Flash News

സൂഫിസം (Sufism) – ഭാഗം 16

September 12, 2020 , ബിന്ദു ചാന്ദിനി

1757 മുതൽ 1857 വരെയുള്ള കാലം ഇന്ത്യയിൽ കൊളോണിയൽ മേധാവിത്വം പിടിയുറപ്പിക്കുന്ന കാലഘട്ടമായിരുന്നു . അതേസമയം ഇത് ചെറുത്തുനിൽപ്പിൻ്റേയും കലാപങ്ങളുടേതുമായ ഒരു കാലഘട്ടം കൂടിയാണ് . നാട്ടുരാജാക്കന്മാർ , കർഷകർ , ഗോത്രവർഗ്ഗക്കാർ എന്നിവർ നടത്തിയ ചെറുത്തുനിൽപ്പുകളുടെ അവസാനത്തിൽ ഉണ്ടായതാണ് 1857ലെ കലാപം . ഈ പ്രക്ഷോഭങ്ങളിൽ എല്ലാം പ്രധാന പങ്കുവഹിച്ചത് മുസ്ലീംങ്ങളാണ് .1857 ലെ ലഹളക്ക് ശേഷം മുസ്ലീംകളോട് ബ്രിട്ടീഷുകാർ കഠിനമായ ശത്രുതാഭാവം പുലർത്തി . ഡൽഹിയിൽ മാത്രം 27000 മുസ്ലീംകളെ തൂക്കിക്കൊന്നിരുന്നു . മുഗൾ സാമ്രാജ്യം പൂർണ്ണമായും ഇല്ലാതായി . മിക്ക മുസ്ലീം നാട്ടുരാജ്യങ്ങളും ബ്രിട്ടിഷ് ഇന്ത്യൻ ഭൂപ്രദേശങ്ങളായി . സൂഫിസത്തിന് രാജകീയ പ്രോത്സാഹനം നഷ്ടമായി . പുതിയ ഭൂനയത്തിൻ്റെ ഫലമായി മിക്ക മുസ്ലീം ജന്മിന്മാർക്കും ജമീന്ദാരികൾ നഷ്ടമായി . ബ്രിട്ടിഷ്കാർ കൊണ്ടുവന്ന പാശ്ചാത്യ വിദ്യാഭ്യാസത്തോടു പ്രത്യേകിച്ച് ഇംഗ്ലീഷ് ഭാഷയോട് , മുഖം തിരിച്ചത് മുസ്ലീം സമൂഹത്തിൻ്റെ തകർച്ചയെ പൂർത്തീകരിച്ചു . കലാപം മൂലം ഹിന്ദുക്കളും മുസ്ലീംകളും തമ്മിലുള്ള ബന്ധവും മോശമായി . അവർ തമ്മിൽ വൈരാഗ്യവും ശത്രുതയും വളർന്നു . കലാപകാലത്ത് ഹിന്ദുക്കൾ വേണ്ടത്ര സഹകരിച്ചില്ലെന്നായിരുന്നു മുസ്ലീംകളുടെ പരാതി . സിഖ് , മിക്ക രജപുത്ര രാജ്യങ്ങളും , സിന്ധ്യ , ഹോൾക്കർ , നൈസാം , നേപ്പാളിലെ രാജാവ് തുടങ്ങിയ നാട്ടുരാജ്യങ്ങളും , ജന്മീന്മാർ , ഹുണ്ടികക്കാർ മുതലായവരെല്ലാം കലാപം അടിച്ചമർത്തുന്നതിൽ ബ്രിട്ടീഷുകാരെ സഹായിക്കുകയാണുണ്ടായത് . പാശ്ചാത്യ വിദ്യാഭ്യാസം നേടിയവർ കലാപത്തെ പിന്താങ്ങിയില്ല . പൂർവ്വേന്ത്യയിലോ ദക്ഷിണേന്ത്യയിലോ ബ്രിട്ടീഷ് ഭരണത്തിനെതിരായി ഒരനക്കവുമുണ്ടായില്ല . 1858 ലെ ബ്രിട്ടീഷ് രാജ്ഞി (വിക്ടോറിയ) യുടെ വിളംബരം വഴി ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് ഗവൺമെൻ്റ് നേരിട്ടേറ്റെടുത്തു . ഇന്ത്യയെ ബ്രിട്ടീഷ്കാർ നേരിട്ടു ഭരിക്കുന്ന ഭൂപ്രദേശങ്ങളും , ഒരു റസിഡൻ്റ്‌ മുഖേന പരോക്ഷമായി അവർ നിയന്ത്രിക്കുന്ന നാട്ടുരാജ്യങ്ങളുമായി ക്രമീകരിച്ചു . ഫലത്തിൽ ഇന്ത്യ മുഴുവനും ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായി.

ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് ഗവൺമെൻ്റ് ഏറ്റെടുത്തപ്പോൾ പല മേഖലകളിലും ഒട്ടേറെ മാറ്റങ്ങൾ വരുത്തുകയുണ്ടായി . ഇന്നത്തെ തലമുറയ്ക്കു അവിശ്വസനീയമെന്നു തോന്നുന്നവണ്ണം അശാസ്ത്രീയവും യുക്തിരഹിതവുമായ ആചാരനുഷ്ഠാനങ്ങളന്ന് ഇന്ത്യൻ സാമൂഹിക അന്തരീക്ഷത്തിൽ കൊടികുത്തി വാണിരുന്നത് . താഴ്ന്ന ജാതിക്കാരെ മനുഷ്യരായി കാണാൻ പോലും തയ്യാറാവാത്ത ഒരു കാലത്ത് ‘ നിയമവാഴ്ച ‘ എന്ന ആധുനിക ആശയം നടപ്പാക്കിയത് ബ്രിട്ടീഷുക്കാരാണ് . നിയമത്തിനു മുന്നിൽ സമത്വമെന്ന ആശയവും അവർ അവതരിപ്പിച്ചു . ഇതനുസരിച്ച് സിവിൽ – ക്രിമിനൽ കോടതികളുടെ ഒരു ശ്രേണിക്ക് രൂപം നൽകി .1833 മെക്കോളെ കമ്മീഷനാണ് ഇന്ത്യൻ പീനൽ കോഡ് , സിവിൽ കോഡ് , ക്രിമിനൽ കോഡ് എന്നിവയ്ക്ക് രൂപം നൽകിയിരുന്നത് . ഇന്ത്യൻ സിവിൽ സർവ്വീസിന് തുടക്കമിട്ടത് 1800 ൽ കോൺവാലീസാണ് . സിവിൽ സർവ്വീസിലേക്ക് റിക്രൂട്ട് ചെയ്യുന്ന ചെറുപ്പക്കാരെ പരിശീലിപ്പിക്കാനായി വെല്ലസ്ലി പ്രഭു കൽക്കത്തയിൽ ഫോർട്ട് വില്ല്യം കോളേജ് സ്ഥാപിച്ചു . പോലീസ് നിർവ്വഹിക്കേണ്ട ജോലികളത്രയും അതുവരെ നിർവ്വഹിച്ചിരുന്നത് ജമീന്ദാർമാരായിരുന്നു , ഇവർക്ക് പകരം ഒരു പോലീസ് സേനയ്ക്ക് രൂപം നൽകപ്പെട്ടു . ഇന്ത്യൻ സാമൂഹ്യാചാരങ്ങളിൽ ഗവൺമെൻ്റ് പതുക്കെ ഇടപെട്ടു തുടങ്ങി . ബ്രിട്ടിഷ് ഇന്ത്യൻ ഗവൺമെൻ്റ് ആദ്യമായി അമർച്ച ചെയ്ത പരമ്പരാഗത ഇന്ത്യൻ സാമൂഹ്യാചാരങ്ങളായ പെൺ ശിശുവധം , സതി , അടിമത്തം , ശൈശവ വിവാഹം , ബഹുഭാര്യത്വം എന്നിവ നിരോധിച്ചുകൊണ്ടുള്ള നിയമം പാസ്സാക്കി . വിധവാവിവാഹം നിയമ വിധേയമാക്കി . പാശ്ചാര്യ വിദ്യാഭ്യസവും പാശ്ചാത്യ ആശയങ്ങളും ഇന്ത്യയിൽ സാർവത്രികമായി പ്രചരിക്കുന്നത് ഈ കാലത്താണ് . ഇംഗ്ലീഷ് മീഡിയം സ്ക്കൂളുകളും കോളേജുകളും വ്യാപകമായി നിലവിൽ വന്നു . സർവ്വകലാശാലകൾ സ്ഥാപിച്ചു . ഇവിടെയെല്ലാം പാശ്ചാത്യ ശാസ്ത്ര _സാങ്കേതിക വിദ്യയും പുരോഗമനപരമായ ലിബറൽ ആശയങ്ങളുമായിരുന്നു മുഖ്യ വിഷയങ്ങൾ . സ്ത്രീ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചു . ഈ രംഗത്ത് മിഷണറിമാർ നൽകിയ സംഭാവനകൾ അമൂല്യമാണ് . വിദ്യാഭ്യാസത്തെ സാർവ്വദേശീയവൽക്കരിക്കുന്നതിൽ മിഷണറിമാർ പ്രധാന പങ്കുവഹിച്ചു . റെയിൽവെയുടെ വരവ് ഇന്ത്യയുടെ സാമൂഹ്യ – സാമ്പത്തിക മണ്ഡലങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു . അറിഞ്ഞോ അറിയാതെയോ ഇന്ത്യൻ സമൂഹത്തിൽ നിന്ന് ജാതിവ്യവസ്ഥ നിർമാർജനം ചെയ്യാൻ റെയിൽവെ നിർണ്ണായക പങ്കുവഹിച്ചു . ദേശീയബോധവും ആധുനിക _രാഷ്ട്രീയ സാമ്പത്തിക – സാമൂഹ്യാശയങ്ങളും രാജ്യവ്യാപകമായി പ്രചരിപ്പിക്കുന്നിൽ സാഹിത്യത്തിൻ്റേയും പത്രങ്ങുടെയും പങ്ക് അതിപ്രധാനമായിരുന്നു.

ദേശീയത

രബീന്ദ്രനാഥ ടാഗോർ

1857 വരെ നാട്ടുരാജ്യങ്ങളുടെ അതിർത്തിക്കുള്ളിൽ ഒതുങ്ങികൂടി കഴിയുകയായിരുന്നു ദേശീയത . ഇതിനു മുമ്പ് മൗര്യ ദേശീയത സൃഷ്ടിക്കാൻ അശോക ചക്രവർത്തിയും ഹിന്ദുസ്ഥാനിയിൽ മുഗൾ ദേശീയത സൃഷ്ടിക്കാൻ അക്ബർ ചക്രവർത്തിയും ശ്രമങ്ങൾ നടത്തിയിരുന്നു .എന്നാൽ ബ്രിട്ടീഷ് ഭരണത്തിൻ്റെ ഫലമായിയുണ്ടായ ഭൂമിശാസ്ത്രപരമായ ഏകീകരണം ഇന്ത്യയെന്ന ആശയത്തിലേക്ക് നമ്മെ എത്തിച്ചു .വിശ്വമഹാകവിയും , പ്രകൃതി സ്നേഹിയും , ചിന്തകനും സംഗീതജ്ഞനുമായ രബീന്ദ്രനാഥ് ടാഗോർ 1911 ഡിസംബർ 27 നു ഇന്ത്യൻ നേഷണൽ കോൺഗ്രസ്സിൻ്റെ കൽക്കത്ത സമ്മേളനത്തിൽ ആദ്യമായി ‘ ജനഗണമന ‘ എന്ന ഗാനം ദേശീയ ഐക്യത്തിൻ്റെ മന്ത്രമായി ആലപിച്ചത് . നാനാത്വത്തിൽ ഏകത്വമെന്ന ആശയം അന്വർത്ഥമാക്കുന്ന ഈ ഗാനം ജാതി മത വംശ ദേശ ഭാഷ ഭേദമെന്യ ദേശീയ പ്രക്ഷോഭങ്ങളിൽ എല്ലാവരെയും ഒന്നിച്ചു നിർത്തി . യഥാർത്ഥത്തിൽ ഗാന്ധിയൻ കാലഘട്ടത്തിലാണ് ഇന്ത്യൻ ദേശീയ വളർന്നു വികസിച്ചത് (1916 – 1947 ) .

ഗാന്ധിജിയുടെ ജനപ്രീതി ഇന്ത്യൻ രാഷ്ട്രീയത്തിൽ അന്നുവരെ മറ്റാർക്കും ലഭിക്കാത്ത രീതിയിലുള്ളതായിരുന്നു . പക്ഷെ ജനപ്രീതികൊണ്ടു മാത്രമല്ല , ഇന്ത്യൻ ദേശീയതയുടെ അടിത്തറ വികസിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞത് . അതിൻ്റെ പിന്നിൽ ശ്രദ്ധാപൂർവമുള്ള സംഘടനാ പാടവവുമുണ്ടായിരുന്നു . ദേശീയതയുടെ സന്ദേശം മാതൃഭാഷയിലാക്കാൻ ഗാന്ധിജി പ്രത്യേകം ശ്രദ്ധിച്ചു . അങ്ങനെ പലമാർഗ്ഗങ്ങളിലൂടെ ദേശീയത എന്ന വികാരം ഇന്ത്യയുടെ എല്ലാ മുക്കിലും മൂലയിലും വ്യാപിച്ചു . ഇതുവരെ ദേശീയതയെക്കുറിച്ചൊന്നും കാര്യമായി ചിന്തിക്കാത്ത പല സാമൂഹ്യസംഘങ്ങളും അതിൽ ആകൃഷ്ടരായി .

” ഗാന്ധിയൻ ദേശീയത ” യുടെ വിജയം ഒരു വലിയ തോതിൽ അദ്ദേഹത്തിൻ്റെ അനുയായികളെ ആശ്രയിച്ചാണിരുന്നത് . 1917 നും 1922 നും ഇടയിൽ ഇന്ത്യയിലെ പ്രതിഭാധനമാരായ ഒട്ടേറെപ്പേർ ഗാസിജിയുടെ അടുത്ത അനുയായികളായി മാറി . മഹാദേവദേശായി , വല്ലഭഭായി പട്ടേൽ , ജെ.ബി.കൃപലാനി , സുഭാഷ് ചന്ദ്രബോസ് , അബ്ദുൾ കലാം ആസാദ് , ജവഹർലാൽ നെഹ്റു , സരോജിനി നായിഡു , ഗോവിന്ദബലഭ് പന്ത് , സി .രാജഗോപാലാചാരി തുടങ്ങിയവർ ഇവരിൽ പെടുന്നു . ഇവർ ഇന്ത്യയുടെ വ്യത്യസ്ത ഭാഗങ്ങളിൽനിന്നു വരുന്നവരും വ്യത്യസ്ത മതപാരമ്പര്യങ്ങൾ പിന്തുടരുന്നവരുമായിരുന്നു എന്നത് പ്രത്യേകം ശ്രദ്ധേയമാണ് . ലക്ഷക്കണക്കിന് ഇന്ത്യക്കാരെ ദേശീയതയുടെ പാതയിലേക്ക് കൊണ്ടുവരാനും അവരെ കോൺഗ്രസിൻ്റെ പ്രവർത്തനത്തിൽ അണിചേർക്കാനും പ്രതിഭാധനരായ ഈ നേതാക്കളുടെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു .ഗാന്ധിജി ചെല്ലുന്നിടത്തെല്ലാം അദ്ദേഹത്തിൻ്റെ അത്ഭുത സിദ്ധികളെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ പരന്നു . ഇത്തരത്തിലുള്ള ഗാന്ധിയൻ ദേശീയതയെ രബീന്ദ്രനാഥ ടാഗോർ എതിർത്തിരുന്നു .

ദേശീയതക്ക് മറ്റൊരു മുഖവും കൂടിയുണ്ട്

ഒന്നും രണ്ടും മഹായുദ്ധങ്ങളുടെ പ്രധാന കാരണം യൂറോപ്പിലാകെ വീശിയടിച്ച ദേശീയ വികാരമായിരുന്നു . ഈ ദേശീയ വികാരം ജനങ്ങളുടെ വംശാഭിമാനത്തിൻ്റെ ആളിപ്പടരലിനു കാരണമായി . അവരെ തങ്ങളുടെ രാജ്യത്തെ മറ്റു രാജ്യങ്ങളേക്കാളെല്ലാം മഹത്ത്വമുള്ളതാണെന്ന് അവകാശപ്പെടാൻ പ്രേരിപ്പിച്ചു . അയൽ രാജ്യങ്ങളോടുള്ള പെരുമാറ്റത്തിൽ അതവരെ അഹങ്കാരികളാക്കിത്തീർത്തു . വാസ്തവം പറഞ്ഞാൽ ലോകത്തെ യുദ്ധത്തിലെത്തിച്ച സംഭവങ്ങളിൽ മിക്കതിൻ്റേയും പിന്നിലുണ്ടായിരുന്നത് ദേശീയ വികാരമായിരുന്നു.

സാർവദേശീയ സഹകരണവും സമാധാനവും ഉണ്ടാക്കുന്നതിന് ‘ലീഗ് ഓഫ് നേഷൻസും’ തുടർന്നെത്തിയ ‘ യുണൈറ്റഡ് നേഷൻസും’ നടത്തിയ പരിശ്രമങ്ങളുടെ ഫലമെന്തെന്നത് ചരിത്രമാകുന്നു . ആ നിലക്ക് സന്മാർഗതലത്തിൽ സാർവദേശീയ സഹകരണത്തിനും മൈത്രിക്കും വേണ്ടി ശബ്ദമുയർത്തിയ ടാഗോറിൻ്റെ ശ്രമം പാഴായിപ്പോയെന്നാരും പരിതപിക്കേണ്ടതുമില്ല . അതിൻ്റെ പേരിൽ സ്വന്തം നാട്ടിലദ്ദേഹത്തിന് പഴിയും പരിഹാസ്യതയും നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും , അത് തുറന്ന് കാട്ടിയത് വലിയ ത്യാഗമായി . ആഗോളവത്ക്കരണത്തിൻ്റെ കാലഘട്ടത്തിൽ അതിരു കടന്ന ദേശീയത , ഇടുങ്ങിയതും അക്രമാസക്തവുമായ ദേശസ്നേഹം , യുദ്ധം തുടങ്ങിയവയെ ഒരു രാജ്യവും പോത്സാഹിപ്പിക്കുന്നില്ല . ഇത്തരം ആശയങ്ങൾ രാജ്യങ്ങളെ നാശങ്ങളിലേക്ക് തള്ളിവിടുക മാത്രമാണ് ചെയ്യുക .

നവസാമ്രാജ്യത്വ ചരിത്രരചന – (Elitist School)

ഇന്ത്യയിൽ പുതിയ ചരിത്രവ്യാഖ്യാനങ്ങൾ പ്രത്യക്ഷപ്പെട്ടത് 1960 കളുടെ അവസാനത്തിലാണ് . ഈ പുതിയ പ്രവണതയെ പ്രതിനിധീകരിക്കുന്നവരാണ് ” എലിറ്റിസ്റ്റുകൾ ” അഥവാ ”കേംബ്രിഡ്ജ് സ്കൂൾ ചരിത്രകാരന്മാർ ”എന്ന പേരിലും ഇവർ അറിയപ്പെടുന്നു . ഇവരുടെ പുതിയ ചരിത്രവ്യാഖ്യാനങ്ങൾ നോക്കാം . ഇന്ത്യൻ സ്വാതന്ത്ര്യ സമരമെന്നു പറയുന്നത് അധികാരം പിടിച്ചെടുക്കാൻ ഇന്ത്യയിലെ മധ്യവർഗ്ഗം നടത്തിയ ഒരു ശ്രമത്തിൽ കവിഞ്ഞൊന്നുമായിരുന്നില്ല . ഇന്ത്യൻ രാഷ്ട്രീയ സംവിധാനത്തിൻ്റെ ആധാരശില വർഗ്ഗമല്ല , ജാതിയാണ് . ഭദ്രലോക് , ചിത്പാവൻ ബ്രാഹ്മണർ എന്നിവരെപ്പോലുള്ള മധ്യവർഗ്ഗങ്ങൾ തങ്ങളുടെ സ്വാർത്ഥതാല്പര്യസംരക്ഷണത്തിനായി ഉപയോഗിച്ച ഒരു മുഖമൂടിയായിരുന്നു സ്വാതന്ത്യ സമരമെന്ന് അവർ കരുതുന്നു . ഭദ്രലോക് എന്നത് രാഷ്ട്രീയവൽക്കരിക്കപ്പെട്ട ഉന്നത ജാതിക്കരാണ് . ബ്രൂം ഫീൽഡിൻ്റെ രചനകളിൽ കീഴ്ജാതിക്കാരായ ഭദ്രലോകിനെപ്പറ്റിയും പറയുന്നുണ്ട് . ബംഗാളിലാണ് ഭദ്രലോക് പ്രയോഗം പ്രചാരത്തിലുള്ളത് . ബ്രാഹ്മണർ , ബൈദ്യ , കയാസ്ത എന്നീ മൂന്നു മേൽജാതിക്കാരsങ്ങിയതാണ് അവിടത്തെ ഭദ്രലോക് . മുഗൾ _നവാബ് – ബ്രിട്ടീഷ് ഭരണകാലങ്ങളിൽ ഉയർന്ന സാമ്പത്തിക ഭദ്രത കൈവരിച്ചവരാണ് . കൂടാതെ ബ്രിട്ടീഷ് കാലഘട്ടത്തിൽ മികച്ച പാശ്ചാത്യ വിദ്യാദ്യാസവും നേടിയെടുത്ത ജാതി സമുദായങ്ങളാണ് ഭദ്രലോക് . ജനസംഖ്യയിൽ അഞ്ചിലൊന്ന് വരുന്ന മൂന്നു ഉയർന്ന ജാതിക്കാർ രാഷ്ട്രീയം മുതൽ സാഹിത്യം സംഗീതം കല ശാസ്ത്രം തുടങ്ങി ബംഗാളിൻ്റെ എല്ലാ മേഖലയിലും ഈ ഉയർന്ന ജാതി സമുദായങ്ങൾ ആധിപത്യം പുലർത്തുന്നു . പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ ആരംഭിച്ച ദേശീയ വാദ പ്രസ്ഥാനത്തിന് ഭദ്രലോക് ക്ലാസിലെ അംഗങ്ങൾ നേതൃത്വം നൽകി . ഇരുപതാം നൂറ്റാണ്ടിൻ്റെ രണ്ടാം ദശകം വരെ ബംഗാൾ ഭദ്രലോക് ക്ലാസ് ഭരണത്തിൽ പ്രമുഖ സ്ഥാനം ആസ്വദിച്ചിരുന്നു .1909 ലെ മിൻടോ _ മോർലി ഭരണപരിഷ്കാരത്തിലൂടെ മുസ്ലീംങ്ങൾക്ക് കൗൺസിലുകളിൽ പ്രത്യേക പ്രാതിനിധ്യം നൽകപ്പെട്ടു .1919 ലെ മൊണ്ടാഗു _ ചെംസ് ഫോർഡ് ഭരണപരിഷ്കാരങ്ങളിൽ സാമുദായിക പ്രാതിനിധ്യം വിപുലീകരിക്കുകയും സിഖുകൾ , യൂറോപ്യന്മാർ , ആംഗ്ലോ ഇന്ത്യക്കാർ എന്നിവരെ ഉൾപ്പെടുത്തി . കിഴക്കൻ ബംഗാൾ മുസ്ലീം ഭൂരിപക്ഷ പ്രദേശമാണ് . മറ്റു ഭാഗങ്ങളിൻ താഴ്ന്ന ജാതിക്കാർ മുസ്ലീംങ്ങളെ പിന്താങ്ങി .സ്വന്തം പ്രതിനിധികളെ തെരഞ്ഞെടുക്കാൻ അധികാരമുണ്ടായിരുന്ന പുതിയ സംവിധാന രാഷ്ട്രീയത്തിൽ പ്രാതിനിധ്യം വന്നത്തോടെ അവരുടെ പരമ്പരാഗത മേധാവിത്വം ഭദ്രലോക് വർഗ്ഗത്തിന് നഷ്ടപ്പെട്ടു . ഇത്തരം പ്രതിസന്ധികളെ മറികടക്കാൻ വർഗീയ കലാപത്തിന് കാരണമായ സാമുദായിക രാഷ്ട്രീയത്തിലേക്ക് അവർ പ്രവേശിച്ചു . ഭദ്രലോക് വിഭാഗത്തിലെ ഒരു വിഭാഗം മുസ്ലീംങ്ങളെ ഹിന്ദു മതത്തിൻ്റെ ശത്രുക്കളായി മുദ്രകുത്തി . അവരുടെ പ്രബന്ധം സ്ഥാപിക്കുന്നതിനായി അവരിൽ പലരും നീണ്ട മുസ്ലീം ഭരണ കാലത്ത് ഹിന്ദുക്കൾക്കെതിരായ മുസ്ലീം സ്വേച്ഛാധിപത്യത്തിൻ്റെ മിത്തുകൾ കണ്ടുപിടിച്ചു .

മഹാരാഷ്ട്രയിലെ രക്നഗിരി ജില്ലയിൽ ഭൂവുടമകളുടെയും പൂജാരിമാരുടെയും സമൂഹമാണ് ചിത്പാവൻ ബ്രാഹ്മണർ . ബാലാജി വിശ്വനാഥ് പേർഷ്വയായി അധികാരമേറ്റതോടെ ഈ ഗോത്രക്കാർ മഹാരാഷ്ട്രയിലെ മേധാവിത്വവർഗ്ഗമായി പരിണമിച്ചു . കോൺഗ്രസ്സിൻ്റെ തീവ്രവാദികളുടെ ( Extremism 1905-1916) നേത്യത്വം ഏറ്റെടുത്തവരിൽ ഒരാളായ ബാലഗംഗാധര തിലകൻ ചിത്പാവൻ ബ്രാഹ്മണനായിരുന്നു . ശിവജി ജയന്തി , ഗണേശമഹോത്സവം , രക്ഷാബന്ധൻ , സമരോത്സുകതയുടെയും വിപ്ലവാത്മക ഭീകരപ്രവർത്തനത്തിൻ്റെയും വളർച്ച (Growth of Militancy and Revolutionary Terrorism ) എന്നിവയിലൂടെ ഹൈന്ദവ ദേശിയത കോൺഗ്രസ്സിലേക്ക് കടത്തി വിടുകയും തൽഫലമായി മുസ്ലീം ദേശീയ വികാരം പ്രതിഫലിച്ച മുസ്ലീം ലീഗ് 1906 ൽ സ്ഥാപിതമാകവാനും ഒരളുവരെ ഇടവരുത്തി . ചിത്പാവൻ ബ്രാഹ്മണനായിരുന്ന ബാലഗംഗാധനര തിലകനിൽ നിന്ന് ഗാന്ധിജിയിലേക്ക് കോൺഗ്രസ്സിൻ്റെ നേതൃത്വം കൈമാറ്റം ചെയ്യപ്പെട്ടതോടെ സാമൂഹ്യ മേധാവിത്വം കൈമോശം വരുമെന്ന് ചിത്പാവൻ ബ്രാഹ്മണർ കരുതി . ഇത് ആർ എസ് എസ് രൂപീകരണത്തിലേക്ക് നയിച്ച കാരണങ്ങളിൽ ഒന്നായിരുന്നു . ദേശീയ ചരിത്രകാരന്മാരുടെ സംഭാവനകൾ ഗണനീയമായിരുന്നുവെന്നതിൽ സംശയമില്ല . എന്നാൽ അവരുടെ ചരിത്രപരമായ അന്വേഷണം ഇന്ത്യാ ചരിത്രത്തിൻ്റെ എല്ലാ കാലഘട്ടങ്ങളേയും ഒരുപോലെ ഉൾക്കൊള്ളാനായില്ല . ഇവരുടെ ചരിത്രരചനയിൽ ഹൈന്ദവ നവോത്ഥാനത്തിൻ്റെ സ്വാധീനം സ്പഷ്ടമായി കാണാം . ചില ദേശീയ ചരിത്രകാരന്മാർ ഇന്ത്യയിലെ പൗരാണിക സ്ഥാപനങ്ങളിൽ ദേശീയമായ ആശയങ്ങൾ തിരുകിക്കയറ്റാൻ ശ്രമിച്ചു . ഭൂതകാലത്തെ മഹത്വവൽക്കരിച്ച ചില ചരിത്രകാരന്മാർ അതിനാവശ്യമായ തെളിവു നൽകിയിട്ടില്ല . അവരുടെ സമീപനം വൈകാരികമായിരുന്നു . അവർ മദ്ധ്യകാല ഇന്ത്യാ ചരിത്രത്തെ ഇരുണ്ടതായി ചിത്രീകരിച്ചു . മദ്ധ്യകാലഘട്ടം ഇന്ത്യാ ചരിത്രത്തിന് നൽകിയ സംഭാവനകളെ അവർ കാണാതെപോയി . ഇത്തരത്തിലുള്ള ചരിത്രരചനാരീതി വർഗ്ഗീയ കലാപങ്ങൾക്കും രാജ്യത്തിൻ്റെ വിഭജനത്തിലേക്കും എത്തിച്ചു . ഇന്നും ഇത്തരത്തിലുള്ള ചരിത്രരചനാരീതിയാണ് പലരും പിന്തുടരുന്നത് .

കേംബ്രിഡ്ജ് സ്കൂൾക്കാരായ ചരിത്രകാരന്മാർ ഇന്ത്യയിലെ ദേശീയ പ്രസ്ഥാനത്തെ വെറും അധികാര രാഷ്ട്രീയമായിട്ടാണ് കാണുന്നത് . “ദേശീയതയുടെ ഉത്ഭവം” എന്ന കൃതിയുടെ കർത്താവായ അനിൽ സീൽ ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ ഒരു യുദ്ധാഭിമാനമായി ചിത്രീകരിച്ചിരിക്കുന്നു . കൊളോണിയൽ വൈരുദ്ധ്യങ്ങളേയും ദേശീയതയേയും അവർ പിന്തള്ളുന്നു . അധികാരത്തിനുവേണ്ടി കടിപിടികൂടുന്ന ഗ്രൂപ്പുകളുടെ സംയുക്ത സംവിധാനമായിട്ടാണ് അവർ സ്വാതന്ത്ര്യ സമരത്തെ കാണുന്നത് . കൊളോണിയൽ ഭരണത്തിന് കീഴിൽ അധികാരത്തിനും നേട്ടങ്ങൾക്കും വേണ്ടി കടിപിടികൂടുന്ന വിവിധ ഗ്രൂപ്പുകളുടെ പ്രകടനങ്ങൾ ദേശീയ പ്രസ്ഥാനത്തിലുടനീളം നമുക്ക് കാണാൻ കഴിയും.

മത – സാമൂഹ്യ പ്രസ്ഥാനങ്ങൾ

രാജാറാം മോഹൻറോയി

പാശ്ചാത്യ സംസ്കാരവുമായുള്ള സമ്പർക്കവും ദേശീയബോധത്തിൻ്റെ വളർച്ചയും പത്തൊമ്പതാം നൂറ്റാണ്ടിൽ ചില മത – സാമൂഹ്യ പ്രസ്ഥാനങ്ങൾക്ക് ജന്മം കൊടുത്തു . ശാസ്ത്രത്തിൻ്റെയും ദേശീയതയുടെയും ജനാധിപത്യത്തിൻ്റേതുമായ പുതിയ ലോകത്തിൽ ഇന്ത്യയിലെ മതവിശ്വാസങ്ങളും സാമൂഹ്യഘടനയും കാലോചിതമായ രീതിയിൽ പരിഷ്കരിക്കേണ്ടത് ഈ രാജ്യത്തിൻ്റെ വളർച്ചക്കും പുരോഗതിക്കും അത്യാവശ്യമാണെന്ന ബോധത്തിൽനിന്നാണ് ഈ പ്രസ്ഥാനങ്ങൾ ഉടലെടുത്തത് . പുരുഷ കേന്ദ്രീകൃതമായ സമൂഹം ‘ സതി ‘ അനുഷ്ഠിക്കുന്നത് വലിയ മാഹാത്മ്യമായി കരുതിയിരുന്ന കാലത്ത് ‘ സതി ‘ എന്ന അനാചാരത്തിന് എതിരെ പോരാടിയ സാമൂഹ്യ പരിഷ്കർത്താവാണ് രാജാറാം മോഹൻറോയി. ഇന്ത്യയെ ആധുനികതയിലേക്ക് നയിക്കുന്നതിന് അടിത്തറയിട്ട വില്ല്യം ബെൻ്റിക് പ്രഭു 1829 ൽ നിയമം മൂലം ‘സതി ‘ നിർത്തലാക്കി . ഇന്ത്യൻ നവോത്ഥാനത്തിൻ്റെ നായകനും പിതാവുമായ രാജാറാം മോഹൻറോയി ഒഴികെ മറ്റു പല പരിഷ്കർത്താക്കളുടെയും പ്രവർത്തനങ്ങൾ ഇന്ത്യൻ സമൂഹത്തിൽ വിടവുകൾ വർദ്ധിപ്പിക്കാൻ സഹായിച്ചിട്ടുണ്ട് .

ആധുനിക ഇന്ത്യയിലെ സാമൂഹ്യ – മത പരിഷ്കർത്താവും ആര്യസമാജ സ്ഥാപകനുമായ സ്വാമി ദയാനന്ദ സരസ്വതിയുടെ പ്രവർത്തനങ്ങൾ നേട്ടങ്ങളേറെയുണ്ടെങ്കിലും വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ ഭിന്നത വളർത്താൻ ഇടയാക്കുകയും ചെയ്തിട്ടുണ്ട് . മറ്റു മതങ്ങളിലേക്കുള്ള ഹിന്ദുക്കളുടെ പരിവർത്തനം തടയുന്നതിനും , മതം മാറിപ്പോയവരെ ഹിന്ദു മതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനും , അഹിന്ദുക്കളെ ഹിന്ദു മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിനും വേണ്ടി അദ്ദേഹം സ്ഥാപിച്ച ആര്യസമാജം ‘ശുദ്ധി’ പ്രസ്ഥാനം ആരംഭിച്ചു . ഇത് മറ്റു വിഭാഗക്കാരിൽ വെറുപ്പുളവാക്കുകയും വർഗീയതയുടെ വളർച്ചക്കു കാരണമാവുകയും ചെയ്തു. ഗോസംരക്ഷണത്തിനു വേണ്ടി സമാജം നടത്തിയ പ്രവർത്തനങ്ങൾ അക്കാലത്ത് നിരവധി വർഗീയ കലാപങ്ങൾക്ക് കാരണമായിട്ടുണ്ട് . അദ്ദേഹത്തിന്റെ മതപരമായ പ്രവർത്തനങ്ങൾ വ്യത്യസ്ത മതവിഭാഗക്കൾക്കിടയിൽ വളർന്നുകൊണ്ടിരുന്ന ദേശീയ ഐക്യത്തെ ശിഥിലമാക്കുകയും ഇന്ത്യൻ ദേശീയതക്ക് ഹിന്ദുത്വ ദേശീയതയുടെ നിറം നൽകുകയും ചെയ്തു . 1905 – 1916 കാലഘട്ടങ്ങളിൽ പ്രവർത്തിച്ച കോൺഗ്രസ്സിലെ തീവ്രവാദികൾ ( Extremists ) ഹിന്ദുത്വ ദേശീയതക്ക് ശക്തി പകരുകയും ചെയ്തു .

സ്വാമി ദയാനന്ദ സരസ്വതിയാണ് ആദ്യമായി ഹിന്ദിയെ ഇന്ത്യയുടെ ദേശീയ ഭാഷയാക്കി മാറ്റാൻ വാദിച്ചത് . മദ്ധ്യകാല ഇന്ത്യയിലെ ഭരണഭാഷയായ പേർഷ്യനും , ജനകീയഭാഷയായ ഹിന്ദുസ്ഥാനിക്കും ( ഉറുദുവും ഹിന്ദിയും ചേർന്നത് ) എതിരെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമായി സംസ്കൃതവത്കരിച്ച് ഹിന്ദിയെ ഉയർത്തി കൊണ്ടുവരാൻ അദ്ദേഹം ശ്രമിച്ചു .

തമിഴ്നാട്ടിൽ ബ്രാഹ്മണ വിരുദ്ധ – ജാതി വിരുദ്ധ സമരങ്ങൾ നയിച്ച പെരിയാർ (പെരിയോർ ) എന്ന പേരിൽ അറിയപ്പെടുന്ന ഇ.വി.രാമസ്വാമി നായ്ക്കർ ഇതിനെതിരെ പ്രതിഷേധിച്ച് പ്രക്ഷോഭം നയിക്കുകയുണ്ടായി . തികഞ്ഞ ദ്രാവിഡ അഭിമാനികളായ തമിഴ്ജനത ഇന്നും ഹിന്ദിയെ അംഗീകരിച്ചിട്ടില്ല . ഒരു മനോഹരഭാഷയായ ഹിന്ദിയെ ആര്യ മേധാവിത്വത്തിൻ്റെയും, വിഘടനവാദത്തിൻ്റെയും വർഗീയതയുടെയും പ്രതീകമായി രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ഇന്നും ഉപയോഗിക്കുന്നു .

(തുടരും)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Scroll to top