Flash News

തുടർച്ചയായ നാലാം ദിവസവും റിയയെ സിബിഐ ചോദ്യം ചെയ്തു

August 31, 2020 , തസ്‌നീം

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രബർത്തിയെ തുടർച്ചയായ നാലാം ദിവസവും കേന്ദ്ര അന്വേഷണ ഏജൻസി (സിബിഐ) ചോദ്യം ചെയ്തു. ഒൻപത് മണിക്കൂറാണ് ചോദ്യം ചെയ്യല്‍ നീണ്ടത്. നാലു ദിവസത്തിനുള്ളിൽ 35 മണിക്കൂറോളം സിബിഐ ഇതുവരെ റിയയെ ചോദ്യം ചെയ്തിട്ടുണ്ട്. ജൂൺ 14 ന് മുംബൈയിലെ ബാന്ദ്രയിലെ ഫ്ലാറ്റിൽ സുശാന്ത് സിംഗ് രജ്പുത് ആത്മഹത്യ ചെയ്തു. എന്നാല്‍, ആത്മഹത്യയാണോ കൊലപാതകമാണൊ എന്നാണ് സിബിഐ അന്വേഷിക്കുന്നത്.

റിയയെ കൂടാതെ, കേസിൽ ചോദ്യം ചെയ്യാനായി റിയയുടെ സഹോദരന്‍ ഷൗവിക് ചക്രബര്‍ത്തിയേയും സിബിഐ സാന്താക്രൂസിലെ കലിനയിലെ ഡിആർഡിഒ ഗസ്റ്റ് ഹൗസിലേക്ക് വിളിപ്പിച്ചു. നേരത്തെ വെള്ളി, ശനി, ഞായർ ദിവസങ്ങളിലും പ്രത്യേക അന്വേഷണ സംഘം റിയയെ മണിക്കൂറുകളോളം ചോദ്യം ചെയ്തു. ഡല്‍ഹിയില്‍ നിന്നു വന്ന സിബിഐ പ്രത്യേക സംഘം ഡിആർഡിഒ ഗസ്റ്റ് ഹൗസിലാണ് താമസിക്കുന്നത്. അവിടെ വെച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.

റിയ ചക്രബർത്തിയെ അന്വേഷണ ഏജൻസി സംഘം വെള്ളിയാഴ്ച 10 മണിക്കൂറിലധികം ചോദ്യം ചെയ്തു. ഇതിനുശേഷം നിരവധി മാധ്യമ പ്രവർത്തകർ അവിടെയുണ്ടായിരുന്നതിനാൽ നടി പോലീസിന്റെ അകമ്പടിയോടെയാണ് വീട്ടിലെത്തിയത്. സുശാന്തിനോടൊപ്പം ഫ്ലാറ്റിൽ താമസിച്ചിരുന്ന സിദ്ധാർത്ഥ് പിത്താനി, പാചകക്കാരൻ നീരജ് സിംഗ്, അക്കൗണ്ടന്റ് രജത് മേവതി എന്നിവരെയും സിബിഐ സംഘം ചോദ്യം ചെയ്തു.

സുശാന്തിനെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചുവെന്ന കുറ്റമാണ് റിയയുടെ മേല്‍ ചുമത്തിയിരിക്കുന്നത്. ആഗസ്റ്റ് 27 ന് വാട്‌സ്ആപ്പിലെ റിയയും മറ്റുള്ളവരും തമ്മിലുള്ള സംഭാഷണത്തിന്റെ ചില ഭാഗങ്ങൾ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടപ്പോഴാണ് സുശാന്തിന്റെ മരണത്തിൽ ഒരു പുതിയ വഴിത്തിരിവുണ്ടായത്. ഈ സംഭാഷണത്തിൽ മയക്കുമരുന്നിനെക്കുറിച്ചും പരാമർശമുണ്ടായിരുന്നു. സുശാന്ത് കേസിൽ മയക്കുമരുന്ന് ഇടപാടുകളുണ്ടോ എന്ന അന്വേഷണം ആവശ്യപ്പെട്ട് ചില പരാതികൾ ലഭിച്ചതായി മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് ശനിയാഴ്ച വ്യക്തമാക്കിയിരുന്നു.

മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോയിലെ (Narcotics Control Bureau) മൂന്നംഗ സംഘം ഡല്‍ഹിയിൽ നിന്ന് മുംബൈയിലെത്തിയിട്ടുണ്ട്. കേസിൽ മയക്കുമരുന്നിന്റെ പങ്കിനെക്കുറിച്ചും അന്വേഷിക്കും. ഇതുകൂടാതെ റിയയ്‌ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top