നയതന്ത്ര ബാഗേജ് സ്വര്‍ണ്ണക്കടത്ത്; സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴി ചോര്‍ത്തിയത് കസ്റ്റസ് ഉദ്യോഗസ്ഥന്‍, പുറത്തുവിട്ടത് ഭാര്യയുടെ ഫോണിലൂടെ

നയതന്ത്ര ബാഗേജു വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ എന്‍ ഐ എയുടെ കസ്റ്റഡിയിലായ സ്വപ്ന സുരേഷും മാധ്യമ പ്രവർത്തകൻ അനിൽ നമ്പ്യാരുമായി ബന്ധപ്പെട്ട വിഷയത്തില്‍ സ്വപ്ന സുരേഷ് നല്‍കിയ മൊഴി വിവരങ്ങൾ ചോർത്തിയത് കസ്റ്റംസ് ഉദ്യോഗസ്ഥനാണെന്ന് റിപ്പോർട്ട്. തന്റെ സ്വന്തം ഫോണില്‍ മൊഴി പകര്‍ത്തിയ ഉദ്യോഗസ്ഥൻ ഭാര്യയുടെ ഫോണിലൂടെയാണ് പുറത്തുവിട്ടതെന്ന് ഇന്റലിജൻസ് ബ്യൂറോ കണ്ടെത്തി.

സ്വപ്ന സുരേഷിന്റെ മൊഴി ചോര്‍ന്നതു സംബന്ധിച്ച് അന്വേഷണത്തിൽ നിന്നു മാറി നിൽക്കേണ്ടി വന്ന കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ എൻ എസ് ദേവിന് ഇതിൽ പങ്കില്ലെന്നു വ്യക്തമാക്കിക്കൊണ്ടുള്ള അന്വേഷണ റിപ്പോർട്ട് ഐബി കസ്റ്റംസ് കമ്മിഷണർക്ക് കൈമാറി. ഇയാൾക്കെതിരെ കൂടുതൽ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. എൻ എസ് ദേവിന്റെ പ്രത്യേക ആവശ്യത്തിൽ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാർ ഐബിയോട് ഇതു സംബന്ധിച്ച അന്വേഷണം ആവശ്യപ്പെടുകയായിരുന്നു എന്നാണ് വിവരം.

മാധ്യമങ്ങൾക്കു ചോർന്നു കിട്ടിയ ഫയൽ വിശദമായ ഡിജിറ്റൽ പരിശോധനകൾക്ക് വിധേയമാക്കിയാണു ചോർത്തിയതു സംബന്ധിച്ച വിവരങ്ങളിലേയ്ക്ക് ഐബി എത്തിയത്. ഏതു മൊബൈലിലാണ് ചിത്രം പകർത്തിയത്. അതിന്റെ ഐഎംഇ നമ്ബർ, ഏതുവിധത്തിലാണ് ഇത് അയച്ചത് തുടങ്ങിയ എല്ലാ വിശദാംശങ്ങളും ഡിജിറ്റൽ പരിശോധനയിലൂടെ മനസ്സിലാകും. തുടർന്നാണ് ഫോൺ ചോർത്തിയതിന്റെ ഉത്തരവാദിയിലേയ്ക്ക് ഐബി എത്തിയത്.

സ്വപ്നയെ ചോദ്യം ചെയ്ത ദിവസം തയാറാക്കിയ റിപ്പോർട്ട് അന്നു തന്നെ കസ്റ്റംസ് ഉദ്യോഗസ്ഥൻ തന്റെ ഫോണിലേക്ക് പകർത്തുകയായിരുന്നു. തുടർന്ന് ബ്ലൂടൂത്ത് വഴി ഭാര്യയുടെ ഫോണിലേക്ക് അയക്കുകയും അതിൽ നിന്ന് ഇന്റർനെറ്റ് ഉപയോഗിച്ച്‌ പുറത്തേക്ക് അയക്കുകയുമായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്വപ്നയുടെ മൊഴിയെടുക്കുന്നതിന് കസ്റ്റംസ് നിയോഗിച്ചത് മൂന്നംഗ സംഘത്തെയായിരുന്നു. ഇതിൽ രണ്ടു പേർ പുരുഷന്മാരും ഒരു വനിതയുമായിരുന്നു. ഇവരിൽ മൊഴിയെടുക്കലിനു നേതൃത്വം നൽകിയ ഉദ്യോഗസ്ഥനാണ് കുറ്റക്കാരനെന്നാണ് കണ്ടെത്തൽ.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment