Flash News

റവ. ജോൺസൺ കോർ എപ്പിസ്കോപോസിന്‍റെ പൗരോഹിത്യ മാണിക്യ ജൂബിലി ഫിലഡൽഫിയയിൽ ആഘോഷിച്ചു

September 7, 2020 , ജോർജ് നടവയൽ

ഫിലഡൽഫിയ: റവ. ജോൺസൺ കോർ എപ്പിസ്കോപോസിന്‍റെ പൗരോഹിത്യ മാണിക്യ ജൂബിലി (റൂബി ജൂബിലി, പൗരോഹിത്യ നാല്പതാം വാർഷികം), ഫിലഡൽഫിയയിൽ ആഘോഷിച്ചു.

സെന്‍റ് മേരീസ് മലങ്കര ഓർത്തഡോക്സ് കത്തീഡ്രൽ ഡീക്കൺ റവ. യോഹന്നാൻ ഡാനിയൽ, സെക്രട്ടറി ഫിലിപ്പോസ് ചെറിയാൻ, ട്രഷറർ സാമുവേൽ കുര്യാക്കോസ് എന്നിവർ ചേർന്ന് ജോൺസൺ കോർ എപ്പിസ്കോപോസിന് ആദര ഫലകം സമർപ്പിച്ചു.

“1978ൽ, വിശുദ്ധ മോറൻ മാർ ബസേലിയോസ് മാർത്തോമ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവായിൽ നിന്നും ജോൺസൺ ശെമ്മാശ പട്ടം സ്വീകരിച്ചു. ഡീക്കൺ ജോൺസൺ, 1979 ൽ കോട്ടയം ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിൽ നിന്ന്, ദൈവശാസ്ത്രത്തിൽ ബി.ടിഎച്ച് ബിരുദം നേടി. ബിഎ ബിരുദവും ബിഎഡ്. ബിരുദവും അദ്ദേഹം കരസ്ഥമാക്കി. മാർത്തോമ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവായിൽ നിന്നും ഡീക്കൺ ജോൺസൺ, 1980 ഓഗസ്റ്റ് 30ന്, വൈദിക പട്ടം സ്വീകരിച്ചു.

കരുണാപുരം, കമ്പംമേട് എന്നീ രണ്ട് മലയോര ദേവാലയങ്ങളിൽ ജോൺസൺ അച്ചൻ, വൈദിക സേവനം ആരംഭിച്ചു. ആ പ്രദേശത്തെ കൃഷിക്കാരുടെയും ജനങ്ങളുടെയും കഷ്ടപ്പാടുകളിൽ ആശ്വാസമേകാൻ ശ്രമിച്ചു. അതൊരു എളുപ്പ യാത്രയായിരുന്നില്ല. തോട്ടിക്കാനം എംജിഎം യുപി സ്കൂളിൽ ജോൺസൺ അച്ചൻ അധ്യാപകനുമായിരുന്നു. ജോൺസൺ അച്ചന്‍റെ ഭാര്യ സാലിയും അവിടെ അധ്യാപികയായിരുന്നു. അക്കാലത്ത്, യുഎസ്എയിലേക്ക് വരാനുള്ള ആഗ്രഹം ജോൺസൺ അച്ചന് ഉണ്ടായിരുന്നില്ല. പക്ഷെ, വിധി വ്യത്യസ്തമായിരുന്നു.

1981സെപ്റ്റംബർ 9ന്, ജോൺസൺ അച്ചൻ അമേരിക്കയിൽ വന്നു. ഡോ. തോമസ് മാർ മർക്കാറിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ, വിവിധ പള്ളികളിൽ സേവനം ചെയ്തു. ന്യൂയോർക് ബ്രൂക് ലിൻ സെന്റ് ബസേലിയോസ്, ജാക്സൺഹൈറ്റ്സ് സെന്‍റ് മേരീസ് എന്നീ പള്ളികളുടെ വികാരിയായി സേവനം ചെയ്യാൻ സാധിച്ചു. 1981 മുതൽ, ഫിലഡൽഫിയ സെന്‍റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ സേവനമനുഷ്ഠിക്കുകയായിരുന്നു.

1983-ൽ ജോൺസൺ അച്ചനെ, ഫിലഡൽഫിയ സെന്‍റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ, വികാരിയായി നിയമിച്ചു. 1994 ജൂലൈ 16- ന്, ഡോ. തോമസ് മാർ മക്കാറിയോസ് മെത്രാപ്പൊലീത്താ, ജോൺസൺ അച്ചനെ, കോർ എപ്പിസ്കോപ്പ പദവിയിലേക്ക് ഉയർത്തി. സഭാ കുടുംബത്തിന്‍റെ പൂർണപിന്തുണയും എല്ലാവരുടെയും പ്രത്യേകിച്ച്, ജോൺസൺ അച്ചന്‍റെ പിതാവ് പത്തനംതിട്ട മല്ലശ്ശേരി തേക്കുംകാട്ടിൽ ടി.എസ്. ജോൺ, അമ്മ മറിയമ്മ ജോൺ, മാർ മക്കാറിയോസ് മെത്രാപ്പൊലീത്താ എന്നിവരുടെയും പ്രാർഥനകളും ജോൺസൺ കോർ എപ്പിസ്കോപോസിന്‍റെ വൈദികദൗത്യത്തിൽ, മാർഗദീപമായി.

1980-ൽ ഉദയം കൊണ്ട ഫിലഡൽഫിയ സെന്‍റ് മേരീസ് മലങ്കര ഓർത്തഡോക്സ് പള്ളി, ജോൺസൺ അച്ചന്‍റെ നേതൃത്വത്തിൽ, ആത്മീയമായും കൂട്ടുത്തരവാദ പുരോഗതിയിലും വളർന്നു. 1988 ൽ ഫിലഡൽഫിയ ഓർത്തഡോക്സ് സ്ട്രീറ്റിൽ, സെന്‍റ് മേരീസ് മലങ്കര ഓർത്തഡോക്സ് പള്ളി, ആദ്യ ആരാധനാലയം സ്വന്തമായി ആർജിച്ചു. 2003 ൽ ഡോ. തോമസ് മാർ മക്കാറിയോസ് തിരുമേനി, സെന്‍റ് മേരീസ് മലങ്കര ഓർത്തഡോക്സ് പള്ളിയെ, വടക്കേ അമേരിക്കയിലെ ആദ്യത്തെ ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലായി ഉയർത്തി. 2017 ൽ ഫിലഡൽഫിയയ്ക്കടുത്തുള്ള, ഹണ്ടിംഗ്ഡൺ വാലിയിലെ ആരാധനാലയത്തിലേക്ക്, ഫിലഡൽഫിയ സെന്‍റ് മേരീസ് മലങ്കര ഓർത്തഡോക്സ് കത്തീഡ്രൽ സ്ഥാനം മാറ്റി.

ജോൺസൺ കോർ എപ്പിസ്കോപോസ്, മലങ്കര ഓർത്തഡോക്സ് ചർച്ച് അമേരിക്കൻ ഡയോസിസ് സെക്രട്ടറി, അമേരിക്കൻ ഡയോസിസ് ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കൺവീനർ, ഫിലഡൽഫിയ എക്യുമെനിക്കൽ ഫെലോഷിപ് ഓഫ് ഇന്ത്യൻ ചർച്ചസ് ചെയർമാൻ, മലങ്കര ഓർത്തഡോക്സ് ക്രിസ്റ്റ്യൻ ഫെലോഷിപ്പ് പെൻസിൽവേനിയാ ചെയർമാൻ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ന്യൂയോർക്ക് സിറ്റിയിൽ ഉദ്യോഗസ്ഥനായിരുന്ന ജോൺസൺ കോർ എപ്പിസ്കോപോസ്, ഇപ്പോൾ ഫിലഡൽഫിയയിൽ റിച്ബോറോയിൽ താമസിക്കുന്നു.” -കത്തീഡ്രൽ സെക്രട്ടറി ഫിലിപ്പോസ് ചെറിയാൻ, അനുമോദന പ്രസംഗത്തിൽ ചരിത്രം വിശദമാക്കി.

ജോൺസൺ കോർ എപ്പിസ്കോപോസിന്‍റെ പൗരോഹിത്യ സ്വീകരണ 40-ാം വാർഷിക ദിനത്തിൽ, സഭാംഗങ്ങൾ പുഷ്പഹാരങ്ങൾ, പൊന്നാട, അഭിനന്ദന ഫലകം, സ്വർണമാല എന്നീ പ്രതീകോപഹാരങ്ങളിലൂടെ, സ്നേഹബഹുമാനങ്ങൾ പ്രകാശിപ്പിച്ചു.

യോഗത്തിൽ, ശോശാമ്മ ചെറിയൻ ടീച്ചർ മംഗളകാവ്യം ആലപിച്ചു. റവ. യോഹന്നാൻ ഡാനിയൽ, സെക്രട്ടറി ഫിലിപ്പോസ് ചെറിയൻ, ട്രഷറർ സാമുവൽ കുര്യാക്കോസ്, വീണ സാമുവൽ, സൺഡേ സ്‌കൂൾ പ്രിൻസിപ്പൽ ജെൻസി സ്കറിയ, എറിക് ലാലു, ജൂബി ബെന്നി, മർത്തമറിയം വനിതാ സമാജം സെക്രട്ടറി ഏലിയാമ്മ ഈശോൻകുട്ടി എന്നിവർ ആദരപ്രസംഗങ്ങൾ നടത്തി.

മക്കൾ റിൻ്റു, റീനു, ജോൺ, സഹോദരൻ സാബു ജോൺ എന്നിവരും കുടുംബാംഗങ്ങളും യോഗത്തിൽ ആദരണീയരായി. ഏവരുടെയും സ്നേഹത്തിനും വാത്സല്യത്തിനും പിന്തുണയ്ക്കും ജോൺസൺ കോർ എപ്പിസ്കോപോസ് നന്ദി പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top