തിരുവനന്തപുരം: ഹിന്ദു ആചാരങ്ങളെയും വാമനനെയും അപമാനിക്കുന്ന വിധത്തിൽ ട്വീറ്റ് ചെയ്ത മന്ത്രി തോമസ് ഐസക്കിനും, എംപി ഹൈബി ഈഡനും മറുപടിയുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ.
ഫെയിസ്ബൂക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
മഹാവിഷ്ണുവിന്റെ അവതാരമായി ആരാധിക്കുന്ന വാമന മൂർത്തിയെ അവഹേളിച്ചുകൊണ്ട് കേരളത്തിന്റെ ധനമന്ത്രി തോമസ് ഐസക്കും, എറണാകുളം എംപി ആയ ഹൈബി ഈഡനും മറ്റു ചില പ്രമുഖരും പ്രകടിപ്പിച്ച അഭിപ്രായങ്ങൾ ഹിന്ദു സമൂഹത്തിന്റെ വിശ്വാസ, വികാര, സങ്കൽപ്പങ്ങളെ ധ്വംസിക്കുകയും വൃണപ്പെടുത്തുകയും ചെയ്തു.
ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ ഒരു മത വിഭാഗത്തിന്റെ വിശ്വാസത്തെ പിച്ചിച്ചീന്തുന്നത് മാപ്പർഹിക്കാത്ത കുറ്റമാണ്. വാമനനെ നിന്ദിച്ചാലേ മാവേലിയെ പ്രശംസിക്കാൻ പറ്റൂ എന്ന വികലവും നിന്ദ്യവുമായ കാഴ്ചപ്പാട് സ്വന്തം ആശയദാരിദ്ര്യത്തെയും അപചയത്തെയുമാണ് കാണിക്കുന്നത്. സഹോദരൻ അയ്യപ്പന്റെ പരാമർശത്തെ കൂട്ടുപിടിച്ച് വാമനനെ ചതിയനെന്ന് ധനമന്ത്രി ആക്ഷേപിക്കുന്നു. സ്വന്തം മണ്ഡലത്തിലുള്ള തൃക്കാക്കര വാമനമൂർത്തിയെ ചൂണ്ടിക്കാണിച്ച വിശ്വാസിയെ “പോടാ” എന്ന് വിളിച്ചു അപമാനിക്കാൻ എം.പി തയ്യാറായി.
ക്രിസ്തുവിനെക്കുറിച്ചും നബിയെക്കുറിച്ചും പല പ്രമുഖരും പറഞ്ഞിട്ടുള്ള ആക്ഷേപകരമായ പരാമർശനങ്ങൾ അല്ലല്ലോ ക്രിസ്തുമസിനും നബിദിനത്തിനും ഉത്തരവാദിത്തപ്പെട്ടവർ വിശ്വാസി സമൂഹത്തോട് പറയേണ്ടത്. വാമനപുരം വഴി എം.സി റോഡിലൂടെ മിക്കവാറും തിരുവനന്തപുരത്തേക്ക് വരാറുള്ള ധന മന്ത്രിക്ക് “ഒരു ചതിയന്റെ” പേരിലുള്ള നാട്ടിൽ കൂടിയാണ് കടന്നുപോകുന്നതെന്ന് ഒരിക്കലെങ്കിലും തോന്നിയിട്ടുണ്ടോ? അവിടെ മാത്രമല്ല, വാമനന്റെ പേരിൽ അറിയപ്പെടുന്ന 185-ല്പരം ക്ഷേത്രങ്ങളോ സ്ഥല നാമങ്ങളോ കേരളത്തിലുണ്ട്. വാമനൻ ഒരു ചതിയൻ ആണെങ്കിൽ ഇത്രമാത്രം ആരാധകർ ഉണ്ടാകുമോ എന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
മന്ത്രിയും, എംപിയും വിശ്വാസി സമൂഹത്തെ ചതിക്കുകയാണ്, വഞ്ചിക്കുകയാണ്. തൃക്കാക്കരയപ്പനെ അഥവാ വാമന മൂർത്തിയെ കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിച്ചുകൊണ്ടാണ് ഓണക്കാലത്ത് വീട്ടുമുറ്റത്ത് പൂക്കളമൊരുക്കുന്നത്. മാവേലി വിഷ്ണുപദം പൂകി എന്ന് ഹിന്ദുക്കൾ വിശ്വസിക്കുന്നു. വാമന മൂർത്തിയുടെ അനുഗ്രഹത്തിലൂടെ മാവേലിക്ക് സുതലത്തിൽ വാഴാനുള്ള സൗഭാഗ്യം ലഭിച്ചു എന്നത് ഒരാഘോഷവും ആചാരവുമാകുന്നിടത്ത്, സ്വന്തം വിലകുറഞ്ഞ സങ്കുചിത രാഷ്ട്രീയ പ്രത്യശാസ്ത്ര ചിന്തകളെകുത്തിത്തിരുകി ഹിന്ദു സമൂഹത്തിന്റെ ആത്മവീര്യം കെടുത്താൻ ശ്രമിക്കുന്നത് ഒരു മന്ത്രിക്കും എംപിക്കും ചേർന്നതല്ല.
വിയോജിക്കാം, പക്ഷേ അസത്യ പ്രചാരം വഴി വൃണപ്പെടുത്തിയും കുത്തിനോവിച്ചും ഒരു സമൂഹത്തെ തേജോവധം ചെയ്തും ആവരുത്. മൂന്നടി അളന്ന ത്രിവിക്രമനായ വാമനനെ മനസിലാക്കാനുള്ള പക്വതയും വിവരവുമില്ലെങ്കിൽ അക്കാര്യം തുറന്നുപറയുക.
പുരാണ കഥയിലെ ആത്മ തത്വ ദർശനം ഉൾക്കൊള്ളാനോ വിശദീകരിക്കാനോ ഭൗതിക തലത്തിൽ മാത്രം വ്യാപരിക്കുന്ന തോമസ് ഐസക്കിനും ഹൈബി ഈഡനും സാധിച്ചുവെന്ന് വരില്ല.
ശബരിമല ആചാര വിഷയം ചർച്ചയായപ്പോൾ അയ്യപ്പനും മാളികപ്പുറത്തമ്മയും തമ്മിൽ കല്യാണം കഴിച്ചുവെന്ന് പറഞ്ഞു പരിഹസിക്കാനായിരുന്നു ഒരു സിപിഎം നേതാവിന്റെ ശ്രമം. തന്ത്രിയുടെ അടിവസ്ത്രത്തെക്കുറിച്ചായി ഒരു മന്ത്രിയുടെ ചർച്ച.
സ്ത്രീ വിദ്വേഷിയാണെന്ന് ആരോപിച്ച് അയ്യപ്പനെതിരെ വനിതാമതിൽ കെട്ടി പ്രതിഷേധിച്ചു. വികലമായ കാഴ്ചപ്പാടും അശാസ്ത്രീയമായ വിശകലനവുമാണ് ഇതിനെല്ലാം കാരണം. ആഴങ്ങളിലേക്ക് കടന്ന് അപഗ്രഥിക്കാതെ ഉപരിപ്ലവമായി വിഷയങ്ങളെ കണ്ട് തോന്നുന്നതെല്ലാം വിളിച്ചു പറയുന്നതാണ് പുരോഗമനവാദികളുടെ ഇപ്പോഴത്തെ ശൈലി. യുക്തി ഭദ്രമാണ് ഹൈന്ദവാശയങ്ങൾ. സമഗ്ര മാനവ ജീവിത ദര്ശനമാണത്.
അത് മനസിലാക്കാൻ കഴിയാത്തവർ പറയുന്ന തരം താണ പുലഭ്യ വചനങ്ങൾ സമൂഹം തള്ളിക്കളയും. അവർക്കുള്ള സ്ഥാനം കാലത്തിന്റെ ചവറ്റുകൊട്ടയിലത്രേ !
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply