Flash News

ഞണ്ടുകളുടെ നാട്ടിലൂടെ (അദ്ധ്യായം – 9) പരാജിതൻ

September 14, 2020 , ജയശങ്കര്‍ പിള്ള

ആരോ കാളിംഗ് ബെൽ അടിയ്ക്കുന്ന ശബ്ദം. അത് രണ്ടു മൂന്നാവർത്തി തുടർന്നു. ദേവനും.അമ്പിളിയ്ക്കും പെട്ടെന്നാണ് അവർ എവിടെ ആണ് എന്ന ബോധം ഉണ്ടായത്.

അമ്പിളി ദേവന്റെ കരവലയത്തിൽ നിന്നും ഊർന്നു മാറുവാൻ ശ്രമിച്ചു. ദേവൻ ഷോക്കേറ്റത് പോലെ കൈ അയച്ചു.

“ഞാൻ പോട്ടെ ..താഴെ ആരോ വന്നിട്ടുണ്ട്”

“ദേവൻ ഒന്നും മിണ്ടാതെ സ്തബ്ധനായി നിന്നു. താൻ എന്താണീ ചെയ്തത്. ശേശെ ..ഇനി എങ്ങിനെ അവളുടെ മുഖത്ത് നോക്കും.”

കൂജയിലെ വെള്ളം ആർത്തിയോടെ കുടിച്ചു ദേവൻ തലയ്ക്കു കൈ കൊടുത്തു കസേരയിൽ ഇരുന്നു. ദേവന് തന്നോട് തന്നെ വെറുപ്പ് തോന്നി. ഇത്ര മാത്രം കരുതൽ നൽകുന്ന ഒരു കുടുംബത്തിൽ കയറി വന്നു, മോശം ആയി പ്പോയി. ടീച്ചറിന്റെ വരികൾ ദേവന്റെ കാതിൽ മുഴങ്ങി. “അമേരിക്കക്കാരനെ പോലെ നീയും തോന്ന്യാസി ആയ്യി മാറിയോ?!” ദേവൻ വല്ലാതെ വിയർത്തു.

താഴത്തെ നിലയിൽ അമ്പിളി ആരോടോ സംസാരിയ്ക്കുന്നു. ശബ്ദം കേട്ടിട്ട് അല്പം പ്രായം ചെന്ന സ്ത്രീയോടാണ്. അവർ പേരക്കിടാവിനു എന്തോ മരുന്നു വാങ്ങുവാൻ വന്നത് ആണെന്ന് തോന്നുന്നു. OUT എന്ന ബോർഡ് പുറത്തു ഉണ്ടെങ്കിലും ഡോക്ടറുടെ കാർ കിടക്കുന്നതു കണ്ടു കയറിയത് ആണത്രേ.

ദേവൻ മുകളിൽ നിന്ന് താഴേയ്‌ക്കുനോക്കി..

അമ്പതു കഴിഞ്ഞ ഒരു സ്ത്രീ ഒരു ചെറിയ ചെക്കനും ആയി നില്‍ക്കുന്നു. പനി മൂലം അവശനാണ് അവൻ എന്ന് കാണുമ്പോഴേ അറിയാം. ഇടയ്ക്കു ചുമയ്ക്കുന്നതും ഉണ്ട്.

ദേവന്റെ കുട്ടിക്കാലത്തു മഴ മാനത്തു ഉരുണ്ടു കൂട്ടുമ്പോഴേ പനി വരുമായിരുന്നു. അന്ന് അമ്മ ജോലി കഴിഞ്ഞു വന്നാലുടൻ ദേവനെയും കൊണ്ട് ജയറാം ഡോക്റ്ററുടെ അടുത്തേയ്ക്കു പോകും. അമ്മയുടെ കൈയും പിടിച്ചു ജയദേവനും, ചിലപ്പോള്‍ ശ്രീകുട്ടിയും കൂടി ആണ് പോക്ക്. പഴയ പാണാർ പാലത്തിനടുത്തുള്ള ജാതിയ്ക്കയും,സപ്പോർട്ടായും ഒക്കെ പടർന്നു നിൽക്കുന്ന ഒരു തറവാട്. ഇരുമ്പു ഗേറ്റ് കടന്നാൽ മൂന്നു നാല് പടിക്കെട്ടുകൾ കടന്നു വേണം മുറ്റത്തു എത്താൻ. ജയറാം ഡോക്ടർ നല്ല തണുപ്പുള്ള പഞ്ചാര ഗുളികയും, ഒരു ചെറിയ ചില്ല് കുപ്പിയിൽ നല്ല മണമുള്ള വെള്ളവും തരും. അതും വാങ്ങി തിരിയുമ്പോൾ ഡോക്ടർ അമ്മയോട് പറയും, “ഇവനെ രണ്ടു ദിവസം സ്‌കൂളിൽ വിടേണ്ട. ചെറിയ കഫക്കെട്ടുണ്ട്. ഇനി രാത്രി വല്ല അസ്ക്യത ഉണ്ടായാൽ ആശുപത്രിയ്ക്ക് കൊണ്ട് പൊയ്‌ക്കോളൂട്ടോ ..”

അമ്മ മൂളി കേൾക്കും. തിരികെ നടക്കുമ്പോൾ പിന്നെ അമ്മയുടെ ശകാരം ആണ്.

“രണ്ടും അടങ്ങി ഇരിയ്ക്കില്ല, ഉള്ള ചാറ്റൽ മഴയത്തു മുഴുവൻ നടക്കും. ആരോട് പറയാനാണെന്റെ ഭഗവതിയെ ..”

തിരികെ വരുമ്പോൾ മിക്കവാറും പള്ളി കവലകൂടി ആയിരിക്കും. അയ്യപ്പൻ കുട്ടി ചേട്ടന്റെ കടയിൽ നിന്നും എന്തെങ്കിലും ചെറിയ വീട്ടു സാധനങ്ങൾ, ഉപ്പാപ്പന്റെ കടയിൽ നിന്നും നാരങ്ങാ മിട്ടായി, വലിയ പൈൻ മരം വളർന്നു നിൽക്കുന്ന ചന്തയിൽ കൂടി കയറിയെ അമ്മ തിരികെ വരാറുള്ളൂ.

ചന്തയിൽ വാഴയിലെയും, വട്ടയിലയും ഒക്കെ മീൻ വിരിച്ചു രണ്ടോ മൂന്നോ അരയ സ്ത്രീകൾ കച്ചവടത്തിന് കാണും. ചിലർ മാങ്ങ, ചക്കക്കുരു, ചക്ക തുണ്ടം, ആടിന് പ്ലാവില, കപ്പ ഒക്കെ വിൽക്കുന്നവർ.

മൂക്കിന് മുകളിൽ കറുത്ത ഉണ്ട മറുക് ഉള്ള പപ്പാച്ചി (പത്മാക്ഷി) വിളിയ്ക്കും ടീച്ചറെ, ചാള ഉണ്ട്. നല്ല മണി മണി പോലത്തെ ചാള. അരയണയ്ക്കും, കാലണയ്ക്കും ഒക്കെ ആണ് അന്ന് മീൻ വാങ്ങുന്നത്(50 പൈസ, 25 പൈസ നിലവിൽ വന്നു എങ്കിലും എഴുപതുകളുടെ ആദ്യം അണ എന്ന് പറഞ്ഞിരുന്നു). കൊച്ചു മോനെ പാപ്പാച്ചിയുടെ വക എന്ന് പറഞ്ഞു ഒന്നോ രണ്ടോ കൂടുതകൾ തരും.

പനി പിടിച്ചു അമ്മയുടെ കൈയ്യിൽ തൂങ്ങി പോയ ദേവന്റെയും ശ്രീയുടെയും കൈകളിൽ ഇപ്പോൾ ചാക്ക് ചരട് കൊണ്ട് വരിഞ്ഞു കെട്ടിയ ചെറിയ പൊതികൾ ആയിരിക്കും. അമ്മയുടെ കൈയ്യിലെ പ്ലാസ്റ്റിക് വരയൻ സഞ്ചിയിൽ പിടയ്ക്കുന്ന ചാളയും, മരുന്ന് വെള്ളവും.

പടിഞ്ഞാറോട്ടുള്ള വഴിയിലൂടെ നടക്കുമ്പോൾ ആകാശത്തു കാർമേഘം ഉരുണ്ടു കൂടി കാണും. പാതി വഴി നടന്നു അമ്പാട്ടേൽ തൊണ്ടിൽ എത്തുമ്പോൾ മാതാവിന്റെ കുരിശു പള്ളി. വെള്ളപൂശിയ കപ്പേളയുടെ മുന്നിൽ ആയി ഒരു ഉരുണ്ട സിമന്റു ഗോളം മുകളിൽ വച്ച് ഇരുമ്പു പൂട്ടുള്ള ഭണ്ടാരപ്പെട്ടി. ഒന്നിന്റേയോ രണ്ടിന്റെയോ പൈസ എടുത്തു രണ്ടു പേരുടെയും തലയ്ക്കു ഉഴിഞ്ഞു ‘അമ്മ ഭണ്ഡാരത്തിൽ നിക്ഷേപിയ്‌ക്കും.

അമ്പാട്ടെ തൊണ്ടിൽ എന്നും നീർച്ചാലുകൾ ആണ്. ലക്ഷം വീട് കോളനിയുടെ ഭാഗത്തു നിന്നും മഴക്കാലം മുഴുവൻ നീർച്ചാൽ ഒഴുക്ക് മെറ്റൽ ഇളകി ചളി നിറഞ്ഞ വഴിയിൽ ഇടയ്ക്കിടെ ചൂട് ഉറവകൾ ചുഴി കൂട്ടിയിട്ടുണ്ടായിരുന്നു. ഈ ചൂടുറവയിൽ സ്‌കൂൾ വിട്ടു വരുമ്പോൾ കുട്ടികൾ കാലുകൾ മുക്കി വയ്ക്കും. വളം കടിയ്ക്കില്ലത്രേ.

വീട്ടിൽ എത്തിയ ഉടനെ അമ്മ രണ്ടു പഞ്ചാര ഗുളികയും, വെള്ളം മരുന്നും നൽകി പുതപ്പിച്ചു കിടത്തി. അപ്പോൾ ആകാശത്തെ മഴ മേഘങ്ങൾ പെയ്തു തുടങ്ങിയിരുന്നു. ശ്രീക്കുട്ടിയുടെയും ഓപ്പോളിന്റെയും നാമജപം കേട്ട് ദേവൻ ഉറക്കത്തിലേക്കു വഴുതി വീഴുമ്പോൾ അമ്മ അടുക്കളയിൽ പണി എല്ലാം തീർത്തു വന്നു അരികത്തു കെട്ടി പിടിച്ചു കിടക്കും. ആ ചൂടേറ്റു ദേവൻ ഉറങ്ങി ഉണരുമ്പോൾ കുളിച്ചീറനായി അമ്മ സ്‌കൂളിൽ പോകുവാൻ തായാറായി കാണും.

“എടീ വൽസേ (രണ്ടാമത്തെ ചേച്ചി) പാറു അമ്മായി വരും. എന്നിട്ടു നീ സ്‌കൂളിൽ പോയാൽ മതി. പിന്നെ അടുപ്പത്തു ചട്ടിയിൽ ഇരിക്കുന്ന കറിയുടെ അടപ്പിനുമേൽ ഉള്ള കട്ട എടുത്തു മാറ്റരുത്. ആ കള്ളി പൂച്ച എല്ലാം തട്ടി ഇടും.”

അമ്മ ഓയിൽ സാരിയും വാരി ചുറ്റി മര പിടിയുള്ള നീണ്ട കുടയും വീശി ശരവേഗത്തിൽ നടന്നു പോകുന്നത് കാണാം.

താഴത്തെ സംസാരത്തിന്റെ ശബ്ദം ഉയർന്നു വരുന്നു. ദേവൻ ചിന്തയിൽനിന്നും ഉണർന്നു.

ആ പയ്യന് എന്തായിരിക്കും അസുഖം.

“ഞാൻ പറഞ്ഞില്ലേ അമേരിക്കയില്‍ ഉള്ള ചിറ്റമ്മയുടെ മോനും ചേച്ചിയുമുണ്ടെന്നു, അവർ വന്നിട്ടുണ്ട്. ഇനി കുറച്ചു ദിവസം അവർ ഇവിടെക്കാണും.” അമ്പിളി അവർക്കു വിശദീകരിച്ചു കൊടുക്കുകയാണ്.

“ചിറ്റമ്മയുടെ മകൻ”.. ദൈവമേ താൻ എന്താണ് ഈ കാട്ടികൂട്ടിയത്. ദേവന് വല്ലാത്ത കുറ്റബോധവും, നാണക്കേടും തോന്നി. ഇനി എങ്ങിനെ അവളുടെ മുഖത്ത് നോക്കും.

താഴെ വാതിൽ അടയ്ക്കുന്ന ശബദം.

ദേവൻ ആകെ അങ്കലാപ്പിൽ ആയി. അവൾ ഇങ്ങോട്ടാണോ ഇനി വരിക. ദൈവമേ എങ്ങിനെ അവളുടെ മുഖത്ത് നോക്കും.

അവളുടെ കാലൊച്ച അകന്നു പോകുന്നത് ദേവൻ കേട്ടു.

ദേവൻ ഇരിപ്പിട മുറിയിൽ നിന്നും ബാൽക്കണിയിലേയ്ക്ക് കടന്നു. ബാൽക്കണിയിൽ ആന്തൂറിയവും കുറ്റി മുല്ലയും പൂത്തു നില്‍ക്കുന്നു. ഒരു ചെറിയ വട്ട ടീ ടേബിളും, ഒരു പ്ലാസ്റ്റിക് ഈസി ചെയറും. മൂന്നു മണി കഴിഞ്ഞെങ്കിലും നല്ല ചൂട്.

വീടിനു എതിർവശത്തായി രണ്ടു മുറി പീടിക. വാഴക്കുലയും മിഠായി ഭരണികളും. കുറെ മാഗസിനുകളും എല്ലാം ഉണ്ട് അവിടെ. കണ്ടിട്ട് അതൊരു ചെറിയ ടീ ഷോപ്പും, പലചരക്കു കടയും എല്ലാം ചേർന്ന നാടൻ കടയായിട്ടു തോന്നി. തൊട്ടയൽപക്കത്തു ഒരു രണ്ടു നില നില മാളിക. പണത്തിന്റെ എല്ലാ കൊഴുപ്പും ആ വീടിനു കാണാം.

ദേവൻ കോളേജിൽ രണ്ടാം വർഷ ബിരുദത്തിനു പഠിക്കുമ്പോൾ ആണ് അമ്പിളിയുടെ അച്ഛൻ പഴയ ഓടിട്ട കെട്ടിടം പൊളിച്ചു മാറ്റി പുതിയ വീടിനു തറയിടുന്നത്. അന്ന് ഈ വീടിന്റെ മുൻപിൽ റോഡിനോട് ചേർന്ന് ഒരു രണ്ടു മുറി ഓടു മേഞ്ഞ കട ഉണ്ടായിരുന്നു. അതിന്റെ പിന്നിൽ ഷീറ്റു ഇട്ടു ചായ്‌ച്ചെടുത്ത അടുക്കള. അവിടെ ആണ് അമ്പിളിയും, അനുജത്തി നീനയും, ടീച്ചറും അങ്കിളും താമസിച്ചിരുന്നത്. അവധിക്കാലത്തു ഇത് പോലെ ഉച്ച സമയത്തും വൈകിട്ടും ഒക്കെ പലതവണ ദേവനും, കൂട്ടുകാരൻ ഷിജുവും കൂടി സൈക്കിളിൽ ഇവിടെ വന്നിട്ടുണ്ട്. അവർ താമസിച്ചിരുന്ന കടയുടെ വരാന്തയിൽ തട്ടിയിൽ ചാരി അമ്പിളി നില്‍ക്കും. കടയുടെ ചവിട്ടു പടിയിൽ ഒരു കാൽ ഊന്നി ദേവനും. ഷിജുവിന്റെ പണി പട്രോളിംഗ് ആയിരുന്നു.അവനായിരുന്നു അന്ന് സെകുരിറ്റി ഗാർഡ്.

ഈ വീടിനു എതിർവശത്തു അന്ന് ആള്‍ത്താമസമില്ലായിരുന്നു. കമ്പിവേലി കെട്ടിയ ഒരു വലിയ റബ്ബർ തോട്ടം ആയിരുന്നു. ദിവസത്തിൽ രാവിലെയും വൈകിട്ടും മാത്രം സർവീസ് നടത്തുന്ന ഒരു കോലഞ്ചേരി ബസ്സും.

ഇന്നും റോഡ് പഴയ പടി തന്നെ, പക്ഷെ നിരവധി പുതിയ വീടുകൾ. വാഹനങ്ങൾ.

അപ്പോഴാണ്‌ ദേവൻ ശ്രദ്ധിച്ചത് നീനയുടെ വീടും തറവാടും തമ്മിലുള്ള ഗേറ്റ് താഴിട്ടു പൂട്ടിയിരിക്കുന്നു. അവിടെ ആളനക്കം ഒന്നും ഇല്ല.

“താനിതുവരെ അവരുടെ കാര്യം ഒന്നും തിരക്കി ഇല്ലാലോ ?” ദേവൻ പടിക്കെട്ടുകൾ ഇറങ്ങി താഴോട്ടു വന്നു.

അമ്പിളി അമ്മയെ പിടിച്ചു കട്ടിലിലേക്ക് നടത്തുന്നു . അമ്മയെ പിടിച്ചു കിടത്തി അവൾ തിരക്കി

“എന്താ ഏട്ടാ .. വെള്ളമോ ചായയോ വേണോ ..ഞാൻ ചായ ഇട്ടു തരാം. ഞാനതുമറന്നു.”

അവളുടെ മുഖത്ത് തെല്ലും ജാള്യത ഇല്ല. ഒന്നും സംഭവിച്ചിട്ടില്ലാത്തതു പോലെ. ദേവന് സമാധാനം ആയി. അമ്പരപ്പും.

“അമ്പിളീ .. നീനയും പിള്ളേരും അവിടില്ലേ ? അവൾ ഇപ്പോൾ എവിടെയാ ?”

“ചേട്ടാ .. അവള് രാജീവന്റെ കൂടെ വയനാടിന് പോയി. അവനിപ്പോ അവിടെ ആണല്ലോ ജോലി.”

“അപ്പൊ വീട് ?”

“അത് അടഞ്ഞു കിടക്കുകയാണ്. ഇടയ്ക്കു ഏതെങ്കിലും ബംഗാളിയെ വിളിച്ചു വൃത്തിയാക്കിക്കും”

അമ്പിളി മുഖത്ത് നോക്കാതെ ഒറ്റ ശ്വാസത്തിൽ പറഞ്ഞുതീർത്തു. അവളുടെ നീണ്ട വിരലുകൾ ചായ പകരുകയായിരുന്നു. ചായ കുടിച്ചു കൊണ്ട് ഇരിക്കുമ്പോൾ ദേവൻ പരമനെ ഫോണിൽ കിട്ടുവാൻ നോക്കി. അവൻ എടുക്കുന്നില്ല.

“എന്താ..ആരെയാ ഈ വിളിയ്ക്കുന്നെ. സാക്ഷാൽ പരമേശ്വരനെ ആണോ?” അവൾ കളിയാക്കി ചിരിച്ചു.

“അവൻ ഫോൺ എടുക്കുന്നെ ഇല്ല. ഇവനിതെന്തു പറ്റി.” ദേവനോർത്തു . അവനോട് വരാൻ പറയണം, ഇവിടെങ്ങിനെയാ തങ്ങുക.

“അതെ പരമേട്ടൻ ഫോൺ എടുക്കയും ഇല്ല, വരികയും ഇല്ല. ഞാൻ പറഞ്ഞിട്ടുണ്ട്. ഏട്ടന്റെ ഡ്രസ്സും ബാഗും ഒക്കെ ആയി ആള് കുറച്ചു കഴിയുമ്പോൾ എങ്ങു എത്തും.”

“ഏയ് അതൊന്നും വേണ്ട ഞാൻ അങ്ങോട്ട് പോകയാണ്..”

“അങ്ങിനെ അങ്ങ് പോയാലോ ‘മാഷേ’ …” അവൾ ഊറി ചിരിച്ചു.

അവളുടെ ചിരിയിൽ മുമ്പെങ്ങും ഇല്ലാത്ത ഒരു വശ്യത ദേവൻ കണ്ടു. വേണ്ട ഇവിടെ നിന്നാൽ ശരിയാകില്ല. നിരവധി പഴികളും വിഴുപ്പും ആണ് തന്റെ ജീവിതം മുഴുവന്‍.

“അതെ ഏട്ടാ ഞാനിവിടെ ചില വഴിപാടുകൾ ഒക്കെ നേർന്നിട്ടുണ്ട്. ഇവിടുത്തെ ശിവന്റെ അമ്പലത്തിലും, കീഴ്ക്കാവിലും ഒക്കെ. അതുകൊണ്ട് മോൻ പോയി വേഗം കുളിച്ചു റെഡി ആയി വാ.. നമുക്ക് അമ്പലത്തിൽ പോകണം. പിന്നെ പെട്ടിയിൽ ഒളിപ്പിച്ചു വച്ച സാധനം എടുത്തു ഞാൻ ഫ്രിഡ്ജിൽ വച്ചിട്ടുണ്ട്. അതിന്റെ ഐസ് എല്ലാം ഉരുകി തണുപ്പ് പോയിരുന്നു.”

അവൾ തുടർന്നു.

ദേവൻ അവളെ നിസ്സഹായതയോടെ നോക്കി. ഇവൾക്ക് എങ്ങിനെ അറിയാം ഇതെല്ലം ?

“കണ്ണ് മിഴിച്ചു നോക്കേണ്ട , ഞാൻ എങ്ങനെ അറിഞ്ഞു എന്നല്ലേ ? ചേച്ചി ഇന്നലെ വിളിച്ചിരുന്നു. പരമേട്ടന്റെ കൂടെ കൂടി വീണ്ടുമോരോന്നു തുടങ്ങി എന്നും പറഞ്ഞു. പെട്ടിയിൽ ഇഞ്ചക്ഷന്റെ മരുന്നുണ്ട്, അത് കേടായി പോകാതെ ഫ്രിഡ്‌ജിൽ വയ്ക്കാനും പറഞ്ഞു. അതോണ്ടാ പരമേട്ടൻ കൈയ്യോടെ അറസ്റ്റ് ചെയ്തു ഇവിടെ തന്നെ ഏല്പിച്ചത്.”

ദേവന് അതിശയം തോന്നി. ഒപ്പം സ്നേഹവും.

വീണ്ടും ദേവൻ തോല്പിക്കപ്പെട്ടിരിക്കുന്നു.

തനിക്കു വേണ്ടി കാത്തിരുന്ന ഇവളുടെ മുന്നിലേക്ക് മാലതി നിലവിളക്കുമായി തന്റെ ഒപ്പം കടന്നുവരുമ്പോൾ ഇവളും ഉണ്ടായിരുന്നു താലവുമായി എതിരേൽക്കാൻ. ഇപ്പോൾ വീണ്ടും…

(തുടരും)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top