പ്രണാമം പ്രണാബ് ദാ

മുൻ ഇന്ത്യൻ രാഷ്ട്രപതി പ്രണാബ് മുഖർജി ഓർമ്മയായി. ആദരാഞ്ജലികൾ !

1969 ല്‍ ഇന്ദിരാഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കൈ പിടിച്ചുയർത്തിയ ബംഗാളിൽ നിന്നുള്ള കോൺഗ്രസുകാരൻ. പിന്നീട് ഇന്ദിരാഗാന്ധിയുടെ മനസ്സാക്ഷിസൂക്ഷിപ്പുകാരനായി രാഷ്ട്രീയത്തിന്റെ പടവുകൾ ഓരോന്നായി ചവിട്ടിക്കയറി. അദ്ദേഹം പശ്ചിമ ബംഗാൾ കോൺഗ്രസിനെ നയിച്ചപ്പോൾ പോലും കോൺഗ്രസ് രാഷ്ട്രീയം പരാജയത്തിന്റെ പടുകുഴിയിലേക്ക് എരിഞ്ഞടങ്ങുകയായിരുന്നു. ആ ചാരക്കൂനയിലെ കെടാത്ത ഒരു കനൽക്കട്ടയായി പ്രണാബ് മുഖർജി നിന്നത് ഒരുപക്ഷെ ഇന്ത്യൻ പ്രസിഡന്റുപദം ഉൾപ്പടെ അദ്ദേഹം വഹിച്ച പദവികൾ കൊണ്ടായിരിക്കാം.

തന്റെ വിടുവായത്തം വിനയായി ഒരിക്കൽ പ്രണാബിന്‌. 1984 ഒക്ടോബർ 31 രാവിലെ 11:30. അമേത്തിയിൽ നിന്നുള്ള പുതിയ എം.പി യും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ രാജീവ് ഗാന്ധി കൽക്കട്ടയിൽ നിന്നും മിഡ്‌നാപൂരിലേക്കു കാറിൽ യാത്ര ചെയ്യുകയായിരുന്നു. മിഡ്‌നാപ്പൂർ ബൈ ഇലെക്ഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പ്രചരണത്തിന് എ ഐ സി സി നിയോഗിച്ചതായിരുന്നു അദ്ദേഹത്തെ. യാത്രയിൽ രാജീവിന്റെ പക്കൽ ഉണ്ടായിരുന്ന ട്രാൻസിസ്റ്റർ റേഡിയോ ശബ്ദിച്ചു. ബി ബി സി ഫ്ലാഷ് ന്യൂസ്. ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഡൽഹിയിൽ കൊല ചെയ്യപ്പെട്ടു. ന്യൂസ് പുറത്തു വിടുവാൻ എ.ഐ. ആറിനും ദൂരദർശനും വിലക്കുണ്ടായിരുന്നു. ആദ്യമായി ആ ദുഃഖം ലോകത്തെ അറിയിച്ചതും ബി ബി സി തന്നെ. രാജീവ് ഗാന്ധി ഉടനെ കാർ തിരിച്ചു കൽക്കട്ട എയർപോർട്ടിലേക്ക് വിട്ടു. ഡൽഹി ടിക്കറ്റ് ഓക്കേ ആക്കി വി ഐ പി ലോഞ്ചിൽ രാജീവ് വിമാനത്തിനായി കാത്തിരുന്നു.

നിമിഷങ്ങൾക്കകം ബംഗാൾ പര്യടനത്തിലായിരുന്ന യൂണിയൻ ഫിനാൻസ് മിനിസ്റ്റർ പ്രണാബ് മുഖർജിയും ഡൽഹിക്കു പോകാൻ കൽക്കട്ട എയർപോർട്ടിൽ എത്തി. ഇന്ദിരാഗാന്ധിക്ക് എന്തോ അപകടം സംഭവിച്ചു എന്നതല്ലാതെ മരണപെട്ടന്നോ വിശദമായ വിവരങ്ങളോ പ്രണാബിന്‌ അറിയില്ലായിരുന്നു. ന്യൂസ് ഔദ്യോഗികമായി പുറത്തു വിട്ടിട്ടുമില്ല. ടൂർ ക്യാൻസൽ ചെയ്ത് മിനിസ്റ്റർ അത്യാവശ്യമായി ഡൽഹിക്ക്‌ പോകുന്നത് എന്തിനാണ് എന്ന പത്രക്കാരുടെ രൂക്ഷമായ ചോദ്യത്തിന് പ്രണാബ് ഉത്തരം നല്‍കിയതിങ്ങനെ. “ഇന്ദിരാജിക്ക് എന്തോ അപകടം പറ്റി. അവർക്ക്‌ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ എനിക്ക് നാളെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യേണ്ടതുണ്ട്. ഞാൻ ആണല്ലോ ക്യാബിനെറ്റിലെ നമ്പർ 2.” ഇത് തൊട്ടപ്പുറത്തു നിന്ന് കേട്ട രാജീവ് ഗാന്ധിയെ പ്രണബ് ശ്രദ്ധിച്ചുമില്ല. അന്ന് അത്രയ്ക്ക് ജനശ്രദ്ധ കിട്ടിയിട്ടില്ലായിരുന്ന രാജീവിനെ പത്രക്കാർ പോലും ശ്രദ്ധിച്ചില്ല എന്നതായിരുന്നു സത്യം.

അന്ന് വൈകിട്ട് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത രാജീവ് ഗാന്ധി പിന്നീടുള്ള അഞ്ച് വർഷത്തേക്ക് പ്രണാബിനെ യൂണിയൻ കാബിനറ്റിലേക്ക് അടുപ്പിച്ചില്ല. അത് രാഷ്ട്രീയ സമാജ്‌വാദി കോൺഗ്രസ് എന്ന തന്റെ സ്വന്തം പാർട്ടി രൂപീകരിക്കാൻ പ്രണാബ് മുഖർജിയെ പ്രേരിപ്പിച്ചു. ആ പാർട്ടി പിന്നീട് നരസിംഹ റാവുവിന്റെ വരവോടെ കോൺഗ്രസിൽ ലയിക്കുകയും പ്രണാബ് മുഖർജി പ്ലാനിംഗ് കമ്മീഷന്റെ ഡെപ്യൂട്ടി ചെയർമാനായി മുഖ്യധാരയിലേക്ക് വീണ്ടും എത്തുകയും ചെയ്തു.

2018 ജൂണിൽ പ്രണാബ് മുഖർജി ആര്‍.എസ്.എസ്. യോഗത്തിൽ പ്രസംഗിച്ചത് കോൺഗ്രസിൽ അതൃപ്തി ഉണ്ടാക്കിയത് ചരിത്രം.

Print Friendly, PDF & Email

Related News

Leave a Comment