Flash News

നാം എന്തിന്റെ നമ്പർ വൺ ആണ്? ഇതാണോ മുഖ്യമന്ത്രി എപ്പോഴും ഉരുവിടാറുള്ള നവോത്ഥാനവും നവകേരളവും? മുഖ്യമന്ത്രി മറുപടി പറയണം: കുമ്മനം രാജശേഖരൻ

September 6, 2020 , പ്രസ് റിലീസ്

തിരുവനന്തപുരം : വ്യവസായ റാങ്കിങ്ങിൽ 28-ാം സ്ഥാനത്തേക്ക് നിലംപതിച്ച കേരളം സ്ത്രീപീഡന – കൊലപാതക സംഭവങ്ങളിൽ ഒന്നാം റാങ്ക് നേടുന്നത് അപമാനകരവും ലജ്ജാകരവുമാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ.

വ്യവസായ റാങ്കിങ്ങിൽ 28-ാം സ്ഥാനത്തേക്ക് നിലംപതിച്ച കേരളം സ്ത്രീപീഡന – കൊലപാതക സംഭവങ്ങളിൽ ഒന്നാം റാങ്ക് നേടുന്നത് അപമാനകരവും ലജ്ജാകരവുമാണ്. ഇതാണോ മുഖ്യമന്ത്രി എപ്പോഴും ഉരുവിടാറുള്ള നവോത്ഥാനവും നവകേരളവും? നാം എന്തിന്റെ നമ്പർ വണ്ണാണ്? മുഖ്യമന്ത്രി മറുപടി പറയണം.

ആറന്മുളയിൽ യുവതി പീഡിപ്പിക്കപ്പെട്ട സംഭവം പീഡകരുടെ നാടാണ് കേരളമെന്ന് ഒരിക്കൽക്കൂടി തെളിയിച്ചു. കൊറോണ ബാധിച്ച രോഗിക്ക് സർക്കാരിന്റെ ആംബുലൻസിൽ നിർഭയം യാത്ര ചെയ്യാൻ വയ്യാത്ത അവസ്ഥയാണ് കേരളത്തിലുള്ളത്. രോഗികൾക്ക് സുരക്ഷയോ സഹായമോ ലഭിക്കുന്നില്ല. കാമാസക്തരുടെ പീഡനമേറ്റ് പിടയുന്ന സ്ത്രീകളുടെ മാനം കാക്കാനോ ജീവൻ രക്ഷിക്കാനോ സർക്കാർ മെനക്കെടുന്നില്ല.

വാളയാറിൽ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചു കൊന്ന് കെട്ടിത്തൂക്കിയ കേസിൽ നിരുത്തരവാദപരമായി പെരുമാറുകയും അന്വേഷണം വഴിതെറ്റിക്കുകയും ചെയ്തതിന്റെ പേരിൽ കുറ്റാരോപിതനായ പോലീസ് ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റവും ബഹുമതിയും നൽകിയ സർക്കാരിൽ നിന്നും പീഡിതരായ സ്ത്രീകൾക്ക് എങ്ങനെ നീതി ലഭിക്കും ?

ഇന്ത്യയിൽ ഏറ്റവുമധികം സ്ത്രീപീഡനം നടക്കുന്ന സംസ്ഥാനം കേരളമാണ്, മദ്യക്കച്ചവടം, ലഹരി – മയക്കുമരുന്ന് കടത്ത്, സ്വർണ്ണക്കള്ളക്കടത്ത്, ബോംബുനിർമ്മാണം, കൊലപാതകം, അഴിമതി, വെട്ടിപ്പ്, തട്ടിപ്പ് തുടങ്ങിയ എല്ലാ ക്രിമിനൽ കുറ്റങ്ങളും കേരളത്തിൽ അരങ്ങുതകർക്കുന്നു.

അതേസമയം വികസനരംഗത്ത് കടുത്ത മാന്ദ്യവും ശോഷിപ്പും അനുഭവപ്പെടുക നിമിത്തം കേരളം സാമ്പത്തിക വളർച്ചാ നിരക്കിൽ കൂപ്പുകുത്തി താഴെവീണുകിടക്കുന്നു. വ്യാവസായിക പരിഷ്‌കാരങ്ങളുടെ വാർഷിക റാങ്കിങ്ങിൽ ആകെയുള്ള 29-ല്‍
28-ാം സ്ഥാനത്താണ് കേരളം. കഴിഞ്ഞ വർഷത്തെ 21-ാം റാങ്കിങ്ങിൽ നിന്നാണ് 28 ലേക്ക് നിലംപതിച്ചത്.

മഹത്തായ സംസ്ക്കാരവും പൈതൃകവും പാരമ്പര്യവുമുള്ള നാടാണ് നമ്മുടേത്. വൻകിട വ്യവസായ സ്ഥാപനങ്ങൾ ഒരു കാലത്ത്
തല ഉയർത്തി നിന്നു. സീതാദേവിയെ രാവണൻ ബലാൽക്കാരമായി വലിച്ചിഴച്ചു കൊണ്ട്‌ പോയപ്പോൾ, ആഴ്ന്നുപറന്നുയർന്ന് സർവ്വ ശക്തിയുമുപയോജിച്ച് പോരാട്ടം നടത്തി വീരമൃത്യു വരിച്ച ജടായു എന്ന പക്ഷിയുടെ വീരേതിഹാസം നിറഞ്ഞ ധീരകൃത്യത്തിന്റെ സാക്ഷിയായി കൊല്ലം ജില്ലയിൽ ജടായുരാമപ്പാറ തല ഉയർത്തി നിൽക്കുന്നു. സ്ത്രീ സുരക്ഷയ്ക്ക് എന്നും പ്രാധാന്യം നൽകിയവരാണ് നമ്മൾ. ഒരു സ്ത്രീ മാത്രമേ ഭാര്യയായുള്ളു ബാക്കിയുള്ള സ്ത്രീകളെല്ലാം അമ്മമാരാണെന്നും ലോകത്തെ പഠിപ്പിച്ച സംസ്കാരമാണ് നമ്മുടേത് . അങ്ങനെയുള്ള നാട്ടിൽ സ്ത്രീകളുടെ തോരാക്കണ്ണീരും രോദനവും നമുക്ക് സഹിക്കാനാവുകയില്ല. ഇതിന് അറുതി വരുത്തുവാൻ ജനസമൂഹം ഉണരണം.

പീഡകർക്കെതിരെ ശക്തമായ നിലപാട് സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം പ്രസ്താവിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top