Flash News

കരളിന്റെ ആരോഗ്യം

September 11, 2020 , ഡോ. ഷർമദ്‌ ഖാൻ

കരളേ നിന്നെ ഞാൻ പൊന്നുപോലെ നോക്കുമെന്ന് പറയുന്നവർ കരളിന്റെ ആരോഗ്യത്തിനായി ചിലതൊക്കെ നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്.

വളരെയേറെ ജോലികൾ നാമറിയാതെതന്നെ ചെയ്തുതീർക്കുന്ന ഗ്രന്ഥിയാണ് കരൾ. മദ്യപിക്കുന്നവർക്ക് കരൾ രോഗം ബാധിക്കാനുള്ള സാദ്ധ്യത മദ്യപിക്കാത്തവരെക്കാൾ കൂടുതലാണ്. എന്നാൽ കരൾരോഗമുണ്ടാകുവാൻ മദ്യപിക്കണമെന്ന് ഒരു നിർബന്ധവുമില്ല.

നാമിന്ന് വളരെ സാധാരണയായി ഉപയോഗിക്കുന്നതും ജീവിതശൈലി രോഗങ്ങളുടെ ശമനത്തിന് ദിനംപ്രതി ഉപയോഗിക്കുന്നതുമായ മരുന്നുകളും, ചില ഭക്ഷണങ്ങൾ പോലും കരളിനെ നശിപ്പിക്കുന്നു.ഹെപ്പറ്റൈറ്റിസ് ബി, മഞ്ഞപ്പിത്തം എന്നിവയും കരളിനെ ബാധിക്കും.കൊഴുപ്പ് കൂടിയാൽ ഫാറ്റി ലിവറുമുണ്ടാകും. കരളിന്റെ വലിപ്പം വർദ്ധിച്ചും കരളിന്റെ പ്രവർത്തനം ക്രമേണ നശിച്ചു പോകാറുണ്ട്.

നാം ഉപയോഗിക്കുന്ന ഭക്ഷണമാകട്ടെ, മരുന്നാകട്ടെ അതിലുള്ള വിഷാംശം കരൾ ആഗീരണം ചെയ്യുന്നതുകൊണ്ടാണ് ആ വിഷം നമുക്ക് മാരകമാകാത്തത്. എന്നാൽ ഇപ്രകാരം വിഷത്തെ വലിച്ചെടുത്ത് സൂക്ഷിക്കുന്നത് കാരണം ഒരിക്കൽ കരളിന് അതിന്റെ പ്രവൃത്തി ചെയ്യുവാൻ സാധിക്കാതെ വരും.ചുരുക്കത്തിൽ നമ്മളെ രക്ഷിക്കുവാനായി ചെയ്യുന്ന സേവനം കരളിനു തന്നെ വിനയായി മാറുന്നു. അതോടെ എന്തും ഏതും തിന്നുകയും കുടിക്കുകയും ചെയ്തിട്ടും ഒരു കുഴപ്പവുമില്ലാതിരുന്ന നമ്മുടെ കരൾ നിവൃത്തിയില്ലാതെ പണിമുടക്കിലേക്ക് വഴിമാറുന്നു.

പനിക്കുള്ള ചില ഗുളികകൾ, വൈറസ് ജന്യമായ പനികളിൽ ആൻറിബയോട്ടിക്സിന്റെ ഉപയോഗം, വേദനാസംഹാരികൾ, ചുമയ്ക്കുള്ള ചില മരുന്നുകൾ, പ്രമേഹത്തിനും കൊളസ്ട്രോളിനും ഹൃദ്രോഗത്തിനും കഴിക്കുന്ന മരുന്നുകൾ, നിറമുള്ള ഭക്ഷണം, കോള, നിറമുള്ള ഭക്ഷണം, പച്ചക്കറികളിലെ കീടനാശിനികളുടെ സാന്നിദ്ധ്യം,മദ്യം,മദ്യത്തിന് വീര്യം കൂട്ടുവാനായി ഉപയോഗിക്കുന്ന സ്പിരിറ്റ് തുടങ്ങിയവ, ടിന്നിലടച്ച് വരുന്ന പാൽപ്പൊടികളും സോഫ്റ്റ് ഡ്രിങ്ക്സും തുടങ്ങി നമ്മുടെ ശരീരത്തിന് സാത്മ്യമല്ലാത്തതെന്തും കരളിനെ പ്രതിസന്ധിയിലാക്കും.

ചൈന സാൽട്ട് എന്ന പേരിൽ അറിയപ്പെടുന്ന അജ്നാമോട്ടോ വലിയ കുഴപ്പമുണ്ടാക്കും. പഴകിയ മാംസത്തെ പോലും മൃദുവും രുചികരവുമാക്കുവാനും പല ഭക്ഷണങ്ങളും കൂടുതൽ രുചിയുള്ളതാക്കുവാനും അധികമായ അളവിൽ ഇത് കേരളത്തിലും ഉപയോഗിക്കുന്നുണ്ട്.

നെഞ്ചെരിച്ചിലും, മലബന്ധവും, ചിലപ്പോൾ മലം പിടിച്ചു നിർത്തുവാൻ സാധിക്കാതെ തുടർച്ചയായി പോകലും, രക്തം ചേർന്ന് മലം പോവുകയും, മലം ഉരുണ്ട് ഗുളികകൾ പോലെ കറുത്ത നിറത്തിൽ പോവുകയും, രക്തം ഛർദ്ദിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ കരൾരോഗം ഇല്ലെന്ന് പരിശോധനയിൽ ഉറപ്പുവരുത്തണം.

ഗ്യാസിന്റെ ബുദ്ധിമുട്ട് തുടർച്ചയായി ഉള്ളവർ കൊളസ്ട്രോളും ലിവറിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട ടെസ്റ്റുകളും പരിശോധിപ്പിക്കണം.

അൾട്രാ സൗണ്ട് പരിശോധന നടത്തി ലിവറിന്റെ ഗ്രേഡുകൾ തിരിച്ചശേഷം ഇതിനൊന്നും മരുന്നില്ലെന്ന് പറഞ്ഞ് നിസ്സാരവൽക്കരിക്കുന്ന പ്രവണത കാണുന്നുണ്ട്. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ നിർബന്ധമായും ചില ഭക്ഷണക്രമങ്ങൾ ശീലിക്കുകയും ദഹനചന പ്രകൃയകൾ ക്രമമാക്കുകയും ആയുർവേദ മരുന്നുകൾ ഉപയോഗിക്കുകയും ചെയ്യുന്നത് കരളിന്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കും.

ഭാരതീയചികിത്സാ വകുപ്പിന് കീഴിലുള്ള ആശുപത്രികളിൽ ചികിത്സ സൗജന്യമാണ്.

*ശ്രദ്ധിക്കേണ്ടവ*

• വളരെ വീര്യം കുറഞ്ഞ മരുന്നുകൾ ചികിത്സയ്ക്കായി ഉപയോഗിക്കുക

• ലഹരി വസ്തുക്കൾ പൂർണമായും ഒഴിവാക്കുക

• മാരക കീടനാശിനികൾ ഒഴിവാക്കിയുള്ള കൃഷി പ്രോത്സാഹിപ്പിക്കുക

• ഹിതമല്ലാത്ത ആഹാരങ്ങൾ വിരളമായി മാത്രം ഉപയോഗിക്കുക

• പാരമ്പര്യമായി ശീലിച്ച ഭക്ഷണപാനീയ സംസ്കാരം അനുവർത്തിക്കുക

• മറ്റ് അസുഖങ്ങൾക്ക് കഴിക്കുന്ന മരുന്നുകൾ കരളിനെ സംരക്ഷിക്കുന്നവ ആണെന്ന് ഉറപ്പുവരുത്തുക

• ഡോക്ടർ നിർദ്ദേശിക്കാത്ത മരുന്നുകൾ ഉപയോഗിക്കരുത്

• മുമ്പെപ്പോഴോ നിർദ്ദേശിച്ചിട്ടുണ്ടെന്ന കാരണത്താൽ ആ മരുന്നുകൾ വീണ്ടും ഉപയോഗിക്കരുത്

• ഗ്യാസിനെ ഉണ്ടാക്കുന്നതോ മലശോധന കുറയ്ക്കുന്നതോ ആയ ആഹാരം ശീലിക്കരുത്.

*ചുരുക്കത്തിൽ*
നമ്മുടെ സംരക്ഷകനാണ് കരൾ. കരള്‍ ചെയ്യുന്ന ഉത്തരവാദിത്തങ്ങൾ ചില്ലറയല്ല. ബുദ്ധിമുട്ടില്ലാതെ കരളിന് പ്രവർത്തിക്കണമെങ്കിൽ നമ്മൾ തന്നെ ശ്രദ്ധിച്ചേ മതിയാകൂ.

ഡോ. ഷർമദ്‌ ഖാൻ
സീനിയർ മെഡിക്കൽ ഓഫീസർ
ആയുർവേദ ഡിസ്പെന്‍സറി
ചേരമാൻ തുരുത്ത്
തിരുവനന്തപുരം
Tel: 9447963481


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top