Flash News

സൂഫിസം (Sufism) – ഭാഗം 18

September 15, 2020 , ബിന്ദു ചാന്ദിനി

സമകാലിക പണ്ഡിതരും നിരീക്ഷകരും ഇന്ത്യാ വിഭജനത്തെ കൂട്ടക്കുരുതി ( Holocaust ) എന്നാണ് വിശേഷിപ്പിക്കുന്നത് . 1947- 48 ൽ ഇന്ത്യയിൽ നടന്നത് നാസി ജർമനിയിൽ സംഭവിച്ചത് പോലെ ഏതെങ്കിലും വിഭാഗത്തെ രാഷ്ട്രത്തിന്റെ നേതൃത്വത്തിലുള്ള തുടച്ചു മാറ്റലല്ല . ഇന്ത്യാ വിഭജനത്തെ തുടർന്നുണ്ടായ ” വംശീയ ശുദ്ധീകരണം ” ( ethnic cleansing) നടത്തിയത് ചില മതങ്ങളുടെ സംരക്ഷകരായി “സ്വയം ചമഞ്ഞു” നടക്കുന്നവരുടെ നേതൃത്വത്തിലാണ്.

ഇന്ത്യാ വിഭജനത്തെ അതിജീവിച്ചവർ 1947 നെക്കുറിച്ച് പറയുമ്പോൾ . പട്ടാള നിയമം , കൊലകൾ , തീവെപ്പ് , ബലാൽസംഗം , ഒച്ചപ്പാട് , കോലാഹലം എന്നീ പദങ്ങളാണ് ഉപയോഗിക്കുന്നത് .

ഇന്ത്യാ വിഭജനത്തോടു അനുബന്ധിച്ച് പതിനാറു മാസങ്ങൾ വ്യാപകമായ ആക്രമണങ്ങൾ അരങ്ങേറി . രണ്ടു ലക്ഷത്തിനും അഞ്ചു ലക്ഷത്തിനും ഇടയ്ക്ക് ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടാകാം എന്നാണ് ഏകദേശ കണക്ക് . ലക്ഷക്കണക്കിന് സ്ത്രീകൾ മാനഭംഗത്തിനിരയാകുകയും ചെയ്തു . ഒട്ടേറെ സ്ത്രികളെ തട്ടികൊണ്ടു പോയി . ദശലക്ഷകണക്കിന് ജനങ്ങൾ സ്വന്തം മണ്ണിൽ നിന്ന് പിഴുതെറിയപ്പെട്ടു . അവർ അന്യ നാടുകളിൽ അഭയാർത്ഥികളായി മാറി . ഒന്നരക്കോടിയിലധികം ജനങ്ങൾ പെട്ടെന്ന് പണിതുയർത്തിയ ഇന്ത്യാ – പാക്കിസ്ഥാൻ അതിർത്തി കടന്ന് പോയി . വീട് നഷ്ടപ്പെട്ട് അപരിചിതമായ സ്ഥലങ്ങളിൽ എത്തിപ്പെട്ട അവർ അഭയാർത്ഥികളായി മാറി . അവർക്ക് അവരുടെ എല്ലാ സ്വത്തുക്കളും നഷ്ടപ്പെട്ടിരുന്നു . സ്വന്തക്കാരിൽ നിന്നും ഉറ്റവരിൽ നിന്നും അവർ വേർപ്പെട്ടു . അവരുടെ ആസ്ഥാനങ്ങളിൽ നിന്നും , വീടുകളിൽ നിന്നും , നിലങ്ങളിൽ നിന്നും , സ്വത്തുക്കളിൽ നിന്നും അവരുടെ ബാല്യകാലസ്മരണകളിൽ നിന്നും അവരെ അടർത്തിമാറ്റി . സ്വന്തം നാടും വീടും സംസ്കാരവും നഷ്ടപ്പെട്ട അവർക്ക് അപരിചിതമായ നാട്ടിൽ ഒന്നുമില്ലായ്മയിൽ നിന്ന് ഒരു ജീവിതം പടുത്തുയർത്തേണ്ടി വന്നു .

ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ ദശകങ്ങളിൽ ആരംഭിച്ച വർഗ്ഗീയ രാഷ്ട്രീയത്തിൻ്റെ പരിണാമഗുപ്തിയാണ് വിഭജനം.1905 മുതൽ 1916 വരെയുള്ള കാലഘട്ടത്തിൽ കോൺഗ്രസ്സിൽ വളർന്നുവന്ന ഹിന്ദുത്വ ദേശീയത. 1906 ലെ മുസ്ലീം ലീഗിൻ്റെ രൂപീകരണം .1909 ലെ മിൻ്റോ മോർളി ഭരണപരിഷ്കാരത്തിലൂടെ മുസ്ലീംങ്ങൾക്ക് നൽകിയ പ്രത്യേക സംവരണം .1919 ലെ മൊണ്ടേഗു ചെംസ്ഫോർഡ് ഭരണപരിഷ്കാരത്തിലുടെ സിഖ് , ആംഗ്ലോ ഇന്ത്യൻ , യൂറോപ്യന്മാർ എന്നീ വിഭാഗങ്ങളെ ഉൾപ്പെടുത്തി സംവരണം വികസിപ്പിച്ചു . 1915 ൽ മദൻ മോഹൻ മാളവ്യയാണ് ഹിന്ദു മഹാസഭ സ്ഥാപിച്ചത് . ഹൈന്ദവ സമൂഹത്തെ ഏകീകരിക്കുന്നതിനും ഹിന്ദു രാഷ്ട്രത്തിനു വേണ്ടി അത് പ്രചരണം തുടങ്ങി . സിഖ് താൽപര്യങ്ങൾ സംരക്ഷിക്കാൻ സീഖ് ലീഗ് . കൂടാതെ1925 ലാണ് നാഗ്പൂർ ആസ്ഥാനമായി ആർ എസ് എസ് സ്ഥാപിക്കപ്പെട്ടത് . 1940 ആയപ്പോഴേക്കും ആർ എസ് എസിൽ പരിശീലനം സിദ്ധിച്ച ഒരു ലക്ഷത്തിലധികം കേഡർമാർ ഉണ്ടായിരുന്നു . ഹൈന്ദവ ദേശീയത എന്ന പ്രത്യയശാസ്ത്രം പിൻതുടരുന്ന അവർ ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്ന് വിശ്വസിച്ചു . ഹിന്ദുമഹാസഭയും ആർ എസ് എസും സ്വീകരിച്ച തീവ്ര ഹൈന്ദവ നിലപാട് മുസ്ലീം വിഭാഗീയതയെ മൂർഛിപ്പിക്കുകയും രാജ്യത്തിൻ്റെ വിഭജനത്തിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്തു .

‘സാമുദായിക സ്വത്വം’ എന്ന പ്രതിഭാസം ദൃഢീകരിക്കുന്നതിന് ഇരുപതാം നൂറ്റാണ്ടിൻ്റെ ആരംഭത്തിലുണ്ടായ മറ്റു പല സംഭവങ്ങളും കാരണമായിട്ടുണ്ട് .

1920 കളിലും 1930 കളിലും പല സംഭവങ്ങളുടേയും പേരിൽ സംഘർഷങ്ങൾ ഉണ്ടായി . മുസ്ലീംങ്ങളുടെ ആരാധനാലയങ്ങൾക്കു മുമ്പിൽക്കൂടി പ്രാർത്ഥനാസമയത്ത് “ഭജന ആലപിച്ചുകൊണ്ടു പോവുക” , ‘ഗോസംരക്ഷണ പ്രസ്ഥാനം’, “ശുദ്ധി” പ്രസ്ഥാനം (മറ്റു മതങ്ങളിലേക്ക് മാറിയവരെ തിരികെ ഹിന്ദു മതത്തിലേക്ക് കൊണ്ടുവരിക) എന്നീ കാര്യങ്ങൾ മുസ്ലീംങ്ങളെ ക്ഷുഭിതരാക്കി . തബ്ലീഗ് , തൻസീം എന്നിവപോലുള്ള ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ അതിവേഗത്തിലുള്ള വളർച്ച ഹിന്ദുക്കളേയും ക്ഷുഭിതരാക്കി . ഇംഗ്ലീഷ് ചരിത്രകാരന്മാരും അവരെ തുടർന്ന് ചില ഇന്ത്യക്കാരും ചരിത്രം എഴുതിയ രീതി മതവിദ്വേഷം വളർത്തുന്നതായിരുന്നു . ഇത്തരത്തിലെഴുതിയ ചരിത്രത്തിൻ്റെ അടിസ്ഥാനത്തിൽ പല ഹിന്ദു സെമീന്ദാർമാരും എഴുത്തുകാരും രാഷ്ട്രീയപ്രവർത്തകരും മുസ്ലീം വിദ്വേഷം പ്രചരിപ്പിച്ചു . മദ്ധ്യകാല മുസ്ലീം സ്വേച്ഛാധിപത്യത്തിൽ നിന്ന് ഇംഗ്ലീഷുകാർ ഇന്ത്യയെ ‘ രക്ഷിച്ചു ‘ എന്ന സാമ്രാജ്യവാദികളുടെ അഭിപ്രായം അവരിൽ പലരും ഏറ്റുപറഞ്ഞു .ഹിന്ദി ഹിന്ദുക്കളുടെയും ഉറുദു മുസ്ലീംങ്ങളുടെ ഭാഷയാണെന്ന തെറ്റായ പ്രചരണം നിലവിൽ വന്നു . ഗോവധ നിരോധനത്തിന് വേണ്ടിയുള്ള മുറവിളികൂടി മുസ്ലീംവിരുദ്ധ നയമായിട്ടാണ് രൂപം കൊണ്ടത് . വൻതോതിൽ ബ്രിട്ടിഷ് പട്ടാളക്കാർ ഗോവധം നടത്തിയിരുന്നത് അവഗണിക്കപ്പെട്ടു . മധ്യവർഗത്തിൽപ്പെട്ട വർഗ്ഗീയവാദികൾ അവരുടെ സമുദായത്തിൽ കൂടുതൽ കൂടുതൽ ആദർശൈക്യം ഉണ്ടാക്കുവാനും മറ്റു സമുദായങ്ങൾക്കെതിരെ ആളുകളെ സംഘടിപ്പിക്കാനും ശ്രമിച്ചു .രാജ്യത്തിൻ്റെ പലഭാഗങ്ങളിലും കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു . ഓരോ വർഗ്ഗീയകലാപങ്ങളും സമുദായങ്ങൾ തമ്മിലുള്ള വൈരാഗ്യത്തിനു മൂർച്ചകൂട്ടി .

ഗാന്ധിയൻ യുഗം

ഗാന്ധിജിയും അതിർത്തി ഗാന്ധിയും

1919 മുതൽ 1947 വരെ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൻ്റെ അനിഷേധ്യനേതാവായിരുന്നു മഹാത്മാഗാന്ധി (1869 – 1948). ഈ കാലഘട്ടത്തെ ‘ഗാന്ധിയൻ യുഗം’ എന്നു വിളിക്കുന്നതിൽ അത്ഭുതപ്പെടാനില്ല . ഇന്ത്യയിൽ , ഗാന്ധിജി ആദ്യമായി പങ്കെടുത്ത പ്രധാനപ്പെട്ട ഒരു പൊതുപരിപാടി ബനാറസ് ഹിന്ദു സർവ്വകലാശാലയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ചടങ്ങായിരുന്നു . ക്ഷണിക്കപ്പെട്ട പ്രത്യേകാവകാശങ്ങളുള്ള , സമ്പന്നരായ പ്രഭുക്കളെ നോക്കി അദ്ദേഹം പറഞ്ഞു : “നിങ്ങൾ ഈ ആടയാഭരണങ്ങൾ സ്വയം ത്യജിച്ച് അത് ഈ നാട്ടിലെ സാധാരണക്കാർ വേണ്ടി കരുതലോടെ ഉപയോഗിക്കുന്നില്ലെങ്കിൽ ഇന്ത്യക്കു മോചനമില്ല ” . അദ്ദേഹം തുടർന്നു : ” തങ്ങളുടെ അദ്ധ്വാനത്തിൻ്റെ മുഴുവൻ ഫലവും കർഷകരിൽനിന്ന് നിങ്ങൾ കവരുകയോ അല്ലെങ്കിൽ മറ്റുള്ളവരെ കവരുവാൻ അനുവദിക്കുകയോ ചെയ്യുകയാണെങ്കിൽ , സ്വയംഭരണം എന്ന വാക്കിന് അർത്ഥമില്ല . കർഷകരിലൂടെ മാത്രമേ നമ്മുടെ മോചനം സാധ്യമാവുകയുള്ളു . നിയമജ്ഞരോ, ഡോക്ടർമാരോ , സമ്പന്നരായ ഭൂപ്രഭുക്കളോ നമ്മെ മോചിപ്പിക്കാൻ അപ്രാപ്തരാണ് ” . ഗാന്ധിജിയുടെ ബനാറസ് പ്രസംഗം ഇന്ത്യൻ ദേശീയത ഒരു വരേണ്യവർഗ്ഗ പ്രസ്ഥാനമാണ് എന്ന വസ്തുതയുടെ ഒരു പ്രസ്താവനയായിരുന്നു . ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റിയെടുക്കാനുള്ള ഗാന്ധിജിയുടെ ആഗ്രഹം അത് പ്രകടിപ്പിച്ചു . 1916 ൻ്റെ അന്ത്യത്തോടെ തൻ്റെ ആശയങ്ങൾ പ്രയോഗത്തിൽ കൊണ്ടുവരാനുള്ള അവസരം ഗാസിജിക്കു ലഭിച്ചു .1917 ലെ ചമ്പാരൻ സത്യാഗ്രഹം , അഹമ്മദാബാദ് മിൽ പണിമുടക്ക് , ഖേഡ സത്യാഗ്രഹം എന്നീ മൂന്നു പ്രാദേശിക സമരങ്ങളാണ് ഗാന്ധിജിയെ ഇന്ത്യയിലെ അദ്ധ്വാനിക്കുന്ന ജനവിഭാഗവുമായി അടുപ്പിച്ചത് . റൗലറ്റ് നിയമങ്ങൾക്ക്ക്കെതിരെയുള്ള പ്രക്ഷോഭമാണ് ഗാന്ധിജിയെ ഒരു യഥാർത്ഥ ദേശീയ നേതാവാക്കിയത് . ബ്രിട്ടീഷുകാരുമായി ഏതു വിധത്തിലുള്ള സഹകരണത്തിൽ നിന്നും വിട്ടു നില്ക്കാൻ അദ്ദേഹം ജനങ്ങളെ ഉദ്ബോധിപ്പിച്ചു . നിസ്സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനും വിപുലീകരിക്കാനും വേണ്ടി അദ്ദേഹം പ്രസ്ഥാനത്തെ ഖിലാഫത്ത് പ്രസ്ഥാനവുമായി കൂട്ടിച്ചേർത്തു . ഇന്ത്യയിലെ ഖിലാഫത്ത് പ്രസ്ഥാനത്തിൻ്റെ നേതാക്കന്മാർ ആലി സഹോദരന്മാർ (മുഹമ്മദ് ആലിയും , ഷൗക്കത്ത് ആലിയും) മൗലാനാ ആസാദ് , ഹക്കിം അജ്മൽ ഖാൻ തുടങ്ങിയവരായിരുന്നു . ദേശീയ പ്രസ്ഥാനത്തിൽ നിന്ന് അകന്നു നിന്നിരുന്ന മുസ്ലീംങ്ങളെ ബ്രിട്ടിഷ് ഗവൺമെൻ്റിനെതിരെ അണിനിരത്തിയ ഒരു സംഭവവികാസമായിരുന്നു ഖിലാഫത്ത് . ലഖ്നൗ ഉടമ്പടി ഹിന്ദു – മുസ്ലീം സഹകരണത്തിന് വഴിയൊരുക്കി കഴിഞ്ഞിരുന്നു. ലോകമാന്യതിലകനും മഹാത്മാ ഗാന്ധിയുമടക്കം കോൺഗ്രസ്സ് നേതാക്കൾ മുസ്ലീംങ്ങളെ ദേശീയ പ്രസ്ഥാനത്തിൽ ഉൾക്കൊള്ളിക്കാൻ കിട്ടിയ ഈ അവസരം ശരിക്കും ഉപയോഗിക്കണമെന്ന് തീർച്ചയാക്കി. കോൺഗ്രസ്സിൻ്റെ സ്വഭാവംതന്നെ മാറി . ഒരു ജനകീയ സംഘടനയായി വളർന്നു . എന്നാൽ പുതിയ രൂപവും ഭാവവും ഇഷ്ടപ്പെടാത്ത കുറെപേർ കോൺഗ്രസ്സ് വിട്ടുപോയി . മുഹമ്മദാലി ജിന്ന , ജി എസ്. കാർപാഡെ , ബിപിൻ ചന്ദ്രപാൽ , ആനിബസൻ്റ് മുതലായവർ വിയോജിപ്പ് പ്രകടിപ്പിച്ച് കോൺഗ്രസ്സ് വിട്ടുപോയി . ക്രിയാത്മകവും നിഷേധാത്മകവുമായ പരിപാടിയിൽ ഉൾക്കൊള്ളുന്നതായിരുന്നു നിസ്സഹകരണ പ്രസ്ഥനം . നിസ്സഹകരണ പ്രസ്ഥാനം നാട്ടിലാകെ പടർന്നു പിടിച്ചപ്പോൾ അതിനെ അടിച്ചമർത്താനാണ് ബ്രിട്ടീഷ് ഗവൺമെൻ്റ് ശ്രമിച്ചത് .1922 ഫെബ്രുവരി 5ന് ചൗരിചൗരാഗ്രാമത്തിൽ ആക്രമം പൊട്ടിപ്പുറപ്പെട്ടു . അഹിംസാത്മകമായ സമരം നടത്താൻ ജനങ്ങൾ ഇനിയും സജ്ജരായിട്ടില്ലെന്നു പ്രഖ്യാപിച്ചുകൊണ്ട് ഗാന്ധിജി ഉടൻതന്നെ നിസ്സഹകരണ സമരം പിൻവലിച്ചു .1922 ഓടെ ഗാന്ധിജി ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെ ഒരു ബഹുജന പ്രസ്ഥാനമാക്കി മാറ്റിയെടുത്തു . അന്നു മുതൽ അത് കുറെ പ്രമാണിമാരുടെയും ബുദ്ധിജീവികളുടേയും പ്രസ്ഥാനമല്ല: മറിച്ച് , അത് കർഷകരും കൂലിവേലക്കാരും കൈത്തൊഴിൽകാരും ഉൾപ്പെടുന്ന സാധാരണ ജനങ്ങളുടെ പ്രസ്ഥാനമാണ് .മറ്റു നേതാക്കളാൽ നിന്നു വ്യത്യസ്തനായി ഗാന്ധിജി ജനങ്ങൾക്കൊപ്പം നിന്ന് അവരോടൊപ്പം പ്രവർത്തിച്ചു . ജനങ്ങളുമായുള്ള ഈ താദാത്മ്യം പ്രാപിക്കൽ അദ്ദേഹത്തിൻ്റെ വസ്ത്രധാരണത്തിൽ പ്രതിഫലിക്കുന്നതായി കാണാം.1922 മുതൽ 1928 വരെ സ്വരാജ് പാർട്ടിയുടെ കാലമായിരുന്നു . 1928ൽ HSRA രൂപീകരിച്ചു.

1928 ഓടെ ഗാന്ധിജി വീണ്ടും രാഷ്ട്രീയ രംഗത്തേക്ക് തിരിച്ചു . സൈമൺ കമ്മീഷനെതിരായ പ്രക്ഷോഭത്തിൽ ഗാന്ധിജി നേരിട്ടു പങ്കെടുത്തിരുന്നില്ല . എന്നാൽ അതിനദ്ദേഹത്തിൻ്റെ എല്ലാ അനുഗ്രഹാശിസ്സുകളും ഉണ്ടായിരുന്നു . 1929ൽ ലാഹോർ കോൺഗ്രസ്സിൻ്റെ അദ്ധ്യക്ഷനായി ജവഹർലാൽ നെഹ്റു തെരഞ്ഞെടുക്കപ്പെട്ടു .കോൺഗ്രസ്സിൻ്റെ അന്തിമ ലക്ഷ്യം ‘പൂർണ്ണ സ്വരാജ് ‘ ആണെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു പ്രമേയം സമ്മേളനം പാസ്സാക്കി . ചില തീരുമാനങ്ങൾ കൂടി ലാഹോർ സമ്മേളനം കൈകൊണ്ടു .1928 ഡിസംബർ 31 ന് ഇന്ത്യയുടെ സ്വാതന്ത്ര്യപതാകയായി അംഗീകരിച്ച ത്രിവർണ്ണ പതാക ഉയർത്താൻ തീരുമാനിച്ചു ,1930 ജനുവരി 26 ആദ്യത്തെ സ്വാതന്ത്ര്യ ദിനമായി ആചരിക്കാൻ തീരുമാനിച്ചു ,ഒരു സിവിൽ നിയമലംഘന പ്രസ്ഥാനം ഗാന്ധിജിയുടെ നേതൃത്വത്തിൽ ആരംഭിക്കാനും സമ്മേളന തീരുമാനിച്ചു . ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരായി ഗാന്ധിജി നയിച്ച രണ്ടാമത്തെ ഐതിഹാസികമായ പ്രക്ഷോഭമാണ് സിവിൽ നിയമലംഘന പ്രസ്ഥാനം . ഗാന്ധിജിയുടെ ചരിത്രപ്രസിദ്ധമായ ദണ്ഡിയാത്രയോടെയാണ് ഇതിന് തുടക്കം കുറിച്ചത് .1930 മാർച്ച് 12ന് തെരഞ്ഞെടുക്കപ്പെട്ട 78 വിശ്വസ്തരായ അനുയായികളോടൊപ്പം ഗാന്ധിജി സബർമതി ആശ്രമത്തിൽ നിന്നും ദണ്ഡി കടൽതീരത്തേക്ക് മാർച്ചു ചെയ്തു . ഉപ്പു നിയമം പരസ്യമായി ലംഘിച്ചുകൊണ്ട് ഉപ്പുണ്ടാക്കി .തുടർന്ന് രാജ്യത്തിൻ്റെ നാനാഭാഗങ്ങളിലും ഉപ്പുസത്യാഗ്രഹങ്ങൾ നടന്നു . ഉപ്പു സത്യാഗ്രഹത്തിൻ്റെ കാലത്ത് ഏതാണ്ട് 60000 ഇന്ത്യക്കാരെ അറസ്റ്റു ചെയ്തു ജയിലിലടച്ചു എന്നാണ് കണക്ക് . ഗാന്ധിജിയും ജയിലിലടയ്ക്കപ്പെട്ടവരിൽ ഉൾപ്പെട്ടിരുന്നു . സിവിൽ നിയമലംഘന പ്രസ്ഥാനം ശക്തമായി നടക്കുമ്പോഴാണ് ഒന്നാം വട്ടമേശ സമ്മേളനം 1930 നവംബറിൽ ലണ്ടനിൽ വിളിച്ചു കൂട്ടിയത് . ഈ സമ്മേളനം കോൺഗ്രസ്സ് ബഹിഷ്കരിച്ചു .1931 ജനുവരിയിൽ ഗാന്ധിജി ജയിലിൽ നിന്ന് മോചിതനായി . തുടർന്ന് നടന്ന നിരവധി ചർച്ചകൾക്ക് ശേഷമാണ് 1931 മാർച്ച് 5ന് ഗാന്ധിജിയും വൈസ്രോയി ഇർവിൻ പ്രഭുവും ഒരു കരാറിലൊപ്പിടുന്നത് . ഗാന്ധി _ ഇർവിൻ കരാറിനെ ദേശീയവാദികൾ ശക്തമായി വിമർശിച്ചു . ഭഗത് സിങ്ങിൻ്റേയും അദ്ദേഹത്തിൻ്റെ സഖാക്കളുടേയും (സുഖ്ദേവ് , രാജ്ഗുരു ) വധശിക്ഷ ജീവപര്യന്തമാക്കി ഇളവു ചെയ്യുണമെന്ന ആവശ്യം പോലും ഗവൺമെൻ്റ് അംഗീകരിച്ചില്ല . 1931 മാർച്ച് 23ന് ലാഹോർ സെൻട്രൽ ജയിലിൽ വെച്ച് ഭഗത് സിങ്ങിനേയും കൂട്ടരേയും തൂക്കിലേറ്റി . ഈ വാർത്ത പരന്നപ്പോൾ രാജ്യത്തെ മരണതുല്യമായ നിശബ്ദത ഗ്രസിച്ചു .ഭഗത് സിങ്ങ് താമസിയാതെ രാജ്യത്തിലെ ഇതിഹാസമായി മാറി . അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ വീടുകളേയും വ്യാപാരശാലകളേയും അലങ്കരിക്കാൻ തുടങ്ങി . 1930 കളിൽ ഗാന്ധിജിയുടെ പ്രസിദ്ധിയെ പോലും അദ്ദേഹം മറികടന്നു . രാജ്യത്തിൻ്റെ മോചനത്തിനായി ജീവൻ ബലിയർപ്പിച്ച ഭഗത് സിങ്ങും കൂട്ടരും പിൽക്കാല ദേശീയപ്രക്ഷോഭങ്ങൾക്കു വൈകാരികാവേശം പകർന്നു . വർഗ്ഗീയത ഇന്ത്യയ്ക്കുയർത്തുന്ന വിപത്തിനെപ്പറ്റി ഭഗത് സിങ്ങ് ബോധവാനായിരുന്നു . കൊളോണിയലിസം പോലെതന്നെ അപകടകരമാണ് വർഗീയതയെന്ന് അദ്ദേഹം മുന്നേറിപ്പുകൾ നൽകിയിരുന്നു . മതത്തിൻ്റെയും അന്ധവിശ്വാസങ്ങളുടേയും തടവറയിൽനിന്ന് ജനങ്ങൾ സ്വയം വിമോചിതരാവണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു .

ഡോ. അംബേദ്കർ

രണ്ടാം വട്ടമേശ സമ്മേളനം 1931 ൽ ലണ്ടനിൽ വിളിച്ചുകൂട്ടി . കോൺഗ്രസ്സിൻ്റെ ഏക പ്രതിനിധിയായി ഗാന്ധിജി ഈ സമ്മേളനത്തിൽ പങ്കെടുത്തു . എന്നാൽ കോൺഗ്രസ്സ് ഇന്ത്യയെ മുഴുവനായി പ്രതിനിധീകരിക്കുന്നുവെന്ന അദ്ദേഹത്തിൻ്റെ വാദത്തെ മുസ്ലീം ലീഗും , നാട്ടുരാജാക്കന്മാരും , അംബേദ്കറും വെല്ലുവിളിച്ചു . നിരാശനായ ഗാന്ധിജി ഇന്ത്യയിൽ വെറും കയ്യോടെ മടങ്ങിയെത്തുകയും സിവിൽ നിയമലംഘനം പുനഃരാരംഭിക്കുകയും ചെയ്തു . 1932ആഗസ്റ്റിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന റാംസേ മക്ഡൊനാൽഡ് സാമുദായിക പുരസ്കാരം പ്രഖ്യാപിച്ചു .അധ:സ്ഥിതർക്ക് പ്രത്യേക നിയോജക മണ്ഡലങ്ങൾ ഏർപ്പെടുത്തും . ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഗാന്ധിജി മരണംവരെയുള്ള ഉപവാസം ആരംഭിച്ചു . അധ:സ്ഥിതർക്കു പ്രത്യേക നിയോജക മണ്ഡലങ്ങൾ വേണമെന്നു വാദിച്ചിരുന്ന ഡോ. അംബേദ്കർ ഗാന്ധിജിയുടെ സമരത്തെ കേവലമൊരു രാഷ്ട്രീയ സ്റ്റാണ്ടായാണ് കണ്ടത്. എങ്കിലും ഗാന്ധിജിയുടെ ജീവൻ രക്ഷിക്കാൻ അദ്ദേഹം ഉൽകണ്ഠാകുലനായിരുന്നു . പൂന കരാർ അനുസരിച്ച് ജനസംഖ്യാടിസ്ഥാനത്തിൽ അവരുടെ സീറ്റുകൾ സംവരണം ചെയ്യാൻ തീരുമാനിച്ചു . ഗാന്ധിജി ഉപവാസമവസാനിപ്പിച്ചു . മൂന്നാം വട്ടമേശ സമ്മേളനത്തിൽ കോൺഗ്രസ് പങ്കെടുത്തില്ല . ഈ സമ്മേളനത്തിൻ്റെ അടിസ്ഥാനത്തിലാണ് 1935 ലെ ഇന്ത്യാ ഗവൺമെൻ്റ് നിയമം പാസ്സാക്കിയത്.

1930 കളിൽ കോൺഗ്രസ്സിനകത്തും പുറത്തും സോഷ്യലിസ്റ്റാശയങ്ങൾ പ്രചരിച്ചു . 1929ൽ അമേരിക്കയിലുണ്ടായ സാമ്പത്തികമാന്ദ്യം (Great Depression) സോഷ്യലിസ്റ്റാശയങ്ങളുടെ വളർച്ചയെ സഹായിച്ചു . കോൺഗ്രസ്സിനകത്ത് സോഷ്യലിസ്റ്റാശയങ്ങളുടെ ഏറ്റവും ശക്തനായ വക്താവ് ജവഹർലാൽ നെഹ്റു വായിരുന്നു . നെഹ്റുവിൻ്റെയും സുഭാഷ് ചന്ദ്രബോസിനെയും കോൺഗ്രസ്സദ്ധ്യക്ഷനായി തെരഞ്ഞെടുത്തത് കോൺഗ്രസ്റ്റിനകത്ത് വളർന്നു വ്യാപിച്ചിരുന്ന സോഷ്യലിസ്റ്റാശയങ്ങളുടെ തെളിവായി കണക്കാക്കാം .1936ൽ തൻ്റെ അദ്ധ്യക്ഷപ്രസംഗത്തിൽ ജവഹർലാൽ നെഹ്റു കോൺഗ്രസ്സിൻ്റെ ലക്ഷ്യമായി സോഷ്യലിസത്തെ അംഗീകരിക്കാനും പ്രസ്ഥാനത്തെ കർഷകത്തൊഴിലാളി വർഗ്ഗങ്ങളുമായി കൂടുതൽ അടുപ്പിക്കാനും ആഹ്വാനം ചെയതു .നെഹ്റുവിൻ്റെ ഈ സോഷ്യലിസ്റ്റ് പ്രസംഗത്തിൽ അസ്വസ്ഥരായ രാജേന്ദ്രപ്രസാദിൻ്റെയും സർദാർ പട്ടേലിൻ്റെയും നേത്യത്വത്തിലുള്ള യാഥാസ്ഥിതികർ പ്രവർത്തന സമിതിയിൽ നിന്ന് രാജിവയ്ക്കുമെന്ന് ഭീഷണി മുഴക്കുകയും ബോംബെയിലെ ചില പ്രമുഖ വ്യവസായികൾ നെഹ്റുവിനെ ആക്രമിക്കുന്ന തരത്തിലുള്ള പ്രസ്താവന ഇറക്കുകയും ചെയ്തു . രാജേന്ദ്രപ്രസാദും നെഹ്റുവും മഹാത്മാ ഗാന്ധിയുടെ അടുക്കലേക്ക് പോവുകയും വാർധയിലെ ആശ്രമത്തിലെത്തി അദ്ദേഹത്തെ കാണുകയും ചെയ്തു .അദ്ദേഹം നേരത്തെ പലപ്പോഴും ചെയ്തതു പോലെ ഒരു മധ്യസ്ഥനായി പ്രവർത്തിച്ചു കൊണ്ട് , നെഹ്റുവിൻ്റെ തീവ്രനിലപാടുകളെ നിയന്ത്രിക്കുകയും പ്രസാദിനെയും മറ്റുള്ളവരെയും നെഹ്റുവിൻ്റെ നേതൃത്വത്തിൻ്റെ പ്രാധാന്യം ബോധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്തു . ഗാന്ധിജിയുടെ എതിർപ്പുണ്ടായിരുന്നിട്ടും രണ്ടു പ്രാവശ്യം കോൺഗ്രസ്സ് പ്രസിഡൻ്റായി സുഭാഷ് ചന്ദ്രബോസിനെ തെരഞ്ഞെടുക്കപ്പെടുകയുണ്ടായി (1938 ലും 1939 ലും) . എങ്കിലും ഗാന്ധിജിയുമായുള്ള അഭിപ്രായ വ്യത്യാസം മൂലം 1939 ൽ കോൺഗ്രസ്സിൻ്റെ അദ്ധ്യക്ഷ പദവി അദ്ദേഹം രാജി വെക്കുകയും’ ഫോർവേഡ് ബ്ലോക്ക് ‘ എന്ന പേരിൽ ഒരു പാർട്ടി രൂപീകരിക്കുകയും ചെയ്തു . ആചാര്യ നരേന്ദ്രദേവ് , ജയപ്രകാശ് നാരായണൻ എന്നിവരുടെ നേത്യത്വത്തിൽ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി എന്നൊരു പാർട്ടിയും രൂപം കൊണ്ടു . സോഷ്യലിസത്തിൻ്റെയും മാർക്സിസത്തിൻ്റെയും ആശയങ്ങൾ ഇന്ത്യൻ മണ്ണിൽ പ്രചരിക്കുന്നത് തടയാൻ സാമ്രാജ്യത്യവും , മധ്യവർഗ്ഗവും കൊണ്ടുപിടിച്ചു ശ്രമിച്ചിരിന്നു .1920ൽ താഷ്കൻ്റ് നഗരത്തിൽ വെച്ച് എം എൻ റോയ് , അബനി മുഖർജി , മുഹമ്മദ് ഷെഫീഖ് സിദ്ദിഖി , മുഹമ്മദലി , എം പി ബിടി ആചാര്യ തുടങ്ങിയവർ ചേർന്ന് പ്രഥമ ഘടകം രൂപീകരിച്ചു .1925ൽ കാൺപൂരിൽ വെച്ച് ഇന്ത്യയിലുള്ള കമ്മൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ പ്രഥമ സമ്മേളനം നടന്നു . ഭീകരമായ ഭരണകൂടവേട്ടയാടലുകൾ നേരിട്ടു കൊണ്ടും തുടർച്ചയായ നിരോധനങ്ങളെ അതിജീവിച്ചു കൊണ്ടാണ് കമ്മ്യുണിസ്റ്റ് പാർട്ടി മുന്നേറിയത് . ഹിന്ദു – മുസ്ലീം മതരാഷ്ട്രവാദത്തെ പ്രതിരോധിച്ചു കൊണ്ട് ഇന്ത്യയെന്ന സങ്കൽപവും മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളും ഉയർത്തി കൊണ്ടുവന്നു . എസ് എം ജോഷി , ബി ആർ കാമ , ഡാങ്കെ, ബസവനപുന്നയ്യ , മുസാഫർ അഹമ്മദ് , ബർക്കത്തുള്ള , എസ് ജി പട്കർ, ആർ എസ് നിമ്പകർ , സുന്ദരയ്യ, ബി.ടി.രണദിബെ, പി.കൃഷണപിള്ള, ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട് എന്നിവർ പ്രമുഖ നേതാക്കൾ.

ജവഹർലാൽ നെഹ്റുവും അബുൾ കലാം ആസാദും

1936 ഏപ്രിലിൽ ലക്നൗവിൽ കൂടിയ പുരോഗമന സാഹിത്യകാരന്മാരുടെ സമ്മേളനത്തിൽ വെച്ചു അഖിലേന്ത്യാ പുരോഗമന എഴുത്തുകാരുടെ സംഘടന രൂപീകരിക്കപ്പെട്ടു . പ്രേംചന്ദിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ഈ സമ്മേളനം സജ്ജാദ് സാഹിദിനെ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയും ഒരു പ്രകടനപത്രിക പുറത്തിറക്കുകയും ചെയ്തു . മനുഷ്യൻ്റെ അടിസ്ഥാന പ്രശ്നങ്ങളായ വിശപ്പ് ദാരിദ്ര്യം സാമൂഹ്യ പിന്നോക്കാവസ്ഥ രാഷ്‌ട്രീയ അടിമത്വം എന്നിവയായിരിക്കണം ഇന്ത്യൻ സാഹിത്യത്തിൻ്റെ വിഷയം എന്ന് പ്രകടനപത്രിക നിർദ്ദേശിച്ചു .വിവിധ പ്രാദേശീക ഭാഷകളിലെ പുരോഗമന ചിന്താഗതിക്കാരായ എഴുത്തുകാരെ ഈ സംഘടന ഒന്നിപ്പിച്ചു . ഇന്ത്യൻ സാഹിത്യത്തിൽ ഒരു ‘ റിയലിസ്റ്റ് ശൈലി ‘ യുടെ യുഗ ത്തിന് ഇതു തുടക്കം കുറിച്ചു . ഉറുദു സാഹിത്യത്തിലാണ് സംഘത്തിൻ്റെ പ്രവർത്തനങ്ങൾ കൂടുതൽ കരുത്താർജ്ജിച്ചത് . ഹസ്റത്ത് മൊഹാനി , ഫാറുക് ഗോരക്ക്പുരി , ജോസ് മഹിലാബേസി , കിഷൻ ചന്ദർ തുടങ്ങിയ സാഹിത്യകാരന്മാരായിരുന്നു ഉറുദു സാഹിത്യത്തിലെ പ്രമുഖർ . ഇതുമായി ബന്ധപ്പെട്ട കേരളത്തിൽ ‘ ജീവൽസാഹിത്യം ‘ എന്നൊരു പ്രസ്ഥാനം ആരംഭിക്കുകയുണ്ടായി .എം.പി.പോൾ , തകഴി ശിവശങ്കരപ്പിള്ള , വൈക്കം മുഹമ്മദ് ബഷീർ തുടങ്ങിയവരാണ് ഇതിൻ്റെ മുൻനിരയിലുണ്ടായിരുന്നത് . 1938 ൽ ഫരിദാബാദിൽ നടന്ന കർഷക കവികളുടെ സമ്മേളനവുമായും ബോംബെയിലെ തൊഴിലാളികളെ ആവേശം കൊള്ളിച്ചിരുന്ന കെയ്ഫി ആസ്മാസിൻ്റെ മുഷായിറകളുമായും അവർ ബന്ധപ്പെടാൻ ശ്രമിച്ചു .1940 കളിൽ ജനകീയ തിയ്യേറ്റർ സംഘത്തിലൂടെ ഗ്രാമീണ സംസ്കാരത്തിനു നവോന്മേഷം പകരാൻ ശ്രമിച്ച കമ്മ്യൂണിസ്റ്റ് പ്രവർത്തനങ്ങൾക്ക് ഉത്തേജനം പകരാനും പുരോഗമന എഴുത്തുകാരുടെ സംഘടനയ്ക്ക് കഴിഞ്ഞു .

1937ൽ പ്രവിശ്യകളിലെ നിയമനിർമാണ സഭയിലേക്ക് ആദ്യമായി തെരഞ്ഞെടുപ്പ് നടന്നു . മൊത്തം ജനതയുടെ പത്തുപന്ത്രണ്ടു ശതമാനം പേർക്കേ വോട്ടവകാശമുണ്ടായിരുന്നുള്ളു .

തെരഞ്ഞടുപ്പിൽ കോൺഗ്രസ്സ് മികച്ച പ്രകടനം കാഴ്ചവച്ചു .ആകെയുള്ള 11 പ്രവിശ്യകളിൽ 5 എണ്ണത്തിൽ കോൺഗ്രസ്സ് കേവല ഭൂപരിപക്ഷം നേടി . കൂടാതെ , രണ്ടെണ്ണത്തിൽ അവർക്ക് മന്ത്രിസഭയുണ്ടാക്കാൻ കഴിയുന്ന സ്ഥിതിയുമുണ്ടായിരുന്നു. മുസ്ലീംങ്ങളുടെ ഏക വക്താവായി ലീഗിനെ മാത്രമേ അംഗീക്കിക്കാവൂ എന്ന ജിന്നയുടെ വാദം അന്നു പലരും അംഗീകരിച്ചില്ല . ഈ തെരഞ്ഞെടുപ്പിൽ മൊത്തം പോൾ ചെയ്ത മുസ്ലീംങ്ങളുടെ വോട്ടിൻ്റെ 4.4% മാത്രമേ ലീഗിനു കിട്ടിയുള്ളു . NWFP സിൽ ഒറ്റ സീറ്റും ലീഗിനു ലഭിച്ചില്ല . പഞ്ചാബിലെ 84 സംവരണ മണ്ഡലങ്ങൾ രണ്ടെണ്ണം മാത്രമാണ് ലീഗിനു ലഭിച്ചത് . സിന്ധിൽ 33 ൽ മൂന്നും . യുണൈറ്റഡ് പ്രോവിൻസിൽ (UP) കോൺഗ്രസ്സിനോടൊപ്പം ഒരു കൂട്ടുകക്ഷി മന്ത്രിസഭയുണ്ടാക്കാൻ ലീഗ് ആഗ്രഹിച്ചു . തങ്ങൾക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷമുള്ളതിനാൽ ലീഗിൻ്റെ ആവശ്യം കോൺഗ്രസ്സ് തള്ളി . മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലൊന്നും ഒരു ഗവൺമെൻ്റു ഉണ്ടാക്കാൻ ലീഗിന് കഴിഞ്ഞില്ല . ഈ പശ്ചാത്തലത്തിലാണ് അതിൻ്റെ സാമൂഹ്യ അടിത്തറ വികസിപ്പിക്കാൻ ലീഗ് തീവ്രശ്രമം ആരംഭിച്ചത് . ക്രിപ്സിൻ്റെ ദൗത്യം പരാജയപ്പെട്ടതോടെ ബ്രിട്ടീഷ് ഭരണത്തിനെതിരായ തൻ്റെ മൂന്നാമത്തെ സമരം ആരംഭിക്കാൻ ഗാന്ധിജി തീരുമാനിച്ചു . ഇതാണ് 1942 ആഗസ്റ്റിൽ ആരംഭിച്ച ‘ ക്വിറ്റ് ഇന്ത്യ സമരം ‘ .1942 ആഗസ്റ്റ് 8 ന് ബോംബെയിൽ ചേർന്ന അഖിലേന്ത്യാ കോൺഗ്രസ്സ് കമ്മിറ്റി ചരിത്രപ്രസിദ്ധമായ ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കി . ” പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക ” എന്ന മന്ത്രവുമായി എല്ലാവരും അന്തിമസമരത്തിനിറങ്ങാൻ ഗാന്ധിജി ആഹ്വാനം ചെയ്തു . പ്രക്ഷോഭം ആരംഭിക്കുന്നതിനു മുമ്പു തന്നെ ഗാന്ധിജിയുൾപ്പെടെയുള്ള മുഴുവൻ നേതാക്കളേയും അറസ്റ്റ് ചെയ്തു . അംഗീകൃതമായ പരിപാടിയോ നേതൃത്വമോ ഇല്ലാതെ സമരരംഗത്തിറങ്ങിയ ജനങ്ങൾ സ്വന്തം രീതിയിൽ പോരാടുകയായിരുന്നു . ജയപ്രകാശ് നാരായണനെപ്പോലുള്ള സോഷ്യലിസ്റ്റ് നേതാക്കൾ ഒളിവിൽ കഴിഞ്ഞു കൊണ്ടു സമരത്തെ നയിച്ചു . സത്താറ , മേദിനിപൂർ തുടങ്ങിയ വിവിധ ജില്ലകളിൽ സമാന്തര സ്വതന്ത്ര ഗവൺമെൻ്റ്കൾ നിലവിൽ വന്നു . ബ്രിട്ടീഷ് ഗവൺമെൻ്റ് സർവ്വശക്തിയും പ്രയോഗിച്ച് സമരം അടിച്ചമർത്തി .സുഭാഷ് ചന്ദ്ര ബോസ് സിംഗപ്പൂരിൽ 1NA യുടെ സഹായത്തോടെ ഇന്ത്യയെ മോചിപ്പിക്കാനുള്ള വിപ്ലവ പ്രവർത്തനങ്ങൾ അവിടെ ആരംഭിച്ചു ജപ്പാൻ സൈന്യവുമായി ചേർന്ന് അവർ ഇന്ത്യയുടെ അതിർത്തി മുറിച്ചുകടക്കുകയും ഇന്ത്യൻ മണ്ണിൽ ത്രിവർണ്ണ പതാക നാട്ടുകയും ചെയ്തു . ബ്രിട്ടിഷുകാർ ശക്തമായ പ്രത്യാക്രമണങ്ങൾ ആരംഭിച്ചിരുന്നു . INAയുടെ യോദ്ധാക്കൾ പരാജയപ്പെട്ടു . എങ്കിലും ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്കു നയിക്കുന്നതിൽ അതു നിർണ്ണായക പങ്കു വഹിച്ചു .1944 ജൂണോടെ രണ്ടാം ലോകയുദ്ധ ത്തിൻ്റെ അന്ത്യം കണ്ടു തുടങ്ങി . ഗാന്ധിജി ജയിൽ മോചിതനായി . കോൺഗ്രണിനേയും ലീഗിനേയും രമ്യതയിലെത്തിക്കാൻ ഗാന്ധിജി ആവതും ശ്രമിച്ചു .1945ൽ ലേബർ ഗവൺമെൻ്റ് ബ്രിട്ടനിൽ അധികാരത്തിലെത്തി . ഇന്ത്യ വിട്ടു പോകാൻ ബ്രിട്ടൻ മാനസികമായി തയ്യാറായിക്കഴിഞ്ഞിരുന്നു . അതിനാൽ കൂടിയാലോചനകൾക്കായിരുന്നു ഇക്കാലത്ത് ഏറെ പ്രസക്തി .1940 മുതൽ 1946 വരെ ഇന്ത്യൻ നേഷണൽ കോൺഗ്രസ്സിൻ്റെ പ്രസിഡൻ്റായ മൗലാനാ അബുൾ കലാം ആസാദായിരുന്നു കോൺഗ്രസ്സ് പ്രതിനിധി സംഘങ്ങളെ നയിച്ചിരുന്നത്.

പ്രത്യേക കോൺഫെഡറേഷൻ പ്രമേയം

സാരെ ജഹാം സെ അഛാ., ഹിന്ദുസ്ഥാൻ ഹമാര…എന്ന പ്രശ്തമായ ദേശഭക്തിഗാനത്തിലൂടെ ജനഹൃദയങ്ങളെ കീഴടക്കിയ സൂഫി കവിയും തത്വചിന്തകനുമാണ് ഡോ. മുഹമ്മദ് ഇക്ബാൽ (1877 – 1938). അദ്ദേഹം 1930ൽ മുസ്ലീം ലീഗിൻ്റെ അലഹബാദ് സമ്മേളനത്തിൽ അദ്ധ്യക്ഷപ്രസംഗം നടത്തവെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ വടക്കു പടിഞ്ഞാറൻ ഇന്ത്യയിൽ ഒരു കോൺഫെഡറേഷൻ വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു . എന്നാൽ ഇക്ബാൽ തൻ്റെ പ്രസംഗത്തിൽ പുതിയൊരു രാഷ്ട്രത്തിൻ്റെ രൂപീകരണത്തെ വിഭാവനം ചെയ്തിരുന്നില്ല . വടക്കുപടിഞ്ഞാൻ ഇന്ത്യയിൽ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളുടെ പുന:സംഘടനയാണ് അദ്ദേഹം മനസ്സിൽ കണ്ടിരുന്നത് . ഒരു ഏകീകൃത ഇന്ത്യൻ ഫെഡറേഷനു കീഴിലുള്ള ഒരു സ്വയം ഭരണാധികാര യൂണിറ്റാണ് അദ്ദേഹം ആഗ്രഹിച്ചത് .

ഭഗത് സിങ്ങ്

1940 മാർച്ച് 23ന് ലാഹോറിൽ ചേർന്ന ലീഗ് സമ്മേളനം ഇന്ത്യൻ ഉപഭൂഖണത്തിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങൾക്ക് സ്വയംഭരണം ആവശ്യപ്പെട്ടുകൊണ്ട് ഒരു പ്രമേയം പാസ്സാക്കി . വിഭജനമോ പാക്കിസ്ഥാൻ എന്ന പദമോ ഈ പ്രമേയത്തിൽ സൂചിപ്പിച്ചിരുന്നില്ല . ഈ പ്രമേയം തയ്യാറാക്കിയത് സിക്കാന്തർ ഹയത്ഖാനാണ് . അദ്ദേഹം പഞ്ചാബിലെ പ്രധാനമന്ത്രിയും യൂണിയനിസ്റ്റ് പാർട്ടിയുടെ നേതാവുമായിരുന്നു .1941 മാർച്ച് 1 ന് നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം ‘ഒരു മുസ്ലീം രാജ് ഇവിടെയും ഒരു ഹിന്ദു രാജ് അവിടെയുമായുള്ള ഒരു പാക്കിസ്ഥാന് താൻ എതിരാണെന്ന് പ്രഖ്യാപിക്കുകയുണ്ടായി . ഘടകങ്ങൾക്ക് സ്വയംഭരണാധികാരമുള്ള ഏകീകൃതമായൊരു കോൺഫെഡറേഷനാണ് താൻ ആഗ്രഹിക്കുന്നതെന്നും സിക്കന്തർ ഹയത്ഖാൻ ആവർത്തിച്ചു പ്രഖ്യാപിച്ചു . എങ്കിലും അദ്ദേഹം അവതരിപ്പിച്ച പ്രമേയം പാക്കിസ്ഥാൻ പ്രമേയം എന്ന പേരിൽ അറിയപ്പെട്ടു .

1940 ൽ ലീഗിനു പോലും അതിൻ്റെ ആവശ്യത്തെപ്പറ്റി യാതൊരു വ്യക്തയുമുണ്ടായിരുന്നില്ല. ‘സ്വയം ഭരണാധികാരമുള്ള മുസ്ലീം ഭൂരിപക്ഷ പ്രവിശ്യകൾ ‘ എന്ന ആവശ്യത്തിൽ നിന്ന് രാജ്യത്തിൻ്റെ യഥാർത്ഥ വിഭജനത്തിലേക്കെത്താൻ കേവലം ഏഴുവർഷങ്ങളെ വേണ്ടിവന്നുള്ളു . പാക്കിസ്ഥാൻ രൂപീകരണത്തിൻ്റെ അർത്ഥത്തെക്കുറിച്ചോ ജനങ്ങളുടെ ജീവിതത്തെ ഭാവിയിൽ അത് എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ചോ ആർക്കും ഒരു ധാരണയുമുണ്ടായിരുന്നില്ല. ജിന്ന പോലും പാക്കിസ്ഥാൻ എന്ന ആശയത്തെ ഒരു വിലപേശൽ തന്ത്രമായാണ് കണ്ടിരുന്നത് . കോൺഗ്രസ്സിന് ബ്രിട്ടീഷുകാരിൽ നിന്ന് ലഭിക്കാൻ സാധ്യതയുള്ള ആനുകൂല്യങ്ങൾ തടയുകയും മുസ്ലീംങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നേടിയെടുക്കുകയും ചെയ്യുക എന്നതായിരുന്നു അതിൻ്റെ ലക്ഷ്യം . വിഭജനത്തെ തുടർന്ന് മാതൃരാജ്യത്തു നിന്ന് മറ്റു പ്രദേശങ്ങളിലേക്ക് കുടിയേറിയവർ സമാധാനം പുന:സ്ഥാപിക്കപ്പെടുമ്പോൾ നാട്ടിലേക്കു മടങ്ങാൻ കഴിയുമെന്നാണ് വിചാരിച്ചിരുന്നത്.

1946ൽ പ്രവിശ്യകളിലേക്കും കേന്ദ്ര നിയമനിർമ്മാണ സഭയിയിലേക്കും തെരഞ്ഞെടുപ്പുകൾ നടന്നു . ജനറൽ നിയോജക മണ്ഡലങ്ങളിൽ 91.3% മുസ്ലീം ഇതരവോട്ടുകൾ നേടി കോൺഗ്രസ് മഹത്തായ വിജയം നേടി . മുസ്ലീം സംവരണ നിയോജക മണ്ഡലങ്ങളിൽ ലീഗും വൻവിജയം കൈവരിച്ചു . കേന്ദ്രത്തിലെ 86.6% മുസ്ലീം വോട്ടുകൾ ലഭിച്ചു . പ്രവിശ്യകളിലെ 509 സംവരണ സീറ്റുകളിൽ 442 ഉം ലീഗ് കരസ്ഥമാക്കി . അങ്ങിനെ 1946ൽ മാത്രമാണ് ലീഗിന് മുസ്ലീംങ്ങളുടെ ഇടയിൽ മുഖ്യസ്ഥാനത്തുള്ള ഒരു പാർട്ടിയാകാൻ കഴിഞ്ഞത് . ഇന്ത്യയിലെ മുസ്ലീംങ്ങളുടെ ‘മുഖ്യ വക്താവാകാൻ ‘ ഇപ്പോൾ അതിനു കഴിഞ്ഞു . എന്നാൽ ഈ തെരഞ്ഞെടുപ്പിൽ വേട്ടവകാശം പരിമിതമായിരുന്നു .1946 മാർച്ചിൽ ഇന്ത്യൻ നേതാക്കളുമായി അധികാര കൈമാറ്റത്തിന് ബ്രിട്ടിഷ് കേബിനറ്റ് മിഷൻ ഇന്ത്യയിൽ എത്തി . ബ്രിട്ടിഷ് പ്രവിശ്യകളും നാട്ടുരാജ്യങ്ങളേക്കും ഉൾപ്പെടുത്തി ഒരു ഇന്ത്യൻ യൂണിയൻ രൂപീകരിക്കണം . ഇന്ത്യ ഏകീകൃതമായി തന്നെ നിലനിൽക്കണം .നിലവിലുള്ള പ്രവിശ്യകളെ എ ബി സി എന്നിങ്ങനെ മൂന്നുഗ്രൂപ്പുകളായി തിരിക്കും . എ ഗ്രൂപ്പിൽ ഹിന്ദു ഭൂരിപക്ഷവുള്ള പ്രവിശ്യകളാണ് ഉണ്ടായിരിക്കുക .ബി ഗ്രൂപ്പിൽ വടക്കുപടിഞ്ഞാൻ പ്രദേശങ്ങളിലെ മുസ്ലീം ഭൂപരിക്ഷ പ്രവിശ്യകളെ ഉൾപ്പെടുത്തും. സി ഗ്രൂപ്പിൽ വടക്കു കിഴക്കു ഭാഗത്തെ ആസാം ഉൾപ്പെടെയുള്ള മുസ്ലീം ഭൂരിപക്ഷ പ്രവിശ്യകളെ ഉൾപ്പെടുത്തും .ഭരണഘടന നിർമ്മാണ സമിതിയെ തെരഞ്ഞെടുക്കും . ആദ്യം എല്ലാ രാഷ്ട്രീയ പാർട്ടികളും അംഗീകരിച്ചെങ്കിലും പിന്നീട് എല്ലാവരും നിരാകരിച്ചു . ബ്രിട്ടീഷുകാരുടേയും നാട്ടുരാജാക്കന്മാരുടേയും താൽപര്യങ്ങൾ പരസ്പര പൂരകങ്ങളായിരുന്നു . ഇരുകൂട്ടരും ദേശീയ പ്രസ്ഥാനത്തെ അമർച്ച ചെയ്യാൻ ആഗ്രഹിച്ചു . ഇതൊരു നിർണായക ഘട്ടമായിരുന്നു . കാരണം അപ്പോഴേക്കും വിഭജനം അനുപേക്ഷണീയമായ ഒരു പ്രശ്നമായി വളർന്നു കഴിഞ്ഞിരുന്നു . ദു:ഖകരമെങ്കിലും വിഭജനം ഒഴിവാക്കാനാവില്ലെന്ന നിലപാടിലേക്ക് പല കോൺഗ്രസ്സ് നേതാക്കന്മാരും എത്തിക്കഴിഞ്ഞിരുന്നു . അപ്പോഴും വിഭജനം പാടില്ല എന്ന ഉറച്ച നിലപാടിൽ നില്ക്കുന്ന രണ്ടുപേരേ ഉണ്ടായിരുന്നുള്ളൂ – മഹാത്മാഗാന്ധിയും ഖാൻ അബ്ദുൾ ഗാഫർഖാനും.

പഞ്ചാബ്, ബംഗാൾ , സിന്ധ് , ബലുചിസ്ഥാൻ , NWFP, മുസ്ലീം ഭൂരിപക്ഷമുള്ള ആസാമിലെ സിൽഹത് ജില്ല എന്നിവ പാക്കിസ്ഥാന് കൊടുക്കാൻ തീരുമാനമായി.

പഞ്ചാബിലെയും ബംഗാളിലെയും കോൺഗ്രസ് – സിഖു നേതാക്കള്‍ മുസ്ലീം ഭൂരിപക്ഷം തങ്ങളെ ഒതുക്കുമെന്ന് ഭയപ്പെട്ടു. വിഭജനത്തിലൂടെ മാത്രമേ തങ്ങൾക്ക് രാഷ്ട്രീയാധിപത്യം ലഭിക്കു എന്നും അവർ കണക്കു കൂട്ടി . തുടർന്ന് 1947 മാർച്ചിൽ പഞ്ചാബിനെയും ബംഗാളിനെയും രണ്ടായി ഭാഗിക്കാൻ തീരുമാനിച്ചു .1947 മുതൽ ഏതാണ്ടൊരു വർഷം കൂട്ടക്കൊലകളുടെ നാളുകളായിരുന്നു . അമൃതസർ ജില്ലയിൽ മുഴുവൻ രക്തപ്പുഴ ഒഴുകുകയായിരുന്നു . ഗവൺമെൻറു സംവിധാനങ്ങളുടെ തകർച്ചയായിരുന്നു ഇതിനു കാരണം.

ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളിലെ ഉന്നത നേതാക്കന്മാർ സ്വാതന്ത്ര്യം സംബന്ധിച്ച തിരക്കിട്ട ചർച്ചകളിലായിരുന്നു . ഇന്ത്യയിലെ ഉയർന്ന ഉദ്യോഗസ്ഥന്മാർ അവരുടെ ഭാവിയെക്കുറിച്ച് ആശങ്കാകുലരായിരുന്നു . ഇംഗ്ലീഷുകാരാവട്ടെ ഇന്ത്യ വിട്ടു പോകാനുള്ള തിരക്കിലും . ഇന്ത്യൻ പട്ടാളക്കാരും പോലീസും , ഹിന്ദുക്കളും മുസ്ലീംങ്ങളും സിഖുക്കാരുമായി പക്ഷം തിരിഞ്ഞപ്പോൾ സ്ഥിതിഗതികൾ കുടുതൽ വഷളായി . പല സ്ഥലങ്ങളിലും പോലീസുകാർ അവരുടെ മതത്തിൽ പെട്ടവരെ മാത്രം സഹായിച്ചു . ചില സ്ഥലങ്ങളിൽ അവർ അന്യ മതസ്ഥരെ ആക്രമിക്കുകയും ചെയ്തു.

വിഭജനം പഞ്ചാബിനെ രൂക്ഷമായി ബാധിച്ചു. കനത്ത രക്തച്ചൊരിച്ചിലും നാശനഷ്ടങ്ങളും അവിടെയുണ്ടായി. പടിഞ്ഞാറൻ പഞ്ചാബിലെ മിക്കവാറും എല്ലാ ഹിന്ദുക്കളും സിഖുക്കാരും ഇന്ത്യയിലേക്കു കുടിയേറി . അതു പോലെ കിഴക്കൻ പഞ്ചാബിലെ പഞ്ചാബി സംസാരിക്കുന്ന മുസ്ലീംങ്ങളും പാക്കിസ്ഥാനിലേക്കും പലായനം ചെയ്തു. ബംഗാളിലെ ജനങ്ങൾക്കും കഠിനമായ അനുഭവങ്ങൾ നേരിടേണ്ടി വന്നു . പഞ്ചാബിൽ നിന്നു വ്യത്യസ്തമായി ബംഗാളിലെ ജനങ്ങളുടെ കൈമാറ്റം പൂർണ്ണമായിരുന്നില്ല . ധാരാളം ബംഗാളി ഹിന്ദുക്കൾ കിഴക്കൻ പാക്കിസ്ഥാനിൽ തന്നെ താമസിച്ചു . ഇന്ത്യയിലേക്കു പോകാൻ അവർ കൂട്ടാക്കിയില്ല . അതു പോലെ ധാരാളം ബംഗാളി മുസ്ലീംങ്ങൾ പാക്കിസ്ഥാനിലേക്കു പോകാതെ പശ്ചിമ ബംഗാളിൽ തന്നെ താമസിച്ചു .ഏകദേശം പതിനാറു മാസത്തോളം നീണ്ടു നിന്ന ആ സംഹാര താണ്ഡവം ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തോടു കൂടി മാത്രമേ പൂർണമായും അവസാനിച്ചുള്ളു.

ലിംഗ വിഭജനം

വിഭജനത്തിന്റെ ഏറ്റവും ക്രൂരമായ ഇരകൾ സ്ത്രീകളായിരുന്നു. പഞ്ചാബിലേയും ബംഗാളിലേയും അനുഭവങ്ങൾ തമ്മിൽ ചില സാദ്യശ്യങ്ങളുണ്ട്. രണ്ടിടത്തും കൊലപാതകികളുടെ ലക്ഷ്യം മുഖ്യമായും സ്ത്രീകളും പെൺകുട്ടികളുമായിരുന്നു. സ്ത്രീ ശരീരത്തെ ആക്രമിച്ചു കീഴ്പ്പെടുത്തേണ്ട പ്രദേശം എന്നോണമാണ് ആക്രമികൾ അവിടെ അഴിഞ്ഞാടിയത്. ഒരു സമുദായത്തിൽ പെട്ട സ്ത്രീകളെ അപമാനിക്കുന്നത് ആ സമുദായത്തെ അപമാനിക്കുന്നതിനു തുല്യമായാണ് കണക്കാക്കിപ്പോന്നത്. പ്രതികാരം ചെയ്യാനുള്ള മികച്ച വഴി സ്ത്രീകളെ കയ്യേറ്റം ചെയ്യലായിരുന്നു.

“സമുദായത്തിന്റെ അഭിമാന സംരക്ഷണം” എന്ന ആശയം ഈ ദുരിതകാലത്ത് നിലനിന്നിരുന്നു . തങ്ങളുടെ സ്ത്രീകളെ – ഭാര്യ , പുത്രി , സഹോദരി ശത്രു കളങ്കപ്പെടുത്തും എന്ന സ്ഥിതി വന്നാൽ അവരെ പുരുഷന്മാർ കൊന്നുകളയുക പോലും ചെയ്തിരുന്നു. റാവൽപിണ്ടി ജില്ലയിലെ തോവാഖൽസ എന്ന ഗ്രാമത്തിൽ നടന്ന ഭീകരമായ ഒരു സംഭവത്തെപ്പറ്റി ഉർവശി ബുട്ടാലിയ അവരുടെ “നിശ്ശബ്ദതയുടെ മറുവശം” (The Other Side of Silence ) എന്ന ഗ്രന്ഥത്തിൽ പറയുന്നുണ്ട് . ഈ സിഖ് ഗ്രാമത്തിൽ 90 സ്ത്രീകൾ ശത്രുവിന്റെ കയ്യിൽ പെടാതിരിക്കാൻ “സ്വമേധയാ ” കിണറ്റിൽ ചാടി മരിച്ചു . ഇതിനെ അവർ രക്തസാക്ഷിത്വമായി സ്മരിക്കുമ്പോൾ സ്വയം മരിക്കാനാഗ്രഹിക്കാതെ ബാഹ്യമായ പ്രേരണ കൊണ്ടും അതു ചെയ്യാൻ നിർബന്ധിതരായ സ്ത്രീകളെക്കുറിച്ച് ഇത്തരം ആചാരങ്ങൾ ഓർക്കുന്നില്ല എന്നതാണ് ദയനീയമായ അതിന്റെ മറുവശം .

വിഭജനത്തിന്റെ ഭീകരമായ അനുഭവങ്ങൾ സ്ത്രീകളെ അങ്ങേയറ്റം വ്രണപ്പെടുത്തി . പലരേയും തട്ടികൊണ്ടു പോയി വിറ്റു . അപരിചിതമായ നാടുകളിൽ അപരിചിതമായ സാഹചര്യങ്ങളിൽ അപരിചിതരോടൊപ്പം ഒരു പുതിയ ജീവിതം ആരംഭിക്കാൻ അവരിൽ പലരും തയ്യാറായി. പല സ്ത്രീകളും കുടുംബ ജീവിതം നയിക്കാൻ തുടങ്ങി. എന്നാൽ ഇന്ത്യയിലുള്ള പാക്കിസ്ഥാൻ സ്ത്രീകളെയും പാക്കിസ്ഥാനിലുള്ള ഇന്ത്യൻ സ്ത്രികളെയും കണ്ടു പിടിച്ചു പരസ്പരം കൈമാറാൻ ഇരു ഗവൺമെന്റുകളും തീരുമാനിച്ചു. ഇതിനെതുടർന്ന്, തട്ടികൊണ്ടു പോയ സ്ത്രീകളെ കണ്ടെത്തുന്നതിനുള്ള വേട്ട രണ്ടു രാജ്യങ്ങളിലും ആരംഭിച്ചു. അവരെ പുതിയ ബന്ധുക്കളിൽ നിന്നും പിടിച്ചു മാറ്റി അവരുടെ പഴയ സ്ഥലങ്ങളിലേക്ക് തിരിച്ചയച്ചു. അങ്ങനെ സ്വന്തം ജീവിതത്തെക്കുറിച്ച് തീരുമാനമെടുക്കാനുള്ള അവകാശം പോലും സ്ത്രീകൾക്ക് നിഷേധിക്കപ്പെട്ടു. ഇന്ത്യയിൽ നിന്ന് 22000 മുസ്ലീം സ്ത്രീകളെയും പാക്കിസ്ഥാനിൽ നിന്ന് 8000 ഹിന്ദു – സിഖ് സ്ത്രീകളെയും വീണ്ടെടുത്തു.

വാമൊഴികൾ, ഓർമക്കുറിപ്പുകൾ, ഡയറികൾ, കുടുംബ ചരിത്രങ്ങൾ എന്നിവയുടെ സഹായത്താലാണ് വിഭജനകാലത്തെ ജനങ്ങളുടെ കഷ്ടപ്പാടിന്റെ ചരിത്രം എഴുതിയത്.1947 ൽ സ്വന്തം രാജ്യത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് കുടിയേറിയവർ സമാധാനം പുനഃസ്ഥാപിച്ചാൽ തിരിച്ചു വരാൻ സാധിക്കുമെന്നു കരുതിയവരായിരുന്നു . ദശലക്ഷക്കണക്കിനാളുകളെ സംബന്ധിച്ചിടത്തോളം വിഭജനം ഒരു രാഷ്ട്രീയ പ്രശ്നമോ , ഭരണഘടനാ പ്രശ്നമോ ആയിരുന്നില്ല . കോൺഗ്രസിന്റെയോ , ലീഗിന്റെയോ രാഷ്ട്രീയവും അവർക്കു പ്രശ്നമായിരുന്നില്ല . അവരനുഭവിച്ച എണ്ണിയാലൊടുങ്ങാത്ത ദുരിതത്തിന്റെ കണ്ണാടിയിലൂടെയാണ് അവരതിനെ കണ്ടത് . അവരെ സംബന്ധിച്ചിടത്തോളം വിഭജനം അവരുടെ ജീവിതത്തെ മാറ്റി മറിച്ച ഓർക്കാപ്പുറത്തു നടന്ന ഒരു സംഭവമായിരുന്നു . മാനസികവും , വൈകാരികവും , സാമൂഹ്യവുമായ നീക്കുപോക്കുകൾക്ക് അവർക്കു വിധേയരാവേണ്ടി വന്നു . നാസി ജർമനിയിൽ നടന്ന കൂട്ടക്കൊലയ്ക്കു തുല്യമായ ഇന്ത്യാ വിഭജനം കേവലം ഒരു രാഷ്ട്രീയ സംഭവം മാത്രമായിരുന്നില്ല .സ്മരണകളും അനുഭവങ്ങളുമാണ് ഒരു സംഭവത്തിൻ്റെ യാഥാർത്ഥ്യം വ്യക്തമാകുന്നത് . വിഭജനത്തിൻ്റെ യഥാർത്ഥ ചരിത്രം ഇന്നും കല്ലറക്കുള്ളിൽ അന്ത്യവിശ്രമം കൊള്ളുന്നു.

(തുടരും)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Scroll to top