Flash News

ചൊക്ലി (നോവല്‍ – 6)

September 19, 2020 , എച്‌മുക്കുട്ടി

ഈ ഭൂമീല് ഓരോരുത്തര്ക്കും ഓരോ കുരിശ് ണ്ട് ചുമക്കാൻ..ഓരോ മര്ഭൂമിണ്ട് നടക്കാൻ.. ഓരോ തോട്ടണ്ട് തേവാൻ… ഓരോ വിളക്ക് ണ്ട് കത്തിക്കാൻ…ചൊക്ലീടെ കാര്യത്തില് മാത്രായിട്ട് അത് തെറ്റ് ല്യല്ലോ.

നസീറ് പോയേപ്പിന്നെ മൊയ്തീന് ഈ ലോകത്തിലെല്ലാരോടും ദേഷ്യാരുന്നു. അത് ആരോടും തീർക്കാനും പറ്റീരുന്നില്ല. മഴയോടും വെയിലിനോടും കാറ്റിനോടും തല്ലുകൂടാൻ പറ്റ്‌ല്യാലോ. മറിയംബി ചാവാൻ തയാറായിട്ട് ഇരിക്കണു. മക്കളോട് മിണ്ടാൻ തന്നെ മൊയ്തീൻ പേടിച്ചു. കാണാണ്ട് പോയാ എന്താക്കും? അങ്ങനെ അടക്കിപ്പൂട്ടിയ സൊന്തം വെഷമം മുഴുവനും മൊയ്തീൻ ചൊക്ലീടെ തലേലിക്ക് ഇട്ടു. ഇന്നേവരെ ജീവിതത്തിലിണ്ടായ സകല കഷ്ടപ്പാടും ചൊക്ളി കാരണാണ് വന്നേന്ന മാതിരി. മനുഷ്യേരങ്ങനെയാ അധികോം.

ചൊക്ളി എങ്ങട്ടാ പോവാ.. ഏടുന്നാ വന്നേന്ന് തന്നെ അറിയാത്തോനാണോ എങ്ങട്ടാ പോണ്ടേന്നറിയാമ്പോണേ..

ചൊക്ലിക്കും പ്രായം തെകഞ്ഞില്ലേ, മൂക്കിന്റെ താഴേ നീല നെറത്തില് കുനുകുനെ രോമങ്ങള് വന്നു. കക്ഷത്തിലും കാലിന്റെടേലും വന്നു. ചെല നേരത്ത് അവനന്നെ തിരിയാത്ത ഒരു പെരുപെരുപ്പ് ദേഹത്ത് കയറ്ണ്ട് ന്ന് തോന്നിത്തുടങ്ങി.

ചൊക്ളി എറങ്ങി. ഗോപാലേട്ടൻ ആദ്യം തന്ന ചാക്ക് എന്നേ പിഞ്ഞിപ്പോയി. പൊതപ്പും കീറി. മറിയംബി കൊട്ത്ത പഴേ തഴപ്പായേലാരുന്നു പിന്നെ കിടത്തം. മൊയ്തീൻ പോവാൻ പറഞ്ഞാ ചൊക്ളി പോണം. ചൊക്ളിക്ക് അവകാശള്ള എടല്ല അത്. അങ്ങനെ ഒരെടം അവനില്ല്യല്ലോ.

നിലാവത്ത് മറിയപ്പാറ അങ്ങാടീല് വന്ന് തനിച്ച് നിക്കുമ്പോ ചൊക്ളിക്ക് പെട്ടെന്ന് എന്തൊക്കെയോ ഓർമ്മേല് തേട്ടി വന്നു. ഒരു ഏക്കം തോന്നി. ആരുല്യാത്തോന്റെ ഏക്കം. അതാണോന്ന് ഒരു തീർച്ചല്യ . മകരമാസത്തില് കാലത്ത് നേർത്തേ എണീക്കുമ്പോ കാണണ ഒരു പൊക പോലെ, ഒരു തീർച്ചല്യാത്ത ഏക്കം. അത്രന്നേ.

എപ്പളേങ്കിലും ഉമ്മയോ അമ്മയോ വാപ്പയോ അപ്പനോ..ആവോ .അങ്ങനെ ആരേം ചൊക്ലിക്ക് ഓർമ്മ ല്യ. പട്ടികളെ ഓർമ്മേണ്ട്. പട്ടിയോളായിരിക്കും ചൊക്ളീന്റെ ഉമ്മേം വാപ്പേം അമ്മേം അപ്പനും മാമീം മാമനും ഒക്കെ. എവട്യാവോ, ഏതു നാട്ടിലാണാവോ കൊറേ ചവറു മാന്തീതും തിന്നതുംന്ന് അറിയണില്ല. ചെയ്തണ്ട് . അതൊറപ്പാണ്. ആരോ ഒരു നിക്കറ് തരണവരെ ഒന്നുടുത്തിരുന്നില്ല. തൂറുമ്പോ പുഴുക്കള് വര്വായിരുന്നു വയറ്റീന്ന്. ആദ്യം കരയും. പിന്നാരാ കരച്ചില് കാണാനും കേക്കാനുള്ളത്.. പുഴുക്കളെ വലിച്ചു പറിച്ച് കളഞ്ഞിട്ട് നിക്കറും ഇട്ട് ഏണീറ്റ് പോരും.

എപ്പളൊ ട്രെയിനിലും വയറ്റത്തടിച്ച് പാടീട്ടും ണ്ട്. പാട്ടൊന്നുവല്ല. ത് ന്നണം.. ത് ന്നണം ന്ന് ആണ് പാടീത്. കൈയിൽ കിട്ടീതൊക്കെ തിന്നു. വളിച്ചതോ പുളിച്ചതോ നല്ലതോ ചീത്ത്യോ ഒന്നും നോക്കീട്ടില്ല.

എവട്യൊക്കെ ഉരുണ്ടു വീണു. ഏതാണ്ടൊക്കേയോ വണ്ടീല് കേറി. ആരാണ്ടൊക്കെയോ തുരുതുരേന്ന് അടിച്ചു. പടപടേന്ന് ചവിട്ടി. അതൊക്കെ ഓർമ്മേണ്ട്. ആള്ക്കാരേ ഓർമ്മല്യ. അവരൊന്നും അടീം ചവിട്ടുവല്ലാണ്ട് വേറെ ഒന്നും തന്ന്ട്ട് ല്ലല്ലോ. കണ്ണില് കാണണവരോടൊക്കെ വല്ലോം തരോന്ന് , വെശക്കണൂന്ന് എരന്ന്ണ്ട്.

പോലീസും ചെല മനുഷ്യേരും കൊറെ ഊദ്രവിച്ച്ട്ട് ണ്ട്. അവറ്റേടെ സൗസറഴിച്ചും അതിന്റെ ഇടക്കേക്കൂടിയും അണ്ടി വായേല് കുത്തിക്കേറ്റ്യന് കണക്കില്ല. ചൊക്ളിക്ക് അന്നേരത്തന്നെ കാർക്കിച്ചു തുപ്പാൻ മുട്ടീട്ട്ണ്ട്. അറപ്പ് വരാണ് ഇപ്പൊ ആലോചിക്കുമ്പോ.. മൂത്രത്തിന്റെ മണാണ് എപ്പളും വായേല്ന്ന് തോന്നീട്ട്ണ്ട്. അങ്ങനെ തോറ്റ്ട്ടാണ് ഒരൂസം ഒരു ബസ്സില് കേറീത്. അതീന്ന് അടിച്ച് എറക്കീപ്പോ കൊറെ നടന്നു. നിർത്തീട്ടിരുന്ന ഒരു ട്രെയിനില് കേറിക്കെടന്ന് ഒറങ്ങി. എണീച്ചപ്പോ എവട്യോ എത്തീര്ന്നു. അതീന്ന് എറങ്ങി കൊറെ പച്ചൊള്ളം കുടിച്ച് പിന്നെ ഒരു കാളവണ്ടീലാ കേറിരുന്നത്. അതില് കെടന്നും ബോധല്യാണ്ട് ഒറങ്ങി. കാളവണ്ടിക്കാര് തലേല് നാല് മേട്ടോം തന്ന് എവട്യോ എറക്കി വിട്ടു. അന്ന് രാത്രി നടന്നെത്തീതാണ് മറിയപ്പാറേല്.

പട്ടിയോളാണ് ഏറ്റം നല്ലത് ന്ന്ള്ള വിചാരം മാറീത് ഈ മറിയപ്പാറേ വന്നേപ്പിന്നെയാണ്. ആരും അടിച്ചില്ല്യ. അണ്ടീംകൊണ്ടു വന്ന് ദ്രോഹിച്ചില്യ.

കെടക്കാനെടം കിട്ടി. ജോലി ണ്ടായി ചെയ്യാൻ… കഴിഞ്ഞ നാലഞ്ചു കൊല്ലായിട്ട് ചൊക്ളിക്ക് സുഖാരുന്നു. ഈ പോലീസാര് വരാണ്ടിരുന്നെങ്കി ആ തൊഴുത്തിന്റെ വരാന്തേ തന്നെ കെടക്കാരുന്നു.

ചൊക്ളി അന്തോണി മാപ്ളേടെ കടയു മ്മറത്തെ തറേല് മലർന്ന് കെടന്നു. മഞ്ഞ്ള്ള കാലാണ്. തണ്പ്പ്ണ്ട്. ഒന്നൂല്യാ മേല് വലിച്ചിടാൻ.. ഇത്തേം എണീറ്റ് വന്ന് പറഞ്ഞില്ലല്ലോ ‘ചൊക്ളിയേ, യ്യ് പോണ്ടാ’ന്ന്.

സാരല്ല, നസീറിക്ക പോയത് കാരണം അവര്ക്ക് ഒരു സുഖല്യാത്ത മാതിരിയാ. ഇത്തേടെ സൊന്തം മോനല്ലേ നസീറ്ക്ക. നസീറിക്കേനെപ്പോല്യാവില്ല്യല്ലോ ചൊക്ളി. എന്തേലും ഒരു വഴി വരും.

അങ്ങനെ ഓരോ മനോവിചാരായി കെടന്ന് ചൊക്ളി ഒട്ക്കം ഒറങ്ങി.

നേരം വെളിച്ചാവുമ്പോളേക്കും ചൊക്ളിയെ പീടികത്തിണ്ണേല് കണ്ടപ്പോത്തന്നെ അന്തോണി മാപ്ളക്ക് കാര്യം തിരിഞ്ഞു. ചൊക്ലി ഒന്നും അങ്ങട്ടു പറഞ്ഞില്ല..

ദേവുഅമ്മ വിവരറിഞ്ഞ് സങ്കടം കാട്ടി. എന്നാലും ‘നീയ്, എന്റോടെ വന്ന് കെടന്നോടാ’ ന്ന് അവരും പറഞ്ഞില്യ. അവര് ക്കും വീട്ടില് അനുവാദം കിട്ട്‌ല്യാ. പ്രവാഗരന്നായര് കണ്ടാ അശുവാണെന്നെ ഉള്ളൂ. പക്ഷേ, സത്യായിട്ടും ഒരു സിംഹാ.. അനുവാദം ഇല്ലാണ്ട് ഒന്നും പറ്റ് ല്യാന്ന് അവര് പത്ക്കനെ പറഞ്ഞൊടങ്ങീപ്പൊ ചൊക്ളിക്ക് ചിരി വന്നു.

‘ഞാ ..ആ പാറേമ്മേ കെടന്നോണ്ട് ‘ എന്ന് ചൊക്ളി തീർപ്പു പറഞ്ഞപ്പോ ഞെട്ടീത് മറിയപ്പാറ അങ്ങാടിയിലെ ഓരോരുത്തരുമാരുന്നു. തെണ്ടിത്തിരിഞ്ഞു വന്ന ചൊക്ളിക്ക് തന്റേടായിട്ട്ണ്ട് ന്നല്ലേ അർഥം? അല്ലെങ്കില് അവനത് പറയ്വോ.. കെടക്കാൻ ഒരെടം ചോദിക്കില്ലേ.. എല്ലാരോടും ചോദിക്കില്ലേ…പാറേമ്മേ കെടന്നോളാന്ന്…

‘പാറേമ്മലോ. എന്ത് പ്രാന്താ നീ പറേണ്?അന്തോണി മാപ്ളക്കാണ് ആദ്യം ഒച്ച പൊന്തീത്.

ചൊക്ലി ഒറച്ച് തന്നെ നിന്നു. കൊറച്ച് പ്രായായി. പണിണ്ടല്ലോ ചെയ്യാൻ.. പിന്നെ ആരുല്യാത്തോനാണ്. ആ പാറ മതി കെടക്കാൻ..

തെണ്ടിത്തിരിഞ്ഞു വന്ന ചൊക്ളി വല് തായീന്ന് എല്ലാവരുക്കും അന്ന് മനസ്സിലായി.

(തുടരും….)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top