Flash News

ബംഗളൂരു മയക്കുമരുന്ന് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്, പിടിയിലായ അനൂപ് ഭൂമാഫിയയുടെ ഏജന്റായും പ്രവര്‍ത്തിച്ചു

September 3, 2020 , ഹരികുമാര്‍

കൊച്ചി: മയക്കുമരുന്നു വില്പനയുമായി ബന്ധപ്പെട്ട് ബംഗളൂരുവില്‍ പിടിയിലായ അനൂപ് ഭൂമാഫിയയുടെ ഏജന്റായും പ്രവര്‍ത്തിച്ചതായി കണ്ടെത്തി. മൂന്നാറില്‍ 200 ഏക്കർ ഭൂമി കച്ചവടത്തിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് അനൂപിന്റെ മൊഴി. നോട്ട് നിരോധനത്തിനു ശേഷം നടന്ന കച്ചവടത്തിൽ പല ഘട്ടത്തിലായി പണം മുടക്കിയതു കേരളത്തിലെ സിനിമ പ്രവർത്തകരാണെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. കേന്ദ്ര നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) പിടിയിലായ അനൂപ് മുഹമ്മദ് കൊച്ചി വെണ്ണല സ്വദേശിയാണ്.

സ്ഥലം വാങ്ങിയവരില്‍ സ്വര്‍ണ്ണക്കടത്തു കേസ് പ്രതി കെ.ടി. റമീസിന്റെ അടുത്ത സുഹൃത്തും ഉണ്ട്. സമീർ എന്നയാളുടെ പേരിലാണു പലർ ചേർന്നു സ്ഥലം വാങ്ങിയത്. സ്വർണക്കടത്തു കേസ് പ്രതി കെ.ടി. റമീസിന്റെ അടുത്ത സുഹൃത്തും പണം മുടക്കിയിട്ടുണ്ട്. മറിച്ചുവിൽക്കുന്നതിനെച്ചൊല്ലി പണം മുടക്കിയവർ തമ്മിൽ ഭിന്നിപ്പുണ്ടായതിനാൽ കമ്മിഷൻ തുക മുഴുവൻ ലഭിച്ചില്ല. ആദ്യം കിട്ടിയ തുക കൊണ്ടാണു ബെംഗളൂരുവിൽ പുതിയ ബിസിനസ് ആരംഭിച്ചതെന്നും അനൂപിന്റെ മൊഴിയിൽ പറയുന്നു.

ബെംഗളൂരുവിലും കൊച്ചിയിലുമുള്ള കോടികളുടെ ലഹരി ഇടപാടുകളിൽ അനൂപിനു വേണ്ടി പണം മുടക്കുന്നവരെ കണ്ടെത്താൻ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണു മൂന്നാറിലെ ഭൂമി ഇടപാട് പുറത്തുവന്നത്. മൊഴികളുടെ നിജസ്ഥിതി പരിശോധിക്കാൻ എൻസിബി കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ സഹായം തേടി. എൻസിബിയുടെ കൊച്ചി യൂണിറ്റും അന്വേഷണം ആരംഭിച്ചു. കൊച്ചിയിൽ അനൂപിനു ലഹരിമരുന്ന് ഇടപാടുണ്ടായിരുന്ന ചലച്ചിത്ര പ്രവർത്തകരുടെ വിശദാംശങ്ങൾ എൻസിബി ബെംഗളൂരു യൂണിറ്റ് ശേഖരിച്ചിട്ടുണ്ട്. കൊച്ചി യൂണിറ്റിലെ മലയാളി ഉദ്യോഗസ്ഥരുടെ സഹായത്തോടെ അനൂപിനെയും ഒപ്പം അറസ്റ്റിലായ റിജേഷ് രവീന്ദ്രനെയും കൂടുതൽ ചോദ്യം ചെയ്യുന്നതോടെ കേസിൽ വ്യക്തത വരുമെന്നാണു നി​ഗമനം.

ബംഗളുരുവിൽ മലയാളികൾ ഉൾപ്പെട്ട മയക്കുമരുന്ന് കേസിന്‍റെ അന്വേഷണം കൂടുതൽ പേരിലേക്ക് നീങ്ങുകയാണ്. കന്നഡ ചലച്ചിത്ര മേഖലയിലെ കൂടുതൽ പേരെ നർകോട്ടിക്സ് കണ്‍ട്രോൾ ബ്യൂറോയും ബംഗളുരു സെൻട്രൽ ക്രൈംബ്രാഞ്ചും ചോദ്യം ചെയ്തു തുടങ്ങി. കന്നഡ നടി രാഗിണി ദ്വിവേദിയെയും, ഭർത്താവിനേയും വ്യാഴാച സിസിബി ചോദ്യം ചെയ്യുന്നുണ്ട്. നടി രാഗിണി ദ്വിവേദിയെ കൂടാതെ കന്നട സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന 12 ഓളം പേര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇതിനകം നോട്ടീസ് നല്‍കിക്കഴിഞ്ഞു. കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൌരിലങ്കേഷിന്‍റെ സഹോദരനും ചലച്ചിത്ര സംവിധായകനുമായ ഇന്ദ്രജിത്ത് ലങ്കേഷ് നടത്തിയ ഒരു വാര്‍ത്താ സമ്മേളനത്തിനു പിറകെയാണ് വൻ മയക്കുമരുന്ന് മാഫിയയെ പറ്റി പൊലീസിന് വിവരങ്ങൾ ലഭിക്കുന്നത്. ഇന്ദ്രജിത്ത് ലങ്കേഷിന്‍റെ മൊഴി വീണ്ടും നർകോട്ടിക്സ് കണ്‍ട്രോൾ ബ്യൂറോ രേഖപെടുത്താനിരിക്കുകയാണ്.

കന്നട സിനിമാ മേഖല മയക്ക്മരുന്ന് സംഘത്തിന്റെ പിടിയിലാണെന്ന് കൊല്ലപ്പെട്ട ഗൗരിലങ്കേഷിന്റെ സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷ് ആരോപിച്ചിരുന്നു. പന്ത്രണ്ടോളം കന്നട സിനിമാ നടന്‍മാര്‍ മയക്ക് മരുന്ന് സംഘവുമായി സഹകരിച്ചു വന്നിരുന്നതായും, ഇവര്‍, സിനിമാ മേഖലയില്‍ നിരോധിക്കപ്പെട്ട ഗഞ്ച, ഹാഷിഷ്, ചരസ്, കൊക്കെയിന്‍ ഉൾപ്പടെയുള്ള മയക്ക് മരുന്നുകളുടെ ഇടനിലക്കാരായി പ്രവര്‍ത്തിക്കുകയാണെന്നുമാണ് ലങ്കേഷ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

കന്നട സിനിമ നിര്‍മാതാവ് കൂടിയായ ഇന്ദ്രജിത് ലങ്കേഷ് പുറത്തു വിട്ട വിവരങ്ങളിൽ,കന്നട സിനിമാ മേഖലയിലെ ഉന്നതരെ ലക്ഷ്യം വെക്കുന്നുണ്ട്. ടെലിവിഷന്‍ അഭിനേത്രി ഡി അനിഖയെ മയക്ക്മരുന്ന് കേസില്‍ പിടിച്ചതോടെയാണ് ഇന്ദ്രജിത് ലങ്കേഷ് കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങളുമായി രംഗത്ത് വരുന്നത്. കന്നട സിനിമാ നടന്‍മാരെ കുറിച്ച് ഇന്ദ്രജിത്ത് നല്‍കിയ വിവരങ്ങള്‍ വെച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് പറഞ്ഞ ബെംഗളുരു ജോയിന്റ് പോലീസ് കമ്മീഷണര്‍ സന്ദീപ് പാട്ടില്‍ അടുത്ത ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും സൂചന നൽകിയിട്ടുണ്ട്. നൈറ്റ് പാര്‍ട്ടിയില്‍ കന്നട നടിമാര്‍ മയക്ക് മരുന്ന് ഉപയോഗിച്ച് സ്ഥലകാല ബോധമില്ലാതെ നൃത്തംവെക്കുന്നതിന്റെ ഫോട്ടോസും വീഡിയോസും ഇന്ദ്രജിത്ത് ലങ്കേഷ് പോലീസിന് കൈമാറിയിട്ടുണ്ട്. ചെന്നൈ, കൊച്ചി, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലെ ചില റിസോർട്ടുകളിലും, ഹോട്ടലുകളിലും മയക്ക് മരുന്ന് മാഫിയ ഇത്തരത്തിൽ നൈറ്റ് പാര്‍ട്ടികൾ നടത്തി വരുകയായിരുന്നു.

മയക്കുമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദ് ഉള്‍പ്പെടുന്ന സംഘം കൊച്ചി ആസ്ഥാനമായുള്ള മലയാള സിനിമയിലെ യുവതാരങ്ങള്‍ക്ക് വന്‍തോതില്‍ മയക്കുമരുന്ന് എത്തിച്ചിരുന്നതായി അന്വേഷണ സംഘം പറയുന്നുണ്ട്. മയക്കുമരുന്ന് വിതരണം ലക്‌ഷ്യം വെച്ച് കൊച്ചി, ഫോര്‍ട്ട് കൊച്ചി, കോട്ടയം, കുമരകം എന്നിവിടങ്ങളില്‍ നൈറ്റ് പാര്‍ട്ടികൾ സംഘടിപ്പിക്കുകയും ചെയ്തു വന്നിരുന്നു. ഇത്തരത്തില്‍ കുമരകത്ത് സംഘടിപ്പിച്ച നൈറ്റ്പാര്‍ട്ടിയില്‍ ബിനീഷ് കോടിയേരി പങ്കെടുത്തിട്ടുണ്ട്. കൊച്ചി ആസ്ഥാനമായി മലയാള സിനിമയില്‍ ഒരു ഗ്യാങ് തന്നെ ഈ മാഫിയയിൽ പെട്ടിരുന്നു. സംവിധായകരും നടന്‍മാരും നടിമാരും സാങ്കേതിക പ്രവര്‍ത്തകരും ആയ, ചെറുപ്പക്കാരടങ്ങുന്ന സംഘത്തിൽ, അനൂപുമായി വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന ഒരു നടനും ഉണ്ട്. കര്‍ണാടക നര്‍ക്കോട്ടിക് വിഭാഗമാണ് മലയാള സിനിമ താരങ്ങള്‍ക്ക് വന്‍തോതില്‍ മയക്കുമരുന്ന് ബംഗളൂരുവില്‍ നിന്ന് എത്തിച്ചിരുന്നതായി കണ്ടെത്തിയിരിക്കുന്നത്. പ്രതികളില്‍ നിന്ന് കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്ന മുറയ്ക്ക് മലയാള സിനിമ രംഗത്തെ ചില യുവതാരങ്ങളെ അന്വേഷണസംഘം കസ്റ്റഡിയില്‍ എടുക്കാനുള്ള സാധ്യത കാണുന്നുണ്ട്. ബംഗളൂരുവില്‍ അനൂപ് മുഹമ്മദ് രണ്ടിലധികം റസ്റ്റോറന്‍ഡറുകള്‍ നടത്തിയിരുന്നു. ഇത് മയക്കുമരുന്ന് കച്ചവടത്തിന് മറയായി ഉപയോഗിച്ച് വരുകയായിരുന്നു. മയക്കുമരുന്ന് ആവശ്യമുള്ളവരാണ് ഇവിടെ സ്ഥിരം സന്ദർശകരായിരുന്നത്. ഈ ഹോട്ടലുകള്‍ നൈറ്റ്പാര്‍ട്ടികള്‍ സ്ഥിരമായി നടത്തിവന്നിരുന്നു. ഗോവയില്‍ നിന്നും അനൂപ് മയക്കുമരുന്ന് വാങ്ങിയിരുന്നു. ഇത് ഇരട്ടിയിലധികം രൂപയ്ക്ക് ബംഗളൂരുവിലും കേരളത്തിലും വിൽപ്പന നടത്തി വരുകയായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top