Flash News

ഞണ്ടുകളുടെ നാട്ടിലൂടെ (അദ്ധ്യായം – 6) വിഷ സർപ്പങ്ങൾ

September 3, 2020 , ജയശങ്കര്‍ പിള്ള

ഇന്ന് ഒത്തിരിയേറെ കാര്യങ്ങൾ ചെയ്തു തീർക്കുവാനുണ്ട്. ആകെയുള്ള ഒരു മാസത്തെ അവധിയിൽ നാലു ദിവസം കടന്നു പോയിരിക്കുന്നു.

“ആദ്യം എങ്ങോട്ടേക്കാ? പഞ്ചായത്താപ്പീസിലേക്കോ അതോ വില്ലേജിലേക്കോ? പഞ്ചായത്തു തന്നെ ആയിക്കോട്ടെ അല്ലേ? അവിടെത്തെ കുടിശ്ശിക തീർക്കാതെ ഒന്നും നടക്കൂന്നു തോന്നണില്യ..” പരമേശ്വരൻ നായർ തന്നെ ഉത്തരവും നൽകി.

“എങ്ങടു ആയാലും ഒരു കുഴപ്പവും ഇല്ല. കാര്യം നടന്നു കിട്ടിയാൽ മതി.”

ഇന്നലെ കൂട്ടുകൂടലും കുടിയും പരമേശ്വരന്റെ കൂടെ നാട്ടു കറക്കവും, വിശേഷവും ആയി മോനെയും ഭാര്യയെയും ഒന്ന് വിളിയ്ക്കാൻ കൂടി പറ്റിയില്ല. ഇവിടെ വന്നു ഒന്ന് മുഖം കാണിച്ചിട്ട് അവർ അന്നേ എടത്വായ്ക്കു പോയതാണ്. പരമേശ്വരന്റെ കാറിൽ വരെ അവിടെ കൊണ്ടാക്കി ദേവൻ തിരികെ പോന്നത് ആണ്.

ദേവൻ ഫോണെടുത്തു മോനെ വിളിച്ചു. ഇന്നലെ രാത്രി പല തവണ മാലിനിയുടെ മിസ്ഡ് കോളുകൾ. എന്തെല്ലാമോ ഒഴിവു കഴിവുകൾ പറഞ്ഞു രക്ഷപെട്ടു.

“പഴയ ചങ്ങാതി പരമൻ ചേട്ടൻ കൂടെ ഉണ്ടല്ലോ, അപ്പൊ ഞങ്ങളെ ഒക്കെ മറന്നു അടിച്ചു പൊളിക്കുകാണെന്നു മനസ്സിലായി,” ഫോണിന്റെ മറുതലയ്ക്കൽ മാലിനി അർഥം വച്ച് പറഞ്ഞു.

“ഏയ് ഒന്നൂല്ല. ഇന്നലെ ദീപാരാധന കഴിഞ്ഞു വെറുതെ പാലത്തിനു മുകളിൽ സൊറ പറഞ്ഞിരുന്നു.”

“അതേ അതേ മനസ്സിലായി. അവൾ ഒരു കള്ള ചിരി പാസാക്കി.”

“വെള്ളിയാഴ്ച പരമൻ വണ്ടിയുമായി വരും. ശനിയാഴ്ച ഇവിടെല്ലാരും ഒത്തു കൂടുന്നുണ്ട്. നീ കൂടി വന്നിട്ട് വേണം മോന്റെ പേരിലുള്ള ഫിക്സഡ് ഡെപ്പോസിറ്റ് സൊസൈറ്റിയിൽ പുതുക്കി ഇടാൻ.”

“ഓ..ശരി ശരി. അല്ലാതെ മോനെ എല്ലാവരെയും കാണിക്കാനല്ല. മനസ്സിലായി. എന്റേട്ടാ എനിക്ക് ഇങ്ങളെ അറിയില്ലേ?”

ദേവന് അക്കിടി പറ്റിയത് പോലെ ആയി. പരമേശ്വരൻ എല്ലാം കേട്ടു കാണും. ഇളിഭ്യത മറയ്ക്കാതെ ദേവനിരുന്നു.

“നമ്മുടെ നാട് മുഴുവൻ മാറി പോയല്ലോ പരമാ !!”

“ഇവിടെല്ലാം ഇപ്പോൾ വരുത്തന്മാരല്ലേ. നമ്മുടെ നാട്ടുകാരൊക്കെ എങ്ങാടൊക്കെയോ ഒളിച്ചോടി പോയില്ലേ?”

അതു തന്നെയും ചേർത്താണ് പറഞ്ഞത് എന്ന് ദേവന് മനസ്സിലായി.

ഈ പരമേശ്വരൻ എന്നാണ് തന്റെ ചങ്ങാതി ആയതു? തന്നെക്കാൾ നാലോ അഞ്ചോ വയസ്സിനു മൂത്തതാണ് എങ്കിലും തന്നെക്കാൾ ഇളപ്പം ആയാണ് എന്നും കൂടെ നില്‍ക്കുന്നത്. സ്വന്തം കൃഷി ആവശ്യങ്ങൾക്കും, പുറത്തു വാടകയ്ക്കും ആയി ടില്ലറും, ട്രെയ്‌ലറും വാങ്ങിയ കാലത്താണ് അരയൻകാവിലുള്ള സുകുമാരന്റെ സഹായി ആയി പരമേശ്വരൻ കൂടുന്നത്. അന്ന് ദേവൻ എട്ടാം തരത്തിൽ ആണ്. അച്ഛന് വലിയ ഇഷ്ടം ആയിരുന്നു പരമേശ്വരനെ. ഒൻപതാം വാർഡിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ച സമയത്താണ് ചുറുചുറുക്കുള്ള ഈ പയ്യനെ അച്ഛൻ കാണുന്നത്. അന്ന് സൈക്കിളിൽ മൈദാ പശയും, പോസ്റ്ററും, നോട്ടീസും ഒക്കെ ആയി ഈ പയ്യൻ അച്ഛന് വേണ്ടി വോട്ടു പിടിച്ചു. രാവിലെ ഒലിപ്പുറത്തുള്ള റബ്ബർ തോട്ടത്തിൽ ഒട്ടുപാല് പെറുക്കിയും, നാട്ടുകാർക്ക് വേണ്ടി ചില്ലറ സേവനങ്ങൾ ഒക്കെ ചെയ്ത പരമേശ്വരന്റെ അമ്മ കുറുമ്പ നവോഥാന നായിക ആയിരുന്നു. നായർ തറവാട്ടിലെ സൗകര്യങ്ങൾ വലിച്ചെറിഞ്ഞു കുടികിടപ്പിലേക്ക് ദത്തുപോയ ഭാസ്കരൻനായരുടെ ഏക മകൻ. ഭാസ്കരൻ നായർ മരിക്കുന്ന സമയത്തു അച്ഛന്റെ വര്‍ക്ക് സൈറ്റിലെ വാർക്കപ്പണിക്കാരൻ ആയിരുന്നു. സുഖസൗകര്യങ്ങളിൽ വളർന്ന നാട്ടിലെ പ്രമാണി തന്റെ പ്രമാണിത്തം കളയാതെ മകനും ആ വാല് നൽകുവാൻ മറന്നില്ല, നായർ.

ജനനം മുതൽ പരമേശ്വരൻ നായർ അങ്ങിനെ ദളിത് നായർ ആയി അവഹേളിക്കപ്പെട്ടു. ഭാസകരന്റെ മരണശേഷം ആർക്കും തട്ടിക്കളിക്കാവുന്ന ഒരു പന്തുപോലെ അവൻ സമൂഹത്തിൽ ഒരു കഥാപാത്രം ആയതോടുകൂടി എട്ടാം തരത്തിൽ പഠിപ്പു നിറുത്തി കൂലി വേലയ്ക്കു ഇറങ്ങി. അമ്മയുടെ അകന്ന ബന്ധുവിന്റെ മകൻ സുകുമാരന്റെ ശിഷ്യൻ ആയി. തടിച്ചുരുണ്ട കരുമാടിയായ പരമേശ്വരന്റെ ഒപ്പം സഹായി ആയി വീടിന്റെ പടി കടന്നു വരുന്നത് ദേവൻ ഇപ്പോഴും ഓർക്കുന്നു.

പിന്നീട് ഒരു വര്‍ഷം കൂടി കഴിഞ്ഞാണ് അച്ഛനെ വിഷം തൊടുന്നത്. അന്ന് ആശുപത്രിയിൽ സഹായത്തിനു പരമൻ ഉണ്ടായിരുന്നു. അച്ഛൻ കിടപ്പായതോടു കൂടി ദേവൻ ചുമതലകൾ സ്വയം ഏറ്റെടുക്കുവാൻ തുടങ്ങി.

ഒൻപതാം തരത്തിലെ നീണ്ട വേനൽ അവധി കഴിയുമ്പോൾ വീട്ടിലെ കൃഷിയും മറ്റു കാര്യങ്ങളും ദേവന്റെ പൂർണ്ണ നിയന്ത്രണത്തിൽ ആയിക്കഴിഞ്ഞിരുന്നു. ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന മൂന്നു ഓപ്പോൾമാർ, മാസാമാസം ജേഷ്ഠൻ പേർഷ്യയിൽ നിന്നയക്കുന്ന ഡ്രാഫ്റ്റുകൾ, സൊസൈറ്റിയിലെ ചിട്ടികൾ, തേങ്ങയും, വാഴക്കുലയും, നെല്ലും എല്ലാം ആയി ആദായം വേറെ. ആദ്യ പത്തു സ്‌കൂൾ റാങ്കുകൾക്കുള്ളിൽ നിന്നും ദേവൻ പുറത്തേക്ക് നടന്നകന്നു.

ഇടവപ്പാതി മഴകഴിഞ്ഞു പാടം മുഴുവൻ ഉഴുതു മറിച്ചിരുന്നു. ഇടവിളയായി മുണ്ടക പയറും, പച്ചക്കറിയും ഒക്കെ വിളവ് എടുപ്പ് കഴിഞ്ഞു മഴവീണു അഴുകി തുടങ്ങിയിരിക്കുന്നു. പാകി നിറുത്തിയ ഞാറു പറിച്ചുനടുവാൻ ഇനി മൂന്നോ നാലോ മഴകൂടി മതിയാകും. വണ്ടി പാടത്തു പണിക്കിറക്കാൻ നേരം ആയെങ്കിലും, മകര കൊയ്ത്തു കഴിഞ്ഞു കണ്ടം പൂട്ടിയതിന്റെ വാടക ഇതുവരെ പിരിഞ്ഞു കിട്ടിയിട്ടില്ല. സുകുമാരൻ ഇപ്പോൾ വല്ലപ്പോഴും മാത്രമായി വരവ്, പരമൻ ആഴ്ചയിൽ വല്ലപ്പോഴും വരുന്നുണ്ട്.

ചാരു കസേരയിൽ കിടന്നു കൊണ്ട് അച്ഛൻ പരമനെ ശകാരിക്കുകയാണ്. വാടക പിരിക്കാത്തതിന്, അവൻ കരച്ചിലിന്റെ വക്കോളം എത്തി എങ്കിലും ഒന്നും വിട്ടു പറയുന്നില്ല.

അച്ഛന് കാര്യങ്ങൾ എല്ലാം മനസ്സിലായിരിക്കുന്നു. ബസ്സു കൂലിക്കുള്ള പണത്തിനു തല ചൊറിഞ്ഞു നിൽക്കാറൂള്ള സുകുമാരൻ വിഷുക്കൈനീട്ടം വാങ്ങുവാൻ വന്നത് ടിവിഎസ് ന്റെ ലൂണയിൽ ആണ്.

“ദേവാ നീ അകത്തു നിന്ന് വണ്ടിയുടെ ചാവി എടുത്തിട്ടുവാ”

“അച്ഛൻ ചാവി വാങ്ങി പരമുവിന് കൊടുത്തു”

“ഇനി മുതൽ നീ വണ്ടി നോക്കി നടത്തിയാൽ മതി. ദേവനെ കൃത്യമായി മണിക്കൂര്‍ എഴുതി ഏൽപ്പിച്ചാൽ അവൻ വാടക പിരിച്ചു കൊള്ളും.”

പരമു സമ്മതം മൂളി അച്ഛന്റെ കാൽ തൊട്ടു തൊഴുതു. അവൻ കാൽ തൊട്ടു തൊഴുമ്പോൾ അച്ഛൻ പണിപ്പെട്ടു കസേരയിൽ നിന്നും എഴുന്നേല്‍ക്കുവാന്‍ ശ്രമിച്ചു. അച്ഛന് അവനോടു എന്തൊ പ്രത്യേക സ്നേഹം ഉള്ളത് പോലെ തോന്നി.

ഇതെല്ലാം കണ്ടു സരസ്വതി പൂമുഖത്തു തന്നെ ഉണ്ടായിരുന്നു. അമ്മ നൽകിയ ചുടു ചായ ഊതി ഊതി കുടിക്കുമ്പോള്‍ അവന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.

“മാഷ് ചെയ്തത് നല്ലൊരു കാര്യാ, (അച്ഛനെ അമ്മ എപ്പോഴും വിളിക്കുന്നത് മാഷ് എന്നാണ്) നമ്മടെ കൂട്ടരുടെ കൂടെ നടക്കേണ്ട ചെക്കനല്ലേ, പാവം.” ഇത്രയും പറഞ്ഞു സരസ്വതി ഗ്ലാസും വാങ്ങുവാൻ തുനിഞ്ഞു.

“വേണ്ട ടീച്ചറെ.” അവൻ ചവിട്ടു പടിയ്ക്കു അരികെ ഉള്ള ടാപ്പ് തുറന്നു ഗ്ലാസ് കഴുകി തറയിൽ കമഴ്ത്തി വച്ചു

സുകുമാരന്റെ കുടികിടപ്പു ഭൂമിയിൽ പനയോലയിൽ തീർത്ത വീടിനു പകരമായി രണ്ടു മുറി അടുക്കളയുള്ള ഓടിട്ട വീട് വച്ച് നൽകിയ പിള്ളേച്ചൻ, സ്വയം പഴിച്ചു. മുൾമരം ആണല്ലോ നനച്ചു വളർത്തിയത്.

അച്ഛൻ എന്തെല്ലാമോ ആലോചിച്ചു കസേരയിൽ നീണ്ടു നിവർന്നു. ദേവനോട് കണക്കു പുസ്തകം കൊണ്ടു വരുവാൻ ആവശ്യപ്പെട്ടു. അതിൽ വണ്ടി വാടക ഇനത്തിൽ പിരിഞ്ഞു കിട്ടുവാനുള്ളവരുടെ ഒരു നീണ്ട ലിസ്റ്റ്. അച്ഛൻ ഇതെപ്പോഴാണ് തയ്യാറാക്കിയത് എന്ന് ദേവന് അതിശയം തോന്നി.

“ഇത് നീ നാളെ തന്നെ പിരിച്ചു തുടങ്ങണം.”

ദേവൻ ഒന്ന് മൂളി.

“മൂളിയാൽ പോര”

അച്ഛന്റെ ശബ്ദത്തിൽ അല്പം ഗൗരവം കലർന്നിരുന്നു.

“ചെമ്പിൽ പോയി തേങ്ങാക്കാരൻ മോയ്തീനോട് കുടിശ്ശിക മുഴുവൻ വാങ്ങണം.നാളെ രാവിലെ പുറപ്പെട്ടോളൂ. സഹായത്തിനു ദാ ഇവനെയും കൂട്ടിക്കോക്കോളു.” പരമനു കിട്ടിയ ആദ്യത്തെ ജോലി.

“പരമേശ്വര …. നീ ആ സൈക്കിൾ കടക്കാരൻ ഗോപിയോട് ഇത്രടം വരെ വരാൻ പറയണം. ഇന്ന് തന്നെ വേണം.”

പരമു അച്ഛനെ പിടിച്ചു സാവധാനം എഴുന്നേൽപ്പിച്ചു. പേർഷ്യയിൽ നിന്നും സോമൻ പിള്ള കൊടുത്തയച്ച സ്വര്‍ണ്ണ നിറത്തില്‍ നാഗത്തിന്റെ കൈപിടിയുള്ള വടി കുത്തി അച്ഛൻ പൂമുഖത്തറിക്ക് വേച്ചു വേച്ചു നടന്നു.

അച്ഛനിൽ പൊടുന്നനെ ഉണ്ടായ മാറ്റം ദേവനിൽ അത്ഭുതം ഉണർത്തി.

പിറ്റേന്ന് ദേവൻ കടയിൽ നിന്നും പലചരക്കു വാങ്ങി നടക്കുമ്പോൾ ഗോപി ഒരു സൈക്കിളുമായി വഴിയിൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു.

കാഞ്ഞിരമറ്റത്തെ അമ്മാവന്റെ മകൻ രാജു ചേട്ടൻ ഇതുപോലെ ഒരു ഹീറോ സൈക്കിളിൽ ആണ് ഇടയ്ക്കു വീട്ടിൽ വരാറുള്ളത്. രണ്ടു ചക്രങ്ങളും പലനിറത്തിൽ ഉള്ള പൊക്കൽ കൊണ്ട് അലങ്കരിച്ച, രണ്ടു കണ്ണാടിയും, ബെല്ലും ഉള്ള സൈക്കിൾ. കുട്ടി ആയിരിക്കുമ്പോൾ ദേവൻ ആ സൈക്കിൾ മുറ്റം മുഴുവൻ തള്ളി കൊണ്ട് നടക്കുമായിരുന്നു. ഇന്ന് തനിക്കും ഒരു സൈക്കിൾ സ്വന്തമായിരിക്കുന്നു.

പുതിയ സൈക്കിൾ കിട്ടിയ ആവേശത്തിൽ ദേവൻ അതുമായി ദേവകി താമസിക്കുന്ന കോളനിയിൽ, കൂമുള്ളി മലയിൽ ഒക്കെ പോയി.

പൂമുഖത്തു അച്ഛന് കാണുവാൻ പാകത്തിന് ദേവൻ സൈക്കിൾ സ്റ്റാൻഡിൽ വച്ചു. അച്ഛൻ പരമുവിനു എന്തെല്ലാമോ പറഞ്ഞു കൊടുക്കുകയാണ്.

ചാരുകസേരയിൽ നിന്നും എഴുന്നെള്‍ക്കുവാന്‍ ശ്രമിച്ചു. പരമുവും ദേവനും കൂടി അച്ഛനെ താങ്ങി. അച്ഛൻ ഞങ്ങളെ താങ്ങി പൂമുഖത്തേക്ക് വേയ്ച്ചു വെയ്ച്ചു നടന്നു.

ദേവന് അത്ഭുതം തോന്നി. അച്ഛൻ നടന്നു തുടങ്ങിയിരിക്കുന്നു. പൂമുഖത്തെ തൂണിൽ പിടിച്ചു കുറച്ചു നേരം അച്ഛൻ അതേ നിൽപ് നിന്നു, പടിഞ്ഞാറേ വിരിപ്പ് പാടത്തേക്കു നോട്ടം അയച്ചു.

അല്പം കഴിഞ്ഞു പൂമുഖത്തു പ്ലാസ്റ്റിക് വിരിഞ്ഞ ചാരു കസേരയിൽ ഇരുന്നു അച്ഛൻ ദേവൻ കൊടുത്ത സൈക്കിളിന്റെ ബില്ലുകൾ മറിച്ചും തിരിച്ചും നോക്കി.

“നിനക്ക് സന്തോഷായോ?” അച്ഛൻ ദേവനെ ആശ്ലേഷിച്ചു.

“ദേവന്റെ കണ്ണുകൾ ഈറനണിഞ്ഞു.”

“നീ പോയൊരു ചായ എടുത്തിട്ട് വാ” അച്ഛന്റെ ദയനീയ ശബ്ദം.

സ്‌കൂൾ തുറക്കുവാൻ അധിക ദിവസങ്ങൾ ഇല്ല. അമ്മ പ്രധാന അധ്യാപിക ആയി പള്ളുരുത്തി വെളിയിൽ ഉള്ള സർക്കാർ സ്‌കൂളിൽ പുതിയ ചുമതലയേറ്റു.

അമ്മ സ്‌കൂളിൽ നിന്നും വരുമ്പോൾ അച്ഛൻ പൂമുഖത്തു വടിയിൽ ഊന്നി നിൽക്കുണ്ടായിരുന്നു.

“എന്റെ കൂട്ടുമ്മേൽ ഭഗവതിയെ .. ഞാൻ എന്താണീ കാണുന്നെ. നീ കാത്തോളണേ.” അമ്മ അറിയാതെ ഉച്ചത്തിൽ വിളിച്ചു. ആ വിളിയൊരു കരച്ചിൽ ആയി മാറിയിരുന്നു.

അടുക്കളയിൽ ചായ തയ്യാറാക്കി നിന്ന ദേവൻ പൂമുഖത്തേയ്‌ക്ക്‌ ഭയപ്പാടോടെ വന്നു. അച്ഛൻ അമ്മയുടെ തോളിൽ താങ്ങി നടക്കുന്നു. അമ്മയുടെ കവിളിൽ കണ്ണുനീർ ചാലുകൾ.

അച്ഛന്റെ ഇടതു കാൽ മുട്ടറ്റം വരെ വ്രണമായി നീര് വച്ചിരിക്കുന്നു. പാദം തൊട്ടാൽ പൊട്ടുന്ന രീതിയിൽ ഒരു ബലൂൺ പോലെ ആയിരിക്കുന്നു. വലിയുടെ ദംശനം അച്ഛനെ മരണത്തിൽ നിന്നും തിരികെ കൊണ്ടുവരുവാൻ രണ്ടിലധികം ആഴ്ച്ചയെടുത്തിരുന്നു. തുടർന്ന് ഒരു വര്‍ഷം പിന്നിട്ട ചികിത്സ തുടരുന്നു.

ഏതു വെല്ലുവിളികളെയും ഒറ്റയ്ക്ക് നിന്ന് നേരിട്ട ആൾ ആണ് വീണ്ടും ഭൂമിയിൽ ചവിട്ടി നില്‍ക്കുന്നത് എന്നത് ദേവനിൽ കൂടുതൽ ധൈര്യം നൽകി.

പൂമുഖത്തെ അമ്മയുടെ കരച്ചിൽ കേട്ട് വണ്ടിപുരയിൽ പണിയിൽ ആയിരുന്ന പരമൻ ഓടി വന്നു.

ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മാറ്റിയ അച്ഛനെ ശുശ്രൂഷിച്ചിരുന്നത് ദേവകി ആണ്. ഇപ്പോൾ ഇടയ്ക്കിടെ അവർ തന്റെ ലക്ഷം വീട് കോളനിയിലെ വീട്ടിലേക്ക് പോകും. അവിടെ ദേവകിയുടെ ജേഷ്ഠത്തിയും മൂന്നു പെൺമക്കളും മാത്രമാണ് താമസം. ദേവകിയുടെ പേരിൽ സർക്കാർ കൊടുത്ത വീടാണ്.

അവിവാഹിത എങ്കിലും ആ വീട് ലഭിക്കുവാന്‍ അച്ഛൻ ആണ് സഹായിച്ചത് എന്ന് ദേവകി പലതവണ പറഞ്ഞിട്ടുണ്ട്. ദേവകി ഇല്ലാത്തപ്പോൾ ദേവൻ അത്യാവശ്യം പാചകം കൂടി ചെയ്തു തുടങ്ങിയിരുന്നു.

അച്ഛൻ കിടപ്പിൽ ആകുന്നതിനു മുൻപേ ദേവകി ഒരു പകരക്കാരിയെ ഇടയ്ക്കു അയക്കുമായിരുന്നു. അടുത്ത കുറച്ചു കൊയ്ത്തു കാലങ്ങളിലും, ഞാറ്റു പണിയ്ക്കും, തേങ്ങാ ചുമടിനും ഒക്കെ ദേവകി അവളെ കൂടി കൂട്ടിയിരുന്നു.

ഒരിയ്ക്കൽ അടുക്കളപുറത്തു പത്തു മണിയുടെ കഞ്ഞി വിളമ്പുന്ന സമയത്തു അവൾ അമ്മയോട് പരിദേവനം പറയുന്നത് കേട്ടു. കെട്ടിയോൻ വള്ളപ്പണിക്കാരൻ ആണ്. മണലും,എക്കലും ഒക്കെ വാരി വള്ളത്തിൽ കയറ്റി വിൽക്കുന്ന പണി. അന്തിമയങ്ങിയാൽ കിട്ടുന്നത് മുഴുവൻ കുടിച്ചു തീർക്കും. കൂടെ ചീട്ടു കളിയും. രമണി പൊട്ടി പൊട്ടിക്കരഞ്ഞു.

മുപ്പതു വയസ്സോളം ഉള്ള രമണിയുടെ കരച്ചിൽ കണ്ടു അമ്മയുടെ മനം അലിഞ്ഞു. രണ്ടു വര്‍ഷം മുൻപുള്ള ഇടവപ്പാതിയ്ക്കു അവൾക്കു വീടു മേയാനുള്ള ഓലയും, തെക്കേ പറമ്പിൽ നിന്നും മൂന്നോ നാലോ മുളയും നൽകി. സ്‌കൂൾ തുറപ്പ് വന്നപ്പോൾ ദേവന്റെയും, ശ്രീകുട്ടിയുടെയും, പഴയ ഉടുപ്പുകളും.

രമണി പതിയെ പതിയെ ദേവകിയുടെ പണികൾ കൂടി കൈയ്യടക്കി തുടങ്ങിയിരുന്നു.

ചിങ്ങത്തിലെ കൊയ്ത്തു കാലത്തു പതിവിലും കൂടുതൽ മഴ ആയിരുന്നു. തിരുവോണത്തിനു അധിക ദിവസങ്ങൾ ഇല്ല. ചാണകം മെഴുകിയ മുറ്റം മുഴുവൻ കറ്റകൾ പത്തോ പന്ത്രണ്ടോ അട്ടികൾ ആയി അടുക്കി വച്ചിരിക്കുന്നു.

മഴ ഇടയ്ക്കും, മുറയ്ക്കും ഉള്ളതിനാൽ കറ്റകളിൽ മുളച്ചു പോകാതെ നോക്കണം. ചിലർ രാവിലെ മുതൽ രാത്രി വൈകുന്നത് വരെ കറ്റ മെതിയ്ക്കുന്നു. പലരും രണ്ടു ദിവസത്തിനകം മെതി കഴിഞ്ഞു പതമ്പും , ഓണത്തിനുള്ള മുണ്ടും നേര്യതും വാങ്ങി പോയ് കഴിഞ്ഞിരിക്കുന്നു.

ഇനി ബാക്കി ആയുള്ളതു ദേവകിയുടെയും രമണിയുടെയും പണികൾ മാത്രമാണ്. സൈറ്റിൽ നിന്നും വന്ന അച്ഛൻ അതിനു അവരെ ശകാരിക്കുന്നുണ്ടായിരുന്നു.

“നാളെ തീർത്തു തരാം എബ്രാനെ, വൈകി ചെന്നാൽ കെട്ടിയോൻ എന്നും അടിയും ബഹളവും ആണ്.” രമണി വിതുമ്പി കൊണ്ട് പറഞ്ഞു.

രമണിയെ ഒന്ന് ആസകലം നോക്കി പിള്ളേച്ചൻ അകത്തേക്കു പോയി.

പിറ്റേന്ന് ഉച്ചയോടെയാണ് രമണി പണിക്കു വന്നത്.

കൊയ്ത്തു സമയതു ചാറ്റൽ മഴയത്തു നടന്നു ദേവന് പനിപിടിച്ചിരുന്നു. രണ്ടു ദിവസം ആയി സ്‌കൂളിൽ പോയിട്ട്. രാവിലെ മിൽമയിൽ പാൽ കൊടുക്കുവാൻ പോകും. പിന്നെ ചായ്‌പിൽ മുറ്റത്തെ മെതിയും,അടുക്കളയിൽ ദേവകിയുടെ തിരക്കും ഒക്കെ നോക്കി ഇരുപ്പാണ്. കളവു പറഞ്ഞാണ് വീട്ടിൽ ഇരിക്കുന്നത് എന്ന് അറിയാമായിരുന്നിട്ടും ഒരു കാവലെന്നു കരുതിയാകാം അമ്മ രണ്ടു ദിവസം അവധി നൽകിയത്. അച്ഛൻ പതിവിനു വിപരീതമായി അന്ന് രണ്ടു മണിയ്ക്കെ തിരികെ എത്തി.

അവസാന കറ്റയും മെതിച്ചു വൈക്കോൽ അടുക്കി മുറ്റം മുഴുവൻ തൂത്തു വാരി രമണി പണി നിര്‍ത്തുമ്പോൾ ഏകദേശം ആറുമണി ആയിക്കാണും. പണി കഴിഞ്ഞു കടവിൽ കുളി കഴിഞ്ഞു രമണി വന്നപ്പോൾ അമ്മ വിളക്ക് തെളിയിച്ചു കഴിഞ്ഞിരുന്നു. എല്ലാവർക്കും എന്ന പോലെ അവൾക്കും ഓണത്തിനുള്ള മുണ്ടും നേര്യതും അമ്മ കൊടുത്തു.

അച്ഛൻ പതിവ് പോലെ ചെസ്സ് കളിയ്ക്കുന്നതിനായി കവലയിലേയ്ക്ക് ഇറങ്ങി.

ചിങ്ങ നിലാവ് ഉദിച്ചു നില്‍ക്കുന്നു. ആകാശം പൊതുവെ ശാന്തം.

ഒമ്പതു മണിയോടെ അച്ഛൻ തിരികെ വരുമ്പോൾ ശ്രീകുട്ടിയും ദേവനും പഠനം കഴിഞ്ഞിരുന്നില്ല. അമ്മ അത്താഴം വിളമ്പി, അപ്പോൾ ആരോ ഒരു ചൂട്ടു കട്ടയും ആയി ഗേറ്റു കടന്നു വരുന്നു. മുറ്റത്തെ തുളസിത്തറയ്ക്കു സമീപം ആ ഒറ്റ തോർത്തുടുത്ത ആൾ വന്നു നിന്നു.

“ടീച്ചറെ രമണി പണി കഴിഞ്ഞു പോയോ?” അയാളുടെ ശബ്ദം ഇടറിയിരുന്നു.

“എപ്പോഴേ പോയി .. എന്തെ കുഞ്ഞാ” അമ്മ അതിശയത്തോടെ തിരക്കി.

“അവളെ വീട്ടിൽ കണ്ടില്ല അതാ”

“നീ ഇങ്ങനെ ചീട്ടും കളിച്ചു നടന്നാൽ എങ്ങനാ. അവൾ തന്നെ വേണ്ടേ എല്ലാറ്റിനും, അവൾ വല്ല റേഷനും വാങ്ങാൻ പോയിക്കാണും”

കിഴക്കേ ചായ്‌പിൽ രഹസ്യമായി വച്ചിരുന്ന ബ്രാണ്ടി കുപ്പിയുടെ അടപ്പു മുറുക്കി അടച്ചു, ചുണ്ടുകൾ തുടച്ചു പിള്ളേച്ചൻ ഇറങ്ങി വന്നു.

“എടാ കുഞ്ഞാ നീ വീട്ടിലോട്ടു ചെല്ല്, അവൾ വല്ല കടയിലും പോയി തിരിച്ചു എത്തിക്കാണും. നീ നാളെ രാവിലെ ഇങ്ങോട്ടു ഒന്ന് വരണം നിന്നോട് ചിലതു സംസാരിക്കാനുണ്ട്. എന്നാ .. നീ ചെല്ല്.”

അതൊരു ആജ്ഞ പോലെ ആയിരുന്നു.

ഈറൻ തോർത്തുടുത്ത കുഞ്ഞൻ എരിയുന്ന ചുവന്ന ചൂട്ടു കറ്റയും ആയി പടി കടന്നുപോകുന്നത് ദേവനും ശ്രീകുട്ടിയും ഭീതിയോടെ ജനലഴികളിൽ പിടിച്ചു നോക്കി നിന്നു.

(തുടരും..)

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top