Flash News

സൂഫിസം (Sufism) – 15

August 31, 2020 , ബിന്ദു ചാന്ദിനി

കൊളോണിയൽ കാലഘട്ടത്തിൽ കാർഷികമേഖലയിലെ ചൂഷണങ്ങൾ ബ്രിട്ടിഷ് കോളനി ഭരണത്തിൻ്റെ തുടക്കം ബംഗാളിൽനിന്നായിരുന്നു. ഇംഗ്ലീഷുകാർ ഇവിടെയാണ് ഗ്രാമസമൂഹത്തെ മാറ്റാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. റവന്യു വരുമാനം വർദ്ധിപ്പിക്കുക എന്ന മുഖ്യ ലക്ഷ്യത്തോടെ ഒരു പുതിയ റവന്യു സമ്പ്രദായവും പുതിയ കൈവശാവകാശ നിയമവും ഈസ്റ്റ് ഇന്ത്യാ കമ്പനി ആദ്യമായി നടപ്പിലാക്കിയതും ബംഗാളിലാണ്. കാർഷികോല്പാദനം വർദ്ധിപ്പിക്കാനുതകുന്ന വിധത്തിൽ ഭൂമിയിൽ പണം നിക്ഷേപിക്കാൻ കഴിയുന്ന എന്നാൽ എല്ലാക്കാലവും ഈസ്റ്റിന്ത്യാ കമ്പനിയോടു കൂറു പുലർത്തുന്ന ഒരു ഭൂപ്രഭു വർഗത്തെ അവർ അതിലൂടെ സൃഷ്ടിച്ചെടുത്തു. യഥാർത്ഥത്തിൽ ബ്രിട്ടിഷ് ഭരണാധികാരികളുടെ കീഴിൽ പ്രഭുക്കന്മാരും ജന്മിമാരും പൂർവ്വാധികം ശക്തിപ്രാപിക്കുകയാണുണ്ടത്. ബ്രിട്ടിഷുകാർക്ക് സ്വന്തം അധികാരം നിലനിർത്താൻ അവരുടെ സജീവമായ പിന്തുണയും സഹകരണവും ആവശ്യമായിരുന്നു. ‘സ്ഥിര നികുതി വ്യവസ്ഥ’ (കോൺവാലീസ് പ്രഭു 1793 ൽ നടപ്പിലാക്കിയത്) അനുസരിച്ച് ഭുവുടമകൾ നികുതിത്തുക കൃത്യമായി നൽകിയില്ലെങ്കിൽ കൈവശമുള്ള ഭൂമി ലേലത്തിൽ പോകും. ഉയർന്ന നികുതി നിരക്കും, ‘സൂര്യാസ്തമയ നിയമ (Sunset Law) ‘ വും അനുസരിച്ച്, ‘സ്ഥിര നികുതി വ്യവസ്ഥ’ നിലവിൽ വന്നതിനുശേഷം എഴുപത്തഞ്ചു ശതമാനം പഴയ ജമീന്ദാർമാരും ഭൂമി കൈമാറ്റം ചെയ്യാൻ നിർബന്ധിതരായവരാണ്. അങ്ങനെ ബ്രിട്ടിഷ്കാർ ഭൂമിയെ ഒരു വിൽപന ചരക്കാക്കി (Commodity) മാറ്റിക്കൊണ്ട് ഇന്ത്യയിൽ ഒരു പുതിയ സാമൂഹ്യ വിപ്ലവത്തിന് തുടക്കം കുറിച്ചു. ബംഗാളിലെ രാജ്മഹൽ കുന്നുകളിൽ അധിവസിച്ചിരുന്ന പഹാരിയാസിൻ്റേയും, പിന്നിട് വന്ന സന്താളുകളുടെയും, ഗോത്രകലാപങ്ങളെ, ജമീന്ദാന്മാർ ബ്രിട്ടിഷുകാരോടെപ്പം നിന്ന് അടിച്ചൊതുക്കി. അങ്ങനെ ബ്രിട്ടിഷുകാർ വനഭൂമിയെ റവന്യു ഭൂമിയാക്കി മാറ്റി.

രാജ്‌മഹൽ കുന്ന്, ബംഗാൾ

സൂപ കലാപം
പത്തൊമ്പതാം നൂറ്റാണ്ടിൽ ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ കർഷക കലാപങ്ങൾ ഉണ്ടായിട്ടുണ്ട്. ഇവയിൽ പലതും ജന്മിന്മാർക്കും ഹുണ്ടികക്കാർക്കും ധാന്യ കച്ചവടക്കാർക്കും എതിരെയുണ്ടായ കലാപങ്ങളായിരിന്നു. അത്തരം ഒരു കലാപം ആയിരുന്നു 1875 ൽ ഡക്കാനിലെ പൂന ജില്ലയിലെ ‘സൂപ ‘യിൽ നടന്ന കലാപം. സൂപയ്ക്കു ചുറ്റുമുള്ള ഗ്രാമങ്ങളിലെ കർഷകർ കൂട്ടമായി കച്ചവടക്കാരെ ആക്രമിച്ച് കണക്കുപുസ്തകങ്ങളും കടപ്പത്രങ്ങളും കത്തിക്കുകയും ധാന്യക്കടകൾ കൊള്ളചെയ്യുകയും ‘സാഹുകാർമാരുടെ’ (ഒരേ സമയം പണം പലിശക്ക് കൊടുക്കുകയും വ്യാപാരം നടത്തുകയും ചെയ്യുന്നവർ) വീടുകൾ അഗ്നിക്കിരയാക്കുകയും ചെയ്തു. കർഷകരുടെ ആക്രമണം ഭയന്ന് ‘സാഹുകാർസ്’ അവരുടെ സ്വത്തും മറ്റു സാധനങ്ങളും ഉപേക്ഷിച്ച് ഗ്രാമങ്ങളിൽ നിന്ന് പലായനം ചെയ്തു. കലാപം വ്യാപിച്ചപ്പോൾ ബ്രിട്ടിഷ് ഉദ്യോഗസ്ഥമാരിൽ പരിഭ്രാന്തി പടർന്നു.1857ലെ കലാപത്തിൻ്റെ ഒരു ആവർത്തനം ഉണ്ടാകുമെന്ന് അവർ ഭയപ്പെട്ടു. അതിനാൽ ഡക്കാൻ ലഹളകളെ മാസങ്ങൾ കൊണ്ട് നിർദ്ദയം അടിച്ചമർത്തി. കലാപത്തിൻ്റെ കാരണങ്ങളെക്കുറിച്ചന്വേഷിക്കാൻ ഒരന്വേഷണക്കമ്മീഷനെ നിയമിച്ചു. ഈ കലാപം എന്തുകൊണ്ടുണ്ടായി എന്ന് നോക്കാം.

സന്താൾ കലാപം

1820 ൽ, ബോംബെ ഡക്കാനിൽ നടപ്പിലാക്കിയ ‘റയട്ട് വാരി’ എന്ന പുതിയ റവന്യൂ സമ്പ്രദായത്തിൽ സർക്കാർ കർഷകനിൽ നിന്നു നേരിട്ടു നികുതി പിരിക്കുകയാണ് ചെയ്യുന്നത്. നികുതിയുടെ തോത് ദുർവഹമായതും വേണ്ടത്ര മഴ ലഭിക്കാത്തതും ഫലപുഷ്ടി കുറഞ്ഞ മണ്ണും പ്രശനം രൂക്ഷമാക്കി. നികുതി പിരിക്കാൻ ചുമതലയുള്ള ഉദ്യോഗസ്ഥൻ തൻ്റെ സാമർത്ഥ്യം പ്രകടിപ്പിച്ച് മേലുദ്യോഗസ്ഥരെ തൃപ്തിപ്പെടുത്താൻ ആഗ്രഹിക്കുന്നവരായിരുന്നു. ആരെങ്കിലും നികുതി അടയ്ക്കുന്നതിൽ പിഴവു വരുത്തിയാൽ അയാളുടെ വിള മുഴുവൻ പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും പതിവായിരുന്നു.1832-34 ൽ പൊട്ടിപ്പുറപ്പെട്ട ക്ഷാമം എരിതീയിൽ എണ്ണയൊഴിക്കുന്നതു പോലെയായി. ഡക്കാനിലെ ജനങ്ങളിൽ പകുതിയും കന്നുകാലികളിൽ മുന്നിലൊന്നും ചത്തൊടുങ്ങി. ചാവാതെ ശേഷിച്ചവർക്കാകട്ടെ കഴിക്കാൻ ഒന്നുമില്ലാത്ത അവസ്ഥയുമായിരുന്നു. നികുതികുടിശ്ശിക വാനോളം ഉയർന്നു. കർഷകർക്ക് പണം കടം കൊടുക്കുന്നവരിൽ നിന്ന് ലോൺ എടുക്കാതെ നികുതിയടയ്ക്കാൻ ഒരു വഴിയുമുണ്ടായിരുന്നില്ല. എന്നാൽ ഒരിക്കൽ ലോണെടുത്താൽ അത് തിരിച്ചടയ്ക്കാൻ കർഷകനൊരിക്കലും കഴിഞ്ഞില്ല. കടം പെരുകിപ്പെരുകി പണം പലിശയ്ക്കു കൊടുക്കുന്നവനെ വീണ്ടും വീണ്ടും കർഷകർക്ക് ആശ്രയിക്കേണ്ടി വന്നു.1840 ആകുമ്പോഴേക്കും കർഷകർ ഏതാണ്ടു മുഴുവനും കടക്കെണിയിൽ അകപ്പെട്ടു കഴിഞ്ഞിരുന്നു.

വാഗൻ ട്രാജഡി

ബ്രിട്ടിഷ് ഭരണത്തിൻ്റെ ഫലമായി ഇന്ത്യൻ ഗ്രാമങ്ങളിൽ ധനികരായ ഒരു കൂട്ടം ഭൂവുടമകൾ പണം പലിശയ്ക്ക് കൊടുത്ത് പാവപ്പെട്ട കർഷകരുടെ മേൽ ആധിപത്യം സ്ഥാപിച്ചു. ഹുണ്ടികക്കാർ (പണം പലിശക്കു കടം കൊടുക്കുന്നവർ) കോളനി ഭരണത്തിനു മുമ്പും ഉണ്ടായിരുന്നു. പലിശ മുതലിനേക്കാൾ കൂടാൻ പാടില്ല എന്നതായിരുന്നു പൊതുവായ അന്നത്തെ ഒരു നിബന്ധന. മാത്രമല്ല ആവശ്യം വരുമ്പോൾ, പല പരിഗണനകളും അവരിൽ പലരും കർഷകർക്ക് നൽകിയിരുന്നു. എന്നാൽ കോളനി ഭരണകാലത്തെ പുതിയ ഹുണ്ടികക്കാർ 100 രൂപയ്ക്ക് 2000 രൂപയിലധികം പലിശ വാങ്ങിയ സംഭവം ‘ഡക്കാൻ റയട്ട് കമ്മീഷൻ’ ചൂണ്ടിക്കാണിക്കുന്നുണ്ട്. ലോൺ തിരിച്ചടയ്ക്കാൻ കർഷകർക്ക് കഴിയാത്തപ്പോൾ അയാളുടെ എല്ലാ വസ്തുക്കളും – ഭൂമി, വണ്ടി, മൃഗങ്ങൾ – കടം നൽകിയ ആൾക്ക് കൊടുക്കാൻ കർഷകൻ നിർബന്ധിതനാകുന്നു. എന്നാൽ ഭൂമിയോ കാളകളോ ഇല്ലാതെ അയാൾക്ക് കൃഷി നടത്താൻ പറ്റില്ല അപ്പോൾ അയാൾ പാട്ടത്തിനു ഭൂമിയും വാടകയ്ക്ക് മൃഗങ്ങളേയും വാങ്ങുന്നു . യഥാർത്ഥത്തിൽ അയാളുടെ സ്വന്തം മ്യഗങ്ങൾക്കാണ് അയാൾ വാടക നൽകേണ്ടിവരുന്നത്. കൂടാതെ ഈ വണ്ടിയും മ്യഗങ്ങളും തൻ്റേതല്ലെന്ന് അയാൾ ഒരു വാടകച്ചീട്ട് എഴുതിക്കൊടുക്കുകയും വേണം. പണം കടം കൊടുക്കുന്നവർ ചതിയരും ക്രൂരരുമാണെന്ന് കർഷകർ മനസ്സിലാക്കി.

1859 ൽ ബ്രിട്ടിഷ് ഗവൺമെൻ്റ് ഒരു ‘പരിധി നിയമം’ (Limitation Law) പാസാക്കി. അതനുസരിച്ച് പണം കടം കൊടുക്കുന്നവരും കർഷകരും തമ്മിൽ ഒപ്പിട്ടു നൽകുന്ന ബോണ്ടിന് മൂന്നു വർഷം മാത്രമേ നിയമസാധുതയുള്ളു എന്നു വ്യക്തമാക്കപ്പെട്ടു. പലിശ ക്രമാതീതമായി കുന്നുകൂടുന്നതു തടയുക എന്നതായിരുന്നു ഈ നിയമത്തിൻ്റെ ഉദ്ദേശ്യം. എന്നാൽ പണം കടം കൊടുക്കുന്നവർ നിയമത്തെ അട്ടിമറിക്കാനുള്ള വഴി കണ്ടെത്തി. ഓരോ മൂന്നു വർഷം കഴിയുമ്പോഴും ഒരു പുതിയ ബോണ്ടിൽ ഒപ്പുവയ്ക്കാൻ അവർ കർഷകരെ നിർബന്ധിച്ചു ഒരു പുതിയ ബോണ്ട് ഒപ്പുവയ്ക്കുമ്പോൾ അതുവരെയുള്ള മുതലും പലിശയും ചേർത്തു തുക മുതലായി കാണിച്ചു. ആ മുതലിനു നൽകേണ്ട പുതിയ പലിശനിരക്കും വ്യക്തമാക്കി. കർഷകരുടെ വിളകൾക്ക് ന്യായമായ വില നൽകില്ല. കടബാധ്യത തീർക്കാൻ കഴിയാതെ വരുമ്പോൾ പണം കടം കൊടുത്തവർ കർഷകരുടെ ഭൂമി ഒഴിപ്പിച്ചെടുക്കുകയും ചെയ്യും. ലോൺ തിരിച്ചടയ്ക്കുമ്പോൾ അവർ രശീതി നല്‍കാറില്ല. മാത്രമല്ല ബോണ്ടിൽ കാണിച്ച തുകയിൽ കൃത്രിമമായി പലപ്പോഴും തിരുത്തുവരുത്തും. അവർക്ക് പല രേഖകളിലും ഒപ്പുവയ്ക്കുകയോ വിരലടയാളം പതിക്കുകയോ ചെയ്യേണ്ടിവന്നു. എന്തിലാണ് ഒപ്പുവയ്ക്കുന്നത് എന്നോ അതിലെ വ്യവസ്ഥകൾ എന്തെല്ലാമാണെന്നോ അവർക്ക് നിശ്ചയമുണ്ടായിരുന്നില്ല. പണം കടം കൊടുക്കുന്നവർ പണം നൽകണമെങ്കിൽ അവർ പറയുന്ന രേഖയിൽ കർഷകർ ഒപ്പിട്ടു കൊടുത്തേ മതിയാവൂ.

കൊളോണിയൽ ഭരണകാലത്ത് ഇന്ത്യയിലെ കർഷകരെ ഭൂവുടമകൾ എങ്ങനെ ചൂഷണം ചെയ്തു എന്നതിൻ്റെ ഒരു ഉദാരണമാണ് സൂപയിലെ കാർഷിക കലാപം. ബ്രിട്ടിഷുകാർ അനുവർത്തിച്ച ഭൂനയത്തിൻ്റെ നേട്ടം മുഴുവനും ജന്മിമാർക്കും ഗവൺമെൻ്റിനുമായിരുന്നു. ജമീന്ദാർമാരെപ്പറ്റി ഡാനിയൽ തോർനർ പറയുന്നത് നോക്കൂ: 1799 നും 1940 നും ഇടയ്ക്കുള്ള കാലത്ത് ഇന്ത്യയിൽ തഴച്ചു വളർന്ന ഇവരെപ്പോലെ, ഇത്ര വലിയ, ഇത്ര സുസ്ഥാപിതമായ, ഇത്ര സുരക്ഷിതമായ ഒരു ഭൂവുടമ വർഗ്ഗത്തെ ഇന്ത്യാ ചരിത്രത്തിൻ്റെ മറ്റൊരു കാലഘട്ടത്തിലും ഒരാൾക്കും കാണാനാവില്ല.
ഇന്ത്യൻ ഗ്രാമങ്ങളിലെ ദാരിദ്ര്യം ഭീകരമായിരുന്നു. ഇന്ത്യൻ കർഷകൻ കടത്തിൽ ജനിച്ച്, കടത്തിൽ വളർന്ന്, കടത്തിൽ മരിക്കുന്നവരാണെന്ന ചൊല്ലുണ്ടായത് അങ്ങനെയാണ്.

മാപ്പിള കലാപങ്ങള്‍
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൽ സജീവമായി പങ്കെടുത്ത ഒരു ജനവിഭാഗമാണ് മലബാറില മാപ്പിളമാർ. കാർഷിക കലാപങ്ങൾ (മലബാർ കലാപങ്ങൾ), ഖിലാഫത്ത്, നിസ്സഹകരണ പ്രസ്ഥാനം, നിയമ ലംഘന പ്രസ്ഥാനം, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം അങ്ങനെ പോകുന്നു അവരുടെ പോരാട്ടങ്ങൾ. ഒരുപക്ഷെ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൽ ബംഗാളും പഞ്ചാബും കഴിഞ്ഞാൽ ഏറ്റവും സജീവമായ പോരാട്ടങ്ങൾ നടന്നത് മലബാറിലാണ്.

മാപ്പിള കലാപത്തിലെ തടവുകാർ

മൂന്നാം മൈസൂർ യുദ്ധത്തിലൂടെ (1792) ടിപ്പുവിൽ നിന്ന് മലബാർ ബ്രിട്ടിഷുകാർക്ക് ലഭിച്ചു. ടിപ്പുവിന്റെ ആക്രമണത്തെ ഭയന്ന് പലായനം ചെയ്ത ഭൂവുടമകൾ തിരിച്ചുവന്ന്, വീണ്ടും ഭൂമിയുടെ അധിപന്മാരായി തീരുകയും ചെയ്തു. കുടിയാന്മാർക്ക് (ഹിന്ദുക്കളും, മുസ്ലീംങ്ങളും) ടിപ്പുവിന്റെ കാലത്ത് ഭൂമിയുടെ മേലുണ്ടായിരുന്ന എല്ലാവിധ അവകാശങ്ങളും നഷ്ടപ്പെട്ടു. തന്മൂലം മാപ്പിളമാരായ കർഷകർ, ജന്മിമാർക്കും ബ്രിട്ടിഷ്കാർക്കുമെതിരെ പലപ്പോഴും കലാപമുണ്ടാക്കാറുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിൽ മലബാറിൽ രക്തരൂക്ഷിതമായ 50 ലധികം കലാപങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിണ്ട്. മലബാറിലെ ബ്രിട്ടിഷ് വിരുദ്ധ സമരങ്ങളിൽ ഒരു പ്രധാന പങ്ക് വഹിച്ച സൂഫി പണ്ഡിതനാണ് മമ്പുറം സയ്യിദ് ഫസൽ തങ്ങൾ.

കുടിയാന്മാരായ ഹിന്ദുക്കളും ജന്മിമാരുടെ കൊടിയ പീഢനങ്ങൾക്ക് വിധേയരായിരുന്നു. എന്നാൽ ജാതിവ്യവസ്ഥ അനുസരിച്ച് താഴ്ന്ന ജാതിയിൽപ്പെട്ടവർ ബ്രാഹ്മണർക്ക് എതിരെ ആയുധം എടുക്കാൻ പാടില്ലെന്നാണ് വ്യവസ്ഥ. ആയതിനാൽ ഈ കലാപങ്ങൾ വെറും മുസ്ലീം കലാപങ്ങളായി ചുരുങ്ങി. കുടിയാന്മാർ മുസ്ലീംങ്ങളും, ഭൂവുടമകൾ ഹിന്ദുക്കളും ആയത് കൊണ്ട്, ഇന്നും പല ചരിത്രകാരന്മാരും ഹിന്ദു – മുസ്ലീം കലാപങ്ങളായി ഇതിനെ ചിത്രീകരിച്ചു കൊണ്ടിരിക്കുന്നു. ഒരു നൂറ്റാണ്ടു കാലം ചൂഷണത്തിനും വിദേശാധിപത്യത്തിനുമെതിരെ ചെറുത്തുനില്പു പ്രസ്ഥാനത്തിലൂടെ പതിനായിരകണക്കിന് മാപ്പിളന്മാർ നടത്തിയ ജീവിത്യാഗത്തെ വെറും വർഗ്ഗീയ കലാപമായി വിലക്കുറച്ചു പല ചരിത്രകാരന്മാരും കണ്ടു.

ഏകദേശം നൂറ് വർഷത്തോളം നീണ്ടു നിന്ന ഇടവിട്ട് ഉണ്ടായിരുന്ന കലാപങ്ങളെ അടിച്ചമർത്താൻ വേണ്ടി ബ്രിട്ടിഷുകാർ Malabar special police (MSP) 1854 ൽ രൂപീകരിച്ചു. കലാപത്തെ കുറിച്ച് അന്വേഷിക്കാേൻ നിയമിതനായ മലബാർ കലക്ടറായ വില്യം ലോഗൻ മാപ്പിള കലാപങ്ങൾ കർഷക കലാപങ്ങളാണെന്ന് ചൂണ്ടിക്കാട്ടി. ഭൂവുടമകളുടെ ചൂഷണങ്ങളും, ബ്രിട്ടിഷ്കാരുടെ തെറ്റായ നികുതി നയവും മൂലം കർഷകർക്കുണ്ടായ അസംതൃപ്തിയും, ദാരിദ്ര്യവുമാണ് ലഹളകൾക്ക് കാരണമായത്. അല്ലാതെ മതപരമായ ഒന്നും തന്നെ ഇല്ലയെന്നും അദ്ദേഹം കണ്ടെത്തി. ബ്രിട്ടിഷ്കാരുടെ അടിച്ചമർത്തല്‍ നയവും, ഭൂപരിഷ്കരണ നടപടികളും ഒടുവിൽ കലാപം കെട്ടടങ്ങുന്നതിനു കാരണമായി. മാപ്പിള കലാപങ്ങൾ 1921ലെ മലബാർ കലാപത്തിൽ അതിന്റെ ഉച്ചാവസ്ഥയിലെത്തിച്ചേർന്നു. മലബാർ കലാപവുമായി ബന്ധപ്പെട്ട ദുരന്ത സംഭവങ്ങളിലൊന്നായിരുന്നു വാഗൻ ട്രാജഡി. വാരിയൻകുന്നത്ത് കുഞ്ഞുഹമ്മദ് ഹാജി, സീതികോയ തങ്ങൾ, ആലി മുസ്ലിയാർ എന്നീ നേതാക്കളാണ് മലബാർ ലഹള നയിച്ചത്.

ബാബർ നാമ
ഇന്ത്യയിൽ താൻ കണ്ട കർഷക സമൂഹത്തിൻ്റെ ചില പ്രത്യേകതകളെക്കുറിച്ച് മുഗൾ സാമ്രാജ്യ സ്ഥാപകനായ ബാബർ അദ്ദേഹത്തിൻ്റെ ആത്മകഥയായ ബാബർ നാമയിൽ (തുസാക്കി-ഇ-ബാബരി ) ഇങ്ങനെയെഴുതുന്നു.  “ഹിന്ദുസ്ഥാനിലെ ചെറു ഭവനങ്ങളും, ഗ്രാമങ്ങളും, പട്ടണങ്ങളും പെട്ടെന്ന് ആളില്ലാത്തവയായി മാറും. വർഷങ്ങളായി തങ്ങൾ താമസിക്കുന്ന പട്ടണങ്ങളിൽ നിന്ന് ജനങ്ങൾ പലായനം ചെയ്യുന്നതായി കാണാം. അവരവിടെ താമസിച്ചതിൻ്റെ ഒരു ലക്ഷണവും അവിടെ അവശേഷിപ്പിക്കാത്ത വിധത്തിലാണവരതു ചെയ്യുന്നത്. ഒന്നോ, ഒന്നരയോ ദിവസം കൊണ്ട് അവരതു സാധിക്കും. പുതുതായി താമസിക്കാനുളള സ്ഥലം കണ്ടുവച്ചു കഴിഞ്ഞാൽ വെളളത്തിൻ്റെ പ്രശ്നമൊന്നും അവരെ അലട്ടുന്നില്ല. അവരുടെ കൃഷി മിക്കവാറും മഴയെ ആശ്രയിച്ചിട്ടുളളതാണ്. കൂട്ടം കൂട്ടമായി സഞ്ചരിക്കുന്ന അവർ വീടൊന്നും പണിയുന്നത് പതിവില്ല. പുല്ലും മരവും ഇഷ്ടം പോലെ ലഭിക്കുന്നതുകൊണ്ട് കുടിലുകൾ കെട്ടാൻ പ്രയാസമില്ല. കുടിവെളളത്തിനു വേണ്ടി അവർ കിണറോ കുളമോ കുത്തുന്നു. താമസിയാതെ അവിടെ ഒരു പുതിയ ഗ്രാമമോ പട്ടണമോ പ്രത്യക്ഷപ്പെടുന്നു.”

മുഗൾ കാലഘട്ടത്തിലും, ബ്രിട്ടിഷുകാലത്തും പിന്നീട് സ്വാതന്ത്ര്യം ലഭിച്ചനുശേഷവും, കൃഷിയുടെ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ബാബർ കണ്ട ഇന്ത്യയിലെ കർഷകരുടെ അവസ്ഥക്ക് കാര്യമായ മാററമൊന്നും സംഭവിച്ചിട്ടില്ല. ആര് ഭരിച്ചാലും സമ്പന്നർ സമ്പന്നരായും, പാവപ്പെട്ടവർ പാവപ്പെട്ടരായും കഴിയുന്നുയെന്നതാണ് എക്കാലത്തേയും സാമൂഹികാവസ്ഥ.

(തുടരും)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Scroll to top