Flash News

തീർത്ഥക്കുളം മത്സ്യത്തെ കൊന്നു തിന്നാനുള്ളതല്ല: കുമ്മനം രാജശേഖരൻ

September 3, 2020 , പ്രസ് റിലീസ്

തിരുവനന്തപുരം: വാണിജ്യാടിസ്ഥാനത്തിൽ ക്ഷേത്രക്കുളങ്ങളിൽ മീൻവളർത്തൽ ആരംഭിക്കുവാനുള്ള നീക്കം സർക്കാരും ദേവസ്വം ബോർഡും ഉപേക്ഷിക്കണമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ.

കുളം, കാവ്, ആൽത്തറ, ഗോശാല തുടങ്ങി ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട സങ്കേതങ്ങൾക്ക് ഭക്തരുടെ ആചാരവും വിശ്വാസവുമായി അഭേദ്യമായ ബന്ധമുണ്ട്. പ്രകൃതി സംരക്ഷണവും പാരിസ്ഥിതിക സന്തുലനവും നിർവഹിക്കുന്ന അതിമഹത്തായ സങ്കല്പം ഇതിന്റെയെല്ലാം പിന്നിലുണ്ട്. ക്ഷേത്ര സമീപമുള്ള പുഴയിലും കുളത്തിലുമുള്ള മത്സ്യത്തിന് ആഹാരം നൽകുന്നത് ഭഗവത് നിവേദ്യമെന്ന നിലക്കുള്ള ഒരു വഴിപാടാണ്. എല്ലാ ജീവജാലങ്ങളുമായുള്ള സമീകരണത്തിന്റെയും സഹജീവനത്തിന്റെയും സഹവർത്തിത്വത്തിന്റെയും ഉദാത്ത ജീവിത മൂല്യങ്ങൾ ഭക്തർ ഇതിലൂടെ ഉയർത്തിപ്പിടിക്കുന്നു. അങ്ങനെ ഭക്തിപൂർവ്വം നിർവ്വഹിക്കുന്ന മീനൂട്ടിനെ പരിഹസിക്കുകയും അവമതിക്കുകയും ചെയ്യുന്ന പുരോഗമനവാദികളാണ് ഇപ്പോൾ ക്ഷേത്രക്കുളങ്ങളിൽ മത്സ്യക്കൃഷിയുമായി ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ളത്. കുളങ്ങൾ പരിരക്ഷിച്ചു ജീവസുറ്റ ജലസ്രോതസ്സുകളായി അവയെ മാറ്റണം. കുളത്തിന്റെ തീരങ്ങൾ സംരക്ഷിച്ചും ചപ്പുചവറ് മാലിന്യങ്ങൾ നീക്കം ചെയ്തും കുളങ്ങൾ സ്വച്ഛമാക്കണം. ആറാട്ടും അവഭൃത സ്നാനവും നടത്തുന്ന തീർത്ഥക്കുളങ്ങളിൽ മത്സ്യങ്ങളെ ഭഗവദ് സ്വരൂപങ്ങളായി കണ്ട് അവക്ക് ആഹാരവുംസൗകര്യങ്ങളും ഭക്തർ നൽകി വരുന്നു. ഒരിക്കലും വാണീജ്യാടിസ്ഥാനത്തിൽ വിറ്റ് പണമുണ്ടാക്കാനും കൊന്ന് തിന്നാനുമുള്ള ഇടങ്ങളായി ക്ഷേത്ര കുളങ്ങളെ കാണരുത്.

മത്സ്യകൃഷിയിലൂടെ മത്സ്യസമ്പത്ത് വർധിപ്പിക്കുന്ന വരുമാന മാർഗ്ഗമായി മത്സ്യ ഫാമുകൾ അധികൃതർക്ക് വേറെ ആരംഭിക്കാവുന്നതേയുള്ളു. മത്സ്യ വിൽപന വഴി വരുമാനം ഉണ്ടാക്കാനും കഴിയും. പക്ഷേ ക്ഷേത്രങ്ങളിലെ തീർത്ഥക്കുളത്തിന്റെ സങ്കല്പം മറ്റൊന്നാകെയാൽ സർക്കാർ രണ്ടിനെയും ഒന്നായി കാണരുത്. രണ്ടായി തന്നെ സമീപിക്കണം. ഇവിടെ കാഴ്ചപ്പാടാണ്പ്രധാനം. ദേവസ്വം ബോർഡ് ഒരിക്കലും ഈ മത്സ്യകച്ചവടത്തിന് കൂട്ട് നിൽക്കരുത്. ദേവന്റെ “സ്വ”ങ്ങളെ അഥവാ ദേവസ്വത്തെ പരിരക്ഷിക്കാനാണ് നിങ്ങളെ അധികാരസ്ഥാനത്ത് ഇരുത്തിയിട്ടുള്ളതെന്ന് മാത്രം ഓർക്കുക.

ക്ഷേത്രത്തിലെ ഗോശാലകളെ അറവ് ശാലകളാക്കിയാൽ ലാഭം കൊയ്യാം. കാവുകൾ വെട്ടി നശിപ്പിച്ചാൽ തടിവിലയായി ലക്ഷങ്ങൾ കിട്ടും.

പക്ഷെ ഇങ്ങനെ ഒന്നും ചിന്തിക്കാന്‍ ഭക്തര്‍ക്ക് ആവില്ല. മയിലും പക്ഷികളുമുള്ള ക്ഷേത്രങ്ങളിൽ ആരും അവയുടെ ഇറച്ചിവിലയിൽ കണ്ണു വെച്ചിട്ടില്ല. കുളത്തൂപ്പുഴ ആറ്റിലെ മത്സ്യങ്ങൾക്ക് തീറ്റ കൊടുക്കുന്ന ഭക്തന്റെ ആത്മനിർവൃതിയെ ആരും ചോദ്യം ചെയ്യാറില്ല. ഒരിക്കൽ പിടിച്ചുകൊണ്ടുപോയ മത്സ്യങ്ങളെ ജനങ്ങൾ സംഘടിച്ചു കൈവശപ്പെടുത്തുകയും ശാസ്ത്ര വിധിപ്രകാരം സംസ്ക്കരിക്കുകയും ചെയ്തു. ഇതെല്ലാം സഹജീവി സ്നേഹത്തിന്റെ ആത്മതത്വമാണ് വിളിച്ചോതുന്നത്.

ക്ഷേത്രങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ എത്ര വേണമെങ്കിലും നിക്ഷേപിക്കുന്നതിൽ തെറ്റില്ല. പക്ഷേ അതിനെ പിടിച്ച് വിൽപന നടത്താൻ ഭക്തജനങ്ങൾ സമ്മതിക്കരുത്. ദേവസ്വം ബോർഡ് ഇത്തരം സന്ദർഭങ്ങളിൽ ഭക്തരോടൊപ്പം നിലകൊള്ളണമെന്ന് അഭ്യർത്ഥിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top