Flash News
സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി 9 മുതല്‍ രാവിലെ 5 വരെ കര്‍ഫ്യൂ; പൊതുഗതാഗതത്തിന് തടസ്സമില്ല   ****    തൃശൂര്‍ പൂരത്തിന് ആഘോഷങ്ങളില്ല, വെറും ചടങ്ങുകള്‍ മാത്രം; പൊതുജനങ്ങളെ പൂരപ്പറമ്പില്‍ പ്രവേശിപ്പിക്കില്ല   ****    പൂരപ്പറമ്പ് തൃശൂര്‍ക്കാരുടെ ശവപ്പറമ്പാക്കരുത്: സ്വാമി സന്ദീപാനന്ദ ഗിരി   ****    കോവിഡ്-19 പോസിറ്റീവ്: മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു   ****    ഡോക്ടര്‍മാര്‍ക്ക് കൂട്ടത്തോടെ കോവിഡ്-19; കോട്ടയം മെഡിക്കൽ കോളേജില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍; പാലാ പോലീസ് സ്റ്റേഷനിലെ 10 പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു   ****   

ലൈഫ് മിഷന്‍ അഴിമതി: ഇ പി ജയരാജന്റെ മകന്‍ ജയ്സണേയും സി ഇ ഒ ജോസിനേയും എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും

September 14, 2020 , ശ്രീജ

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ ലൈഫ് മിഷന്‍ സി ഇ ഒ ആയ യു.വി. ജോസിനേയും മന്ത്രി ഇ പി ജയരാജന്റെ മകന്‍ ജയ്സനേയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യും. കേന്ദ്രത്തിന്റെ അനുമതിയില്ലാതെ ചട്ടങ്ങൾ ലംഘിച്ച് യുഎഇ റെഡ് ക്രസന്റുമായി സഹകരിച്ച് തൃശൂരിൽ ഫ്ലാറ്റ് സമുച്ചയം നിര്‍മ്മിച്ചതില്‍ കോടികളുടെ അഴിമതിയുണ്ടെന്ന പരാതിയിലാണ് ഇരുവരേയും ചോദ്യം ചെയ്യുന്നത്. കേസില്‍ അവരുടെ മൊഴി നിര്‍ണ്ണായകമാണ്.

ലൈഫ് മിഷന്‍ സി ഇ ഒയോട് ഇ.ഡിയുടെ കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍, തനിക്ക് ഇതു സംബന്ധിച്ച് അറിയിപ്പു ലഭിച്ചിട്ടില്ലെന്ന് യു.വി.ജോസ് പറഞ്ഞു. വടക്കാഞ്ചേരിയിൽ 20 കോടി രൂപയുടെ ഫ്ലാറ്റ് സമുച്ചയം നിർമിക്കാൻ സർക്കാരിനു വേണ്ടി റെഡ് ക്രസന്റുമായി 2019 ജൂലൈ 11ന് ധാരണാപത്രം ഒപ്പിട്ടത് യു.വി.ജോസ് ആയിരുന്നു. കരാറുമായി ബന്ധപ്പെട്ട് രേഖകളൊന്നും കൃത്യമായിരുന്നില്ലെന്നു മാത്രമല്ല, അവ്യക്തതയും ദുരൂഹത നിറഞ്ഞതുമായിരുന്നു. 20 കോടിയുടെ ലൈഫ്മിഷൻ പ്രൊജക്റ്റ് ഇടപാടിൽ യുണിടാക് കമ്പനി നൽകിയ 4.25 കോടി രൂപ കമ്മീഷനായി ഇടനിലക്കാർ അടിച്ചു മാറ്റുകയായിരുന്നു. ഈ ഇടനിലക്കാരുടെ പട്ടികയിലാണ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ്‌ കോടിയേരിയുടെയും, മന്ത്രി ഇ പി ജയരാജന്റെ മകൻ ജയ്‌സണ്ന്റെയും പേരുകൾ പുറത്ത് വന്നിരിക്കുന്നത്. കമ്മിഷനിലെ പങ്ക് ലഭിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിപുത്രന്റെ മൊഴി ഇഡി രേഖപ്പെടുത്താനിരിക്കുന്നത്. ഒപ്പം, വടക്കാഞ്ചേരി പദ്ധതിയുടെ കരാറിനു വേണ്ടി സ്വപ്നയ്ക്കു കമ്മിഷൻ നൽകിയ യൂണിടാക് ബിൽഡേഴ്സ്, സേൻ വെഞ്ചേഴ്സ് കമ്പനികളുടെ നടത്തിപ്പുകാരെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നുണ്ട്. എൻഫോഴ്‌സ്‌മെന്റിന്റെ ചോദ്യം ചെയ്യലിൽ ബിനീഷ് കോടിയേരി നൽകിയ മൊഴികളിൽ ലൈഫ്മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ ആണ് ഉള്ളത്.

ഇതിനിടെ സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ യൂണിടാക് അടക്കമുള്ള സ്വകാര്യ നിർമാണക്കമ്പനികൾക്ക് സ്വപ്ന സുരേഷ് മൂന്നു പദ്ധതികൾ നൽകാമെന്നാണ് വാഗ്ദാനം ചെയ്തിരുന്നത്. മൂന്ന് പദ്ധതികൾക്കായി ചിലവഴിക്കപ്പെടുന്ന 100 കോടി രൂപയുടെ നിർമാണ പ്രവർത്തനത്തിൽ 15% കമ്മിഷൻ ആണ് സ്വപ്ന ആവശ്യപ്പെട്ടിരുന്നത്. തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ പദ്ധതി പൂർത്തിയാക്കുന്നതിനൊപ്പം ഇടുക്കിയിലെ മൂന്നാറിലും, കൊല്ലത്തെ കുളത്തൂപ്പുഴയിലും, റെഡ്ക്രസന്റിന്റെ സഹകരണത്തോടെ സമാനപദ്ധതികൾ വരുമെന്നായിരുന്നു സ്വപ്ന കരാറുകാരോട് പറഞ്ഞിരുന്നത്. ഇതിൽ യുഎഇയിലെ റെഡ്ക്രസന്റ് സഹകരിക്കുന്ന 20 കോടി രൂപയുടെ പദ്ധതിക്ക് പുറമെ മൂന്നാറിലും, കൊല്ലത്തുമായി വരുന്ന പദ്ധതികൾക്ക് 80 കോടി കൂടി ലഭിക്കുമെന്നും, മൊത്തം വരുന്ന 100 കോടിയുടെ പദ്ധതി തുകയിൽ 15 കോടിയാണ് സ്വപ്ന കമ്മീഷൻ ആവശ്യപ്പെട്ടിരുന്നത്.

യൂണിടാക്കിനു പുറമേ മറ്റു 2 നിർമാണക്കമ്പനികളുമായും സ്വപ്ന ഇതിനായി വിലപേശൽ നടത്തിയതായി അന്വേഷണ സംഘങ്ങൾക്കു വിവരം ലഭിച്ചിട്ടുണ്ടെങ്കിലും, മറ്റു രണ്ടു പദ്ധതികളുടെ കാര്യങ്ങൾ റെഡ്ക്രസണ്ടും, യുഎഇ കോൺസുലേട്ടും, സംസ്ഥാന സർക്കാരിനെ രേഖാമൂലം അറിയിച്ചിരുന്നില്ല. ലൈഫ് മിഷനും ഇതേപ്പറ്റി അറിവൊന്നുമില്ല.

മൂന്നാറിൽ സ്വകാര്യഭൂമി വിലയ്ക്കുവാങ്ങിയും കുളത്തൂപ്പുഴ പഞ്ചായത്തിന്റെ കൈവശമുള്ള ഭൂമിയിലുമായി പദ്ധതികൾ നടപ്പാക്കുമെന്നാണ് യൂണിടാക് കമ്പനി പ്രതിനിധികളെ സ്വപ്ന അറിയിച്ചിരുന്നത്. മൂന്നാറിലെ സ്വകാര്യഭൂമി, ബെംഗളൂരു ലഹരിക്കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദ് ഇടനിലക്കാരനായി കൊച്ചിയിലെ ലഹരിസംഘം വില;യ്ക്ക് വാങ്ങിയതെന്നാണ് വിവരമുള്ളത്.

അതേസമയം, ലൈഫ് മിഷനിൽ മന്ത്രിപുത്രൻ കമ്മീഷൻ നേടിയോ എന്ന് സർക്കാർ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്. സ്വപ്‌നയുമായി മന്ത്രിപുത്രന് ബന്ധമെന്തെന്നും, ഇതുമായി ബന്ധപ്പെട്ട വാർത്തകൾ വരുമ്പോൾ മുഖ്യമന്ത്രി മൗനത്തിലാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചത്. സംസ്ഥാനം ഭരിക്കുന്നത് ജീർണ്ണിച്ച സർക്കാരാണ്. മുഖ്യമന്ത്രി എത്രയും വേഗം രാജിവെച്ച് ജനവിധി തേടണം. മന്ത്രി കെ.ടി ജലീൽ തെറ്റ് ചെയ്തപ്പോഴെല്ലാം മുഖ്യമന്ത്രി സംരക്ഷിക്കുകയായിരുന്നു എന്നും, പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

പഠിച്ച കള്ളന്മാരേക്കാൾ മിടുക്കനാണ് താനെന്ന് മന്ത്രി ജലീൽ തെളിയിച്ചിരിക്കുകയാണ്. വസ്തുതകൾ ജനങ്ങൾക്ക് ബോധ്യപ്പെട്ടു. ഒരു വ്യക്തി എന്ന നിലയിലാണ് ജലീലിനെ ചോദ്യം ചെയ്തതെന്ന എ.കെ.ബാലൻ്റെ പ്രസ്താവന ശരിയല്ല. ജലീലിന് രക്ഷപ്പെടാനാകില്ല. ഇ.ഡിക്ക് രാഷ്ട്രീയ താൽപ്പര്യമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവന പുറത്തിറക്കിയത്. പാർട്ടി സെക്രട്ടറിയുടെ മകനെയും മന്ത്രിസഭയിലെ അംഗത്തെയും ഇ.ഡി ചോദ്യം ചെയ്തപ്പോഴാണ് ഈ ബോധം സി.പി.എമ്മിനുണ്ടായത്. അന്വേഷണം തുടരുമ്പോൾ ആരുടെയെല്ലാം നെഞ്ചിടിപ്പാണ് വർധിക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി എവിടെയാണെന്നും രമേശ് ചെന്നിത്തല ചോദിച്ചിട്ടുണ്ട്. മന്ത്രിസഭ ഉടൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് 22 ന് യു.ഡി. എഫ് സെക്രട്ടേറിയറ്റ് പടിക്കലും ജില്ലാ കളക്ടടറേറ്റുകളിലും സത്യാഗ്രഹ മനുഷ്ഠിക്കാനിരിക്കുകയാണ്.

ദുബായ് റെഡ്ക്രസന്റിന്റെ ലൈഫ് മിഷൻ ഇടപാടിൽ മന്ത്രി ഇ.പി. ജയരാജന്റെ മകനും പങ്കുണ്ടെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ
ആരോപിച്ചു.  സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്നക്കൊപ്പം ലൈഫ് മിഷൻ ഇടപാടിൽ ജയരാജന്റെ മകനും ഭീമമായ കമ്മിഷൻ ലഭിച്ചെന്ന വാർത്തകളാണ് പുറത്തു വരുന്നത്. ധനമന്ത്രി തോമസ് ഐസക്കിനെ സാക്ഷിയാക്കി ജോൺ ബ്രിട്ടാസ് വെളിപ്പെടുത്തിയത് നാലരക്കോടി രൂപ കമ്മിഷൻ ലഭിച്ചെന്നാണ്. ഒരു കോടി സ്വപ്നക്ക് ലഭിച്ചെന്ന് അവർ തന്നെ വെളിപ്പെടുത്തി. ബാക്കി പണം ആർക്കൊക്കെ എവിടെ വച്ച് നൽകിയെന്ന് വെളിപ്പെടുത്തണം. മന്ത്രി ഇ.പി. ജയരാജന്റെ മകനും സ്വപ്ന സുരേഷുമായുള്ള ബന്ധമെന്താണെന്ന് സിപിഎം വെളിപ്പെടുത്തണമെന്ന് സുരേന്ദ്രൻ ആവശ്യപെട്ടിട്ടുള്ളത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top