Flash News

ഞണ്ടുകളുടെ നാട്ടിലൂടെ (അദ്ധ്യായം 10) – ഇഷ്ടമാണ് പക്ഷെ

September 18, 2020 , ജയശങ്കര്‍ പിള്ള

സ്വീകരണമുറിയിൽ ചാരുകസേരയിൽ ഇരുന്നു ടീച്ചർ ടെലിവിഷൻ കാണുകയാണ്. ഒരു ചെറിയ കുഷ്യൻ ഇട്ട സ്റ്റൂളിൽ കാലുകൾ നീട്ടി വച്ചിരിക്കുന്നു. ഭസ്മകുറിയും, സെറ്റു മുണ്ടും ഉടുത്തു , കട്ടി കണ്ണട വച്ച ടീച്ചറിന്റെ മുഖത്ത് പഴയ അതെ ഗാംഭീര്യതയും സ്നേഹവും നിഴലിക്കുന്നു. സ്‌കൂൾ കുട്ടികൾ അഭിനയിക്കുന്ന പുരാണ നാടകം ആണ് ടി വി യിൽ മിന്നി മറയുന്നത്.

അമ്പിളി ഒരു ചെറിയ ഓട്ടു വിളക്കും, കിണ്ടിയും, തട്ടവും കൂടി കഴുകി തുടച്ചു തയ്യാറാക്കി വയ്ക്കുന്നു. സന്ധ്യാവിളക്ക് കൊളുത്താൻ ഇനിയും സമയം ഏറെ ബാക്കിയുണ്ട്.

ദേവൻ മുറികൾ ഒക്കെ നടന്നു കാണുകയാണ്. കൂട്ടിനു വഴികാട്ടിയായി കുറിഞ്ഞി പൂച്ചയും ഉണ്ട്. ഇതെല്ലാം തന്റെ സാമ്രാജ്യം ആണെന്ന ഭാവത്തിൽ ആണ് കുറിഞ്ഞിയുടെ നടത്തം. ഇടയ്ക്കു വന്നു, കാലുകളിൽ ഉരുമ്മി നില്‍ക്കും. ക്ലിനിക്കിലേക്കുള്ള കതകു പാതി തുറന്നു കിടക്കുന്നു.

ഇളം നീലനിറം ഉള്ള ജനൽ കർട്ടനുകൾ. മേശയ്ക്കു മുകളിൽ അമൃതാനന്ദമയിയുടെയും, ചോറ്റാനിക്കര ഭഗവതിയുടെയും ശിവന്റെയും ചെറിയ ഫോട്ടോകൾ. കുറച്ചു നാണയ തുട്ടുകൾ ഒരു ചെറിയ ഉരുളിയുടെ ആകൃതിയിൽ ഉള്ള പാത്രത്തിൽ ഇട്ടു വച്ചിരിക്കുന്നു. സ്റ്റെതസ്കോപ്പും, പേൻ സ്റ്റാൻഡും, മർദ്ദ മാപിനിയും എല്ലാം കൃത്യമായ സ്ഥാനങ്ങളിൽ അടുക്കി വച്ചിരിക്കുന്നു . രോഗികൾക്കും, കൂടെ വരുന്നവർക്കും വേണ്ടി വ്യത്യസ്ത ഇരിപ്പിടങ്ങൾ. ചില്ലു അലമാരയിൽ നിരവധി മരുന്ന് കുപ്പികൾ. ഒരു ചെറിയ ഫ്രിഡ്ജ്. കർട്ടൻ ഇട്ടു മറച്ചു ഒരു മൂലയിൽ ആയി പരിശോധനയ്ക്കായി ഒരു കട്ടിൽ ഒരുക്കി ഇട്ടിരിക്കുന്നു. ഡോക്ടറുടെ കസേരയ്ക്കു അഭിമുഖം ആയി ഭിത്തിയിൽ ഹാൻഡ് പെയിന്റിങ്ങിൽ തീർത്ത അച്ഛന്റെ (ചന്ദ്രൻ സാർ) വലിയ ചിത്രം. അദ്ദേഹം ചിരിക്കുന്ന മുഖം, സിനിമയിലെ കരമന ജനാർദ്ദനനെ പോലെ തോന്നി അദ്ദേഹത്തിന്റെ മുഖം. ചന്ദനത്തിരി, ചെറിയ നിലവിളക്കു, ഒരു പൂക്കൂടയിൽ പൂക്കൾ നിറച്ചു വച്ച് ആ ഫോട്ടോ അലങ്കരിച്ചിരിക്കുന്നു. ദേവൻ ആ ചിത്രത്തിൽ തന്നെ നോക്കി നിന്നു. ഇന്നലെ കണ്ടത് പോലെ.

ചന്ദ്രൻ സാറിനു സിനിമാ നടൻ കരമനയുടെ മുഖഛായ ആയിരുന്നു. രാവിലെ എട്ടരയ്ക്കുള്ള ആശിർവാദ് ബസ്സിൽ പള്ളിത്താഴത്തു നിന്നും ബസ്സിൽ കയറുമ്പോൾ സൈഡ് സീറ്റിൽ മടിയിൽ ഒരു കറുത്ത ആഫീസ് ബാഗും കാലൻ കുടയുടേത് പോലെ പിടിയുള്ള മടക്കു കുട. കൈയ്യിൽ ഒരു മാതൃഭൂമി പത്രമോ, ആഴ്ചപ്പതിപ്പോ ഒക്കെ ആയി ഇരിക്കുന്ന സാധുവായ സർക്കാർ ഉദ്യോഗസ്ഥൻ.

അവസാന വര്‍ഷം ആയതിനാൽ ദേവൻ റെക്കോർഡ് ബുക്കും ഒക്കെ ആയി തയ്യാറെടുപ്പിൽ ആണ് കലാലയത്തിൽ പോകുന്നത്.

കുടുംബങ്ങൾ തമ്മിൽ വളരെ അടുത്ത് ബന്ധം ഉണ്ടെങ്കിലും ദേവനെ ചന്ദ്രൻ കണ്ട ഭാവം നടിക്കാറില്ല. ഇടക്കിടക്ക് കുട്ടികളുടെ ബഹളം കേട്ട് തിരിഞ്ഞു നോക്കും. ചാലയ്ക്കപ്പാറ ആകുമ്പോൾ ചന്ദ്രന് ഇറങ്ങാൻ സ്ഥലമായി എന്നറിയാവുന്ന കൊണ്ട് ദേവൻ ആ സീറ്റിൽ ചാരി നിൽക്കുവാൻ പോലും ആരെയും അനുവദിക്കാറില്ല. ചന്ദ്രൻ ഇറങ്ങികഴിഞ്ഞാൽ അത് ദേവന്റെ സീറ്റ് ആണ്. ബസ്സിന്റെ മുൻ വശത്തു ഡ്രൈവർക്കു അഭിമുഖമായയുള്ള സീറ്റിൽ അച്ഛനെ ഇടയ്ക്കു ഇടയ്ക്കു നോക്കുന്ന ഒന്നാം വർഷ പ്രീഡിഗ്രിക്കാരി നിത്യ (അമ്പിളി). ആ കൂടെ സീറ്റിനു വേണ്ടിയുള്ള ദേവന്റെ പരാക്രമം കണ്ടു ഊറി ചിരിച്ചു. ചിലപ്പോൾ പ്രാര്‍ത്ഥിച്ചിരിക്കാം. ചന്ദ്രൻ ഇറങ്ങുവാൻ ഭാവിക്കുമ്പോഴെ ദേവൻ ചാടി ഇരുന്നിട്ടുണ്ടാകും.

അച്ചനിറങ്ങിയ സന്തോഷത്തിൽ അമ്പിളി ഒന്ന് സമാധാനത്തിൽ ഇരിക്കും. ഇപ്പോൾ പൊട്ടും എന്ന രീതിയിൽ കവിളത്തു ചുവന്ന മുഖക്കുരു ഉള്ള, വെള്ളാരം കണ്ണുകൾ (പൂച്ചക്കണ്ണു) കൊണ്ട് അവൾ തിരക്കും ‘എന്തെ ?!’ ദേവൻ അവളുടെ മുഖത്ത് നോക്കി ഒരേ ഇരുപ്പാണ്. പ്രിയ കൂട്ടുകാരൻ ഷാജിയെ സീറ്റിൽ അഡ്ജസ്റ്റ് ചെയ്തു ഇരുത്തി ദേവൻ അമ്പിളിക്ക് കാണുവാൻ പാകത്തിന് ഇരിക്കും. അതേ ബസ്സിൽ തന്നെ ദേവന്റെ ബാച്ചിൽ ഉള്ള ഗീതു, വിദ്യ, ബെന്യാൻ എന്നിവർ പലയിടങ്ങളിൽ നിന്നായി കയറി കാണും. അവരുടെ എല്ലാം പുസ്തകങ്ങൾ ദേവനും ഷാജിയും ആണ് സൂക്ഷിക്കുക. ചിലർ ബസ്സിന്‌ പുറത്തു നിന്നെ മടിയിലേക്കു ബുക്കുകൾ എറിഞ്ഞു കൊടുക്കും.

കഴിഞ്ഞ അഞ്ചു വര്‍ഷമായി ദേവൻ ഇതേ യാത്ര തുടരുന്നു. പക്ഷെ ഇത്ര കൃത്യമായി ഒരേ ബസ്സിൽ കഴിഞ്ഞ രണ്ടു വര്‍ഷം ആയതേ ഉള്ളൂ ഈ യാത്ര. നീർപാറ ആകുമ്പോൾ തന്റെ പ്രീ ഡിഗ്രി കാലം മുതൽ നന്നായി അടുപ്പവും പരിചയവും ഉള്ള നിരവധി കുട്ടികൾ കയറും. അതിൽ ദേവന്റെ ബാച്ചിൽ, തൊട്ടടുത്ത ക്ലാസ് നമ്പറും, ഹാൾ ടിക്കറ്റ് നമ്പറും ഒക്കെ ഒത്തു വന്നിട്ടുള്ള ജയ. ബസ്സിൽ കയറിയാലുടനെ ഒരു ചുമട് പുസ്തകങ്ങൾ ദേവന്റെ മടിയിൽ നിക്ഷേപിച്ചു അവകാശം സ്ഥാപിച്ചു നിലയുറപ്പിക്കും.

നീണ്ട വിടർന്ന കണ്ണുകളും , മുട്ടറ്റം മുടിയും, ചന്ദനക്കുറിയും ഇട്ട ഈ പെൺകുട്ടിയുടെ ഈ അവകാശത്തെ ദേവൻ ഒരിക്കലും അവഗണിച്ചിട്ടില്ല. അതുകൊണ്ടു തന്നെ മുൻസീറ്റിൽ നിന്നുള്ള നോട്ടം കൂടി വരികയും അവഗണയുടെ വികാരം അമ്പിളിയെ നൊമ്പരപ്പെടുത്തുകയും ചെയ്തു കൊണ്ടേ ഇരുന്നു. വെട്ടിക്കാട്ടുമുക്കിൽ നിന്നും കുത്തനെയുള്ള കയറ്റം പ്രതിക്ഷേധത്തോടെ ഇരമ്പിക്കയറി.

മിഠായി കുന്നിനു മുകളിൽ കറുപ്പും മഞ്ഞയും അടിച്ച മതിൽ കെട്ടുകൾ ഇല്ലാത്ത വളർന്നു പന്തലിച്ച വാക മരങ്ങൾ ചുവപ്പു വിരിപ്പ് തീർത്ത കലാലയത്തിനു മുൻപിൽ ബസ്സ് നിര്‍ത്തുമ്പോൾ “ഇങ്ങട് വന്നേക്ക്” എന്ന താക്കീതു നൽകി അമ്പിളി തനിക്ക് മുന്നിലായി ബസ്സിന്റെ ചവിട്ടു പടി ഇറങ്ങുമ്പോൾ ഇതെല്ലം എന്നും കാണുന്ന കണ്ടക്ടർ അപ്പുണ്ണി ഏട്ടൻ ഊറി ചിരിക്കും.

മടിയിൽ പുസ്തകങ്ങൾ നിക്ഷേപിച്ച പലരും താത്കാലിക സൗഹൃദങ്ങളിൽ ചിരി സമ്മാനിച്ച് അവരവരുടെ ഇടങ്ങളിലേക്കുള്ള വാതായനങ്ങൾ കടന്നു പോയി. സംഭവിച്ചതിനെ കുറിച്ച് ഒരിക്കലും വിശദികരിക്കാൻ കഴിയാതെ, അത് കേൾക്കാൻ നില്‍ക്കാതെ പ്രണയം പരിഭവത്തിൽ ഒതുക്കി അമ്പിളിയും നടന്നകലും. എന്നും ഇളം നിറത്തിൽ ഉള്ള മിഡിയും ടോപ്പും മാത്രം ധരിക്കുന്ന അവളുടെ കാലിലെ വെള്ളികൊലുസും, കണങ്കാലിലെ നനുത്ത സ്വർണ്ണ രോമങ്ങളും ഇളം വെയിലിൽ പരിലസിച്ചു.

കോളേജ് രാഷ്ട്രീയവും, കൂട്ട് കെട്ടും, സഹോദരിമാരുടെ വിവാഹം, പഠനം, അച്ഛന്റെ അസുഖങ്ങൾ, കൃഷിപ്പണികൾ എല്ലാം ദേവന്റെ പഠനത്തെ ബാധിച്ചിരുന്നു. പ്രാക്ടിക്കൽ ക്‌ളാസിൽ പോലും പിന്നിലാണ്. റെക്കോർഡ് ബുക്കുകൾ പൂർത്തിയാകാത്തതിനാൽ രണ്ടാവർഷ സബ്സിഡിയറി മാർക്ക് കിട്ടിയിട്ടില്ല. പ്രീ ഡിഗ്രി മുതൽ ഒരു സങ്കോചവും കൂടാതെ പഠനത്തിൽ സഹായിച്ചു വരുന്ന കുട്ടിയാണ് ജയ. റെക്കോർഡ് ബുക്കുകൾ കൃത്യമായി എഴുതി കൊടുക്കും. പുറത്തു കൊടിയും പിടിച്ചു വിദ്യാർത്ഥികളിൽ രാഷ്ട്രീയ ബോധം ഉണർത്തുമ്പോൾ രസതന്ത്ര ലാബിൽ അവൾ ദേവന് വേണ്ടി രാസ തന്മാത്രകളെ കൂട്ടി ഇണക്കി. കോളേജ് ദിനാഘോഷങ്ങളിൽ ലക്ക് കെട്ട് ആടുമ്പോൾ, പാടുമ്പോൾ, വേദികളിൽ കടമ്മനിട്ടയെ വാനോളം ഉയർത്തി അനീതിയുടെ മേൽ കാർക്കിച്ചു തുപ്പുമ്പോൾ അവൾ കാഴ്ചക്കാർക്ക് നടുവിൽ ദേവൻ പോലും അറിയാതെ അവകാശം സ്ഥാപിക്കുകയായിരുന്നു.

ഈ അവകാശ സ്ഥാപന ശ്രമം പലപ്പോഴായി ഉണ്ടായികൊണ്ടേ ഇരുന്നു. ദേവൻ പലപ്പോഴും അതൊരു കുട്ടിക്കളിയോ, തമാശയോ, ഒക്കെ ആയി വകവെച്ചു കൊടുത്തു.

മോഡൽ പരീക്ഷക്ക് കോളേജ് അടക്കുന്നതിന് മൂന്നോ നാലോ ആഴ്ച മുൻപ് നടത്തിയ ഗെറ്റ് ടുഗതർ പാർട്ടി വിളക്കു കൊളുത്തി ഉദ്ഘാടനം കഴിഞ്ഞ വേളയിൽ അവൾ അവളുടെ ഇഷ്ടം ദേവനോട് തുറന്നു പറഞ്ഞു. ദേവൻ ഒന്നും പറയാതെ ക്‌ളാസ് റൂം വിട്ടിറങ്ങി. കലാലയത്തിന്റെ പിന്നിലുള്ള റബ്ബർ കാട്ടിലെ ദേവന്റെയും കൂട്ടുകാരുടെയും സങ്കേതത്തിലേല്ല് ദേവൻ നടന്നിറങ്ങി. ദേവന്റെ കൂട്ടുകാരിൽ ദേവനെ അടുത്തറിയുന്ന കൊച്ചുമോൻ (ജോമോൻ) അവനെ പിന്തുടർന്നു. പൊന്തക്കാട്ടിൽ ഒളിപ്പിച്ച നാടൻ ചാരായം ദേവൻ രണ്ടു മൂന്നു കവിൾ അകത്താക്കി.
കൊച്ചുമോൻ നീട്ടിയ ദിനേശ് ബീഡിയുടെ പുകയിൽ ദേവന്റെ ചോദ്യം കേട്ട് കൊച്ചുമോൻ ഞെട്ടി.

“നീ പറയെടാ .. ഞാൻ നിന്റെ ഇഷ്ടം തട്ടി പറിയ്ക്കണോ?”

“ദേവാ .. കൊച്ചുമോൻ ദേവനെ കെട്ടിപിടിച്ചു.”

പിന്നെ നീണ്ടു പോയ സംഭാഷണങ്ങൾ, ലഹരിയും പുകയും ഒന്നിച്ചുയർത്തിയ യുവത്വം.

രാവിലെ ക്‌ളാസ്സു മുറിയിൽ നടത്തിയ സിമ്പോസിയങ്ങളിൽ ഇവർ രണ്ടു പേരും സംബന്ധിച്ചില്ല. ഉച്ചഭക്ഷണവും കഴിഞ്ഞു എല്ലവരും യാത്ര പറയുന്ന വേളയിൽ ദേവൻ ജയയുടെ കൂടെ കാന്റീനിനു അടുത്തുള്ള ബസ്സ് സ്റ്റോപ്പ് വരെ നടന്നു. താത്കാലികമോ അല്ലാതെയോ നിരവധി ഇഷ്ടങ്ങൾ ദേവന് ഉണ്ടായിട്ടുണ്ട്. എങ്കിലും ആദ്യമായാണ് ദേവനോട് ഒരു പെൺകുട്ടി ഇഷ്ടം തുറന്നു പറയുന്നത്. ദേവന്റെ പല ഇഷ്ടങ്ങൾക്കും അനിഷ്ടങ്ങൾക്കും നിരവധി തവണ സാക്ഷിയായ പൂത്തുലഞ്ഞ വാക മരങ്ങളും, ഇടുംച്ചക്ക പ്ലാവും, കാമ്പസും വീണ്ടും സാക്ഷിയായി.

ഇതെല്ലാം കണ്ടു വിങ്ങുന്ന മനസ്സുമായി കറുത്ത ഭിത്തിയിലെ വെളുത്ത ജനലഴികളിൽ പിടിച്ചു ഒരാൾ നിൽക്കുന്നുണ്ടായിരുന്നു.

യാഥാർഥ്യങ്ങളെ തിരിച്ചറിയാനോ പിൻവിളികൾക്കു കാതുകൾ നൽകാൻ കൂട്ടാക്കാതെ, പാതയോരത്തെ കാഴ്ചക്കാരിൽ ഒരുവൾ ആയി അവൾ സ്വയം മാറി നിന്നു.

(തുടരും)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top