Flash News
സിഎജി റിപ്പോർട്ട് നിയമസഭയില്‍ അവതരിപ്പിക്കും മുമ്പ് ധനമന്ത്രി ചോര്‍ത്തിയ സംഭവം; അന്വേഷണത്തിന് എത്തിക്സ് കമ്മിറ്റിക്ക് വിട്ടു   ****    ബുറേവി: മധ്യ കേരളത്തിൽ കനത്ത മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; എല്ലാ സജ്ജീകരണങ്ങളോടെ ദുരന്ത നിവാരണ സേനയെത്തി   ****    സിദ്ദിഖ് കാപ്പനെ മോചിപ്പിക്കാനുള്ള ഹര്‍ജിയില്‍ ഭാര്യയേയും മകളേയും കക്ഷി ചേര്‍ക്കാമെന്ന് സുപ്രീം കോടതി   ****    സംസ്ഥാനത്ത് അഞ്ച് രാഷ്ട്രീയ കൊലപാതകങ്ങൾ സിബിഐ അന്വേഷിക്കുന്നു; എല്ലാത്തിലും പ്രതി സ്ഥാനത്ത് സി.പി.എം   ****    ഉത്ര കൊലക്കേസ്: പാമ്പു പിടുത്തക്കാരന്റെ മൊഴി മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്നത് !   ****   

ഞണ്ടുകളുടെ നാട്ടിലൂടെ (അദ്ധ്യായം 8) മഷിത്തണ്ട്

September 12, 2020 , ജയശങ്കര്‍ പിള്ള

കുംഭ കൊയ്ത്തു കഴിഞ്ഞു മീന ചൂടിന്റെ അസഹ്യതയെ ചെറുക്കുന്ന ഒരു തണുപ്പ് വീടും പരിസരവും സാധ്യമാക്കുന്ന രീതിയിൽ ആണ് ഈ കൊച്ചു സൗധത്തിന്റെ നിർമ്മാണവും പരിസരവും. ഉച്ചയൂണ് കഴിഞ്ഞു അടുക്കള മുറ്റത്തെ കോൺക്രീറ്റ് ബഞ്ചിൽ ഇരിക്കുമ്പോൾ പത്തോ പതിനഞ്ചോ സെന്റിനകത്തുള്ള പച്ചപ്പും, തണുപ്പും, മണി സൗധത്തിന്റെ സൗന്ദര്യവും ദേവൻ ആസ്വദിക്കുകയായിരുന്നു. ഡോക്ടർ ആയതു കൊണ്ടാവാം ഇത്രയും വൃത്തിയും വെടിപ്പും. നിറയെ പൂച്ചെടികളും, പച്ചക്കറി കൃഷിയും, പൂത്തുലഞ്ഞു കണ്ണിമാങ്ങകൾ എത്തി നോക്കി തുടങ്ങിയ പടർന്നു നിൽക്കുന്ന മാവ്. അണ്ണാറക്കണ്ണന്മാർ, നഗരാതിർത്തിയിൽ ഇങ്ങനെയും ഒരു വീടോ?

“എന്താണ് ഇത്ര ആലോചന ?! ഇവിടെങ്ങും അല്ലെ?”

അമ്പിളി (നിത്യ ) ആണ്. അവൾ സെറ്റു മുണ്ടു മാറി നല്ല കുഞ്ഞി പൂക്കൾ ഉള്ള ചുരിദാറിലേക്ക് മാറിയിരിക്കുന്നു.

“ഈ വേഷം മാറുന്നില്ലേ. എല്ലാം ഞാൻ മുകളിലത്തെ മുറിയിൽ എടുത്തു വച്ചിട്ടുണ്ട്.”

കുപ്പി ഗ്ലാസിലെ ദാഹശമനി നീട്ടിക്കൊണ്ട് അവൾ പറഞ്ഞു. നീണ്ട കൈവിരലുകളിൽ കടും ചുവപ്പു ചായം പൂശിയ നഖങ്ങൾ നീണ്ട കുപ്പി ഗ്ലാസിന് അലങ്കാരം ആയി.

“വാ അമ്മ ഉണർന്നിട്ടുണ്ട്. ഏട്ടനെ അന്വേഷിക്കുന്നുണ്ട്. ഈ വേഷം ഒക്കെ മാറി ഒന്ന് ഉറങ്ങുമ്പോൾ എല്ലാം ശരിയാകും.”

തിരിഞ്ഞു നടക്കുമ്പോൾ അടുക്കള പടിയിൽ തിരിഞ്ഞു നിന്ന് അവൾ വീണ്ടും പറഞ്ഞു ..

“എണീറ്റ് വാ മാഷേ. ഇനി മാഷേന്നു വിളിച്ചാലെ വരൂള്ളുന്നുണ്ടോ ?!”

അവൾ ചിരിച്ചപ്പോൾ എവിടെയോ ഒരു വിഷാദം നിഴലിച്ചിരുന്നു. മാലിനി ദേവനെ വിളിക്കുന്നത് “മാഷേ” എന്നാണ് എന്ന് അവൾക്കു അറിയുമായിരുന്നു.

താഴത്തെ നിലയിൽ സ്വീകരണ മുറി കൂടാതെ ഒരു കിടപ്പു മുറിയും, ഓഫീസ് റൂമും ഉണ്ട്. ഓഫിസ് റൂമിൽ ആണ് അമ്പിളിയുടെ ക്ലിനിക്ക്. ഊണ് മേശയും ചെറിയ കബോർഡുകളുടെ എല്ലാം മുകളിൽ പൂക്കൂടകളകളാൽ അലങ്കരിച്ചിരിക്കുന്നു. മുകളിലെ നിലയിലേക്കുള്ള പടിക്കെട്ടുകൾക്കു താഴെ ചെടിച്ചട്ടിയിൽ പടർന്നു നിൽക്കുന്ന മണിപ്ലാന്റ്. കബോർഡിൽ ചില്ലിന്റെ ചെറിയ ചെറിയ കാഴ്ചവസ്തുക്കൾ. സ്വീകരണ മുറിയിലെ കൃത്യമായി മടക്കി വച്ച ദിനപത്രം. എല്ലാറ്റിനും അടുക്കും ചിട്ടയും.

പാതി തുറന്നു കിടക്കുന്ന മുറിയുടെ വാതിൽക്കൽ ദേവൻ ശങ്കിച്ച് നിന്നു.

“ദേവാ ഇങ്ങട് വായോ…. എന്താ അവിടെ നില്‍ക്കുന്നേ…” നന്ദിനി ടീച്ചർ !!

ടീച്ചറിന്റെ ശബ്ദത്തിനു ശരീരം പോലെ തന്നെ തളർച്ച ബാധിച്ചിരിക്കുന്നു. മലയാളം സ്പുടതയോടെ കുട്ടികൾക്ക് പറഞ്ഞു കൊടുത്ത ടീച്ചർ.

ദേവനകത്തേക്ക് കടന്നു.

“അമ്പിളി പറഞ്ഞു നീ വന്നിട്ടുണ്ട് എന്ന്. മോൻ വരുമ്പോ ഞാൻ ഉറക്കം ആയിരുന്നു. നീ ഊണ് കഴിച്ചോ?”

ദേവൻ തലയാട്ടി. ദേവൻ നോക്കുകയായിരുന്നു, എന്ത് മാറ്റം ആണിത്. ടീച്ചർ തലയിണയിൽ ചാരി കട്ടിലിൽ ഇരിക്കുന്നു. ഇന്ന് അമ്മ ഉണ്ടായിരുന്നു എങ്കിൽ ഇതേ പ്രായം കാണുമായിരുന്നു.

“നീ എന്താ ആലോചിക്കുന്നേ… അനന്തുവും, മാലിനിയും എവിടെ അവർ വന്നില്ലേ?”

“അവര്‍ വന്നിട്ടുണ്ട്. മാലിനിയുടെ വീട് വരെ ഒന്ന് പോയി. അവിടെ അമ്മ തനിച്ചല്ലേ ?! അടുത്തദീസം തിരികെ വരും.”

“അമ്മേ ഈ ഏട്ടൻ അവരെ കൊണ്ട് വരഞ്ഞതാണമ്മേ .. അനന്തൂന് ഇവിടെ നിക്കണതാ ഇഷ്ടം.” അമ്പിളി ഇടയ്ക്കുകയറി.

“മോനിവിടെ ഇരിക്കൂ..ചോദിക്കട്ടെ. നിനക്കീ താടിയും മുടിയും ഒക്കെ ഒന്ന് കളഞ്ഞു കൂടെ. അതോ നീയും അമേരിക്കക്കാരെപ്പോലെ തോന്യാസി ആയോ? എല്ലാം തോന്നിയത് പോലെ ആയി അല്ലേ?”

ടീച്ചർ ഓരോന്നു പറഞ്ഞുകൊണ്ടെ ഇരുന്നു.

ദേവൻ എല്ലാം മൂളി കേട്ടു.

പ്രീഡിഗ്രി ആദ്യ വർഷത്തിൽ ആണ് ജയദേവൻ ടീച്ചറിനെ കാണുന്നത്. തൃപ്പൂണിത്തുറ മോഡൽ സ്‌കൂളിൽ വച്ച് സ്‌കൂൾ ജില്ലാ കലോത്സവം നടക്കുമ്പോൾ ആണത്. കണയന്നൂർ സ്‌കൂളിലെ കുട്ടികളുമായി കലോത്സവ മത്സരങ്ങൾക്ക് വന്നതായിരുന്നു ടീച്ചർ. അമ്മയുടെ സ്‌കൂളിലെ കുട്ടികളുടെ കലാപരിപാടികളുടെ ഫോട്ടോ എടുക്കുന്ന ചുമതല ദേവനായിരുന്നു. അമ്മയുടെ കൂടെ ട്രെയിനിംഗ് കാലത്തു ഉണ്ടായിരുന്ന സുഹൃത്താണ് നന്ദിനി ടീച്ചർ. അമ്പിളി അന്ന് ഏഴാം ക്ലാസിൽ പഠിക്കുന്നു. അമ്പിളിയുടെ ഡാൻസും പാട്ടും ഒക്കെ കലോത്സവ വേദിയിൽ ഉണ്ടായിരുന്നു. ആ പരിപാടിയുടെ ഫോട്ടോ എടുത്തു കൊടുത്തു കൊണ്ടാണ് അമ്മയുടെ സുഹൃത്തായ നന്ദിനി ടീച്ചറിനെയും ഏഴാം ക്ലാസ്സുകാരി നീണ്ടു മെലിഞ്ഞ അമ്പിളി (നിത്യ) യേയും പരിചയപ്പെടുന്നത്. പിന്നീട് പല തവണ ടീച്ചർ അമ്പിളിയെ കൂട്ടിയും അല്ലാതെയും തറവാട്ടിലേക്കും, ദേവൻ അമ്മയുടെ കൂടെയും അല്ലാതെയും നന്ദിനി ടീച്ചറിന്റെ വീട്ടിലേക്കും പോയി വന്നിരുന്നു.

അമ്പിളിയുടെ അച്ഛൻ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു. ദേവൻ ഡിഗ്രി അവസാന വര്‍ഷം പഠിക്കുന്ന സമയത്തു വടക്കൻ ജില്ലകളിൽ നിന്നും മാറ്റം വാങ്ങി ചന്ദ്രൻ (അമ്പിളിയുടെ അച്ഛൻ ) കീച്ചേരി ആരോഗ്യ കേന്ദ്രത്തിൽ നിയമിതനായി. പിന്നീട് അദ്ദേഹം അച്ഛന്റെ ഉറ്റ സുഹൃത്തായി മാറുകയായിരുന്നു.

“ഏട്ടാ … അമ്മ പറയണത് വല്ലതും കേൾക്കനുണ്ടോ? ! എന്റമ്മേ .. ഇത് എപ്പോഴും ഈ ആലോചന ആണ്.”

ദേവന്റെ കൈത്തണ്ടയിൽ ഒരു കിഴുക്ക് കൊടുത്തു അമ്പിളി കുറച്ചു കൂടി അടുത്ത് നിന്നു.

സത്യത്തിൽ ടീച്ചർ പറഞ്ഞത് ഒന്നും ദേവൻ കേട്ടില്ല. രക്തബന്ധങ്ങൾക്കും മുകളിലായി സ്നേഹ ബന്ധങ്ങൾ വളർന്നു പന്തലിച്ചതു കണ്ട അമ്പരപ്പിൽ ആയിരുന്നു ദേവൻ.

“അമ്മെ .. ഏട്ടൻ പോയി ഈ വസ്ത്രം ഒക്കെ മാറി റെസ്റ്റ് എടുക്കട്ടേ. തറവാട്ടിൽ നന്നായി ഒന്ന് ഉറങ്ങി പോലും കാണില്ല. അതുമല്ല ഇനി ഇവിടെ ഉണ്ടല്ലോ കൊറച്ചീസം”

അവൾ അമ്മയെ താങ്ങി കിടത്തി. ഫാനിന്റെ കറക്കം കുറച്ചു. ഈ കാറ്റ് അമ്മയ്ക്ക് അധികം നന്നല്ല എത്ര പറഞ്ഞാലും കേൾക്കില്ല.സ്വയം പറഞ്ഞു അവൾ ദേവനെയും കൂട്ടി മുറി വിട്ടു പോയി.

അമ്പിളി ദേവനെ മുകളിലത്തെ നിലയിൽ ഉള്ള മുറി കാണിച്ചു കൊടുത്തു. മാർബിൾ പതിച്ച അർദ്ധ വൃത്തത്തിൽ ഉള്ള പടിക്കെട്ടു. മുകളിൽ ഒരു ചെറിയ ഇരിപ്പിട മുറിയും രണ്ടു ബെഡ്‌റൂമുകളും ഇരിപ്പിട മുറിയിൽ നിന്ന് ഒരു ബാൽക്കണിയും. എല്ലാ മുറികളും പുഷ്‌പാലംകൃതവും, വാർണീഷ് അടിച്ച ഫർണിച്ചറുകളും.

ഇതാണ് ഏട്ടന്റെ മുറി. മുറിയിലെ മേശക്കു മുകളിൽ തന്റെ സ്യൂട്ട് കേസ്. ഒരു ചില്ലു ജാറിൽ ദാഹശമിനിയും, ഒരു കുപ്പി ഗ്ലാസും അലക്കി തേയ്ച്ചു മടക്കിയ ഒരു കസവു മുണ്ടും. ഇളം മഞ്ഞ നിറത്തിൽ ഭിത്തിയോട് യോജിക്കുന്ന തരത്തിൽ ഭംഗിയായി വിരിച്ച ബെഡ്, സൈഡ് ടേബിളിൽ അടുക്കി വച്ച രണ്ടോ മൂന്നോ പുസ്തകങ്ങൾ.

അമ്പിളി പുറത്തേക്ക് പോയപ്പോൾ ദേവൻ ജീൻസും ഷർട്ടും മാറി വാഷ്‌റൂമിൽ മുഖവും കഴുകി മുണ്ടുടുത്തു വരുമ്പോൾ അമ്പിളി മുറിയ്ക്കകത്തു എത്തിക്കഴിഞ്ഞു. ബനിയനും കസവു മുണ്ടും ധരിച്ചു നിൽക്കുന്ന ദേവന് ഒരു തേച്ചു മിനുക്കിയ ഷർട്ട് നിവർത്തി കാട്ടി…

“ഇതൊന്നു നോക്കിയേ .. ഇപ്പൊ ഇത് ചേരുമോ എന്ന്. ഞാൻ സൂക്ഷിച്ചു വച്ചിരുന്നതാണ്”

ഇളം നീല ചെക്ക് ഡിസൈനിൽ ഉള്ള ആ ഷർട്ട് ദേവന്റെ തോളിൽ ചേർത്ത് വച്ച് അവൾ പറഞ്ഞു.

ദേവൻ സ്തബ്ധനായിപ്പോയി. അവളുടെ നെറ്റിയിലേക്ക് വീണ കുറുനിരകൾ ചന്ദനക്കുറിയിട്ട മുഖത്തിന് കാന്തി കൂട്ടി. നീണ്ട മൂക്കിൽ കല്ലുവച്ച ചെറിയ മൂക്കൂത്തിയിലെ വെള്ളാരം കല്ല് തിളങ്ങി. കാതിൽ തൂങ്ങിയാടുന്ന വെള്ള മുത്തുമണികൾ. ദേവൻ അവളെ ചേർത്ത് പിടിച്ചു ആലിംഗനം ചെയ്തു. ഇരുകൈകളും കൂടി ദേവന്റെ നെഞ്ചിൽ ചേർത്ത് വച്ച് അവൾ ദേവനോട് ഒട്ടി നിന്നു. ദേവന്റെ നെഞ്ചിൽ തലചായ്ച്ചു നിൽക്കുന്ന അവളുടെ മൂർദ്ധാവിൽ ദേവൻ ചുംബിച്ചു. അവൾ ഒരു മഷിത്തണ്ട് പോലെ ദേവന്റെ കരവലയത്തിൽ ഒതുങ്ങി നിന്നു.

(തുടരും)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top