Flash News

കൊറോണക്കാലത്തെ ദൈവ സങ്കല്പം

September 7, 2020 , ഡോ. നന്ദകുമാർ ചാണയിൽ

കൊറോണ കാരണം ധാരാളം സമയം വായിക്കാനും എഴുതാനും കിട്ടുമെങ്കിലും എഴുതാനുള്ള “ഒരിത്” എന്തുകൊണ്ടോ കിട്ടാറില്ല. സമസ്‌തഭൂഖണ്ഡങ്ങളിലെക്കും വ്യാപിച്ച് ലോകത്തെ ബന്ധനത്തിലാക്കിയ ഈ ഇത്തിരിക്കുഞ്ഞൻ ചില്ലറക്കാരനല്ലെന്ന് തന്റ താണ്ഡവംമൂലം ബോദ്ധ്യപ്പെടുത്തിക്കഴിഞ്ഞു. ഇത്തരമൊരു ആഗോളപ്രതിസന്ധി ലോകചരിത്രത്തിൽ ഉണ്ടായിട്ടേ ഇല്ല. ഇനി ഉണ്ടാകില്ല എന്നും പ്രത്യാശിക്കാം. എന്തായാലും കൊറോണ ഒരു കാര്യം വ്യക്തമാക്കി- ദുഃഖത്തിലും, നിസ്സഹായതയിലും അഴലിലും ഉഴലുമ്പോൾ തുണയ്ക്കായി എത്തുമെന്ന് വിശ്വസിച്ചുപോരുന്ന ഉടയതമ്പുരാനെപോലും വെല്ലുവിളിക്കുന്ന രീതിയിലാണ് ഈ സംഹാരരുദ്രന്റെ വെളിപാട്. ഇതിനകം 26.7 ദശലക്ഷം പേരെ അവശരാക്കുകയും 877,000 പേരെ കുരുതികഴിക്കുകയും ചെയ്തുകഴിഞ്ഞു. അതവിടെ നിൽക്കട്ടെ, കൊറോണ എന്നെ ചിന്തിപ്പിക്കാനുതകിയ വിഷയത്തിലേക്കു കടക്കട്ടെ. എനിക്ക് ഒന്നര വയസ്സുള്ളപ്പോൾ അതേവരെ ആരോഗ്യവാനായിരുന്ന എന്റെ പിതാവ് പക്ഷാഘാതം മൂലം ശയ്യാവലംബിയായി. പരദ്രോഹമേതും ചെയ്യാതെ, എന്നാൽ തന്നാലാവുന്ന സഹായങ്ങൾ ആർക്കും ചെയ്‌തു കൊടുത്തിരുന്ന, ഒരു മാതൃകാദ്ധ്യാപകനായിരുന്ന അദ്ദേഹത്തിന് എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന വ്യഥ, ചിന്തിക്കാൻ തുടങ്ങിയതു മുതൽ ഉത്തരം കിട്ടാത്ത ഒരു കീറാമുട്ടിയായി എന്നിൽ സന്നിവേശിച്ചിരുന്നു. അതുപോലെതന്നെ, എന്റെ ചുറ്റുമുള്ള ഒരുപാടു നല്ല മനുഷ്യർക്ക് അവർ അർഹിക്കാത്ത പലവിധ ദുഃഖങ്ങളും സങ്കടങ്ങളും ദുരിതങ്ങളും അനുഭവിക്കേണ്ടിവന്നതു കാണാനിടവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരുപാടു ചോദ്യങ്ങൾ സന്തതസഹചാരിയായി എന്റെ കൂടെയുണ്ട്. ആരാണ് ഈ പ്രത്യക്ഷപ്പെടാത്ത ഈശ്വരൻ? എവിടെയാണ് അദ്ദേഹം കുടികൊള്ളുന്നത്? എന്തുകൊണ്ടാണ് നല്ലവർക്ക് ദുരിതമനുഭവിക്കേണ്ടിവരുന്നത്. എന്നെല്ലാം തലപുകഞ്ഞാലോചിക്കുകയല്ലാതെ ഉത്തരമൊന്നും കിട്ടിയില്ല. ഇപ്പോൾ ഒന്ന് ബോദ്ധ്യമായി. ഈശ്വരനല്ല സർവ്വവ്യാപി; കൊറോണയാണ് ആ പദവിക്ക് അർഹൻ എന്ന്.

ദേവന്മാരും, ദേവാലയങ്ങളും, ആൾദൈവങ്ങളും ആണോ ഈ ദുരവസ്ഥയിൽ മാനവരാശിക്ക് സഹായഹസ്തങ്ങളുമായി വന്നത്‌? വൈദ്യശാസ്ത്രത്തിനു മാത്രമേ ഈ അവസരത്തിൽ മാനവരക്ഷക്കായി എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞിട്ടുള്ളൂ. അല്ലെങ്കിലും ദൈവം ഒരു സങ്കൽപ്പം മാത്രമാണ് എന്നാണല്ലോ അനുഭവങ്ങൾ തെളിയിക്കുന്നത്. പുരാതനകാലത്ത്, ശാത്രസാങ്കേതിക രംഗത്ത് പുരോഗതി നേടിയിട്ടില്ലാത്തകാലത്ത്, പ്രകൃതിക്ഷോഭങ്ങളും മഹാമാരിയും അലട്ടിയിരുന്നപ്പോൾ കണ്ടുപിടിച്ചതായിരിക്കണം ‘ദൈവം‘ എന്ന സങ്കല്പം. മഹാമാരണങ്ങളെല്ലാം സംഭവിക്കുന്നത് ദൈവകോപംകൊണ്ടാണെന്ന ഒരു താക്കീതും ആ സങ്കൽപ്പത്തെ ശാശ്വതീകരിക്കാൻ തന്റെ നിസ്സഹായാവസ്ഥ മനുഷ്യനെ പ്രേരിപ്പിച്ചു. മുങ്ങിച്ചാവേണ്ടി വരുമ്പോൾ ഒരു പുൽക്കൊടിയിലായാലും എത്തിപ്പിടിക്കാൻ ശ്രമിക്കുന്നത് അതിജീവനത്തിനുള്ള സഹജമായ തൃഷ്ണയാണല്ലോ. അമാനുഷികപരിവേഷം നൽകി ദൈവങ്ങളെ പ്രീതിപ്പെടുത്താൻ ആരാധനയും, വഴിപാടും, നേർച്ചയുമെല്ലാം അങ്ങിനെയുണ്ടായ വിശ്വാസത്തിൽ നിന്നും ഉടലെടുത്തതാണല്ലോ. ഈ ചിന്ത ചിലർക്കെല്ലാം മുജ്ജന്മസുകൃതത്തിലും, മുജ്ജന്മപാപത്തിലും അധിഷ്ഠിതമായ മറ്റൊരു സങ്കൽപ്പത്തിനും തിരിതെളിച്ചു. ഇത്രയല്ലേയുള്ളൂ യഥാർത്ഥത്തിൽ. എല്ലാ ജീവജാലങ്ങളെയും പോലെ മനുഷ്യനും ജനിക്കുന്നു, മൃതിയടയുന്നു. ഈ ചിന്ത സ്വവംശത്തിന്റെ നിലനിൽപ്പിനുതന്നെ ഉതകുമെന്നു കരുതിയായിരിക്കണം പരമ്പരാഗതമായി ആചാരങ്ങളെല്ലാം അനുഷ്ഠിച്ചുവന്നിരുന്നത്.

മാരകരോഗങ്ങളായ വസൂരി, പ്ലേഗ്, കോളറ, കുഷ്ഠം, ക്ഷയം, ഇബോള ഇപ്പോൾ കൊറോണ എന്നിവയൊക്കെ പിടിപെട്ടപ്പോൾ ദൈവകൃപകൊണ്ടുമാത്രം ശമനമോ, മരണത്തിൽ നിന്നുള്ള മോചനമോ ഉണ്ടായിട്ടില്ല, ഉണ്ടാകുന്നില്ലെന്നും കാണാം. എപ്പോഴെല്ലാം മനുഷ്യൻ രോഗഗ്രസ്ഥനായിട്ടുണ്ടോ, അപ്പോഴെല്ലാം ശാസ്ത്രം മാത്രമാണ് ദുരിതാശ്വാസത്തിനും തുണക്കും എത്തിയിട്ടുള്ളൂ.

കേട്ടും വായിച്ചും അനുഭവിച്ചും നേടിയ അറിവുകൾ പരമ്പരാഗതമായി ചില വിശ്വാസപ്രമാണങ്ങളെ പുനഃപരിശോധിക്കാൻ എന്നെ പ്രേരിപ്പിച്ചു. നല്ലതു ചെയ്‌താൽ നല്ലതേ വരൂ; തിന്മ ചെയ്‌താൽ ദോഷമേ വരൂ. പിന്നെയൊരു സ്വർഗ്ഗവും നരകവും! എന്നിട്ടെന്തേ നന്മമാത്രം ചെയ്തിരുന്നവർ ദുരിതമനുഭവിക്കുന്നു? ദ്രോഹം ചെയ്യുന്നവരെന്തേ സുഖേന വാഴുന്നു? കേവലം വിശ്വാസം മാത്രമായ മുൻ-പിൻ ജന്മത്തിലേക്കു കടക്കാൻ താല്പര്യമില്ല. ജീവനില്ലാത്ത ദൈവത്തിനു പാർക്കാൻ കൊട്ടാരസദൃശമായ മണിമാണികകളും അമൃതേത്തു ഭുജിക്കാൻ ഭക്ഷ്യവിഭവങ്ങളുമെന്തിന്. അവ ആസ്വദിക്കാൻ തക്ക അവയവങ്ങളൊന്നും സാങ്കല്പിക സർവ്വേശ്വരനില്ലല്ലോ? ലോകത്തെമ്പാടുമുള്ള ദേവാലയങ്ങൾ ആതുരസേവക്കായി ഉപയോഗിച്ചിരുന്നെങ്കിൽ ഏതാനും അവശതയനുഭവിക്കുന്ന പട്ടിണിപ്പാവങ്ങൾ രക്ഷപ്പെട്ടുപോയേനെ! ഈ അരൂപിക്കൊരുക്കുന്ന സദ്യാവിഭവങ്ങൾ പട്ടിണി കിടക്കുന്നവർക്ക് മൃഷ്ടാന്നഭോജനമായേനെ! പാലും തൈരും പോയിട്ട്‌ കഞ്ഞിവെള്ളം പോലും കുടിക്കാൻ വകയില്ലാതെ എത്രപേർ ഈ ‘ഭൂമിദേവിയിൽ‘ ഊർദ്ധ്വശ്വാസം വലിച്ചു അകാലമൃത്യുവിനിരയാകുന്നു! തക്കസമയത്തുള്ള ആതുരശുശ്രൂഷയും ഔഷധങ്ങളും ലഭ്യമാകാതെ എത്രപേർ കാലപുരിപൂകുന്നു.

സാമൂഹികരംഗത്തായാലും, രാഷ്ട്രീയ രംഗത്തായാലും, ആത്മീയരംഗത്തായാലും ചില തഥാകഥിത ആചാര്യന്മാർ പറയുന്നതെന്തും വിശ്വസിച്ച് വേദവാക്യപ്രമാണമായി കരുതി സ്വന്തം യുക്തി പണയംവെച്ച്, “മുമ്പെഗമിച്ചീടിന ഗോവു തന്റെ പിമ്പേഗമിക്കും ബഹുഗോക്കളെല്ലാം,” എന്നരീതിയിൽ പൊതുജനം എന്തേ വർത്തിക്കുന്നു? ഈ ജാതി, മത, വർഗ്ഗ, ഇസവ്യവസ്ഥകളെല്ലാം വെടിഞ്ഞു മനുഷ്യരെ സഹജീവികളും സഹോദരരുമായി കാണുന്ന ലോകം വെറും ഭാവനയിലൊതുങ്ങാതെ യാഥാർത്ഥ്യമാകുന്ന ‘സത്യയുഗം‘ എന്നുദിക്കും? ഗാന്ധിജിയുടെ ‘രാമരാജ്യം’ പോലെയൊരു സങ്കല്പികരാജ്യം ഒരു യാഥാർത്ഥ്യത്തിലേക്ക് പരിണമിക്കാൻ പുരോഗമനചിന്താഗതിക്കാരായ ഏറെ പേർ സംഘടിതമായി ശ്രമിച്ചാൽ സാധിതമാകും. എത്രയെത്ര ബുദ്ധന്മാരും യേശുകൃസ്തുമാരും മുഹമ്മദുനബികളും മുപ്പത്തിമുക്കോടി ദൈവങ്ങളും പുനരവതരിച്ചാലും മനുഷ്യമനസ്സുകളിൽ മാറ്റം വരാതെ, ‘മാനുഷരെല്ലാമൊന്നുപോലെ’ എന്ന ‘മാവേലി വാണീടും കാലം‘ സമാഗതമാകാൻ ക്ഷിപ്രസാദ്ധ്യമാവാതെ സങ്കല്പമാത്രമായേ വർത്തിക്കൂ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top