Flash News

സൂഫിസം (Sufism) – ഭാഗം 17

September 13, 2020 , ബിന്ദു ചാന്ദിനി

എന്താണ് വർഗ്ഗീയത ( What is Cmmunnalism)

സമൂഹത്തിൽ ഒരാളുടെ ‘സ്വത്വം ‘ നിശ്ചയിക്കുന്നതിനു പല ഘടകങ്ങളുണ്ട് . നിങ്ങൾ പുരുഷനോ സ്ത്രീയോ ആകാം ; യുവാക്കളോ യുവതികളോ ആകാം ; ഒരു പ്രത്യേക ഗ്രാമത്തിലോ , പട്ടണത്തിലോ താമസിക്കുന്ന ആളാകാം ; ഒരു പ്രത്യേക സംസ്ഥാനക്കാരനാവം , നിങ്ങൾ ഒരു പ്രത്യേക ഭാഷസംസാരിക്കുന്നവനാവാം . എങ്കിലും നമ്മൾ എല്ലാവരും ഇന്ത്യക്കാരാണ് ; എന്നാൽ നമ്മൾ ലോകത്തിലെ പൗരന്മാരുമാണ് . നമ്മുടെ വരുമാനം വ്യത്യസ്തമാകാം . അതുകൊണ്ട് നമ്മൾ ഒരു പ്രത്യേക വർഗത്തിൽ പെട്ടവരാകാം . നമ്മൾക്കെല്ലാം ഒരു മതമുണ്ട് . ജാതി നമ്മുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട് . ചുരുക്കത്തിൽ , നമ്മുടെ സ്വത്വബോധം നിശ്ചയിക്കുന്നതിന് നിരവധി ഘടകങ്ങളുണ്ട് . എന്നാൽ ചിലപ്പോൾ ചിലർ ഇതിൽ ഒരു പ്രത്യേക ഘടകത്തിന് അമിത പ്രാധാന്യം നൽകുന്നു . ഒരുപക്ഷെ ഒരാൾ താൻ വിശ്വസിക്കുന്ന മതത്തിനാകാം പ്രാധാന്യം നൽകുന്നത് . പക്ഷെ അതുകൊണ്ട് മാത്രം അയാൾ വർഗ്ഗീയവാദി ആകുന്നില്ല .

മതത്തിൻ്റെ അടിസ്ഥാനത്തിൽ ഒരു മതസമൂഹത്തെ മറ്റൊരു മതസമൂഹത്തിനെതിരെ ഒന്നിപ്പിക്കുകയും സംഘടിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയമാണ് വർഗ്ഗീയത .

വർഗ്ഗീയത ഒരു മതസമൂഹത്തിൻ്റെ സ്വത്വം മൗലികവും അചഞ്ചലവുമാണെന്ന് പ്രഖ്യാപിക്കുന്നു . ഈ സ്വത്വത്തെ ഉറപ്പിക്കാനും ബലപ്പെടുത്താനും അതു ശ്രമിക്കുന്നു . സാമുദായിക സ്വത്വം സ്വാഭാവികമായ ഒന്നാണെന്ന് അത് പ്രചരിപ്പിക്കുന്നു . അതായത് , ജനങ്ങൾ ഒരു സ്വത്വത്തിൽ ജനിക്കുകയാണ് ചെയ്യുന്നത് . അങ്ങനെ തങ്ങളുടെ സ്വത്വം അവർ പ്രകൃത്യാ ആർജ്ജിക്കുകയാണ് ചെയ്യുന്നത് . ചുരുക്കത്തിൽ , സാമുദായിക സ്വത്വം വർഷങ്ങളിലൂടെ ചരിത്രപരമായി ഉരുത്തിരിഞ്ഞുവരുന്ന ഒന്നാണെന്ന വസ്തുതയെ വർഗ്ഗീയത നിഷേധിക്കുന്നു .

സമുദായത്തെ ഒന്നിപ്പിക്കുന്നതിനു വേണ്ടി വർഗ്ഗീയത സമുദായത്തിനകത്തെ എല്ലാ വ്യത്യാസങ്ങളും മറച്ചുവെക്കുന്നു . വർഗ്ഗീയത വെറുപ്പിൻ്റെ ഒരു രാഷ്ട്രീയത്തെ ഊട്ടിവളർത്തുന്നു . സ്വന്തം മതത്തെ സ്നേഹിക്കാനും മറ്റു മതങ്ങളെ വെറുക്കാനും അതു പ്രേരിപ്പിക്കുന്നു . അങ്ങനെ ഹിന്ദുവർഗ്ഗീയത മുസ്ലീമീനേയും മുസ്ലീംവർഗ്ഗീയത ഹിന്ദുവിനേയും വെറുക്കാൻ ഇടയാക്കുന്നു . ഈ വിദ്വേഷം ഒരു അക്രമ രാഷ്ട്രീയത്തേയും ഊട്ടിവളർത്തുന്നു . ചുരുക്കത്തിൽ , വർഗ്ഗീയത മതസ്വത്വത്തിൻ്റെ രാഷ്ട്രീയവത്ക്കരണമാണ് മതസമുദായങ്ങൾ തമ്മിൽ സ്പർദ്ധ വളർത്തുന്ന ഒരു പ്രത്യേയശാസ്ത്രമാണത്. ബഹുമതങ്ങളുള്ള ഒരു രാജ്യത്ത് ‘മത ദേശീയത ‘ (Religious nationalism ) യുടെ രൂപത്തിലാണ് വർഗ്ഗീയത പ്രത്യക്ഷപ്പെടാറുള്ളത് . അത്തരമൊരു രാജ്യത്ത് ഒരു മതസമൂഹത്തെ രാഷ്ട്രമായി കാണാനുള്ള ഏതൊരു ശ്രമവും മറ്റു മതങ്ങൾക്കെതിരെ ശത്രുതയുടെ വിത്തുവിതയ്ക്കാനുള്ള ശ്രമം തന്നെയാണ് .

സർ സയ്യിദ് അഹമ്മദ് ഖാൻ

സർ സയ്യിദ് അഹമ്മദ് ഖാൻ ( 1817 _ 1898 ) ഇന്ത്യയിലെ മുസ്ലീം നവോത്ഥാനത്തിൻ്റെ പിതാവെന്ന പേരിൽ അറിയപ്പെടുന്നു . മുഗൾ പ്രഭു കുടുംബത്തിൽ ജനിച്ച അദ്ദേഹം ഇസ്ലാമിക പരിഷ്കർത്താവ് , നിയമജ്ഞൻ , തത്വചിന്തകൻ , വിദ്യാഭ്യാസ വീചക്ഷണൻ , ബഹുഭാഷ പണ്ഡിതൻ , അദ്ധ്യാപകൻ , ചരിത്രകാരൻ , പുരാവസ്തു ഗവേഷകൻ , പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രസിദ്ധനാണ് . സൂഫി പണ്ഡിതരായ ജലാലുദ്ദീൻ റൂമി , മിർസാ ഗാലിബ് എന്നിവരുടെ കൃതികൾ അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ട് . ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ ജൂഡീഷ്യൽ ഓഫീസറായ അദ്ദേഹം പാശ്ചാത്യ വിദ്യാഭ്യാസം ലഭിച്ച മറ്റു ഇന്ത്യക്കാരെ പോലെ 1857ലെ കലാപത്തിൽ പങ്കെടുത്തില്ല . കലാപത്തിൽ അദ്ദേഹത്തിൻ്റെ നിരവധി ബന്ധുകളെ ബ്രിട്ടീഷുകാർ വധിച്ചു . സ്വത്തുവകകൾ കണ്ടുകെട്ടി . മുഗൾ രാജവംശത്തിൻ്റെ തകർച്ച അദ്ദേഹത്തെ വ്യക്തിപരമായി ബാധിച്ചു . കലാപത്തിൻ്റെ കുറ്റം ബ്രിട്ടീഷുകാർ മുസ്ലിംങ്ങളിൽ ചുമത്തി . അവരെ ക്രൂരമായി അടിച്ചൊതുക്കി .

1857ലെ കലാപത്തിന് മുമ്പും ശേഷവും ബ്രിട്ടീഷുകാരും മുസ്ലീംകളും തമ്മിലുള്ള ശത്രുത ഇന്ത്യയിലുടനീള്ളമുള്ള മുസ്ലീം സമുദായങ്ങളെ പലതലമുറകളായി പാർശ്വവൽക്കരിക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടു . ആത്മഹത്യപരമായ ഏറ്റുമുട്ടലുകൾ ഒഴിവാക്കി ഇന്ത്യയിലെ മറ്റു വിഭാഗങ്ങളെ പോലെ ബ്രിട്ടിഷ്കാരോട് സഹകരിക്കാൻ മുസ്ലീംങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു . സാമാന്യമായി മുസ്ലീംങ്ങൾ പാശ്ചാത്യ വിദ്യാഭ്യാസം അംഗീകരിക്കാതെ മാറിനിൽക്കുകയായിരുന്നു .1863 ൽ കൽക്കത്തയിൽ ആരംഭിച്ച ‘ മുഹമ്മദൻ ലിറ്റററി സൊസൈറ്റി ‘ ആധുനികാശയങ്ങളുടെ വെളിച്ചത്തിൽ മത – രാഷ്ട്രീയ – സാമൂഹ്യ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനും മുസ്ലീംങ്ങളെ പാശ്ചാത്യ വിദ്യാഭ്യാസത്തിന് പ്രേരിപ്പിക്കാനും തുടങ്ങി . ആധുനിക ശാസ്ത്രീയ ചിന്തയുടെ ആരാധകനായി മാറിയ ഖാൻ അതിനെ ഇസ്ലാമുമായി സമന്വയിപ്പിക്കാൻ ശ്രമിച്ചു . ജനങ്ങളിൽ ശാസ്ത്രബോധം വളർത്താൻ ഇന്ത്യയിലെ ആദ്യത്തെ ശാസ്ത്രീയ കൂട്ടായ്മയായ ‘ സയൻറ്റിഫിക്ക് സൊസൈറ്റി’ അദ്ദേഹം അലിഗഢിൽ സ്ഥാപിച്ചു . ഇതിൻ്റെ പല പ്രവർത്തകരും ഹിന്ദുക്കളായിരുന്നു . മുറാദാബാദിലും , ഗാസിപൂരിലും ആധുനികവിദ്യാലയങ്ങൾ സ്ഥാപിച്ചു . മുസ്ലീംങ്ങൾക്ക് ബ്രിട്ടിഷുകാരോടുള്ള ശത്രുത കുറക്കാനും ശ്രമിച്ചു .

ആധുനിക വിദ്യാഭ്യാസത്തിൽ നിന്ന് മുസ്ലീംങ്ങളെ അകറ്റി നിർത്തുന്നത് യാഥാസ്ഥികരാണെന്ന് അദ്ദേഹം മനസ്സിലാക്കി . ഇംഗ്ലീഷിലും ഉറുദുവിലും ശാസ്ത്ര ജേണലുകൾ പതിവായി പ്രസിദ്ധീകരിച്ചു . ഖുർആൻ മാത്രമാണ് ഇസ്ലാമിൻ്റെ പ്രമാണികഗ്രന്ഥമെന്നും അതിലെ തത്വങ്ങൾ യുക്തിചിന്തക്കനുസൃതമേ ആകൂ എന്നും അല്ലാതെ വരുന്നത് വ്യാഖ്യാനപ്പിഴവാണെന്നന്നും അദ്ദേഹം വിശ്വസിച്ചു . ഒരു മുതസില പണ്ഡിതനായ അദ്ദേഹം പരലോകചിന്ത വെടിഞ്ഞ് ഇഹലോകജീവിതത്തിന് പ്രാധാന്യം നൽകാനും മുസ്ലീംങ്ങളെ ഉൽബോധിപ്പിച്ചു . മുസ്ലീം സമൂഹത്തിൽ നിലനിൽക്കുന്ന അജ്ഞത , അന്ധവിശ്വാസം , ബഹുഭാര്യത്വം , ക്ഷിപ്രസാധ്യമായ വിവാഹമോചനം തുടങ്ങിയ ദുഷിച്ച ആചാരങ്ങളെ അദ്ദേഹം എതിർത്തു . സ്വതന്ത്ര ചിന്തക്ക് ഉയർന്ന സ്ഥാനം നൽകി . ജനങ്ങളോട് വിശാലവീക്ഷണവും സഹിഷ്ണതയും പരിശീലിക്കാൻ ഉൽബോധിപ്പിച്ചു . ഹിന്ദു മുസ്ലീം മൈത്രിക്ക് വേണ്ടി വാദിച്ചു . സ്ത്രീ വിദ്യാഭ്യാസത്തെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു . സ്ത്രീകൾ ബുർഖ ഉപേക്ഷിക്കാനും പുസ്തകവും പേനയും കയ്യിലെടുക്കാനും ആഹ്വാനം ചെയ്തു . ഉലമകൾ അദ്ദേഹത്തിന് എതിരെ ഫത്വവ പുറപ്പെടിച്ചു . അത് പല പ്രശ്നങ്ങളും സൃഷ്ടിച്ചെങ്കിലും മുന്നോട്ടുള്ള പ്രയാണം തുടർന്നു . ഇന്ത്യൻ മുസ്ലീംങ്ങളുടെ മത – സാമൂഹ്യ ജീവിതം അഭിവൃദ്ധിപ്പെടണമെങ്കിൽ പാശ്ചാത്യവിദ്യാഭ്യാസം അനുപേക്ഷണീയമാണെന്നദ്ദേഹം കരുതി .

മുസ്ലീംങ്ങളുടെ ഇടയിൽ ആധുനിക വിദ്യഭ്യാസം പ്രചരിപ്പിക്കുന്നത് തൻ്റെ ജീവിതസന്ദേശമായി അദ്ദേഹം സ്വീകരിച്ചു .1875 ൽ അലിഗഢിൽ അദ്ദേഹം സ്ഥാപിച്ച മുഹമ്മദൻ ആംഗ്ലോ ഓറിയൻ്റൽ കോളേജ് പില്ക്കാലത്ത് ‘ അലിഗഢ് മുസ്ലീം സർവ്വകലാശാല ‘ യായി വളർന്നത് .തുടർന്ന് മുസ്ലീംങ്ങളുടെ വിദ്യാഭ്യാസപരവും സാമൂഹി പരവുമായ മുന്നേറ്റത്തിന് വേണ്ടി അദ്ദേഹം ആരംഭിച്ച പ്രസ്ഥാനമാണ് അലിഗഢ് പ്രസ്ഥാനം . മുസ്ലീം യാഥാസ്ഥികരിൽ നിന്ന് പ്രസ്ഥാനത്തിന് ശക്തമായ എതിർപ്പുകൾ നേരിടേണ്ടി വന്നിരുന്നു . എഡിൻബർഗ് സർവ്വകലാശാലയിൽ നിന്ന് നിയമം പഠിച്ച അദ്ദേഹം അലിഗഢിലെ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചു . ഇസ്ലാമിക പഠനവിഷയങ്ങൾ , ഇംഗ്ലീഷ് , ഗണിതം, ശാസ്ത്ര , സാങ്കേതിക , മാനവിക വിഷങ്ങൾ , ആധുനിക ഇന്ത്യൻ ഭാഷകൾ , അന്യഭാഷകൾ , ഹിന്ദി , സംസ്കൃതം തുടങ്ങിയവ പഠന വിഷയങ്ങളാണ് . ഇതര മതസ്ഥർക്കും പഠന സൗകര്യം ഉണ്ട് . ഇന്ത്യയിലും വിദേശത്തുമുള്ള പ്രഗത്ഭരായവർ അദ്ധ്യാപനം നടത്തിയിരുന്നു . ബ്രിട്ടിഷ് ഇന്ത്യൻ വിദ്യാഭ്യാസ പരിഷ്കാരത്തിൻ്റെ ഫലമായി ഫണ്ടുകൾ അനുവദിക്കപ്പെട്ടിരുന്നു . ഇവിടെ നിന്ന് പഠിച്ചിറങ്ങുന്നവർ ഇന്ത്യൻ നവോത്ഥാനത്തിൻ്റെ സന്ദേശകരായി മാറി . ഈശ്വരി പ്രസാദ് , ഡോ.സാക്കിർ ഹുസൈൻ , മുഹമ്മദ് അബ്ദുൾ റഹ്മാൻ സാഹിബ് , അതിർത്തി ഗാന്ധി , അലി സഹോദരന്മാർ , മുഹസിനു മുൽക്ക് , ലിയാഖത്ത് അലി ഖാൻ , അഫ്താബ് അഹമ്മദ് ഖാൻ , മുഹമ്മദ് ഹബീബ് , സാഹിർ ലുധിയാൻവി , നസറുദ്ദീൻ ഷാ , ഹസ്രത്ത് മൊഹാനി , കെയ്ഫി ആസ്മി , ജാവേദ് അഖ്തർ , ധ്യാൻചന്ദ് , ലാലാ അമർനാഥ് , സാഹിബ് സിങ് വർമ്മ , ഹർഷ് നാരായണൻ , മജ്റൂഹ് സുൽത്താൻപൂരി , റാഹി മഅസും റാസ , സഫർ ഇക്ബാൽ , ഇസ്മത് പുഗ്തായി അങ്ങനെ പോകുന്നു പട്ടിക . ഇവരെല്ലാം വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാട് വെച്ചു പുലർത്തുന്ന ഇന്ത്യൻ രാഷ്ട്രീയ – സാംസ്കാരിക ചരിത്രത്തിലെ തിളങ്ങുന്ന നക്ഷത്രങ്ങളാണ് . ഇന്നും ഇന്ത്യയിലെ മികച്ച കേന്ദ്ര സർവ്വകലാശാലകളിൽ ഒന്നാണ് അലിഗഢ് സർവ്വകലാശാല .

ഇന്ത്യൻ രാഷ്ട്രീയ നേതാക്കളായ ദാദാഭായ് നവറോജി , സുരേന്ദ്രനാഥ് ബാനർജി എന്നിവരുടെ ശ്രമങ്ങളെ അദ്ദേഹം പിന്തുണച്ചു . സുരേന്ദ്രനാഥ് ബാനർജിയുമായി ചേർന്ന് ഇന്ത്യൻ സിവിൽ സർവ്വീസ് പ്രക്ഷോഭത്തിൽ സഹകരിച്ചു . മുസ്ലീം ബിരുദധാരികൾക്ക് ഇംഗ്ലണ്ടിൽ പോയി സിവിൽ സർവ്വീസ് പഠനം നടത്താൻ സയ്യിദ് അഹമ്മദ് ഖാൻ 1883ൽ ‘ മുഹമ്മദൻ സിവിൽ സർവ്വീസ് ഫണ്ട് അസോസിഷൻ ‘ സ്ഥാപിച്ചു . ഇന്ത്യ മുഴുവൻ ചുറ്റി സഞ്ചരിച്ച് മുസ്ലീംങ്ങളോട് പാശ്ചാത്യ വിദ്യാഭ്യാസം നേടാൻ ആഹ്വാനം ചെയ്തു .

ഇന്ത്യൻ ജനത ആധുനിക വിദ്യാഭ്യാസവും , ഭരണ പരിചയവും, ശാക്തീകരണവും നേടുന്നതു വരെ ബ്രിട്ടിഷ് ഭരണത്തിൻ്റെ നേട്ടങ്ങളെ ഉപയോഗിക്കാൻ അദ്ദേഹം ഉപദേശിച്ചു . അതുവരെ ദേശീയ പ്രസ്ഥാനത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ അദ്ദേഹം മുസ്ലീംങ്ങളെ ഉപദേശിച്ചു . മിതവാദികളായ കോൺഗ്രസ്സ്കാരും ( 1885 _ 1905 ) ഇന്ത്യക്കാർക്ക് ഭരണപരിചയം ലഭിക്കുന്നതുവരെ സ്വയംഭരണത്തെകുറിച്ച് ചിന്തിച്ചിരുന്നില്ല . മുസ്ലീം യുവജനങ്ങൾക്ക് രാഷ്ട്രീയ പരിശീലനം നൽകുന്നതിന് 1888 ൽ അദ്ദേഹം ‘ യുണൈറ്റഡ് പാട്രിയോട്ടിക് അസോസിയേഷനും’ , 1893 ൽ ‘ മുഹമ്മദൻ ഡിഫൻസ് അസോസിയേഷനും’ സ്ഥാപിച്ചു . ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൽ (കോൺഗ്രസ്സിൽ ) ചേരുന്നതിൽ അദ്ദേഹം മുസ്ലീംങ്ങളെ തടയുന്നുയെന്നതാണ് പലരും ഉന്നയിക്കുന്ന കുറ്റം .1898 ൽ സർ സയ്യിദ് അഹമ്മദ് ഖാൻ മരിക്കുന്ന കാലത്തും കോൺഗ്രസ്സ് വക്കീലന്മാരുടെയും ‘ ബുദ്ധിജീവികളുടെയും ഭൂസ്വാമിമാരുടെയും രാഷ്ട്രീയ പാർട്ടിയായിരുന്നു അതിൽ സാധാരണകാരന് അംഗത്വം ലഭിച്ചിരുന്നില്ല .

ബ്രിട്ടീഷുകാര്‍ സ്റ്റാർ ഓഫ് ഇന്ത്യ പദവി നൽകി അദ്ദേഹത്തെ ആദരിച്ചു

1878 ൽ സർ സയ്യിദ് ഖാനെ വൈസ്രോയിയുടെ ഇംമ്പീരിയൽ ലെജിസ്ലേറ്റിവ് കൗൺസിലിലേക്ക് നാമനിർദ്ദേശം ചെയ്തു .

1876 , 1887 വർഷങ്ങളിൽ വൈസ്രോയി അദ്ദേഹത്തെ കൽക്കത്ത , അലഹബാദ് സർവ്വകലാശകളിൽ ഫെല്ലോ ആയി നിയമിച്ചു .

1887 ഡഫറിൻ പ്രഭു സിവിൽ സർവ്വീസ് കമ്മീഷൻ അംഗമായി നാമനിർദ്ദേശം ചെയ്തു

അദ്ദേഹത്തിനോടുള്ള ആദരസൂചകമായി ഇന്ത്യയിലും പാക്കിസ്ഥാനിലും തപാൽ സ്റ്റാമ്പുകൾ ഇറക്കി .

സർ സയ്യിദ് അഹമ്മദ് ഖാൻ്റെ ഗ്രന്ഥങ്ങൾ

അസ്ബാബ് _ ഇ_ ബാഗാവത്ത്_ ഇ_ ഹിന്ദ്
അസർ അൽ സനാദിദ്
സിൻ സിലത്ത് ഉൽ മുൽക്ക്
തബീൻ ഉൽ കലം etc.

ഇന്ത്യയിലെ മത സാമൂഹ്യ പരിഷ്കർത്താക്കളിൽ ഒരാളാണ് സർ സയ്യിദ് അഹമ്മദ് ഖാൻ . എല്ലാ പരിഷ്കർത്താക്കളും അവരുടെ സ്വന്തം മതത്തിൻ്റെയോ ജാതിയുടെയോ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുകയും , ബ്രിട്ടിഷ്കാരുമായി സഹകരിച്ച് കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചവരാണ് . ഇവരിൽ മിക്കവരുടെയും പ്രവർത്തനങ്ങൾ അറിഞ്ഞോ അറിയാതെയോ വർഗ്ഗീയതയുടെ വളർച്ചക്ക് കാരണമായിട്ടുണ്ട് . എന്നാൽ അവരിൽ സർ സയ്യിദ് അഹമ്മദ് ഖാനെ മാത്രം ചരിത്രം വർഗ്ഗീയവാദിയായി ചിത്രീകരിച്ചു .

1888 മാർച്ച് 14 ന് മീററ്റിൽ നടത്തിയ അദ്ദേഹത്തിൻ്റെ പ്രസംഗത്തിലെ ശ്രദ്ധേയമായ രണ്ടു വരി പരാമർശിക്കാം . ”ഇന്ത്യയെന്ന സുന്ദരിയായ വധുവിൻ്റെ രണ്ടു കണ്ണുകളാണ് ഹിന്ദുവും മുസ്ലീമും , അതിൽ ഒരു കണ്ണ് തകർന്നാൽ മുഖം വികൃതമാകും . നിങ്ങൾ ഇരുസമുദായങ്ങളും രാജ്യത്തിന് വേണ്ടി ഒന്നിച്ച് പ്രവർത്തിക്കുക .”

ഇന്ന് ഇന്ത്യയിലെ മറ്റെല്ലാ സമുദായങ്ങളുമായും തോളോടുതോൾ ചേർന്ന് നടക്കാൻ മുസ്ലീം സമുദായത്തിന് സാധിച്ചു .1857 ലെ കലാപത്തിന് ശേഷം തകർന്നടിയേണ്ട ഒരു സമുദായത്തെ സാമൂഹികമായും വിദ്യാഭ്യാസപരമായും ഉയിർത്തെഴുന്നേല്പിച്ചതിന് അവിഭക്ത ഭാരതത്തിലെ ഓരോ മുസൽമാനും സർ സയ്യിദ് അഹമ്മദ് ഖാനോട് കടപ്പെട്ടിരിക്കുന്നു.

(തുടരും)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Scroll to top