Flash News

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ നിയമ നടപടികൾ ആരംഭിച്ചു

September 8, 2020 , .

ന്യൂജേഴ്‌സി: വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ വിമത വിഭാഗത്തിന് തങ്ങളുടെ ലോഗോയും വേൾഡ് മലയാളി കൗൺസിൽ എന്ന പേരും ഉപയോഗിക്കുന്നതിനെതിരായി നിയമ നടപടികൾ ആരംഭിച്ചതായി അമേരിക്ക റീജിയൻ വക്താവ് ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.

അമേരിക്കയിൽ വര്‍ഷങ്ങളായിട്ടുള്ള ഈ സംഘടനയുടെ മനോഹരമായ ലോഗോയും പേരും ഉപയോഗിക്കുവാനുള്ള ഏക അവകാശം യുണൈറ്റഡ് സ്റ്റേറ്റ്സ് പേറ്റന്റ് അതോറിറ്റി നല്‍കിയിരിക്കുന്നതു ഗോപാലപിള്ള ഗ്ലോബൽ പ്രസിഡന്റായും അമേരിക്കാ റീജിയന്റെ, ഫിലിപ്പ് തോമസ് ചെയർമാനായും സുധീർ നമ്പ്യാർ പ്രസിഡന്റായും പിന്റോ കണ്ണമ്പള്ളി ജനറൽ സെക്രട്ടറിയായും സെസിൽ ചെറിയാൻ ട്രഷററായും ഉള്ള ഈ കമ്മിറ്റിക്കാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനു മുൻപ് ജോർജ് കാക്കനാട്ട് ഗ്ലോബൽ ജനറൽ സെക്രട്ടറി ആയിരുന്നപ്പോൾ ലഭിച്ച പേറ്റന്റ്, കസ്റ്റോഡിയൻ കൂടി ആയിരുന്ന കാക്കനാട്ട് നിലവില്‍ ഗോപാലപിള്ള ഗ്ലോബൽ പ്രസിഡന്റായിട്ടുള്ള ഈ വിഭാഗത്തിന് കൈമാറുകയാണുണ്ടായത്.

ഡോ. ഇബ്രാഹിം ഹാജി ചെയർമാനായും, ഗോപാല പിള്ള പ്രസിഡന്റായും നയിക്കുന്ന ഒരു വിഭാഗവും, ഡോ. എ.വി അനൂപ് ചെയർമാനായും, ടി.പി. വിജയൻ അഡ്മിൻ വൈസ് പ്രസിഡന്റായും നയിക്കുന്ന മറ്റൊരു വിഭാഗവുമാണ് ഇപ്പോൾ നിലവിൽ ഉള്ളത്. അടുത്ത കാലത്തു ജൂലൈ നാലിന് സംയുക്തമായി ജൂബിലി ആഘോഷങ്ങൾ സൂം വഴിയായി ആഘോഷിച്ചിരുന്നു. രണ്ടായിരത്തി പതിനഞ്ചിൽ നടന്ന യൂണിഫിക്കേഷന് ശേഷം ഇരു വിഭാഗവും യോജിക്കുവാൻ ചർച്ചകൾ നടത്തിയെങ്കിലും ഗൾഫ് മേധാവിത്വം പുലർത്തുന്ന അനൂപിന്റെ വിഭാഗം രണ്ടു വര്‍ഷം കഴിഞ്ഞിട്ടും അടുത്ത രണ്ടു വർഷം കൂടി ചെയർമാൻ പദവിയോ, പ്രസിഡന്റ് പദവിയോ വിട്ടു കൊടുക്കാൻ തയ്യാറല്ലാത്തതിനാൽ ചർച്ചകൾ പരാജയപ്പെടുകയാണുണ്ടായത്.

വീണ്ടും പിരിഞ്ഞൊഴിയാന്‍ തീരുമാനിച്ച ഗ്ലോബൽ ഘടകത്തിന് അടിയായതു അമേരിക്കയിലാണ്. അമേരിക്കയിൽ ഒന്നിക്കുവാൻ ഗ്ലോബൽ കണ്ണടച്ച് പറഞ്ഞിരുന്നതനുസരിച്ചും അമേരിക്ക റീജിയൻ എക്സിക്യൂട്ടീവ് കൗൺസിൽ ചുമതലപ്പെടുത്തിയതനുസരിച്ചും തോമസ് മൊട്ടക്കൽ ഹൂസ്റ്റണിൽ വച്ച് ഗോപാല പിള്ള വിഭാഗവുമായി മാസങ്ങൾക്കു മുമ്പ് ചർച്ചകൾ നടത്തിയത് അമേരിക്കയിൽ ഒരു വേൾഡ് മലയാളി കൗൺസിൽ എന്ന ആശയവുമായിട്ടാണ്. എന്നാൽ ഹൂസ്റ്റണില്‍ നിന്നുള്ള ഒരു ഗ്ലോബൽ വൈസ് പ്രസിഡന്റ് തന്റെ കൈയിൽ കൂടി സംഭവം പോകാത്തതിനാൽ യോജിപ്പിനു പാര വെക്കുകയാണുണ്ടായത്.

ജൂലൈ നാലിന് നടന്ന സംയുക്ത ജൂബിലി ആഘോഷങ്ങൾക്കു ശേഷം അമേരിക്കയിൽ ചില ചലനങ്ങൾ ഉണ്ടായതു അമേരിക്കയിൽ ഒരു യൂണിഫിക്കേഷനിലേക്കു വഴിതിരിച്ചു. വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ചെയർമാൻ പി.സി മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ഓഗസ്റ്റ് ഒൻപതാം തീയതി കൂടിയ റീജിയണൽ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ ഐക്യകണ്ഠേന എടുത്ത തീരുമാനമാണ് യൂണിഫിക്കേഷൻ. അതേ മീറ്റിംഗിൽ മുൻപ് പാരവെച്ച ഹൂസ്റ്റണിലെ നേതാവുൾപ്പെടെ ഒരേ സ്വരത്തിൽ യൂണിഫിക്കേഷനെ അനുകൂലിച്ചു പ്രസംഗിച്ചു. സൂം വാഴിയായതിനാൽ ഈ കാര്യങ്ങൾ എല്ലാം റെക്കോർഡഡ് ആണെന്നുള്ളതിനാൽ ആർക്കും റീവൈൻഡ് ചെയ്യാവുന്നതാണ്.

“ഒരു റീജിയൻ ഒരു വേൾഡ് മലയാളി കൗൺസിൽ” എന്ന സമ വാക്യവുമായി മുമ്പോട്ടു പോകുവാൻ ഏക സ്വരത്തിൽ തീരുമാനം എടുക്കുകയും ചെയർമാൻ പി.സി. മാത്യു, അഡ്വൈസറി ചെയർമാൻ ചാക്കോ കോയിക്കലേത്ത്, തോമസ് മൊട്ടക്കൽ, ജനറൽ സെക്രട്ടറി സുധീർ നമ്പ്യാർ, അഡ്മിൻ വൈസ് പ്രസിഡന്റ് എൽദോ പീറ്റർ, ഓർഗനൈസേഷൻ ഡെവലപ്പ്മെന്റ് വൈസ് പ്രസിഡന്റ് റോയ് മാത്യു, ട്രഷറർ ഫിലിപ്പ് മാരേട്ട് ഉൾപ്പെടെ ഏഴു പേരെ ചർച്ചകൾക്കായി ഉത്തരവാദിത്വം ഏല്‍പ്പിക്കുകയും ചെയ്തതനുസരിച്ചു ഓഗസ്റ്റ് പതിനഞ്ചിനു ഗോപാല പിള്ളയുടെ ടീമുമായി സൂം വഴിയായി ചർച്ചകൾ നടത്തുകയും ഒരു മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാന്റിംഗ് ഒപ്പു വെക്കുകയും ചെയ്തു. എന്നാൽ ഈ യൂണിഫിക്കേഷൻ സാധ്യമാകുന്നതോടെ ലോഗോയും പേരും തങ്ങളെ പിന്തുണയ്ക്കുന്ന പ്രോവിൻസുകൾക്കു ഉപയോഗിക്കാവുന്നതാണെന്നും താൻ പ്രതിനിധാനം ചെയ്യുന്ന വിഭാഗത്തിന്റെ ഗ്ലോബൽ കമ്മിറ്റിയെ അംഗീകരിക്കേണ്ടതാണെന്നും ഗോപാല പിള്ള ആവശ്യപ്പെട്ടിരുന്നു. അത് വളരെ മാന്യമായ ഒരു ഡിമാൻഡ് ആണെന്നും അമേരിക്കയിലെ യൂണിഫിക്കേഷനെ അംഗീകരിക്കാത്ത ഗ്ലോബലിനെ പിന്തുണക്കേണ്ടതില്ലെന്നും അമേരിക്ക റീജിയൻ ചുമതലപ്പെടുത്തിയവർ തീരുമാനിക്കുകയും പി.സി. മാത്യു ചെയർമാൻ സ്ഥാനം ഒഴിഞ്ഞു കൊടുക്കുകയും യൂണിഫിക്കേഷൻ വളരെ ലളിതമായി സാധ്യമാക്കുകയും ചെയ്തത് എ.വി. അനൂപിന്റെ വിഭാഗത്തിന് വിനയായി.

ആഗസ്റ്റ് ഒൻപതിന് കൂടിയ എക്സിക്യട്ടീവ് കൗൺസിൽ യോഗത്തിൽ പ്രസിഡന്റ് ജെയിംസ് കൂടൽ അച്ചടക്ക നടപടി നേരിടുകയും അന്തിമ തീരുമാനത്തിനായി അഡ്വൈസറി ബോർഡിന് കൈ മാറുകയും ചെയ്തിരുന്നതിനാൽ ചർച്ചകളിൽ തുടർന്നു പങ്കെടുക്കുവാൻ കഴിഞ്ഞില്ല എന്നു മാത്രവുമല്ല യൂണിഫിക്കേഷന് അനുകൂലമായി പ്രസംഗിച്ചെങ്കിലും തന്റെ കയ്യിൽ കൂടി വന്ന യൂണിഫിക്കേഷൻ അവസരം നഷ്ടമാകുകയും ചെയ്തു. സംഗതി കൈവിട്ടു പോകുമെന്ന് എ.വി. അനൂപ് വിഭാഗം മനസ്സിലാക്കിയത് വൈകി. അപ്പോൾ ആണ് പുതിയ തന്ത്രവുമായി അച്ചടക്ക നടപടിയിൽ നല്ല നടപ്പിന് വിട്ടിരുന്ന പ്രസിഡന്റ് ഒരു മീറ്റിംഗ്‌ നിയമാനുസൃതമല്ലെങ്കിലും വിളിച്ചിട്ടു ചെയർമാൻ ഉൾപ്പടെ ഉള്ള എല്ലാ ഭാരവാഹികളെയും പുറത്താക്കിയതായി ന്യൂസ് കൊടുക്കുകയും ചെയ്തു. ആരും പുറത്തായില്ലെന്നു മാത്രമല്ല അവരെല്ലാം തന്നെ നിയമപരമായുള്ള വേൾഡ് മലയാളി കൗൺസിലിന്റെ ഭാഗമാവുകയും ഭൂരിപക്ഷം പ്രോവിൻസുകളും പിന്തുണക്കുകയും ചെയ്തു.

തുടർന്നുള്ള നടപടികളുടെ ഭാഗമായി ഇരു വിഭാഗവും നന്നായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രോവിൻസുകളിൽ വിമതരെ സൃഷ്ഠിക്കുകയാണ് ഹൂസ്റ്റണിൽ നിന്നുള്ള നേതാവ്. ഫൊക്കാനക്കു ശേഷം വേൾഡ് മലയാളി കൗൺസിൽ കസേരക്ക് വേണ്ടി കളിക്കുന്ന കളികൾ കേരള രാഷ്ട്രീയത്തെ വെല്ലുന്നതാണ് എന്ന് കാണുമ്പോൾ മറുനാട്ടിൽ വരുന്ന മലയാളികളെ രാഷ്ട്രീയ വഴിക്കു ഇറക്കി വിട്ട ഗ്ലോബൽ ഭാരവാഹികൾ ഒരു വീണ്ടു വിചാരം നടത്തിയാൽ നന്നായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top