Flash News

മലയാള സിനിമക്ക് ആധുനികതയുടെ പരിവേഷം നൽകി “സീ യു സൂൺ”

September 2, 2020 , ജയശങ്കർ പിള്ള

കോവിഡ് പശ്ചാത്തലത്തിൽ മലയാള സിനിമ മറ്റു ഭാഷാ സിനിമകൾ പോലെ പ്രതിസന്ധി നേരിടുകയാണ്. ഓണക്കാലത്തു ഒരു പുതിയ സിനിമകൾ പോലും തിയ്യേറ്ററുകളില്‍ പ്രദർശനത്തിനു വരാതെ ചരിത്രം തിരുത്തിയ വര്‍ഷമാണ് 2020. സിനിമാ പ്രവർത്തകർക്കും, അവരുടെ കൂട്ടായ്മകൾക്കും കോവിഡ് കാലത്തുള്ള സിനിമാ നിർമ്മാണവും, റിലീസും, പ്രദർശനവും സംബന്ധിച്ച് അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നു. ഈ അവസരത്തിലാണ് ഫഹദ് ഫാസിൽ ഒരു പുതിയ പ്രമേയവും ആയി ആമസോൺ പ്രൈമിൽ “സീ യു സൂൺ” റിലീസ് ചെയ്യുന്നത്.

യുവജനത ടച് സ്‌ക്രീനിലൂടെ തൊഴിൽ രംഗത്ത് എന്നത് പോലെ തന്നെ കുടുംബ, സുഹൃത്ബന്ധങ്ങളും വളർത്തിയെടുക്കുന്ന നവയുഗ പശ്ചാത്തലത്തിൽ വളരെ ചുരുക്കം അഭിനേതാക്കളെ അണിനിരത്തി നസ്രിയ നിർമ്മിച്ച ചിത്രം ആണ് ‘സീ യു സൂണ്‍.’ ഡേറ്റിങ് സൈറ്റുകൾ, ടെക്സ്റ്റ് മെസ്സേജുകൾ, വീഡിയോ ചാറ്റുകൾ, സോഷ്യൽ മീഡിയകൾ വഴി എല്ലാം പുതിയ ബന്ധങ്ങൾ തുടങ്ങുന്നതും, അവസാനിക്കുന്നതും പല നല്ല സന്ദേശങ്ങളും നൽകി ഫഹദിന്റെ എല്ലാ സിനിമകളിലും എന്നതുപോലെ ‘സീ യു സൂൺ’ നിര്‍‌വഹിച്ചിരിക്കുന്നു.

ആധാർ മുതൽ ആരോഗ്യം വരെ ഡിജിറ്റൽ ആയും, ബാങ്ക് ഇടപാടുകൾ പ്ലാസ്റ്റിക് കാർഡിലേക്കും മാറിയ സാഹചര്യത്തിൽ ഒരു പൗരന്റെയും സ്വകാര്യത സുരക്ഷിതം അല്ല എന്നും, അത് തുറന്ന പുസ്തകം ആണ് എന്നും ഈ സിനിമ വ്യക്തമായി തെളിവുകൾ നൽകി പറഞ്ഞു വെക്കുന്നു. വ്യക്തികളെയും വ്യക്തിപരമായ സ്വകാര്യതകളെയും ടെക്നോളജിയുടെ ബലത്തിൽ എങ്ങിനെ പിന്തുടർന്ന് ചോർത്തി എടുക്കാം എന്നതിന്റെ കൂടി ഒരു സിനിമയാണ് ‘സീ യു സൂൺ.’

തെക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും, പ്രത്യേകിച്ച് ഇന്ത്യയിൽ നമ്മുടെ കൊച്ചു കേരളത്തിൽ നിന്നും, ഗൾഫു നാടുകളിലേക്ക് കയറ്റി അയക്കപ്പെടുന്ന പെൺശരീരങ്ങളുടെ അവസ്ഥ, അതിൽ അകപ്പെട്ടു പോകുന്ന പെൺകുട്ടിയുടെ സ്നേഹിക്കാന്‍ കൊതിക്കുന്ന മനസ്സ്, ഇതുപോലുള്ള കേന്ദ്രങ്ങളിൽ നിന്നും രക്ഷപ്പെടുവാൻ വേണ്ടി നടത്തുന്ന പരിശ്രമങ്ങളും, അതുമൂലം കരുവാക്കപ്പെടുന്ന നൂതന വെബ്‌ ടീനേജേഴ്സ്, ലിംഗ വ്യത്യാസം ഇല്ലാതെ മനുഷ്യർക്ക് എല്ലാവര്‍ക്കുമുള്ള വ്യക്തി സ്വാതന്ത്ര്യവും, ഭാഷാ പ്രയോഗവും, വളരെ വ്യക്തമായി ഏതാനും മിനിറ്റുകൾ കൊണ്ട് ഫഹദ് തന്റെ പ്രണയിനിയുമായുള്ള സീനുകളിൽ വ്യക്തമാക്കുന്നു.

ഇന്ത്യയും, അമേരിക്കയും, ഗൾഫുമായി വെബ്ബിലൂടെ ബന്ധിപ്പിച്ചാണ് കഥയുടെ പശ്ചാത്തലം. ആധുനികതയുടെ ലോകത്തു, ഒരു ഐ ഫോണിലൂടെ നിർമ്മിച്ച ചിത്രം കൂടിയാണിത്. ഐഫോൺ, വെബ് കാം വഴി വളരെ ചെറിയ സെറ്റിലും, ഫ്രേമിലും ആണ് കഥ പറയുന്നത്.

നിരവധി ഐഫോൺ ഷോർട്ട് ഫിലിമുകൾ കോവിഡ് കാലത്തു നിർമ്മിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, കേവലം ഒന്നര മണിക്കൂറിൽ ഇന്ന് മലയാള സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങളെ (സ്ത്രീ പീഡനം, ഡാറ്റാ ചോർത്തൽ, സ്വകാര്യത, ഓൺലൈൻ പ്രണയം) വിദ്യാ സമ്പന്നർ വരെ തൊഴിൽ എന്ന് കേൾക്കുമ്പോൾ ചതിക്കുഴിയിൽ വീഴുന്നതും, സിനിമാ രംഗത്തെ ചില പഠന സാധ്യതകളെക്കൂടി ഈ സിനിമ തുറന്നു കാട്ടുന്നു.

മുഖം നോക്കാതെ മറുപടികൾ നൽകി, ഒരു അഹങ്കാരിയും, ഒപ്പം കൂടപ്പിറപ്പുപോലെയും ഒക്കെ പെരുമാറുന്ന ടെക്കി ആണ് ഫഹദ്. എന്നാൽ കാമുകൻ വരെ ഒരു സന്ദര്‍ഭത്തിൽ തള്ളിപ്പറയുന്ന ഇരയുടെ അവസ്ഥകളിൽ കണ്ണുകൾ ഈറനണിഞ്ഞു നിർമ്മലഹൃദയനായി മാറുന്ന ഫഹദിന്റെയും നമുക്ക് കാനുവാൻ കഴിയും.

നസ്രിയ, ഫഹദ്, ദർശന, റോഷൻ, സൈജു, മാല പാർവതി കൂട്ടുകെട്ടിൽ കിടിലൻ ഡാൻസും, പാട്ടും, ഡാൻഡും, പശ്ചാത്തല സംഗീതവും ഒന്നും ഇല്ലാതെ തന്നെ സാമൂഹിക പ്രശ്നനങ്ങളെ മുൻനിർത്തി, ആധുനിക സിനിമയ്ക്ക് ചില സാധ്യതകൾ കൂടി സമ്മാനിച്ച് ‘സീ യു സൂൺ’ നമ്മുടെ സ്വീകരണ മുറികളിൽ മിന്നിമറയുമ്പോൾ സംവിധായകൻ ഒരു ചോദ്യം പ്രേക്ഷകര്‍ക്കായി മാറ്റി വെക്കുന്നു. സ്ത്രീ പീഡനത്തിന് ഇരയായ സാധാരണക്കാരിയായ സ്ത്രീ ഉയർത്തുന്ന ചോദ്യം. ലോകവും, മനുഷ്യനും വളർന്നു എന്നും, എല്ലാം കൈവിരൽ തുമ്പിലാണെന്നും ഭാവിക്കുന്ന, പുറത്തു ആധുനികത പറയുകയും, അകത്തു യാഥാസ്ഥികത വളർത്തുകയും ചെയ്യുന്ന പുരുഷ, സ്തീകളോടാണ് ആ ചോദ്യം. താനറിതെയും ഇഷ്ടപ്പെടാതെയും പെൺവാണിഭ ചന്തയിൽ വിൽക്കപ്പെട്ട ഇരയായ സ്ത്രീയുടെ കാമുകനോടുള്ള ചോദ്യം, അവന്റെ രക്ഷകര്‍ത്താവായ അമ്മ (സ്ത്രീ) യോടുള്ള ചോദ്യം. ഇതുപോലുള്ള ഇരകളെ എല്ലാം മറന്നു വീണ്ടും സ്വീകരിക്കുവാന്‍, സ്വന്തം ജീവിതത്തിലേക്ക്, കുടുംബത്തിലേക്ക് കൂട്ടി കൊണ്ടുവരുവാൻ ഈ സമൂഹം തയ്യാറാവുമോ?

പലരും പറഞ്ഞുപോയ പ്രമേയമാണെങ്കിലും, വളരെ വ്യത്യസ്തമായ രീതിയിൽ വ്യക്തിസുരക്ഷയെ മുൻനിർത്തി സംവിധാനം ചെയ്ത ചിത്രം എന്നതിൽ മഹേഷ് നാരായൺ കൂടുതൽ പ്രശംസ അർഹിക്കുന്നു. വെബ് ലോകത്തിൽ വിഹരിക്കുന്ന ആൺ-പെൺ സമൂഹത്തിനു നൽകുന്ന ഒരു സുരക്ഷാ മുന്നറിയിപ്പ് കൂടിയാണ് ‘സീ യു സൂൺ.’


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top