Flash News

വില്ലേജ് ഓഫീസിലെ ദേവാധി ദേവന്‍

September 7, 2020 , കാരൂര്‍ സോമന്‍

പ്രവാസിയായ അജിത് കുമാര്‍ വില്ലജ് ഓഫീസിന്റ വരാന്തയില്‍ വസ്തുക്കളുടെ കരമടക്കാന്‍ നില്‍ക്കുമ്പോഴാണ് ഒരു നിഴല്‍പോലെ വില്ലേജ് ഓഫീസര്‍ ദേവരാജന്‍ അകത്തേക്ക് പോയത്. ഏതാനം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ പേരിലുള്ള വീടും വസ്തുക്കളും മക്കളുടെ പേരില്‍കൂട്ടാനെത്തിയപ്പോള്‍ ഇദ്ദേഹം ഓഫീസ് ക്ലര്‍ക്കായിരിന്നു. ഒന്നിലധികം ജീവനക്കാരുള്ള ഓഫീസില്‍ ഏറ്റവും കൂടുതല്‍ തിരക്ക് കണ്ട ത് കരമടക്കുന്നവര്‍ക്ക് കാശു വാങ്ങി രസീത് കൊടുക്കുന്നതാണ്. അകത്തൊരാള്‍ എന്തിനുവേണ്ടിയോ ഉച്ചത്തില്‍ സംസാരിക്കുന്നത് പുറത്തു് കേള്‍ക്കാം. അകത്തേക്ക് കയറി നിന്നു. മേശപ്പുറത്തുള്ള തടിച്ച ബുക്കുകള്‍ നല്ലൊരു കാഴ്ചയാണ്. ഈ ബുക്കുകളില്‍ പഞ്ചായത്തിലെ എല്ലാം വസ്തുക്കളുടെ ഭുമിശാസ്ത്രമുണ്ട്. ഇതൊക്കെ തീപിടിച്ചോ, വെള്ളപ്പൊക്കത്തിലോ നഷ്ടപ്പെട്ടാല്‍ ഇവര്‍ എന്ത് ചെയ്യും? സാക്ഷരതയില്‍ ഒന്നാം സ്ഥാനത്തെന്ന് മേനി പറയുന്നവര്‍ ഇതൊക്കെ ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലാക്കിക്കൂടെ? ഓഫീസിന്റെയൊരു കോണില്‍ അംഗവൈകല്യം ബാധിച്ചൊരു കസേര പൊടി പിടിച്ചിരിക്കുന്നു. സന്തോഷം മാഞ്ഞുപോയ ആ ദിവസത്തെ അജിത് ഓര്‍ത്തെടുത്തു. തന്റെ കയ്യില്‍ നിന്ന് അയ്യായിരം രൂപ കൈക്കൂലി വാങ്ങിയവന്‍ ഇന്ന് വില്ലജ് ഓഫീസര്‍ പദവിയിലെത്തിയിരിക്കുന്നു. ആകാശത്തിന്‍ കിഴില്‍ എന്തിനും ഒരു കാലമുണ്ട്. വളരാനൊരു കാലം കൊഴിയാനൊരു കാലം. ഇവനെപ്പോലുള്ളവര്‍ കൊഴിഞ്ഞുവീഴാതെ കൊഴുത്തു വളരുന്നു. അധികാരത്തിലിരിക്കുന്നവന് സുഖഭോഗങ്ങള്‍ ഒരലങ്കാരമാണ്. ദേവന്‍ പറഞ്ഞതുപോലെ റെവന്യൂ സ്റ്റാമ്പ് ഒട്ടിച്ചുള്ള അപേക്ഷ പൂരിപ്പിച്ചു കൊടുത്തു. ആകാംക്ഷയായോടെ നില്‍ക്കവെ ദേവന്റ മൃദുവായ വാക്കുകള്‍ പുറത്തു വന്നു.

“ഇത് നിങ്ങള്‍ വിചാരിക്കും വിധം രണ്ടാഴ്ചകൊണ്ട് നടക്കുന്ന കാര്യമല്ല. മക്കളുടെ പേരിലാക്കാന്‍ കുറഞ്ഞത് മൂന്ന് മാസമെടുക്കും. ഇവിടുന്ന് പേപ്പറുകള്‍ കിട്ടാതെ പഞ്ചായത്തു് ഓഫീസില്‍ വീടിന് കരമടക്കാന്‍ പറ്റില്ല”

എന്തെന്നില്ലാത്ത അസ്വാസ്ഥത തോന്നി. അയാള്‍ നല്‍കിയ നിയമങ്ങളും വ്യാഖ്യാനങ്ങളും പേരില്‍കൂട്ടാനുള്ള തടസ്സങ്ങളാണോ. അടുത്ത സീറ്റിലിരുന്ന ക്ലാര്‍ക്ക് രൂക്ഷമായ ഭാഷയില്‍ മുഷിഞ്ഞ ഉടുപ്പും മുണ്ടും ധരിച്ചു നിന്ന നര ബാധിച്ച മനുഷ്യനോട് കയര്‍ത്തു.

“എന്താ ഇയ്ക്ക് പറഞ്ഞാല് മനസ്സിലാകില്ലേ. നാളെ വരൂ. ഇന്നെനിക്ക് മാവേലിക്കര തഹസില്‍ദാര്‍ ഓഫീസില്‍ പോകണം” അയാള്‍ ദയനീയ സ്വരത്തിലറിയിച്ചു.

“സാറെ ഒരു വരുമാന സെര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ എത്ര ദിവസമായി വരുന്നു”

ഉദ്യോഗസ്ഥന്റെ തുറിച്ചുള്ള നോട്ടത്തില്‍ ആ മനുഷ്യന്റ മുഖം മെലിഞ്ഞു. നിരാശനായി തിരികെ നടക്കുമ്പോള്‍ ആ മുഖത്തൊരു ചോദ്യമുണ്ട്. ഈ ജോലിക്കാരന്‍ ആരുടെ താല്പര്യം സംരക്ഷിക്കാനാണ് ഇവിടെയിരിക്കുന്നത്? അധികാരത്തിലിരിക്കുന്നവരുടെ പെരുമാറ്റം എത്ര ക്രൂരമെന്ന് തനിക്കും തോന്നി. മനസ്സ് നിറയെ പുഞ്ചിരിയുമായി അകത്തു കയറിയ താനും വിഷണ്ണനായി പുറത്തിറങ്ങി. ജ്വലിച്ചു നിന്ന സൂര്യന് താഴെ തണലിനൊരു മരമുണ്ട്. മനുഷ്യന് തണല്‍ നല്‍കേണ്ടവര്‍ സൂര്യനെപ്പോലെ കത്തി ജ്വലിച്ചു നില്‍ക്കുന്നത് എന്താണ്? മുന്‍പ് ശകാരം കേട്ട് പുറത്തു വന്നയാള്‍ അടുത്ത് വന്ന് സൂക്ഷിച്ചു നോക്കി ചോദിച്ചു.

“സാറും എന്നെപ്പോലെ കയറി ഇറങ്ങുവ അല്ലേ?” അതെയെന്ന് മറുപടി കൊടുത്തു.

“ഇവന്മാര്‍ക്ക് കൈക്കൂലി കൊടുത്താല് എല്ലാം നടക്കും. അത് ഞാന്‍ കൊടുക്കില്ല സാറെ”.

അദ്ദേഹത്തോട് എന്തെന്നില്ലാത്ത ബഹുമാനം തോന്നി. ദരിദ്രരരുടെ ഭിക്ഷപാത്രത്തില്‍ കയ്യിട്ടു വരുന്ന സര്‍ക്കാര്‍ വകുപ്പിലെ ദരിദ്രവാസികള്‍. അധ്വാനിക്കാത്ത ഈ അത്യാഗ്രഹികളാണല്ലോ കള്ളപ്പണം കൊണ്ട് സ്വന്തം കുട്ടികളെ പഠിപ്പിച്ചു് വലുതാക്കി പരവതാനി വിരിച്ച മട്ടുപ്പാവുകളിലുറങ്ങുന്നത്. നാടുവാഴിത്വമുള്ള നാടുകളില്‍ പാവപെട്ടവന്റെ നടുവൊടിയുക ചരിത്രമാണ്. എന്നും നെടുവീര്‍പ്പിടാന്‍ വിധിക്കപ്പെട്ടവര്‍.

പുകയുന്ന മനസ്സുമായി എന്ത് ചെയ്യണമെന്നറിയാതെ നിന്നു. വരാന്തയില്‍ ആള്‍ക്കാരുടെ എണ്ണമേറിവന്നു. ഉള്ളിലേക്ക് പോയ പലരും നിരാശരും നിശബ്ദ്ദരുമായിട്ടാണ് പുറത്തേക്ക് വന്നത്.

മനസ്സ് മന്ത്രിച്ചു. കൈക്കൂലി കൊടുത്തില്ലെങ്കില്‍ വന്ന കാര്യം നടക്കില്ല. അവരുടെ ഉള്ളിലിരിപ്പ് അറിയണമായിരിന്നു. ആ പരീക്ഷണത്തിനൊന്നു മുതിര്‍ന്നാലോ? താന്‍ പാര്‍ക്കുന്ന ബ്രിട്ടനില്‍ കൈക്കൂലി കേട്ടിട്ടില്ല. നീതിന്യായ വകുപ്പുകളില്‍ ഭരണാധികാരികള്‍ ഇടപെടാറില്ല. ലോകം ആദരവോടെ കാണുന്ന ഇന്ത്യന്‍ ജനാധിപത്യം, മതേതരത്വം ഇന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ജാതിമതത്തില്‍ വീതിച്ചെടുത്തിട്ടു പ്രസംഗിക്കുന്നതോ തങ്ങള്‍ സോഷ്യലിസ്റ്റുകള്‍ കൂടിയെന്നാണ്. ഇന്ത്യയില്‍ കുടുതലും ദരിദ്രരായ മാടപ്പിറാവുകളാണ്. ആ മാടപ്പിറാവിന്റെ ചിറകിലാണ് ഭരണാധിപന്മാരൊക്കെ അവരുടെ നികുതിപണത്തിലാണ് മക്കളും കൊച്ചുമക്കളുമടക്കം ലോകമെങ്ങും ചുറ്റിക്കറങ്ങുന്നത്. ഇവിടെ ഉത്പാദിപ്പിക്കുന്ന അഴിമതി, സ്വാജനപക്ഷവാദം, വര്‍ക്ഷിയത, മത ഭക്തന്മാര്‍ക്ക് കൊടുക്കുന്ന അഭിഷ്ടസിദ്ധിയൊന്നും ആദരവോടെ കാണുന്നവര്‍ക്കറിയില്ല. പാവങ്ങള്‍ ദാരിദ്ര്യം പേറിയും യുവതിയുവാക്കള്‍ സ്വപ്നങ്ങള്‍ കണ്ട ുറങ്ങുന്നു.

നിയമപരമായി മൂന്ന് മാസത്തോളം കാത്തിരിക്കാതെ മക്കളുടെ പേരില്‍കൂട്ടാന്‍ സാധിക്കില്ലെന്നാണ് ദേവനറിയിച്ചത്. ആശങ്കയോട് മിഴിച്ചു നിന്ന നിമിഷങ്ങള്‍. രണ്ടാഴ്ച അവധിക്ക് വന്ന തനിക്ക് നീണ്ട മാസങ്ങള്‍ കാത്തിരിക്കാനുള്ള സമയമില്ല. എത്രയും വേഗത്തില്‍ പേരില്‍കുട്ടി മടങ്ങണം. കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണ്. അതൊക്കെ കടലാസില്‍ പൊടിപിടിച്ചുറങ്ങുന്നു.

നിരാശനായി പുറത്തിറങ്ങി എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയോട് മിഴിച്ചു നിന്ന നിമിഷങ്ങളില്‍ ദേവന്‍ പുറത്തിറങ്ങി മറ്റൊരു മരത്തണലിലെത്തി സിഗരറ്റിന്റ പുകച്ചുരുളുകള്‍ പുറത്തേക്ക് വിട്ടു.

ഒരു ദീര്‍ഘനിശ്വാസത്തോടെ ദേവന്റെ അടുക്കലെത്തി തന്റെ ഹൃദയ ഭാരങ്ങള്‍ ഇറക്കിവെച്ചു. യജമാനന്റെ മുന്നിലെ ഒരടിമ. അജിത് അനുകമ്പയോടെ നോക്കി. കണ്ണുകള്‍ വിടര്‍ന്നു. അവര്‍ ഒരു രഹസ്യധാരണയിലെത്തി. ആദ്യം ആവശ്യപ്പെട്ടത് പതിനായിരം രൂപ. അതെന്തോ കാരുണ്യം ചെയ്തതുപോലെ അയ്യായിരമായി കുറച്ചു. ഇടനിലക്കാരന് പകരം സിഗരറ്റ് ആണ് ഇടനിലക്കാരനായത്. ആ ദേവ കാരുണ്യം അജിത്തിന് ഒരനുഗ്രഹമായി. ദേവലോകത്തെത്തിയ അജിത് ദേവപ്രസാദം വാങ്ങി വീട്ടിലേക്ക് മടങ്ങി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top