പതിറ്റാണ്ടുകൾ കഴിഞ്ഞു. മഞ്ഞുരുകുന്ന ഈ മണ്ണിൽ ഈ തിരുവോണ നാളിൽ ഇവരുടെ ഓർമ്മകൾ. സ്നേഹം, കരുതൽ, തലോടൽ…..അവർ തെളിച്ച വഴികൾ, പറഞ്ഞു തന്ന വാക്കുകൾ, കാണിച്ചു തന്ന വർണ്ണങ്ങൾ, പാടിയ പാട്ടുകൾ, നാവിൽ കുറിച്ച ഹരിശ്രീ എന്നിവയാണ് എന്റെ മനസ്സിന്റെ തിരുമുറ്റത്ത് തിരുവോണ പൂക്കളം തീർക്കുന്നത്. എന്റെ ഓർമ്മയിലെ സുന്ദരമായ തിരുവോണ നാളുകൾ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top