Flash News

ഞണ്ടുകളുടെ നാട്ടിലൂടെ (അദ്ധ്യായം – 7) പനിനീർ പൂക്കൾ

September 7, 2020 , ജയശങ്കര്‍ പിള്ള

പരമേശ്വരൻ കാർ റോഡിൽ നിന്നും ഇറക്കി നിറുത്തി. വാഹനത്തിന്റെ കുലുക്കത്തിൽ ജയദേവൻ ചിന്തയിൽ നിന്നും ഞെട്ടി ഉണർന്നു. എന്തിനോ വേണ്ടി കുഴി എടുത്ത റോഡിന്റെ വശങ്ങളിൽ വേനൽ മഴയുടെ നനവ്.

“ഞാനീ കടയിൽ കയറി രണ്ടു റവന്യൂ സ്റ്റാമ്പും, അപേക്ഷാ ഫോറവും വാങ്ങിവരാം.പഞ്ചായത്തിൽ ചെന്നാൽ പിന്നെ നൂലാമാലകളാണ്.” പരമേശ്വരൻ പുറത്തേയ്ക്കു ഇറങ്ങി.

നാട്ടിലെ പഴയ സിനിമാ കൊട്ടക ഇവിടെ ആണ് ജയശ്രീ തിയേറ്റർ. അന്നും രാഘവേട്ടന്റെ കടയിൽ എല്ലാ അപേക്ഷാ ഫാറങ്ങളും ലഭിയ്ക്കും. പിഎസ്‌സി, ജനന മരണ സർട്ടിഫിക്കറ്റു അപേക്ഷ അങ്ങിനെ എല്ലാം. അത്പോലെ കൈത്തറി ഉത്പന്നങ്ങളും.

ഈ പഴയ രണ്ടു നില കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ ആണ് അനശ്വര ട്യൂട്ടോറിയൽസ് ഉണ്ടായിരുന്നത്. എൻഎസ്എസ് കരയോഗവും ഇതേ കെട്ടിടത്തിൽ ആയിരുന്നു. താഴത്തെ നിലയിൽ തുന്നൽ കട, പലചരക്കു കട ഒക്കെ ആയി ചെറിയ കവല. എതിർ വശത്തു പുതിയ നീണ്ട നിര കെട്ടിടം വന്നിരിയ്ക്കുന്നു.

ജങ്ഷനിൽ നിന്നും കയറ്റം കയറി ആദ്യം കാണുന്നതാണ് സിനിമ കൊട്ടക. തുണി നെയ്തു മിൽ (ഖാദി). പൗലോച്ചന്റെ ചൂടൻ ചായ കിട്ടുന്ന മര പലകയിൽ തീർത്ത കട. കൊട്ടകയുടെ ഗേറ്റിനോട് ചേർന്ന് കണ്ണി ആശാന്റെ മുറുക്കാൻ കട. മുറുക്കാൻ കടയും, കൊട്ടകയിൽ കപ്പലണ്ടിയും, സിനിമാ പാട്ടു പുസ്തക വില്പനയും, സിനിമ ടിക്കറ്റ് കൗണ്ടറിലും ഒക്കെ ആയി കണ്ണി ആശാൻ സിനിമയുടെ സമ്പൂർണ്ണ ഭാഗം ആയിരുന്നു.

80 കളുടെ തുടക്കത്തിൽ ആണ് ഈ കവയിൽ മാറ്റം ഉടലെടുത്തത്. ഇടതു യുവജന പ്രസ്ഥാനത്തിന്റെ പോസ്റ്ററുകളും, കൊടിമരവും ആദ്യമായി ഈ ചെറിയ കവലയിൽ ആണ് പ്രത്യക്ഷപ്പെട്ടത്. കരയോഗ കെട്ടിടത്തിന്റെ പുറകിലെ പോസ്റ്റോഫിന്റെ മതിലിൽ തൊഴിൽ അല്ലെങ്കിൽ ജയിൽ എന്ന മുഷ്ടി ചുരുട്ടിയ ചുവരെഴുത്തുകള്‍ ആദ്യം കാണുന്നത് ഇവിടെ ആണ്. ഈ കവലയിൽ നിന്നും ഇരുന്നൂറു മീറ്റർ അകലെ ആണ് പുതിയ പഞ്ചായത്തു കവല. പഞ്ചായത്തു കവലയിൽ കൈരളി ട്യൂട്ടോറിയൽ. കർഷ നിർമ്മാണ, ചെത്ത്, നെയ്തു തൊഴിലാളികൾ, ഇരുമ്പു പണിക്കാർ ഒക്കെ ധാരാളം ഉള്ള ഈ പ്രദേശം ഇടതു പ്രസ്ഥാനങ്ങളുടെ കോട്ട ആയിരുന്നു.

തല നരച്ചു എങ്കിലും സുപരിചിതമായ പഴയ ചില ഇടതു ചുടു രക്തങ്ങൾ കാവി മുണ്ടും, ചുവന്നു കുറിയും ഇട്ടു പോകുന്നത് ദേവൻ കണ്ടു. ഇത്രയും ഒക്കെ മാറ്റം ഈ ചെറിയ പ്രദേശത്തു എങ്ങിനെ ഉണ്ടായി?

പരമൻ എന്തെല്ലാമോ കടലാസുകളും ആയി തിരികെ വന്നു.

“പഞ്ചായത്തു പ്രസിഡന്റിനെ ഒന്ന് കാണേണ്ടി വരും. ദേവൻ അറിയും അയാളെ. ദേവനെയും.”

“അതിനെന്താ കാണാമല്ലൊ. നമുക്ക് കാര്യം നടക്കണം, അത്രേ ഉള്ളൂ. പണം ഇറക്കേണ്ടി വന്നാൽ അതിനും തയ്യാറായാ ഇത്തവണ വന്നത്.”

പരമൻ കാറെടുത്തു പഞ്ചായത്തു ആപ്പീസ് പരിസരത്തു പാർക്ക് ചെയ്തു.

പുതിയ പുതിയ കെട്ടിടങ്ങൾ. മുറ്റം മുഴുവൻ തണലേകി നിന്ന വാക മരം ഇന്ന് കാണുവാൻ ഇല്ല. പ്ലാസ്റ്റിക് ചാക്കുകളിൽ നൂതന പച്ചക്കറി തോട്ടം ആപ്പീസ് പരിസരം ഹരിതാഭമാക്കി.

മൂന്നു വര്‍ഷം മുൻപ് ടെലിവിഷനിൽ കാണിച്ച ഈ ആധുനിക വില്ലേജ് ആഫീസ് ദേവന് ഓർമ്മ വന്നു. അരപ്പതിറ്റാണ്ടു കാലം അവകാശ സര്‍ട്ടിഫിക്കറ്റിനു വേണ്ടി കയറി ഇറങ്ങി അവസാനം സഹികെട്ട് രാത്രി ആപ്പീസിന്റെ പൂട്ട് പൊളിച്ചു അകത്തു കയറി രേഖകൾക്കു തീയിട്ട നായരുടെ വാർത്ത. കാനഡയിലിരുന്നു ഓൺലൈൻ പത്രങ്ങളിൽ വ്യവസ്ഥിതിയ്‌ക്കെതിരെ അന്ന് ജയദേവനും കുറിച്ചു വലിയൊരു ലേഖനം.

ഇത്രയും ബാഹ്യ സൗന്ദര്യം ഉള്ള തൃതല സംവിധാനത്തെ എങ്ങിനെ പഴിയ്ക്കാൻ തോന്നി?!

പരമൻ പറഞ്ഞ സ്ഥലങ്ങളിൽ ഒപ്പു വച്ച് വേണ്ട പണവും അടച്ചു. സർക്കാർ ആപ്പീസിൽ ഇത്രയും പെട്ടെന്ന് കാര്യങ്ങൾ നടക്കും എന്ന് കരുതിയില്ല.

“നമുക്കാ പ്രസിഡന്റിനെ കൂടി ഒന്ന് കണ്ടു കളയാം” പരമന്റെ നോട്ടം ഒരു അപേക്ഷ ആയിരുന്നു.

അത്യാധുനിക ശീതീകരണ, ഇലക്രോണിക് സംവിധാനങ്ങൾ ഉള്ള മുറിയിൽ തന്നെ കാണുവാൻ ആഗ്രഹിച്ച ഈ പ്രസിഡന്റ് ആരാണ്? ഇനി വല്ല സംഭാവനയോ മറ്റോ ആണോ? ജയദേവന് ആകാംക്ഷയായി.

ഗാന്ധിജിയുടെയും, നെഹ്‌റുവിന്റെയും, ഇന്ദിരയുടെയും ഒക്കെ ഫോട്ടോകൾ തൂക്കിയ ഭിത്തി. ത്രിവർണ്ണ പതാകയുടെ കര ഉള്ള ടർക്കി വിരിച്ച യൂറോപ്യൻ കസേരയിൽ ഇരിക്കുന്ന വ്യക്തി ദേവനെ കണ്ടതും 70 എംഎം ചിരിയുമായി വന്നു ആശ്ലേഷിച്ചു.

മുന്തിയ ഖദറും, കൈചെയിനും, ലാപ്ടോപ്പ് പോലുള്ള സെൽ ഫോണും കൊണ്ട് അലങ്കരിച്ച ചന്ദനകുറിയിട്ട ഈ ഗാന്ധിയനെ ദേവന് പെട്ടെന്ന് മനസ്സിലായില്ല.

“ദേവന് മനസ്സിലായില്ലേ, പ്രസിഡന്റിനെ? ഇത് നമ്മുടെ ശ്രീധരൻ അല്ലെ. കുഞ്ഞൻ സ്വാമിയുടെ മകൻ.”

“ഓ പെട്ടെന്ന് മനസ്സിലായില്ല. ഒത്തിരി നാൾ ആയില്ലേ കണ്ടിട്ട്. സോറി.”

ദേവന് അതിശയം തോന്നി. പറവൂർ കുളങ്ങരയിൽ കടത്തു വള്ളം തുഴഞ്ഞിരുന്ന കുഞ്ഞന്റെ മകൻ യുവ സഖാവ് ശ്രീധരൻ. ദളിത് സമൂഹത്തെയും, പഞ്ചായത്തിലെ ജനസമൂഹത്തെയും തറവാട്ടിലെ കൂലി വേലക്കരെയും ആശ്രിതരെയും മുഴുവൻ പറഞ്ഞു തെറ്റിധരിപ്പിച്ച സഖാവ്. ലക്ഷം വീട് കോളനിയിൽ നിന്നും രാത്രിയിൽ പന്തം കൊളുത്തി പ്രകടനവും ആയി വന്നു തറവാട് വളഞ്ഞ സംഘത്തിലെ യുവ നേതാവ്. നിയമത്തിനെതിരെ പോരാടി വ്യവസ്ഥിതിയെ മാറ്റും എന്ന് പറഞ്ഞു, തന്റെ അച്ഛനെയും, കുടുംബത്തിലെ ആൺ തരികളെയും ജയിലിൽ അടയ്ക്കും എന്ന് ആക്രോശിച്ചു സഖാവ്.
ചിങ്ങ കൊയ്ത്തു കഴിഞ്ഞു മുണ്ടും നേര്യതും ആയി യാത്ര പറഞ്ഞു പോയ രമണിയുടെ മുഖം ദേവന് ഓർമ്മ വന്നു. തിരിഞ്ഞു നടക്കുവാൻ തുടങ്ങിയ ദേവനെ പരമു കണ്ണ് കാണിച്ചു പിടിച്ചു നിറുത്തി. പഞ്ചായത്തിൽ നിരവധി ചെറുപ്പക്കാരെ വഴിയാധാരം ആക്കിയ സഖാവ് വർഗ്ഗത്തെ വിട്ടു ഇന്ന് ചുവന്ന കുറിയിട്ട ഗാന്ധിയൻ ആയതു കണ്ടു ദേവൻ അന്തം വിട്ടു പോയി.

“ദേവൻ ഓർക്കുന്നുണ്ടോ എന്നെ. ഞാൻ അമ്മയുടെ കൂടെ ആ തറവാട്ടിൽ എത്ര തവണ വന്നിരിക്കുന്നു. കണ്ടതിൽ വലിയ സന്തോഷം. ലീവ് എത്ര നാളുണ്ട് ?”

നിന്നെ ഞാനും, നീ എന്നെയും മറക്കുമോ എന്നാണ് ഉള്ളിൽ തികട്ടി വന്നത്.

“ലീവ് കുറവാണ്. വൈകീട്ട് സമയം കിട്ടുമ്പോൾ വീട്ടിലോട്ടു വായോ. അല്പം തിരക്കുണ്ട്. പരമനെ അറിയിച്ചിട്ട് വന്നാൽ മതി. എന്നാൽ പിന്നെ കാണാം.”

കൈകൂപ്പി പുറത്തേക്കിറങ്ങി. ഇറങ്ങുമ്പോൾ പ്രസിഡന്റിന്റെ കൈത്തണ്ടയിൽ ദേവൻ സൂക്ഷിച്ചു നോക്കി. താൻ വിദേശത്തേക്ക് പോകുന്നതിന്റെ തലേന്ന് കൊടുത്ത ഒരു സമ്മാനം അവിടെ ഉണ്ടോ എന്ന്? പ്രസിഡന്റിന്റെ മുഖത്ത് ചിരി അല്പം മങ്ങിയതായി ദേവന് തോന്നി.

ഇവന്റെ മുൻപിൽ ആണല്ലോ വന്നു കൈകൂപ്പിയത് എന്ന് ജയദേവൻ ഓർത്തു. മനസ്സിൽ സ്വയം ശപിച്ചു.
പുറത്തിറങ്ങിയപ്പോൾ പരമൻ പലരോടും ഇത് നമ്മുടെ മലേപ്പള്ളി സ്‌കൂളിലെ സരസ്വതി ടീച്ചറിന്റെ മോനാണ് ദേവൻ അറിയില്ലേ എന്ന് പറയുന്നുണ്ടായിരുന്നു. ദേവൻ പരിചിതമല്ലാത്ത പരിചയക്കാരുടെ മുൻപിൽ കൈകൂപ്പി.

“നമുക്കൊരു ചായ കുടിച്ചാലോ പരമാ, നാട്ടിലെ കാലാവസ്ഥ ശരിയ്ക്കും ശീലം ആയി തുടങ്ങിയിട്ടില്ല. വിശപ്പ് തീരെ ഇല്ല.”

“എന്നാ പിന്നെ നമ്മുടെ മില്ലുങ്കൽ ഉള്ള ബിസ്മിയിൽ പോയാലോ, അവിടാണെൽ നല്ല മലബാർ പത്തിരിയും ബീഫും കിട്ടും.”

“എവിടായാലും നല്ല ഒരു ചായ കിട്ടിയാൽ നന്നായിരുന്നു.”

ബിസ്മിയിൽ നിന്നും ചായ കുടിച്ചു പുറത്തിറങ്ങിയ ദേവന് അതിശയം തോന്നി. മില്ലുംങ്കൽ ആകെ മാറി പോയിരിക്കുന്നു. പൂത്തോട്ടത്തിൽ നിന്നും ചന്തയും ആയി യോജിപ്പിച്ചു ഉണ്ടായിരുന്ന തോടിന്റെ ഒരുഭാഗം മണ്ണിട്ട് മൂടി ബസ് സ്റ്റാന്റും, ഷോപ്പിംഗ് കോം‌പ്ലക്സും, നിരവധി വ്യാപാര സ്ഥാപനങ്ങൾ. ബാങ്ക്, ദീർഘദൂര സർവീസുകൾ നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾ.

നേരത്തെ ബുധനും, ശനിയും ചന്ത ദിവസം ആയതിനാൽ മാത്രം ഉണ്ടായിരുന്ന തിരക്ക് ഇന്ന് നൂറിരട്ടി ആയിരിക്കുന്നു. തീരദേശ ഗ്രാമങ്ങൾ ആയ പൂത്തോട്ട, പറവൂർ, പെരുമ്പളത്തേയ്ക്കു ഒക്കെ പലചരക്കും, ചുടു കട്ടയും വരെ ഇവിടെ നിന്നും കെട്ട് വള്ളങ്ങളിൽ കൊണ്ട് പോകുമായിരുന്നു. ദേവകിയുടെ കൂടെ ശനിയാഴ്ച ചന്തയിൽ പച്ചക്കറികൾ വിലപ്നയ്ക്കു കൊണ്ട് വന്നിരുന്നു. ചിലപ്പോഴൊക്കെ പച്ച ഓലയിൽ മെടഞ്ഞ വല്ലത്തിൽ ദേവകി പോത്തിറച്ചി, താറാവിന്റെ മുട്ട ഒക്കെ വാങ്ങിക്കുന്നത് ഇവിടെ നിന്നായിരുന്നു. പോത്തിറച്ചി വാങ്ങിക്കുമ്പോൾ ദേവനറിയാം, അച്ഛൻ വർക് സൈറ്റിൽ നിന്നും അവധിയ്ക്കു വരുന്നുണ്ട് എന്ന്. മില്ലുങ്കൽ നിന്നാൽ താൻ പഠിച്ച ഹൈസ്‌കൂൾ കാണാം. 2000 -ൽ അധികം കുട്ടികൾ ഉണ്ടായിരുന്ന സ്‌കൂളിലെ ഓടിട്ട കെട്ടിടങ്ങളുടെ സ്ഥാനത്തു മൂന്നോ നാലോ നിലകളിൽ കെട്ടിട സമുച്ചയം.

“ദേവാ ആരെ ഒക്കെയോ കാണാൻ ഉണ്ട് എന്ന് പറഞ്ഞിട്ട് ?! പോയാലോ ?” പരമന്‌ ധൃതി ആയി.

“ങ്ങാ”

രണ്ടു ദിവസം കഴിഞ്ഞാൽ മാലതിയും മോനും എടത്വായിൽ നിന്നും വരും. അവർ വന്നാൽ പിന്നെ ചിലയിടങ്ങളിലുള്ള പോക്ക് നടക്കില്ല. പിന്നെ ബന്ധു വീടും, ക്ഷേത്രങ്ങലും ആയി ദിവസങ്ങൾ അങ്ങ് പോകും.

“പരമാ നിനക്ക് തിരക്കില്ലേൽ നമുക്ക് ചോറ്റാനിക്കരെ ഡോക്ടറുടെ അടുത്ത് വരെ ഒന്ന് പോയാലോ?”

“അതിനെന്താ, നിര്‍ബ്ബന്ധമാണേൽ പോയേക്കാം. പരമന്റെ മുഖത്ത് ഒരു കള്ള ചിരി പടർന്നു.”

ദേവന് ആകെ ഒരു അമളി പിണഞ്ഞത് പോലെ തോന്നി. ഇവൻ എന്തായിരിക്കും തന്നെ കുറിച്ച് ധരിച്ചിരിക്കുക? പരമൻ ഒന്നും പറയാതെ കാർ സ്റ്റാർട്ട് ചെയ്തു.

“ദേവാ ശനിയാഴ്ചയ്ക്കു മുൻപേ കാടും പടലും വെട്ടി പറമ്പു ഒന്ന് തെളിയ്ക്കണ്ടേ? എല്ലാവരും എത്തി ചേരാൻ ഇനി ദിവസങ്ങൾ ഇല്ല.”

“നീ എന്താണെന്ന് വച്ചാൽ നോക്കി ചെയ്യൂ.”

അല്ലെങ്കിലും അവൻ തന്നെയാണ് കഴിഞ്ഞ കുറെ വർഷങ്ങൾ ആയി ഇതൊക്കെ ചെയ്യിക്കുന്നത്. എങ്കിലും എല്ലാറ്റിനും അനുമതിക്കായി അവൻ കാത്തു നിന്നിരുന്നു. ഒരു കൂടപിറപ്പ് പോലെ. ദേവനറിയാതെ മയക്കത്തിലേക്ക് വീണു.
ദേവൻ മയക്കത്തിൽ നിന്ന് ഉണരുമ്പോൾ കാറ് നില്‍ക്കുന്നത് ചെറുതെങ്കിലും സുന്ദരമായ ഒരു ചെറിയ വീടിന്റെ മുറ്റത്താണ്. ചരൽ വിരിച്ച മുറ്റത്തിന്റെ ചുറ്റുമതിലിനു മുകളിലേക്ക് പൂത്തുലഞ്ഞ വിവിധ വർണ്ണങ്ങളിൽ ഉള്ള പനിനീർ പൂക്കൾ. അശോകച്ചെത്തിയും, കുടമുല്ലയും, പാരിജാതവും. വർണ്ണ ശബളമായ പൂക്കളാൽ സുഗന്ധം പരത്തുന്ന കുളിര്‍മ്മയേകുന്ന വീടിന്റെ പോർച്ചിൽ ഒരു മാരുതി ആൾട്ട കാർ പാർക്ക് ചെയ്തിരിക്കുന്നു. കാറിന്റെ ശബ്ദം കേട്ട് മെല്ലിച്ചു വെളുത്തു സുന്ദരിയായ ഒരു സ്ത്രീ വാതിൽ തുറന്നു പുറത്തേക്കു വന്നു. ദേവൻ കാറിൽ നിന്നും ഇറങ്ങി സിറ്റ്ഔട്ടിലേക്ക് നടന്നു.

ആ സ്ത്രീയുടെ മുഖം സന്തോഷവും അതിശയവും കൊണ്ട് തിളങ്ങി. കണ്ണുകളിൽ സന്തോഷാശ്രുക്കൾ പൊടിഞ്ഞു. കറുത്ത വീതി കരയുള്ള സെറ്റു മുണ്ടിന്റെ കൊന്തലിന്റെ പിടി വിട്ടു അവൾ രണ്ടു ചുവടു മുന്നോട്ടു വച്ചു. കൈത്തണ്ടയിലെ കരിവളകൾ ഊരി വീഴുന്ന രീതിയിൽ അവൾ ശോഷിച്ചിരുന്നു. ചന്ദനക്കുറിയിട്ട ചെറു മുടിനാരിഴകൾ പാറി കളിക്കുന്ന അവളുടെ നെറ്റിയിൽ വിയർപ്പു പൊടിയുന്നുണ്ടായിരുന്നു.

“പരമേട്ടൻ പറഞ്ഞിരുന്നു നാട്ടിൽ വന്നിട്ടുണ്ട് എന്ന്. ഇങ്ങട് വരുന്നുണ്ട് എന്നും..”

“എന്ത് പറയണമെന്നു അറിയാതെ ദേവൻ കുഴങ്ങി.”

“ഞാൻ പോയിട്ട് പിന്നെ വരാം. നാളെ പറമ്പിൽ പോച്ച വെട്ടാനുള്ള ബംഗാളികളെ തപ്പി എടുക്കട്ടെ,”

ദേവന്റെ സ്യൂട്ട് കേസ് അരമതിലിൽ വച്ച് പരമന്‍ തിരിഞ്ഞു നടന്നു.

അപ്പോഴാണ് ഭിത്തിയിൽ ഉള്ള നെയിം ബോർഡ് ദേവന്റെ ശ്രദ്ധയിൽ പെട്ടത്.

“ഡോ നിത്യ ചന്ദ്രൻ, MD, BHMS – OUT”

ദേവന്റെ പെട്ടിയും എടുത്തു ഡോക്ടർ അകത്തേക്ക് നടക്കുമ്പോൾ മുറ്റത്തെ പനിനീർ ചെടികളുടെ തണലിൽ കുറിഞ്ഞി പൂച്ച മുഖം മിനുക്കുകയായിരുന്നു.

(തുടരും)

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top